മിൻസ മോൾക്ക് കണ്ണീരോടെ വിട നൽകി ഖത്തറിലെ പ്രവാസി സമൂഹം

KE NEWS DESK

ദോഹ : നാടിനും വീടിനും ഖത്തറിലെ പ്രവാസി സമൂഹത്തിനും ഒന്നാകെ വേദനയായി മാറിയ മിൻസ മോളുടെ ഭൗതിക ദേഹം നാട്ടിലെത്തിച്ചു. ഖത്തറിൽ സ്കൂൾ ബസിൽ മരിച്ച കോട്ടയം ചിങ്ങവനം, കൊച്ചുപറമ്പിൽ വീട്ടിൽ മിൻസ മറിയം ജേക്കബിന്‍റെ (4) മൃതദേഹം ഇന്ന് രാവിലെയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ എട്ടേമുക്കാലോടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. മിൻസയുടെ സംസ്കാരം ഇന്ന് കോട്ടയത്തിനു അടുത്ത് ചിങ്ങവനത്തു നടക്കും.

എല്ലാവരെയും സങ്കടത്തിലാഴ്ത്തിയ മിൻസയ്ക്കു പ്രവാസി സമൂഹവും ദോഹയിലെ സ്വദേശികളും കണ്ണീരോടെയാണു വിടനൽകിയത്. രണ്ടു ദിവസം നീണ്ട വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്. വക്രയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിക്കു മുന്‍പില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി കണ്ണീരോടെ എത്തിയിരുന്നു.

മിൻസയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിന്‍ത് അലി അല്‍ നുഐമി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കുട്ടി മരിച്ച സംഭവത്തിൽ ഖത്തറിലെ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

അൽ വക്ര സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടനിലെ കെജി വൺ വിദ്യാർഥിനിയായ മിൻസ ഉറങ്ങിപ്പോയ വിവരം അറിയാതെ ബസ് ലോക്ക് ചെയ്ത് ജീവനക്കാർ പോകുകയായിരുന്നു.ഉച്ചയോടെ വിദ്യാർഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസ് എടുത്തപ്പോഴാണ് അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടത്. കനത്ത ചൂടിൽ ബസിനുള്ളിൽ മണിക്കൂറുകളോളം കഴിഞ്ഞ മിൻസയുടെ ജീവൻ രക്ഷിക്കാനായില്ല. ഖത്തർ ലോകകപ്പ് സമിതിയിലെ സീനിയർ ഗ്രാഫിക് ഡിസൈനർ ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും ഇളയ മകളാണ് മിൻസ. സഹോദരി എംഇഎസ് ഇന്ത്യൻ സ്‌കൂൾ 2-ാം ക്ലാസ് വിദ്യാർഥി മീഖ മറിയം ജേക്കബ്.

ഇന്ന് നടക്കുന്ന സംസ്കാര ശ്രുശൂഷകൾ ഇന്ത്യൻ സമയം രണ്ടു മണി മുതൽ താഴെ കാണുന്ന ലിങ്കിൽ ലഭ്യം ആണ്

https://www.youtube.com/watch?v=ZLScbnikyNA&feature=youtu.be

-Advertisement-

You might also like
Comments
Loading...