ലേഖനം: കുതന്ത്രങ്ങളോ വെടിപ്പുള്ള കൈയ്യോ? | രാജൻ പെണ്ണുക്കര

എത്ര കെട്ടുറപ്പുള്ളതിനേയും തകർക്കുവാൻ ശക്തിയുള്ളതാണ് കുതന്ത്രങ്ങൾ. “കുതന്ത്രം” എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ, കുത്സിതമായ തന്ത്രം, കൗശലത്തിലുള്ള പ്രവൃത്തി, ദുഷ്ടപ്രവൃത്തി എന്നൊക്കെയാകുന്നു. വളരെ സമാധാനത്തോടും സന്തോഷത്തോടും ഒരുവിധ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമില്ലാതെ പോയ്കൊണ്ടിരുന്ന എത്രയോ ഭരണകൂടങ്ങൾ, വേലകൾ ആണ് ഒരുരാത്രി കൊണ്ട് കുതന്ത്രങ്ങൾ മൂലം കടപുഴുകി വീഴുന്നതും, തകരുന്നതും, പിന്നെ പിളരുന്നതും.

ഇന്നത് എല്ലാ മേഖലകളിലും നിരന്തരം നിർദാഷണ്യം പ്രയോഗിക്കപ്പെടുന്നതായി അനുദിനവും കാണുന്നു, വായിക്കുന്നു. കുതന്ത്രങ്ങൾ ഒരിക്കലും സത്യത്തിന്റെയും ന്യായത്തിന്റെയും വിജയത്തിനു വേണ്ടിയോ, ദേശത്തിന്റ വികസനത്തിനോ, സമൂഹത്തിന്റെ നന്മക്കോ, പ്രസ്ഥാനത്തിന്റെ വളർച്ചക്കോ വേണ്ടിയല്ലാ എന്നും, വെറും സ്ഥാനമാന മോഹ ലക്ഷ്യം വെച്ചും, ഒരാളുടെ അഥവാ ഒരു ചെറുകൂട്ടത്തിന്റെ വിജയത്തിനാണെന്ന വസ്തുതയും മറക്കരുത്.

അപ്പോൾ, ഇങ്ങനെയുള്ള വിജയത്തിന്റ പര്യവസാനം എന്താണ്. സത്യം ജയിക്കുവാൻ കുതന്ത്രത്തിന്റെ ആവശ്യം ഒട്ടും വേണ്ടാ എന്നതും സത്യം.

ആത്മീകതയിലും ഇങ്ങനെയുള്ള ഹീനപ്രവർത്തികൾ ഒട്ടും കുറവല്ല എന്നത് അതിലും ദുഃഖകരം. ഇങ്ങനെയുള്ള നേട്ടങ്ങൾ വിജയങ്ങൾ, ദൈവം തന്നു എന്നു പറഞ്ഞു സ്തോത്രം പാടിയാലോ, അതിനെ സാധുകരിക്കുന്ന രീതിയിൽ കൂലി പ്രവാചകന്മാർ അടിവരയിട്ട് പറഞ്ഞാലോ, അവ അംഗീകരിക്കാനോ, വിശ്വസിക്കാനോ, അതിനു ആത്മാർത്ഥതയോടും ഹൃദയശുദ്ധിയോടും സ്വർഗ്ഗത്തിന് പ്രസാദം തോന്നുന്ന സ്തോത്രം പറയുവാൻ കഴിയുമോ?.

ഒരിക്കൽ കഷ്ടപ്പെട്ട് പട്ടിണികിടന്ന് വലിയ ത്യാഗവും മൂല്യവും കൊടുത്തവരെ ചതിച്ചും, വഞ്ചിച്ചും, കൗശലത്തിൽ കൂടിയും, കൂട്ടുപിടിച്ചും അട്ടിമറിച്ചും പുറത്താക്കിയും പിരിച്ചും പിളർത്തിയും കാപട്യമായി നേടുന്ന വിജയം ശാശ്വതമോ?. അങ്ങനെയുള്ള പ്രവർത്തിയെ ദൈവീക പ്രവർത്തി എന്നു പറഞ്ഞ് ന്യായികരിക്കാനോ, നീതികരിക്കാനോ കഴിയുമോ? അതിനെ നേരെചൊവ്വേ ഉള്ള പ്രവർത്തി എന്ന് അംഗീകരിക്കാൻ കഴിയുമോ?.

ഇതു കേട്ടപ്പോൾ അതിശയോക്തിയായി തോന്നുന്നുവോ? നമ്മുടെ നേട്ടങ്ങൾക്കായി പലരേയും കുരുതി കഴിച്ച്, പലതിനേയും വരുതിയിൽ വരുത്തുന്നവർ, നിയമത്തെ പോലും വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്നവർ ചെയ്തു കൂട്ടുന്നതിന്റ പരിണിത ഫലങ്ങൾ ആരൊക്കെ അനുഭവിച്ചു തീർക്കണം എന്നത് ആരും മുൻകൂട്ടി കാണുന്നില്ല.

ഒരിക്കൽ ജീവനും പ്രണാനും ബലിയർപ്പിച്ച് വളർത്തിയ പ്രസ്ഥാനത്തിന്റെ അഥവാ സഭയുടെ നടും തൂണുകളെ ചിലരുടെയൊക്കെ താല്പര്യത്തതിന് വഴങ്ങാതെ വരുമ്പോൾ അവരെ മൊത്തമായി സഭയുടെ ശത്രുക്കൾ ആയി ചിത്രീകരിച്ച് പിഴുതെറിഞ്ഞ് ശത്രുക്കൾ ഓടിക്കാതെ തനിയെ ഓടിപോയി എന്നകള്ള പ്രവചനം കേട്ടു ആത്മസംതൃപ്തി അടയുമ്പോൾ സ്വർഗ്ഗം ചിരിക്കുന്ന മഹാസത്യം എല്ലാവരും മറന്നു പോകുന്നു.

അപ്പോൾ ഒരു സംശയം ഉത്തരം ഇല്ലാതെ ഇന്നും അവശേഷിക്കുന്നു, ഇങ്ങനെ ജീവിതം ഉഴിഞ്ഞുവച്ച് പട്ടിണി കിടന്ന ഇവരെല്ലാവരും സഭയുടെ, പ്രസ്ഥാനത്തിന്റെ യഥാർത്ഥ ശത്രുക്കൾ ആയിരുന്നുവോ?.

ഐയ്യോ ഒത്തിരി പ്രാർത്ഥിച്ചും പാടിയും, ഓടിയും അധ്വാനിച്ചും പ്രസംഗിച്ചും പ്രവാസകാലം കഴിച്ചിട്ട്‌ പടിയിൽ കലം ഉടച്ചു കളയല്ലേ. ഇവിടെ വിജയിച്ചു വാടുന്ന കിരീടം നേടിയിട്ട് നാം പ്രസംഗിച്ച് നടക്കുന്ന, അല്ലെങ്കിൽ പ്രത്യാശ വെക്കുന്ന “വാടാത്ത കിരീടം” നഷ്ടമാക്കല്ലേ എന്നു മാത്രമേ പറയുവാനുള്ളൂ.

യഹോവയുടെ കാഴ്ചയിൽ നമ്മുടെ കൈകൾ വെടിപ്പുള്ളതാകണം. വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവനും ആകണം (സങ്കീ 18:24, 24:4). നമ്മുടെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തരുന്ന ദൈവം ഉണ്ട് (2 ശമൂ 22:21). കൈവെടിപ്പുള്ളവൻ മേൽക്കുമേൽ ബലം പ്രാപിക്കും ( ഇയ്യോ 17:9). നിർദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും (ഇയ്യോ 22:30). യാക്കോബ് 4:8 ൽ പറയുന്നു കൈകളെ വെടിപ്പാക്കുവിൻ; ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;

വചനം ചോദിക്കുന്നു, ‘ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നിൽക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ?’ (യേഹേ 22:14).

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.