ശാസ്ത്രവീഥി: സൂര്യൻ മരിക്കുന്നു | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

സൗരയൂഥത്തിൻ്റെ നാഥനും നായകനുമായ സൂര്യൻ മരിച്ചുകൊണ്ടിരിക്കുന്നതായി യൂറോപ്യൻ സ്പേസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇത് ഉദ്ധരിച്ചു സയൻസ് ആൻഡ് എൿസ്പ്ലോറേഷൻ 2022 ഓഗസ്റ്റ് 11 നു വിശദമായ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. “സൂര്യൻ്റെ ഭൂതകാലവും ഭാവികാലവും GAIA വെളിപ്പെടുത്തുന്നു,” എന്നതായിരുന്നു അതിൻ്റെ തലക്കെട്ട്. “സൂര്യൻ്റെ മരണം യൂറോപ്യൻ സ്പേസ് ഏജൻസി പ്രവചിക്കുന്നു,” എന്ന ഹെഡ്ഡിങ്ങിൽ ഫൈനാൻഷ്യൽ എക്സ്പ്രസ്സ് ഡോട്ട് കോം മറ്റൊരു ലേഖനം 2022 ഓഗസ്റ്റ് 16 -നു പ്രസിദ്ധീകരിക്കുകയുണ്ടായി.

ഗ്ലോബെൽ അസ്ട്രോമെട്രിക് ഇൻ്റെർഫെറോമീറ്റർ ഫോർ അസ്ട്രോഫിസിക്സ് (GAIA) യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജ്യോതിശാസ്ത്രനിരീക്ഷണ ദൗത്യമാണ്. ഈ ദൗത്യം ശേഖരിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിലാണു യൂറോപ്യൻ സ്പേസ് ഏജൻസി റിപ്പോർട്ട് തയ്യാറാക്കിയത്. ഗാലക്സിയിലെ 100 ബില്യൻ നക്ഷത്രങ്ങളിൽ ഏകദേശം ഒരു ശതമാനത്തിൻ്റെ സർവ്വേ നടത്തി ക്ഷീരപഥത്തിൻ്റെ ഏറ്റവും വലുതും കൃത്യവുമായ ത്രിമാനചിത്രം നിർമ്മിക്കുക എന്ന മഹാദൗത്യമാണ് GAIA- യ്ക്കുള്ളത്. നമ്മുടെ ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തിനു ചുറ്റുമുള്ള ഭ്രമണപഥത്തിലെ ഓരോ നക്ഷത്രത്തിൻ്റെയും ചലനം GAIA കൃത്യമായി അളക്കുകയും ഓരോ നക്ഷത്രത്തിൻ്റെയും സ്ഥാനം, തെളിച്ചം എന്നിവ കാലാകാലങ്ങളിൽ നിരീക്ഷിച്ച് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഒരു ബില്യൻ നക്ഷത്രങ്ങളെ അഞ്ചുവർഷത്തിൽ 70 പ്രാവശ്യം നിരീക്ഷിച്ചാണു റിപ്പോർട്ടു തയ്യാറാക്കുന്നത്. ഇങ്ങനെ നടത്തിയ പഠനത്തിലൂടെയാണ് സൂര്യനെക്കുറിച്ചുള്ള വിവരവും പുറത്തുവിട്ടത്.

സൂര്യന് 450 കോടി വർഷത്തെ പ്രായം ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ന്യൂക്ലിയർ ഫ്യൂഷൻ എന്ന അണുസംയോജന പ്രക്രിയയാണ് സൂര്യനിൽ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടോ അതിലധികമോ ആറ്റങ്ങൾ മറ്റൊരു ഊർജ്ജത്തിൻ്റെ പ്രേരകശക്തിയാൽ (ട്രിഗർ എനർജി) ഒന്നായിത്തീരുന്നതാണു ഫ്യൂഷൻ. അപ്പോൾ അതിതീവ്രമായ ഊർജ്ജവും പ്രകാശവും ഉല്പാദിപ്പിക്കപ്പെടുന്നു. ഹൈഡ്രജൻ ബോംബു നിർമ്മാണ തത്വം ന്യൂക്ലിയർ ഫ്യൂഷൻ ആണ്. ന്യൂക്ലിയർ ഫിഷൻ തത്വമാണു ആറ്റംബോംബ് നിർമ്മാണത്തിനു ഉപയോഗിക്കുന്നത്. ന്യൂക്ലിയർ ഫ്യൂഷൻ മൂലം ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിൻ്റെയും പ്രകാശത്തിൻ്റെയും അളവു വച്ചു നോക്കിയാൽ ന്യൂക്ലിയർ ഫിഷൻ താരതമ്യേന തീവ്രത കുറഞ്ഞ സ്ഫോടനമാണ്. ഹൈഡ്രജൻ ബോംബു പൊട്ടിക്കാനുള്ള ട്രിഗർ എനർജിയായി ആറ്റംബോംബാണ് ഉപയോഗിക്കുന്നത്. ന്യൂക്ലിയർ ഫ്യൂഷൻ തത്വത്തിലൂടെയാണ് സൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്നത്. ബിഗ് ബാങ്ങ് തിയറി പ്രകാരമാണു പ്രപഞ്ചം ഉണ്ടായതെങ്കിൽ സൂര്യനിലെ ഫ്യൂഷനു കാരണമായ ഫിഷൻ അഥവാ ട്രിഗർ എനർജി എവിടെ നിന്നു വന്നു എന്നൊരു ചോദ്യം ഉദിക്കുന്നു. ഈ ചോദ്യം സ്രഷ്ടാവിലേക്കാണു നമ്മെ നയിക്കുന്നത്.

സൂര്യൻ്റെ അകക്കാമ്പിൽ ഹൈഡ്രജൻ ആറ്റം ഹീലിയം ആറ്റമായി തീരുന്നു. നാലു ഹൈഡ്രജൻ ആറ്റം ചേർന്ന് ഒരു ഹീലിയം ആറ്റമായി മാറുന്നു. ഈ പ്രക്രിയ നടക്കുമ്പോൾ പിണ്ഡത്തിൻ്റെ ഒരുഭാഗം ഊർജ്ജമായും പ്രകാശമായും പരിവർത്തനം ചെയ്യപ്പെടുന്നു. ആറ്റങ്ങളുടെ പിണ്ഡം അളക്കുന്നതിനുള്ള ഏകകം അറ്റോമിക് മാസ് യൂണിറ്റ് (എ.എം.യു.) ആണ്. നാലു ഹൈഡ്രജൻ ആറ്റവും ഒരു ഹീലിയം ആറ്റവും തമ്മിലുള്ള പിണ്ഡവ്യത്യാസം 0.02862 എ.എം.യു ആണ്. 4 ഗ്രാം ഹൈഡ്രജൻ ആറ്റം പരിവർത്തനം ചെയ്യുമ്പോൾ ഐൻസ്റ്റീൻ്റെ E= mc2 തത്വമനുസരിച്ച് ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം 60 വാട്ട് ബൾബിനെ നൂറുവർഷം പ്രകാശിപ്പിക്കാൻ ആവശ്യമായതാണ്.

സൂര്യനിൽ വ്യത്യസ്ത പദാർത്ഥങ്ങൾ അടങ്ങിയ വിവിധ പാളികൾ ഉണ്ട്. ഈ പാളികൾ പിണ്ഡം അനുസരിച്ച് 75 ശതമാനം ഹൈഡ്രജനു 25 ശതമാനം ഹീലിയവും ചേർന്ന വസ്തുക്കളാൽ നിർമ്മിതമാണ്. ഓരോ പാളിയും അത്യുഗ്രചൂടിൽ കത്തി ജ്വലിക്കുകയാണ്. സൂര്യൻ്റെ കേന്ദ്രഭാഗം അഥവാ അകകാമ്പ് “തെർമൽ ന്യൂക്ലിയർ ഫ്യൂഷൻ” എന്ന പ്രക്രിയയിലൂടെ അത്യുഗ്ര ഊർജ്ജം ഉല്പാദിപ്പിക്കുന്നു. ഈ ഊർജ്ജഉത്സർജനത്തിലൂടെയാണു ഹൈഡ്രജൻ ആറ്റം ഹീലിയം ആറ്റമായി രൂപപ്പെടുന്നത്. അപ്പോൾ വീണ്ടും ഊർജ്ജം ഉല്പദിപ്പിക്കപ്പെടുന്നു. പ്രകാശത്തിൻ്റെയും ഊർജ്ജത്തിൻ്റെയും ഒരു കണിക സൂര്യന്റെ കേന്ദ്രത്തിൽ നിന്നു ഉപരിതലത്തിൽ എത്തി സൂര്യനിൽ നിന്നും പുറത്തു കടക്കുവാൻ 30,000 വർഷം എടുക്കുമെന്നു കണക്കാക്കപ്പെടുന്നു. കാരണം, സൂര്യപ്രകാശത്തെയും ഊർജ്ജത്തെയും പുറത്തേക്ക് വിടാതെ കേന്ദ്രത്തിലേക്ക് തന്നെ മടക്കി വിടുന്ന ഒരു പ്രത്യേക പ്രതിഭാസം കൂടെ സൂര്യനിൽ നടക്കുന്നുണ്ട്. ഈ നിരന്തര പ്രക്രിയ കാരണം ഓരോ സെക്കൻഡിലും സൂര്യനിലെ താപനില അധികരിച്ചു കൊണ്ടിരിക്കുകയാണ്. (ന്യൂട്രിനോ കണികകൾ മാത്രമാണ് തടസ്സം കൂടാതെ അഭംഗുരം സൂര്യനിൽ നിന്നും രക്ഷപ്പെട്ടു സൗരയൂഥത്തിൽ പരന്നൊഴുകുന്നത്). GAIA വിശദീകരണപ്രകാരം 800 കോടി വർഷം പ്രായമാകുമ്പോൾ സൂര്യൻ്റെ ചൂട് അതിൻ്റെ പാരമ്യത്തിൽ എത്തും. അതു കഴിയുമ്പോൾ ക്രമേണ തണുത്തു തുടങ്ങും, വലിപ്പം കൂടിക്കൂടി വന്ന് ഒടുവിൽ ചുവന്ന ഭീമനായി (Red Giant) മാറും. 10,11,00കോടി വർഷം കൊണ്ട് സൂര്യൻ്റെ മരണം സംഭവിക്കും എന്നാണു ശാസ്ത്രം പ്രവചിക്കുന്നത്. അന്നു സൂര്യൻ മങ്ങി കത്തുന്ന വെളുത്ത കുള്ളനായി (White Dwarf) മാറിയിരിക്കും. ആ സമയത്ത് സൗരയൂഥം ഉണ്ടെങ്കിൽ സൂര്യനു കാര്യമായ ജോലി സൗരയൂഥത്തിൽ കാണുകയില്ല. മരിച്ചവർക്ക് പ്രത്യേക ദൗത്യം ഇല്ലല്ലോ.

ഇതേക്കുറിച്ച് ബൈബിൾ എന്തു പറയുന്നു? പ്രപഞ്ചത്തിന്റെ ട്രാഫിക് സിസ്റ്റത്തെ നിയന്ത്രിക്കുന്നത് ദൈവമാണെന്നു ബൈബിൾ പഠിപ്പിക്കുന്നു. ലൂസിഫറിൻ്റെ വീഴ്ചയോടു കൂടെ ദൈവം പ്രപഞ്ചത്തെ മുഴുവൻ കറുപ്പുടുപ്പിച്ചു (യിരെ: 4: 23 – 28; യെഹെ: 32:7-9; യെഹെ 31: 15 -18). അന്നു പ്രപഞ്ചം മുഴുവൻ അസ്ഥിരമായി. നക്ഷത്രങ്ങൾ മുഴുവൻ -സൂര്യചന്ദ്രാദികൾ ഉൾപ്പെടെ- ഇരുണ്ടുപോയി. ദൈവം അവയെ കറുപ്പുടുപ്പിച്ചു. കറുപ്പു മരണത്തിൻ്റെ അടയാളം ആണല്ലോ. അണ്ഡകടാഹത്തിൽ എത്ര കോടി നക്ഷത്ര സമൂഹങ്ങളും ആകാശഗംഗകളും ഉണ്ടായിരുന്നുവോ അവയ്ക്കു ചുറ്റും തമോഗർത്തമെന്ന മേഘം കൊണ്ട് ദൈവം മൂടി. അണ്ഡകടാഹത്തിൻ്റെ ഒരു ശതമാനം മാത്രമാണ് ദ്രവ്യം അടങ്ങിയ പ്രപഞ്ചം. ബാക്കി തൊണ്ണൂറ്റിഒമ്പതു ശതമാനവും തമോർജ്ജം പുറപ്പെടുവിക്കുന്ന ബ്ലാക്ക് ഹോൾസ് ആണ്. എത്രലക്ഷംകോടി വർഷം ഈ സ്ഥിതി തുടർന്നു എന്ന് നമുക്കറിയില്ല. ഉല്പത്തി 1: 3 – 25 വരെ നാം കാണുന്നത് പുനഃസൃഷ്ടി (Recreation) മാത്രമാണ്. പ്രപഞ്ചത്തിനും ഭൂമിക്കും വെറും 6000 വർഷത്തെ പഴക്കമേയുള്ളവെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. ഉല്പത്തി 1:1 നും 2 നും ഇടയിലും 2നും 3നും ഇടയിലും കോടാനുകോടി വർഷത്തെ ഇടവേള ഉണ്ട്.

പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതു ദൈവം മാത്രമാണ് എന്നതിൻ്റെ മറ്റൊരു തെളിവാണ് യോശുവയുടെ കാലത്ത് സൂര്യചന്ദ്രാദികൾ സ്ഥിരമായി നിന്നതും (യോശുവ 20: 12-14). ആഹാസിൻ്റെ സൂര്യഘടികാരത്തിൽ നിഴൽ പത്തുപടി പിന്നോക്കം പോയതും (2 രാജാ: 20:11). ഒരുപടി എന്നത് ഒരു ഡിഗ്രിയാണ്. 24 മണിക്കൂർ എന്ന 1440 മിനിറ്റിനെ 360 ഡിഗ്രി കൊണ്ടു ഹരിക്കുമ്പോൾ ഒരു പടി അഥവാ ഡിഗ്രി 4 മിനിറ്റ് എന്നു കിട്ടുന്നു. പത്തുപടി എന്ന് നാല്പതു മിനിറ്റ് ആകുന്നു. യോശുവയുടെ കാലത്തു പ്രപഞ്ചം സ്ഥിരസ്ഥിതമായ ഒരു ദിവസത്തിൻ്റെ പൂർത്തീകരണത്തിനായി ശേഷിച്ചിരുന്ന നാല്പതു മിനിറ്റ് സൂര്യ ഘടികാരത്തിൽ ഹിസ്ക്കീയാവിൻ്റെ കാലത്ത് പുനരേകീകരിക്കുകയായിരുന്നു.

ക്രിസ്തുവിൻ്റെ ക്രൂശീകരണ സമയത്ത് സൂര്യൻ മൂന്നു മണിക്കൂർ ഇരുണ്ടുപോവുകയും ദേശത്തു അന്ധകാരം വ്യാപിക്കുകയും ചെയ്തു (ലൂക്കോസ് 23: 44). സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭാവിയിൽ ഇരുണ്ടു പോകുന്നമെന്നു യെശയ്യുവും (5:30;13:10), യോവേലും (2:10; 3:15) പ്രവചിച്ചു. യേശു കർത്താവ് അതു സ്ഥിരീകരിക്കുക മാത്രമല്ല ആകാശത്തു നിന്നു നക്ഷത്രങ്ങൾ വീഴുമെന്നും ആകാശത്തിലെ ശക്തികൾ (യൂണിവേഴ്സൽ ട്രാഫിക് സിസ്റ്റം) ഇളകിപ്പോകുമെന്നും പറഞ്ഞു (മത്തായി: 24: 29; മർ: 13: 24).

മഹാപീഡനകാലത്തു സൂര്യചന്ദ്രാദിനക്ഷത്രങ്ങൾക്ക് മൂന്നിലൊന്നു ക്ഷതം വരുമെന്നും (വെളി: 8: 12) അഗാധകൂപത്തിൽ നിന്നു പുറപ്പെടുന്ന പുകയാൽ- അർത്ഥാൽ ഒരു മഹാഅഗ്നിപർവ്വത വിസ്ഫോടനത്താൽ സൂര്യനും ആകാശവും ഇരുണ്ട പോകുമെന്നും (വെളി: 9: 2), മൃഗത്തിൻ്റെ രാജ്യത്തിന്മേൽ സൂര്യൻ പ്രകാശിക്കാതെയിരിക്കുമെന്നും (വെളി: 16: 10) യോഹന്നാൻ
ദർശനം കണ്ടു! മാത്രമല്ല, ശാസ്ത്രം പറയുന്നതുപോലെ തന്നെ സൂര്യൻ്റെ താപമാനം അതിൻ്റെ പാരമ്യത്തിൽ എത്തുമെന്നും യോഹന്നാൻ എഴുതിയിട്ടു (വെളി: 16:8; 19:17).

ഒടുവിലായി പുതിയയെരൂശലേംനഗരം എന്ന മഹാനക്ഷത്രം നമ്മുടെ അണ്ഡകടാഹത്തിൻ്റെ കേന്ദ്രമായി തീരുമ്പോൾ (അഥവാ നമ്മുടെ പ്രപഞ്ചം നിത്യതയിലേക്കു ചെന്നു ചേരുമ്പോൾ) സൂര്യനും ചന്ദ്രനും ആവശ്യമില്ലാതെ വരും. ദൈവതേജസ്സിനാൽ പ്രപഞ്ചം മുഴുവൻ പ്രകാശപൂരിതം ആയിരിക്കും (വെളി:21: 23). ഇനി രാത്രി ഉണ്ടാകയില്ല (വെളി: 22: 5). രാപ്പകലിനു കാരണഭൂതർ സൂര്യചന്ദ്രാദികൾ ആണല്ലോ (ഉല്പ: 1: 14- 18). ക്രിസ്തുവിൻ്റെ ആയിരം
ആണ്ടുവാഴ്ചക്കാലത്തു തന്നെ സൂര്യചന്ദ്രാദികളുടെ പ്രകാശം കുറഞ്ഞുതുടങ്ങും എന്നു യെശയ്യാവു ദർശിച്ചു (24: 23). ബൈബിൾ എത്ര കൃത്യമായ ശാസ്ത്രീയ വിശകലനമാണു നടത്തിയിരിക്കുന്നത്. സൂര്യൻ്റെ ചൂടു വർദ്ധിച്ചു പാരമ്യത്തിലെത്തി കഴിഞ്ഞു തണുത്ത തുടങ്ങുമെന്നു ബൈബിൾ പറയുന്നു. പക്ഷേ അതിനുവേണ്ടി 350 കോടി വർഷം ഒന്നും കാത്തിരിക്കേണ്ടി വരില്ല. കർത്താവു മദ്ധ്യാകാശത്തിൽ
വന്നു സഭയെ ചേർത്തുകഴിഞ്ഞാൽ സൂര്യചന്ദ്രനക്ഷത്രാദികളുടെ കഷ്ടകാലം ആരംഭിക്കുകയായി -ഒപ്പം ഭൂവാസികളുടെയും!

പുത്രൻ മുഖാന്തരമാണ് സകലവും ഉളവായത് (യോഹ:1: 3; എബ്രാ:1: 2). അവൻ സകലത്തെയും – അണ്ഡകടഹത്തെ മുഴുവനായും – തൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ ആകുന്നു (എബ്രാ:1:3). അവയെല്ലാം അവൻ കല്പിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ടു, അവയെല്ലാം അവൻ്റെ ആജ്ഞ അനുസരിക്കുന്നു, അവയെല്ലാം അവൻ കല്പിക്കുമ്പോൾ മരിക്കുന്നു!! യേശു കർത്താവിൻ്റെ വരവു വളരെ അടുത്തിരിക്കുന്നു എന്നു ശാസ്ത്രം വിളിച്ചു പറയുന്നു -ബൈബിളും!!! ആ വരവിനായി നമുക്ക് ഒരുങ്ങാം. ആമേൻ കർത്താവേ വേഗം വരേണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.