82 ദിവസത്തെ ചെറുത്ത് നില്‍പ്പിനൊടുവില്‍ തകര്‍ന്നടിഞ്ഞ് മരിയു പോള്‍

KE News Desk

കീവ്: 82 ദിവസത്തെ ചെറുത്ത് നില്‍പ്പിനൊടുവില്‍ തകര്‍ന്നടിഞ്ഞ് മരിയു പോള്‍.
യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഗതിമാറ്റിയെഴുതിയ മരിയുപോള്‍ ഇനി റഷ്യയ്ക്ക് സ്വന്തം. മരിയുപോള്‍ ‘ഉരുക്കുകോട്ട’ തകര്‍ന്നു വീണതോടെ ആവേശത്തിമിര്‍പ്പിലാണ് റഷ്യന്‍ സേന. ഇനിയും ചോരപ്പുഴയൊഴുകാതെ പോരാട്ടം മതിയാക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു സേന പിന്മാറുന്നത്. ഇതോടെ മരിയുപോള്‍ റഷ്യയുടെ അധിനിവേശത്തിലേക്ക് ചേരുകയായിരുന്നു. ചെറുത്തുനില്‍പിന്റെ ഉജ്വലമാതൃക കാട്ടിയ ഇവര്‍ ഈ യുദ്ധത്തിലെ വീരനായകരാണെന്ന് യുക്രെയ്ന്‍ സേന പ്രഖ്യാപിച്ചു.

post watermark60x60

മരിയുപോള്‍ നഗരത്തില്‍ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനില്‍പിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചെടുക്കുക ആയിരുന്നു. 82 ദിവസം പൊരുതിത്തളര്‍ന്ന 264 യുക്രെയ്ന്‍ സൈനികരെ റഷ്യയുടെ സഹായത്തോടെ ഒഴിപ്പിച്ചു. പോരാട്ടത്തില്‍ ഗുരുതരമായി പരുക്കേറ്റ 53 സൈനികരെ റഷ്യന്‍ നിയന്ത്രണത്തിലുള്ള നൊവോയസോവ്‌സ്‌ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. ബാക്കി 211 പേരെ റഷ്യയോടു കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കാണ് മാറ്റിയത്. ഫാക്ടറിയില്‍ ഇനിയും സൈനികര്‍ ശേഷിക്കുന്നുണ്ടെന്ന് യുക്രെയ്ന്‍ ഡപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മല്‍യര്‍ പറഞ്ഞു. ഇവരേയും താമസിയാതെ റഷ്യന്‍ സേന ഒഴിപ്പിക്കും.

2014 ലെ റഷ്യന്‍ അധിനിവേശ വേളയില്‍ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്സ്റ്റാളില്‍ പൊരുതിത്തോറ്റത്. റഷ്യന്‍ ആക്രമണത്തില്‍ മരിയുപോള്‍ നഗരത്തിലാകെ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹര്‍കീവില്‍നിന്ന് റഷ്യന്‍ സേനയെ തുരത്തിയെങ്കിലും കിഴക്കന്‍ യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്‌ക് മേഖലയില്‍ കനത്ത പോരാട്ടം നടക്കുന്നു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലും റഷ്യന്‍ ആക്രമണം കനത്തു. അതിര്‍ത്തി പ്രവിശ്യയായ കേര്‍സ്‌കില്‍ യുക്രെയ്ന്‍ ആക്രമണമുണ്ടായി. റഷ്യ തിരിച്ചടിച്ചു.

Download Our Android App | iOS App

ഇതിനിടെ, നാറ്റോ അംഗത്വത്തിനായുള്ള ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നടപടികള്‍ പുരോഗമിക്കുന്നു. സൈനികസഖ്യത്തിലെ അംഗത്വം സംബന്ധിച്ച ചര്‍ച്ചയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കാണാന്‍ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്‍ഡേഴ്‌സനും ഫിന്‍ലന്‍ഡ് പ്രസിഡന്റ് സവ്‌ലി നിനിസ്റ്റോയും നാളെ വൈറ്റ്ഹൗസിലെത്തും.

-ADVERTISEMENT-

You might also like