ലേഖനം: വളരുന്ന കളകൾ | രാജൻ പെണ്ണുക്കര

 

ലോകത്തിലെ സകല കർഷകരും ഭയപ്പെടുന്നതും അഭിമുഖികരിക്കുന്നതും, വലിയ വിളനാശവും നഷ്ടവും വരുത്തുന്ന ഘടകമല്ലേ *കള (weed)*. ഇതിനെ പാഴ്ച്ചെടി എന്നും വിളിക്കാറുണ്ട്. കളയേണ്ടിയത് എന്നർത്ഥത്തിൽ നിന്നും ഉണ്ടായതാണ് “”കള”” എന്ന പദം.

ചില രാജ്യങ്ങളിൽ വിത്തുകൾ കൊണ്ടു പോകുന്നത് ഔദ്യോഗികമായി വിലക്കിയിരിക്കുന്നു. അഥവാ കൊണ്ടുപോയി പിടിക്കപ്പെട്ടാൽ നിയമ ലംഘനമായി കണക്കാക്കുന്നു. കാരണം നാം കൊണ്ടുപോകുന്ന വിത്തുകൾ അവിടെത്തെ പരിതസ്ഥിതിയിൽ പ്രകൃതിയോടു ഇണങ്ങിയ (Eco Friendly) അവസ്ഥയിൽ ആയിചേരുന്നില്ല എങ്കിൽ അത് കളയായി മാറി ആ രാജ്യത്തെ ആവാസ വ്യവസ്ഥയിൽ സമൂല മാറ്റം വരുത്താൻ സാധ്യത ഏറെയാണ്. അത്രമാത്രം ദോഷം വരുത്തി വെക്കാൻ ശക്തിയുള്ളതാണ് നാം നിസാരമെന്നു കരുതുന്ന കളകൾ എന്നു ആദ്യമേ മനസ്സിലാക്കണം.

ലോകത്തിന്റെ എല്ലാമേഖലകളിലും കളകൾ കാണാം എന്നതാണ് ഏറ്റവും അത്ഭുതം. നാം അതിനെ എത്ര നശിപ്പിച്ചാലും, ഒഴിവാക്കിയാലും അതു നല്ലതിന്റ ഇടയിൽ കയറി കിളിർക്കും എന്നതാണ് അടുത്ത പ്രത്യേകത.

ദൈവവചനത്തിൽ അതിനെ കുറിച്ച് വ്യക്തമായി അടിവരയിട്ട് (മത്താ-13:24-30) രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ അവിടെ പറയുന്ന വാക്കുകളും വളരെ ശ്രദ്ധേയമാണ് *ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു*.

യഥാർത്ഥത്തിൽ കള എന്താണ്?. നാം ആഗ്രഹിക്കാത്ത രീതിയിലും, പ്രയോജനത്തേക്കാൾ ഉപരി ഉപദ്രവും ദോഷവും ചെയ്യുന്ന ഏതും കള എന്നു വിളിക്കപെടുന്നു!!. കള ഒരിക്കലും നല്ല ഫലം തരുകയില്ല എന്ന സത്യം ആദ്യമേ മനസ്സിലാക്കണം. കളയ്ക്ക് ഫലം പുറപ്പെടുവിക്കണം എന്ന മോഹവും ഇല്ല, മോഹിച്ചാൽ തന്നേ ഫലം ഉണ്ടാകത്തും ഇല്ല എന്നതാണ് ദുഖസത്യം. ഈയിടെ പത്രത്തിൽ വായിച്ചില്ലേ പൈനാപ്പിൾ കർഷകർക്ക് ഭീഷണിയായി അന്തക വിത്ത്. നിരവധി തോട്ടങ്ങളിൽ ഇത്തരം പുഷ്പിക്കാത്ത പൈനാപ്പിൾ ചെടികൾ വളരുന്നുണ്ട്. മാസങ്ങളായുള്ള പരിപാലനത്തിനു ശേഷമേ ഈ കളയേ തിരിച്ചറിയാൻ സാധിക്കു. ഇതു കർഷകന് വലിയ ഭീഷണിയായി മാറിക്കഴിഞ്ഞു.

കള എപ്പോഴും നല്ല വിത്തിന്റെ കിളിർപ്പിനൊപ്പം അല്ലെങ്കിൽ ഞാറിനൊപ്പം കിളിർക്കും. അതുകൊണ്ടല്ലേ ഞാറിനൊപ്പം കാണായ്‌വന്നു എന്ന പദപ്രയോഗം വചനത്തിൽ പറഞ്ഞത്. ഒറ്റനോട്ടത്തിൽ രണ്ടും ഒരുപോലെയിരിക്കും. വളരുന്നതും നല്ലതിനോട് ചേർന്ന് ആയിരിക്കും. പക്ഷേ ഒരു പ്രശ്നം, കളയ്ക്ക് എപ്പോഴും തലയെടുപ്പ് കൂടുതൽ ആണ്. അതിന് പ്രഥമമായതിനേക്കാൾ
(ഒറിജിനൽ) വേഗത്തിൽ വളരണമെന്നുള്ള മോഹവും, താല്പര്യവും, പ്രവണതയും കൂടുതൽ ആണ്.

അതിനെ പ്രതീക്ഷിക്കാത്ത സ്ഥലത്തു പോലും കാണുവാൻ സാധിക്കും. അതിന്റെ വേറെയൊരു മോഹം അതു നിൽക്കുന്ന നിലം മൊത്തം വ്യാപിച്ച് മുഴുവനും കൈയ്യടക്കണം എന്നതുതന്നേ. അതിനു പരിരക്ഷ ഒട്ടും ആവശ്യമില്ല, കൂടാതെ, കള നല്ല ചെടിയുടെ ചുവട്ടിൽ കയറി വളർന്ന് അതിന്റ അടുത്തു വസിക്കുന്നതിന്റ അവകാശമായ നന്മകൾ കൂടി വലിച്ചെടുക്കും. അതിനു നല്ല ഞാറുകൾക്കിടയിൽ വളരാനാണ് കൂടുതൽ ഇഷ്ടം. കളയുടെ മനസ്സിൽ ഞാൻ ഇങ്ങനെ വളർന്നാൽ ഈ നിലത്തിന്റ യഥാർത്ഥ അവകാശിയായ ഞാറിന് ദോഷം വരും എന്നോ, നല്ല ചെടിയുടെ ജീവനും വളർച്ചക്കും നിലനിൽപ്പിനും ഭീഷണി ആകും എന്ന ബോധമോ ചിന്തയോ ഒട്ടും ഇല്ല. അപ്പോൾ അതിന് ഗുണങ്ങളെക്കാൾ ഉപരി ദോഷങ്ങൾ കൂടുതലാണെന്നു ചുരുക്കം.

സുവിശേഷത്തിലെ ഉപമയിൽ കളയുടെ വളർച്ചയും, വേഗതയും, ഭാവവും, രൂപവും കണ്ട ദാസൻമാർ പരിഭ്രാന്തരായി വന്നിട്ട് യജമാനനോട് ചോദിക്കുകയാണ്, ഞങ്ങൾക്ക്‌ കളകൾ പിഴുതു കളയുവാൻ അനുവാദം തരണം. അപ്പോൾ യജമാനൻ പറഞ്ഞ മറുപടിയാണ് ചിന്തനീയം. അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”.

ഇന്നത്തെ ആത്മീക ലോകത്തിന്റെയും, സഭകളുടെയും യഥാർത്ഥത്തിലുള്ള അവസ്ഥ ഇതാണെന്നു പറയാതെ വയ്യാ. ഇന്ന് ദൈവം എല്ലാവരെയും ഒരുപോലെ വളരാൻ അനുവദിക്കയാണ്. എന്നാൽ ഒരു ഭയാനകമായ ദിവസം താമസംവിനാ വരുന്നു.

ആദ്യം കളകൾ പറിച്ചു കൂട്ടി കെട്ടിമാറ്റി തീയിൽ ഇടാൻ തയ്യാറാക്കി വെക്കുന്ന ഒരു ദിനവും, അതിനു ശേഷം നല്ല കോതമ്പു കളപ്പുരയിൽ ഭദ്രമായി കൂട്ടിവെപ്പാനും കല്പിക്കുന്ന നാളും അധികം വിദൂരമല്ല. എന്നാൽ ഇപ്പോൾ അതിനെ തൊട്ടാൽ നല്ലതും പിഴുതുപോകും, അല്ലെങ്കിൽ നല്ലതിനും ക്ഷീണം സംഭവിക്കാൻ സാധ്യത ഏറെയാണ്. കാരണം അത്രമാത്രം അഭേദ്യമായ ബന്ധമാണ് കള നല്ല ചെടിയുമായി സ്ഥാപിച്ചു വെച്ചിരിക്കുന്നത്. കൂടാതെ പാവം നല്ലചെടിക്ക് അറിയില്ലല്ലോ എന്റെ മൂട്ടിൽ എന്നേ കെട്ടിപിടിച്ച് തൊട്ടുരുമ്മി വളരുന്നത് എനിക്കു നാശം വിതക്കുന്ന എന്റെ അവകാശങ്ങളേയും നന്മകളെയും അപഹരിച്ചു കളയുന്ന ദുഷ്ട ശക്തിയാണെന്ന സത്യം. അതേ വിതച്ച വിത്തുമുഴുവനും പറവകൾ കോത്തിക്കൊണ്ടുപോകുകയും, കളകൾ തിന്നുകളയുകയും ചെയ്താൽ വിതച്ചവന് എന്തു പ്രയോജനം. ആത്മീക ഭാഷയിൽ പറഞ്ഞാൽ ഇതു ശത്രുവിന്റെ വിതയാണ്, അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ..

(രാജൻ പെണ്ണുക്കര)

-Advertisement-

You might also like
Comments
Loading...