ശാസ്ത്ര വീഥി: ഡെവിൾസ് ബൈബിൾ | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

 

ബൈബിൾ പകർത്തിയെഴുതുന്നതിനും സാത്താൻ മടിക്കില്ല എന്നു
തെളിയിക്കുന്ന ഒരു കൈയെഴുത്തുപ്രതി ഉണ്ട്. ഡെവിൾസ് ബൈബിൾ എന്ന പേരിലാണ് അതു അറിയപ്പെടുന്നത്. “കോഡെൿസ് ജിഗാസ്” എന്നറിയപ്പെടുന്ന പ്രസ്തുത ബൈബിൾ കൈയ്യെഴുത്തുപ്രതി പതിമൂന്നാം നൂറ്റാണ്ടിൽ തയ്യാറാക്കപ്പെട്ടുവെന്നു കരുതപ്പെടുന്നു. “കോഡെൿസ് ജിഗാസ്” എന്ന വാക്കിന് ഭീമൻ പുസ്തകം എന്നാണർത്ഥം. ഈ ഗ്രന്ഥം അസാധാരണ വലിപ്പം(92x50x22 സെൻ്റിമീറ്റർ) ഉള്ളതാണ്. 74.8 കിലോഗ്രാം ആണു തൂക്കം. 310 താളുകളുള്ള ഈ പുസ്തകം തയ്യാറാക്കുവാൻ 160 കാളകുട്ടികളുടെ തുകൽ വേണ്ടിവന്നു എന്നാണു കണക്കാക്കപ്പെടുന്നത്. ഇതിൻ്റെ ആകെ വിസ്തീർണ്ണം 1535 ചതുരശ്ര അടിയാണ്. ചുവപ്പ്, നീല, പച്ച, മഞ്ഞ, സ്വർണ്ണ നിറങ്ങളിൽ ഇതിൽ ചിത്രാലങ്കാരങ്ങൾ നടത്തിയിരിക്കുന്നു. ഓരോ പുസ്തകത്തിൻ്റെയും ആദ്യാക്ഷരം വിവിധ നിറങ്ങളിൽ എഴുതിയ മനോഹരമായ ക്യാപിറ്റൽ ലെറ്റർ ആണ്. അപ്പോസ്തല പ്രവർത്തികൾ, വെളിപ്പാട് എന്നീ പുസ്തകങ്ങൾ ഒഴികെയുള്ള പുസ്തകങ്ങൾ മുഴുവൻ ലത്തീൻ വൾഗൂത്ത (Latin Vulgate) വിവർത്തനത്തിൻ്റെ പകർപ്പെഴുത്താണ്. മേൽപ്പറഞ്ഞ രണ്ട് പുസ്തകങ്ങൾ വൾഗേറ്റ് വിവർത്തനത്തിന് മുമ്പുള്ളതാണ്. ബൈബിൾ കൂടാതെ യെഹൂദചരിത്രവും മറ്റു അനേകം കാര്യങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കൈയ്യെഴുത്തുപ്രതിയുടെ ഒരു പേജിൽ മുഴുവനായി സാത്താൻ്റെ ചിത്രം മുദ്രണം ചെയ്തിരിക്കുന്നതിനാലാണ് ഇതിനു “ഡെവിൾസ് ബൈബിൾ” എന്ന പേരു വീണിരിക്കുന്നത്. ഈ ചിത്രം കൂടാതെ മറ്റനേകം ചിത്രങ്ങളും കലാരൂപങ്ങളും ഈ ഗ്രന്ഥത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. പ്രത്യേകതരം കാലിഗ്രഫിയാണു
പകർത്തിയെഴുത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രരചനകളും അതുപോലെയുള്ള മറ്റു ആർട്ടുവർക്കുകളും ഒഴിവാക്കി കയ്യക്ഷരം മാത്രം പകർത്തി എഴുതി അത്തരം ഒരെണ്ണം പുനർനിർമ്മിക്കണമെങ്കിൽ മാനുഷിക പ്രയത്നത്തിൽ ഒരു മനുഷ്യൻ 20 വർഷം നിർത്താതെ അധ്വാനിച്ചുവെങ്കിൽ മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ എന്ന് കണക്കാക്കപ്പെടുന്നു.

ഈ കൈയ്യെഴുത്തുപ്രതി യുടെ തയ്യാറാക്കലിനു പിമ്പിൽ സംഭ്രമജനകമായ ഒരു ഐതിഹ്യമുണ്ട്. ഇന്നത്തെ ചെക്കോസ്ലോവാക്യൻ ബൊഹീമിയായിലുള്ള ഒരു ബെനെഡിൿറ്റൈൻആശ്രമത്തിലാണ് അത് തയ്യാറാക്കപ്പെട്ടത്. ആശ്രമത്തിലെ ഒരു സന്യാസി മഠത്തിന് നിയമങ്ങൾ ലംഘിച്ചു, പിടിക്കപ്പെട്ടു. ക്ഷുഭിതനായ ആശ്രമാധിപതി അദ്ദേഹത്തെ, മതിലിന്മേൻ കെട്ടിയടച്ച മുറിയിൽ, പട്ടിണി-ദാഹ
മരണത്തിനു വിധിച്ചു. മരണശിക്ഷയിൽ നിന്നും തന്നെ ഒഴിവാക്കിയാൽ മൊണാസ്ട്രിയുടെ കീർത്തി ലോകമെങ്ങും പരക്കുന്നതും ഒപ്പം എന്നും നിലനിൽക്കുന്നതുമായ ഒരു ഗ്രന്ഥം ഒറ്റരാത്രികൊണ്ടു തയ്യാറാക്കി നല്കാമെന്നു സന്യാസി ആശ്രമം ആധികാരിയോടു പറഞ്ഞതു അദ്ദേഹം സമ്മതിച്ചു. അദ്ധ്വാനം ആരംഭിച്ച സന്യാസി അർദ്ധരാത്രി ആയപ്പോഴേക്കും തനിക്കു ആ ദൗത്യത്തിൽ വിജയിക്കുവാൻ സാദ്ധ്യമല്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്നു, പരിഭ്രാന്തനായ അദ്ദേഹം സാത്താനോടു പ്രാർത്ഥിച്ചു എന്നും സാത്താൻ അയാളെ സഹായിച്ചു എന്നുമാണ് ഐതിഹ്യം. സാത്താൻ തയ്യാറാക്കിയ ആ ഗ്രന്ഥമാണ് “കോഡെൿസ് ജിഗാസ്”!

ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചു സംസാരിക്കുവാനും പകർത്തിയെഴുതി കോഡെൿസുകൾ തയ്യാറാക്കുവാനും മടിയില്ലാത്ത സാത്താൻ ബൈബിൾ വിവർത്തകരെയും വിവർത്തനങ്ങളെയും തൻ്റെ ചൊല്പടിയിൽ നിർത്തുന്നതു പുതിയ കാര്യമല്ല.

“ഡെവിൾസ് വേർഷ്യൻ” എന്നോ സേറ്റതിൿ ട്രാൻസ്ലേഷൻ” എന്നോ മുദ്രകുത്തപ്പെടുന്ന ഒരു വിവർത്തനം ഉണ്ടായാലും അതിൽ ആശ്ചര്യപ്പെടുരുത്. “ചർച്ച ഓഫ് സേറ്റൻ” സ്ഥാപിച്ച ആൻറൺ ലെവേ തയ്യാറാക്കിയ “ദ സേറ്റനിൿ ബൈബിൾ” ഇപ്പോൾത്തന്നെ നിലവിലുണ്ടല്ലോ. ഇതിൽ ബുക്ക് ഓഫ് സേറ്റൻ, ബുക്ക് ഓഫ് ലൂസിഫർ, ബുക്ക് ഓഫ് ബെലിയാൽ, ബുക്ക് ഓഫ് ലെവിയാഥാൻ എന്നിങ്ങനെ നാല് പുസ്തകങ്ങൾ അടങ്ങിയിരിക്കുന്നു. ദൂതന്മാരുടെഭാഷ എന്ന് ഇവർ അവകാശപ്പെടുന്ന ഇനോക്കിയൻ (Enochian) എന്ന മന്ത്രവാദഭാഷയും (Occultic languages) എപ്പിക്യൂരിയൻ ഉപദേശവും ഒക്കെ സാത്താൻ്റെ സഭയുടെ പ്രത്യേകതകൾ ആണല്ലോ.

ബൈബിൾ വിവർത്തനത്തിനായി പ്രധാനമായും മൂന്ന് പരമ്പരാഗതരീതികൾ അഥവാ സമ്പ്രദായങ്ങളാണ് (Methodology) അവലംബിച്ചിരിക്കുന്നത്.

“ഫോർമൽ ഇൿവിവലെൻസ്,” “ഡൈനാമിൿ ഇൿവിവലെൻസ്,” “പാരാഫ്രെയ്സ്ഡ് വേർഷൻ” എന്നിവയാണവ. എന്നാൽ ഇപ്പോൾ ഇവകൂടാതെ “ഒപ്റ്റിമൽ ഇൿവിവലെൻസ്” എന്നൊരു പുതിയ മെത്തെഡോളജിയും നിലവിലുണ്ട്.

എബ്രായഭാഷയിൽ നിന്നും മറ്റു ഭാഷകളിലേക്കുള്ള വിവർത്തനം വളരെ ദുഷ്കരമാണ്. കാരണം, എബ്രായഭാഷവ്യാകരണം കാലം (tense) നിശ്ചയിക്കുന്നത് സമയാധിഷ്ഠിതമായിട്ടല്ല, പ്രവൃത്തി അധിഷ്ഠിതമായിട്ടാണ്. അതായത്, എബ്രായഭാഷയ്ക്ക് “ആൿഷൻ റ്റെൻസ്” ഉള്ളപ്പോൾ മറ്റു ഭാഷകൾക്കു “ടൈം റ്റെൻസ്” ആണുള്ളത്. ആൿഷൻ റ്റെൻസിൽ ഉള്ള വാചകം ടൈം റ്റെൻസിലേക്ക് മൊഴിമാറ്റം നടത്തി വാചകഘടന ക്രമീകരിക്കുക വളരെ ബുദ്ധിമുട്ടാണ്. ആയതിനാൽ, ആശയഗാംഭീര്യം വിവർത്തിതകൃതികൾക്കൂ നഷ്ടപ്പെടാറുണ്ട്. ഈ പോരായ്മ നികത്തുവാനാണു ഓരോ വിവർത്തനങ്ങളിലൂടെയും വിവർത്തകർ ഉത്സാഹിക്കുന്നത്.

ഫോർമൽ ഇൿവിവലെൻസ്
മൂലകൃതിയിലെ (ഒറിജിനൽ ടെക്സ്റ്റ്) ആശയം ഒട്ടും ചോർന്നുപോകാതെ പദാനുപദമൊഴിമാറ്റം നടത്തി ഒറിജിനൽ ടെക്സ്റ്റുമായി നീതിപുലർത്തുന്ന വിവർത്തനരീതിയാണു ഫോർമൽ ഇൿവിവലെൻസ് രീതി. എന്നാൽ ഈ വിവർത്തനത്തിന് വായനാക്ഷമത കുറവായിരിക്കും. കാരണം വാക്യങ്ങളുടെയും ഖണ്ഡികയുടെയും അർത്ഥതലങ്ങൾ വായനക്കാരൻ സ്വയമേവ വിശകലനം ചെയ്തു ഗ്രഹിക്കുകയും മറ്റൊരാളുടെ സഹായത്തോടെ വ്യാഖ്യാനിക്കുക ചെയ്യണ്ടിയിരിക്കുന്നു. എന്നിരുന്നാലും, തിരുവെഴുത്തുകളുടെ ദൈവനിശ്വാസീ യത ഏറ്റവുമധികം അരക്കിട്ടുറപ്പിക്കുന്ന വിവർത്തന രീതിയാണിത്. “അതോറൈസ്ഡ് വേർഷൻ” എന്നു ഓമനപ്പേരുള്ള കിങ് ജയിംസ് വിവർത്തനം ഈ സമ്പ്രദായമാണ് പിന്തുടർന്നിരുന്നത്. 1611-ലെ ഇങ്‌ളീഷ്ഭാഷ ഇന്ന് സർവ്വസാധാരണം അല്ലാത്തതിനാൽ ഈ പരിഭാഷയ്ക്കു സമകാലിക പ്രചാരം കുറയുന്നു. എങ്കിലും, ആധികാരികത ഇന്നും കുറഞ്ഞു പോയിട്ടില്ല. അതിനാൽ, അതിൻ്റെ തുടർച്ചയായി ന്യൂ കിങ് ജയിംസ് വേർഷനും, മോഡേൺ കിങ് ജയിംസ് വേർഷനും സമകാലിക ഇംഗ്ലീഷിൽ പുറത്തിറക്കിയിട്ടുണ്ട്.

ഡൈനാമിക് ഇൿവിവലെൻസ്

പദാനുപദമൊഴിമാറ്റരീതി ഒഴിവാക്കി ആശയവിവർത്തനരീതിയാണ് ഡൈനാമിക് ഇൿവിവലെൻസ് വിവർത്തനം. ഒറിജിനൽ ടെക്സ്റ്റിലെ ആശയങ്ങൾ അപ്പാടെ വായനക്കാർക്കു നേരിട്ടു എത്തിക്കുന്നതിനാൽ ഈ വിവർത്തനത്തിനു വായനക്ഷമത കൂടുന്നു. ഒപ്പം സമകാലികഭാഷയിലേക്ക് ബൈബിൾ ഇറങ്ങിവരികയും ചെയ്യുന്നു. വക്രിച്ച അഥവാ വളഞ്ഞു തിരിഞ്ഞ (Skewed) വിവർത്തനരീതി ആണ് ഇതു എന്ന ആക്ഷേപം ഈ രീതിക്കുണ്ട്. കാരണം, വിവർത്തകൻ തൻ്റെ വിവേചനാധികാരവും സ്വേച്ഛയും ഉപയോഗിച്ചു വിഷയാധിഷ്ഠിതവും (Subjective) സ്വാഭിപ്രായപ്രകാരവും (Opinionative) പ്രകാരവും ആയിരിക്കും മൊഴിമാറ്റം നടത്തുന്നത്. ഇത് വായനക്കാരനെ ഏറെ സഹായിക്കുന്നുണ്ട്. ആയാസരഹിതമായി വായിച്ചറിയുന്നതിനു സാധിക്കുന്നുണ്ട്. എന്നാൽ ഒറിജിനൽ ടെസ്റ്റിൽ നിന്നും ആശയം ബഹുദൂരം അകന്നു പോയിരിക്കുമെന്ന ന്യൂനത ഈ വിവർത്തനങ്ങൾക്കുണ്ട്.

യെരൂശലേം ബൈബിൾ, ന്യൂ ഇൻ്റെർനാഷണൽ വേർഷൻ, ന്യൂ ഇങ്ളിഷ് ബൈബിൾ, ന്യൂ ഇങ്ളിഷ് ട്രാൻസ്ലേഷൻ, റിവൈസ്ഡ് ഇങ്ളിഷ് ബൈബിൾ എന്നീ വിവർത്തങ്ങൾ ഈ രീതി പിന്തുടർന്നവയിൽ ചിലതുമാത്രമാണ്. NIV ബൈബിൾ സാർവ്വത്രികമായി അംഗീകരിക്കപ്പെടുകയും പ്രചൂരപ്രചാരം ആഗോളതലത്തിൽ വില്പനയിലും ഉപയോഗത്തിലും അതോറൈസ്ഡ് വിവർത്തനത്തെ മറികടക്കുകയും ചെയ്തിരുന്നു. “ഡൈനാമിൿ ഇൿവിവലെൻസ് മെഥേഡ് അവലംബിച്ചതിനാൽ NIV വിവർത്തകർ (ശരിയായിരുന്നാലും തെറ്റായിരുന്നാലും) തങ്ങളുടെ അഭിപ്രായങ്ങൾ ആ വിവർത്തനത്തിൽ സന്നിവേശിപ്പിക്കുന്നതിൽ വിജയിച്ചു,” എന്നതാണ് ബെൻ ഹമ്മോൻഡ് എന്ന ബൈബിൾ അദ്ധ്യാപകൻ NIV -യെ വിലയിരുത്തിയിരിക്കുന്നത്

പാരാഫ്രെയ്സ്ഡ് ബൈബിൾ സത്യത്തിൽ ഇത് ബൈബിൾ അല്ല, ബൈബിൾ കമെൻ്ററി മാത്രമാണ്.

ഒപ്റ്റിമൽ ഇൿവിവലെൻസ്

ഒന്ന് രണ്ട് വിവർത്തന രീതികൾ രണ്ടും ചേർത്തു വികസിപ്പിച്ച ആധുനിക വിവർത്തനസമ്പ്രദായമാണിത്. ന്യൂ അമേരിക്കൻ ബൈബിൾ, ഹോൾമാൻ ക്രിസ്ത്യൻ സ്റ്റാൻഡേർഡ് ബൈബിൾ, ഇവാൻജെലിക്കൽ ഹെറിറ്റേജ് വേർഷൻ എന്നിവ അവയിൽ ചിലതു മാത്രമാണ്. ഹോൾമാൻ വിവർത്തനം വളരെ ഇടുറ്റതും വിശ്വസനീയവും ആണെന്നാണ് ഈ സമ്പ്രദായത്തെ അംഗീകരിച്ചു Chris Krycho അഭിപ്രായപ്പെടുന്നത്.

ബൈബിൾ പരിഭാഷയിലും സാത്താന്യവഞ്ചനയും ആധിപത്യവും നുഴഞ്ഞു കയറുന്നു എന്ന യാഥാർഥ്യം നാം അറിയാതെ പോകരുത്. പത്ഥ്യോപദേശത്തെ പൊറുക്കാതെ കർണ്ണരസമാകുമാറുള്ള ഉപദേശങ്ങൾ പ്രസംഗിക്കുവാൻ അവൻ ഉപദേഷ്ടാക്കന്മാരെ വശീകരിച്ചു പൂണിയിൽ ആക്കിക്കഴിഞ്ഞു. വായനക്ഷമത എന്ന ഓമനപ്പേർ പറഞ്ഞു നേർവഴിവിട്ടു മാറിയിരിക്കുന്നു അനേകം നൂതന വിവർത്തനങ്ങൾ ഒന്നിനുപുറകെ ഒന്നായി വരുന്നു. “അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ തിരുവെഴുത്തുകളെ തങ്ങളുടെ നാശത്തിനായി കോട്ടി കളയുന്നു എന്നു ശ്ളീഹാ പറയുന്നു ( 2 പത്രോസ്:3: 16). എന്നാൽ ഇന്നു അറിവുള്ളവരും ജ്ഞാനികളും തിരുവെഴുത്തുകളെ കോട്ടി വക്രിച്ചരീതിയിൽ വിവർത്തനം ചെയ്യുന്നു.

ദൈവവചനം ദൈവനിശ്വാസീയം ആണ്. ബൈബിളിലെ സന്ദേശങ്ങൾ ആണ് ദൈവശ്വാസീയം. വികലമായ വിവർത്തനങ്ങൾക്കു അതു അവകാശപ്പെടാനാവില്ല. വിവർത്തനങ്ങളിൽ നിന്നു ആ സന്ദേശം മാറ്റിയാൽ പിന്നെ ആ ഗ്രന്ഥത്തിനു എന്ത് ദൈവനിശ്വാസ്യത. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന ദൈവവചനം ഒരുവനെ രക്ഷക്കു ജ്ഞാനിയാക്കുവാൻ മതിയായതാണ്. ആ വചനത്തെ ദൈവം തന്നെ എല്ലാ തലമുറകളിലും സംരക്ഷിക്കും. ആ “പ്രൊവിഡെൻഷ്യൽ പ്രിസെർവേഷനെ” തടുക്കുവാൻ ആർക്കും കഴിയുകയില്ല. ദൈവവചനം സംരക്ഷിക്കുവാനും വിവർത്തനം ചെയ്യുവാനുമായി ജീവത്യാഗം നടത്തിയ രക്തസാക്ഷികളായ വിശ്വാസവീരന്മാർ നമുക്ക് മുമ്പായി കടന്നുപോയിട്ടുണ്ട്. അവരുടെ ത്യാഗവും ജീവത്യാഗവും ലോകത്തെ ഒരു പുതിയ ധാർമികതയിലേക്കു വഴി നടത്തിയിട്ടുണ്ട്.

ഒരുവനെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തിൻ്റെ വിവർത്തനം കൊണ്ട് ആ ഉദ്ദേശം സഫലീകരിക്കുന്നില്ലെങ്കിൽ നാം ആ പരിഭാഷ തള്ളിക്കളയേണ്ടിയിരിക്കുന്നു. ജനത്തിൻ്റെ നിലവാരത്തിലേക്ക് ബൈബിളിനെ താഴ്ത്തിക്കൊണ്ടു വരുന്നതല്ല, ബൈബിൾ നിലവാരത്തിലേക്കും ധാർമ്മികതയിലേക്കും വായനക്കാരെ ഉയർത്തിക്കൊണ്ടുവരുന്നതാണു ദൈവിക പദ്ധതി. അതിനു ഉതകാത്തത് ഒന്നും ദൈവനിശ്വാസീയം ആയിരിക്കുകയില്ല. കള്ളനാണയങ്ങളെ തിരിച്ചറിയുന്നതിനുള്ള പ്രത്യേക വിവേചനശേഷി ദൈവജനം പ്രാപിക്കേണ്ടിയിരിക്കുന്നു. “യഹോവയുടെ വചനങ്ങൾ നിർമ്മലവചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ശുദ്ധിചെയ്ത വെള്ളി പോലെ തന്നേ (സങ്കീ:12:6). ആ വചനം നമുക്കും ഒപ്പം ലോകത്തിനും വഴികാട്ടിയായിരിക്കട്ടെ. ആമേൻ.

-Advertisement-

You might also like
Comments
Loading...