ശാസ്ത്ര വീഥി: ഉദയനക്ഷത്രത്തെ കണ്ടെത്തി | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന ശാസ്ത്രലോകം 12.9 ബില്ല്യൻ വർഷം പ്രായമുള്ള ഒരു നക്ഷത്രത്തെ കണ്ടെത്തിയിരിക്കുന്നു. ഹബ്ബ്ൾ റ്റെലെസ്കോപ്പിൻ്റെ സഹായത്തോടെ നാസയാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. 2022 മാർച്ച് 30- ന് ബുധനാഴ്ച “നേച്ചർ ജേർണലിൽ” വന്ന ലേഖനത്തിലാണ് പുതിയ കണ്ടെത്തലിനെ ക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞൻ ബ്രെയിൻ വെൽഷ് ആണ് പ്രസ്തുത ലേഖനം എഴുതിയത്. ” പ്രപഞ്ചത്തിൻ്റെ നമുക്ക് അപരിചിതമായ ഭൂതകാലത്തെക്കുറിച്ചുള്ള അറിവിൻ്റെ വാതായനമാണ് പുതിയ കണ്ടുപിടുത്തത്തോടെ കൈവന്നിരിക്കുന്നത് എന്നാണ് വെൽഷ് പറയുന്നത്.

അരെൻഡെല്ലെ (Arendelle) എന്നാണ് കണ്ടെത്തിയ നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ വാക്കിനു പുരാതന ഇംഗ്ലീഷ് ഭാഷയിൽ ഉദയനക്ഷത്രം/പ്രഭാതനക്ഷത്രം എന്നൊക്കെയാണർത്ഥം. നമ്മുടെ പ്രപഞ്ചത്തിൽ നിന്നും ഏകദേശം 28 ബില്യൻ പ്രകാശവർഷം ദൂരെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. അതിൻ്റെ പ്രകാശം ഭൂമിയിൽ എത്താൻ 12.9 ബില്യൻ വർഷം വേണ്ടിവന്നു എന്നാണു പ്രാഥമികനിഗമനം.
ഈ നക്ഷത്രം ഇത്രയും ദൂരെ സ്ഥിതി ചെയ്യുന്നു എന്നത്
വിലപ്പെട്ട കാര്യമാണെന്ന് ശാസ്ത്രലോകം പറയുന്നത്. ഇത്രയും പ്രായമുള്ളതും അപ്പോൾത്തന്നെ ഇത്രയും ദൂരെ സ്ഥിതി ചെയ്യുന്നതുമായ ഒരു നക്ഷത്രത്തെ കണ്ടെത്തിയതു ഇദംപ്രഥമമാണ്

ഈ നക്ഷത്രത്തിൻ്റെ വലിപ്പം എത്രയാണെന്ന് വ്യക്തമായിട്ടില്ല. എങ്കിലും, സൂര്യനേക്കാൾ 50 മടങ്ങ് വലിപ്പമുള്ളതാണെന്നാണ് ലഭിക്കുന്ന സൂചന. ഇതുവരെ കണ്ടെത്തിയ നക്ഷത്രങ്ങളിൽ വച്ചു ഏറ്റവും വലിപ്പം കൂടിയതാണ് ഇതെന്നാണ് ഊഹിക്കുന്നത്. അണ്ഡകടാഹം ഉണ്ടായി അതിൻ്റെ ഇന്നത്തെ പ്രായത്തിൻ്റെ ഏകദേശം ഏഴ് ശതമാനം പ്രായത്തിൽ എത്തിയപ്പോൾ “അരെൻഡെല്ലെ” പ്രകാശിച്ചു തുടങ്ങി. ഇതിൻ്റെ പിണ്ഡം സൂര്യപിണ്ഡത്തിൻ്റെ അമ്പതു മടങ്ങ് ആണെന്നും പ്രകാശതീവ്രത സൂര്യനേക്കാൾ ദശലക്ഷക്കണക്കിനു മടങ്ങുന്നു അധികരിച്ചതാണെന്നും കണക്കാക്കിയിരിക്കുന്നു. പ്രപഞ്ചരഹസ്യങ്ങളുടെയും നിഗൂഢതകളുടെയും ചൂരുൾ അഴിക്കുവാൻ ഈ കണ്ടെത്തൽ മൂലം ഇടയാകുമെന്നു നമുക്കും പ്രത്യാശിക്കാം.

പുതിയ കണ്ടെത്തൽ ബൈബിൾ പ്രവചനത്തിൻ്റെ നിവർത്തീകാരണമാണ്. പ്രഭാതനക്ഷത്രം/ ഉദയനക്ഷത്രം എന്നീ പദങ്ങൾ “ബിബ്ലിക്കൽ ടെർമിനോളജി” ആണ്. ഇയ്യോബ് 38:6-ൽ കാണുന്ന “പ്രഭാതനക്ഷത്രങ്ങൾ” ദൈവദൂതന്മാർ അത്രേ. എന്നാൽ 2 പത്രോസ് 1:19; വെളിപ്പാട് 2: 28 എന്നീ വാക്യങ്ങളിലെ ഉദയനക്ഷത്രവും വെളിപ്പാട് 22:16-ൽ പ്രതിപാദിക്കുന്ന “ശുഭ്രമായ ഉദയനക്ഷത്ര”വും ക്രിസ്തുവിനെ കുറിക്കുന്നു. ഉദയ നക്ഷത്രം ഉദിക്കുക എന്ന പ്രയോഗം പ്രഭാതവും പകലും വരുന്നു എന്ന സൂചനയാണ് നമുക്ക് നല്കിത്തരുന്നത്. ഒരു ദിവസത്തിനു രണ്ടു ഉദയം ഉണ്ട്. നമ്മുടെ സൗരയൂഥത്തിലെ ഒരു ഗ്രഹമായ ശുക്രനാണ് (Venus) ഉദയനക്ഷത്രം, പ്രഭാതനക്ഷത്രം എന്നീ പേരുകളിൽ അറിയപ്പെടുന്നത്. തീവ്രമായി പ്രകാശിക്കുന്ന ഈ ഗ്രഹം ഉദിക്കുന്നതിനെ ആണ് “പെരുമീൻ ഉദിക്കുക” എന്നു പഴമക്കാർ വിളിച്ചിരുന്നത്. പെരുമീൻ ഉദിക്കുന്നത് രാത്രി മൂന്നു മണിക്ക് ശേഷം ആയിരിക്കും. അതു നാലാംയാമത്തിൻ്റെ ആരംഭം. നാലാംയാമം പ്രഭാതത്തിലെ ആരംഭത്തെ കുറിക്കുന്ന യാമമത്രേ. രണ്ടാം ഉദയം സൂര്യോദയം ആണ്. പകൽ വരുന്നു എന്ന സൂചനയാണ് സൂര്യോദയം നല്കിത്തരുന്നത്. അതിനാൽ പെരുമീൻ (ബൈബിൾ ഭാഷയിൽ ഉദയനക്ഷത്രം) ഉദിക്കുക സൂര്യൻ ഉദിക്കുക എന്നിങ്ങനെ രണ്ടു ഉദയങ്ങൾ ഒരു ദിവസത്തിനു ഉണ്ട്.

ഉദയ നക്ഷത്രം ഉദിക്കുക, നീതിസൂര്യൻ രോഗോപശാന്തിയോടു കൂടെ ഉദിക്കുക എന്നീ രണ്ടു പ്രയോഗങ്ങളും ക്രിസ്തുവിൻ്റെ മടങ്ങിവരവിൻ്റെ രണ്ട് മുഖങ്ങളെ കുറിക്കുന്നു. പെരുമീൻ വന്നുപോകുന്നത് രഹസ്യമായിട്ടാണ്. എല്ലാവരും ആ ഉദയം കാണുകയില്ല. ഉണർന്നിരിക്കുന്നവർ മാത്രമേ ആ ഉദയം കാണുകയുള്ളൂ. എന്നാൽ സൂര്യൻ പ്രഭാവത്തോടെ വരുന്നതു സകലരും കാണും. അതിൻ്റെ പ്രകാശവും ചൂടും ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. ക്രിസ്തുവിൻ്റെ മടങ്ങിവരവും അങ്ങനെ തന്നേ. ഒന്നു രഹസ്യവരവും മറ്റേത് പരസ്യവരവും. ഉദയനക്ഷത്രം, നീതിസൂര്യൻ എന്നീ പ്രയോഗങ്ങൾ രഹസ്യ – പരസ്യ വരവുകൾ ഉണ്ടെന്ന് ഉപദേശത്തെ അരക്കിട്ടുറപ്പിക്കുന്നു.

അരെൻഡെല്ലെ എന്ന നക്ഷത്രത്തെ കണ്ടെത്തുകയും അതിനു ഉദയനക്ഷത്രം എന്നു പേരിടുകയും ചെയ്തതോടെ ബൈബിൾ പ്രവചനം പൂർണ്ണതയിലേക്ക് എത്തുകയാണ്. കാരണം, ഇത്രയും നാളും വെറുമൊരു ഗ്രഹമായ ശുക്രനെയാണു (Venus) ക്രിസ്തുവിനോടു ഉപമിച്ചു ഉദയനക്ഷത്രമെന്നു പ്രസംഗിച്ചിരുന്നത്. അതിൻ്റെ പ്രകാശം തീവ്രമാണെങ്കിലും ശുക്രനു സ്വയം പ്രകാശിക്കുവാനുള്ള കഴിവില്ലല്ലോ. അതിനാൽ തന്നെ ശുക്രനെ ക്രിസ്തുവിനോടു ഉപമിച്ചു പ്രസംഗിച്ചിരുന്നത് പൂർണ്ണ വ്യാഖ്യാനം ആയിരുന്നില്ല. എന്നാൽ അരെൻഡെല്ലെ ഒരു നക്ഷത്രമാണെന്നും അതിനെ അതിശോഭയേറിയ ഉദയനക്ഷത്രമെന്നു ശാസ്ത്രലോകം വിളിക്കുമ്പോൾ പ്രവചനത്തിന് പൂർണ്ണതയേകയാണ്. നമ്മുടെ അണ്ഡകടാഹത്തിലെ ഏറ്റവും പുരാതനമായ നക്ഷത്രമാണ് അരെൻഡെല്ലെ എന്നു ശാസ്ത്രം പറയുമ്പോൾ ക്രിസ്തുവിനെ വയോധികൻ (Ancient of Ages) എന്ന് വിളിച്ചിരിക്കുന്നത് ചേർത്തു പഠിക്കുന്നത് ഉചിതമായിരിക്കും (ദാനിയേൽ 7: 9). മാത്രമല്ല അരെൻഡെല്ലെയടെ പ്രകാശതീവ്രത സൂര്യപ്രഭയുടെ അനേകമടങ്ങ് ശക്തിയേറിയതാണെന്ന വിവരണം, “ഞാൻ വഴിയിൽവെച്ച് സൂര്യൻ്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം പ്രകാശിക്കുന്നത് കണ്ടു” എന്ന പൗലോസിൻ്റെ വിവരണം (അ.പ്ര. 26: 18) താരതമ്യം ചെയ്തു പഠിച്ചാലും.

അരെൻഡെല്ലെയുടെ കണ്ടുപിടുത്തം വിരൽചൂണ്ടുന്ന ഒരു നിത്യസത്യമുണ്ട്. “ക്രിസ്തുവിൻ്റെ ജനനസമയത്തും അവൻ്റെ നക്ഷത്രം കിഴക്കുദിച്ചതു വിദ്വാന്മാർ (ശാസ്ത്രലോകം) കണ്ടു (മത്തായി: 2: 3). അതുപോലെ അവിടുത്തെ രണ്ടാംവരവിനു മുന്നോടിയായി ഉദയനക്ഷത്രം ശാസ്ത്രലോകത്തിനു ദൃശ്യമായി. ക്രിസ്തുവിൻ്റെ മടങ്ങിവരവു വേഗത്തിൽ സംഭവിക്കും. അതാണല്ലോ നമ്മുടെ ഏകമാത്രപ്രത്യാശയും! അതിനായി നമുക്ക് ഒരുങ്ങാം. ആമേൻ കർത്താവേ വേഗം വരേണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.