ലേഖനം: നാം അന്വേഷിക്കുന്നതെന്താണ്? | പാസ്റ്റർ സാബു സാമുവേൽ, പാലക്കാട്

നാം കടകൾക്ക് ബോർഡുകളില്ലെങ്കിൽ എന്തായിരിക്കും അവസ്ഥയെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ? അല്ലെങ്കിൽ ഹൈപ്പർ മാർക്കറ്റുകളുടെ വിശാലമായ ഇടനാഴികകളിൽ സാധനങ്ങളുടെ സൂചനാ ബോർഡുകളില്ലെങ്കിൽ? ഹോ! കുഴഞ്ഞു പോയേനെ! സാനിട്ടറി സാധനങ്ങൾ ഗ്രോസറിയിലും കുട്ടികളുടെ സാധനങ്ങൾ ലേഡീസ് സ്റ്റോറിലും മരുന്നുകൾ ബേക്കറികളിലും അന്വേഷിച്ച് നാം വിലപ്പെട്ട സമയം കളയുമായിരുന്നു. ലഭ്യമല്ലാത്തയിടത്ത് അവശ്യവസ്തുക്കൾ അന്വേഷിക്കുന്ന വിഡ്ഢികളാകാൻ നാം തയ്യാറല്ല.

യോഹന്നാൻ സ്നാപകൻ ശരിക്കും ഒരു സൂചനാ ബോർഡായിരുന്നു. ജനത്തെ ക്രിസ്തുവിലേക്ക് കൃത്യമായി വഴി കാട്ടുന്ന സൂചിക. ഒരു വ്യാജ വാഗ്ദാനങ്ങളുമുണ്ടായിരുന്നില്ല. “ഇതാ, ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹന്നാൻ 1:29) എന്ന ഒറ്റ പ്രസ്താവന മതി ക്രിസ്തുവിന്റെ ഐഹിക ജീവിതദൗത്യത്തെക്കുറിച്ചുള്ള സൂചന വ്യക്തമാകാൻ. ദൈവത്തിന് യാഗമർപ്പിക്കാൻ വേണ്ടി ജനിച്ച കുഞ്ഞാട്. ദൈവത്തിന്റെ കുഞ്ഞാട്.

ഈ വാക്ക് കേട്ട് യോഹന്നാന്റെ രണ്ട് ശിഷ്യന്മാർ യേശുവിനെ അനുധാവനം ചെയ്തപ്പോൾ യേശു തിരിഞ്ഞ് അവരോട് ചോദിക്കുന്നത് ഏറെ പ്രസക്തമാണ്. “നിങ്ങൾ എന്ത് അന്വേഷിക്കുന്നു”. (യോഹന്നാൻ 1:38) നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നതെന്നല്ല, നിങ്ങൾ “എന്താണ്” അന്വേഷിക്കുന്നതെന്നാണ് ചോദ്യം. ബോർഡ് മാറിപ്പോയിട്ടൊന്നുമില്ലല്ലോ എന്നർത്ഥം.

ദൈവത്തിന്റെ കുഞ്ഞാടിനെ പിന്തുടരുന്നവർ എത്തുക ഹെരോദാവിന്റെ കൊട്ടാരത്തിലല്ല, കുരിശിന്റെ ചുവട്ടിലായിരിക്കും. പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കാൻ പോകുന്നവനെ പിന്തുടരുന്നവർ എത്തുക ആത്മപ്പകർച്ചയക്കായി ഒരുക്കിയ സ്ഥലത്തായിരിക്കും. പണസഞ്ചിയിലെ ചില്ലറകൾ പ്രതീക്ഷിച്ച് യേശുവിന്റെ പുറകെ ഇറങ്ങിത്തിരിച്ചാൽ ഒരു മുഴം കയറിൽ ചെന്നവസാനിക്കും. അത് കൊണ്ടാണ് യേശു തന്നെ അനുധാവനം ചെയ്യാനായി ആദ്യം തയ്യാറായ രണ്ട് പേരോട് തികഞ്ഞ ആത്മാർത്ഥതയോടെ ചോദിക്കുന്നത് – “നിങ്ങൾ എന്ത് അന്വേഷിക്കുന്നു”?

അവരുടെ മറുപടിയും മനോഹരമായിരുന്നു. “ഗുരോ, നീ എവിടെ പാർക്കുന്നു”. ലളിതമായ ഭാഷയിൽ ഇങ്ങനെയാണത്. “അങ്ങ് വസിക്കുന്ന സ്ഥലം ഞങ്ങൾക്കൊന്ന് കാണിച്ചുതരാമോ? അവിടെ പാർക്കാൻ ഞങ്ങൾക്കും ഇഷ്ടമാണ്”. ഗുരു എവിടെയാണോ അവിടെത്തന്നെ തങ്ങൾക്കും താമസിച്ചാൽ മതി. ഗുരുവിനോടൊപ്പമുള്ള വാസമാണ് ശിഷ്യത്വം എന്ന ലളിതമായ തത്വം നമുക്കിവിടെ വ്യക്തമാണ്.

അവർ അന്വേഷിച്ചത് ഗുരുവിനോടൊപ്പമുള്ള വാസമാണ്. നാം അന്വേഷിക്കേണ്ടതും അത് തന്നെയാണ്. പിന്നീട് ആ വാസത്തിന്റെ തീക്ഷ്ണത വർദ്ധിച്ചു. സ്വന്തം വരുമാന മാർഗ്ഗം പോലും കളഞ്ഞ് പന്തിരുവർ യേശുവിന്റെ പിന്നാലെ യാത്രയായി. കുറേനാൾ കഴിഞ്ഞപ്പോൾ കർത്താവ് അവരോടായി ഇങ്ങനെ പറഞ്ഞു. “നിങ്ങൾ എന്റെ താമസ സ്ഥലം അന്വേഷിച്ചിറങ്ങിയതല്ലേ. എന്റെ യഥാർത്ഥ താമസ സ്ഥലം നിങ്ങളുടെ ഹൃദയമാണ്”. വേദപുസ്ത ഭാഷയിൽ പറഞ്ഞാൽ “എന്നിൽ വസിപ്പിൻ. ഞാൻ നിങ്ങളിലും വസിക്കും “. (യോഹന്നാൻ 15:4) ഇടയ്ക്കൊന്ന് പതറിയെങ്കിലും ജീവിതാവസാനം വരെ ദിവ്യമായ ആ ആവാസവ്യവസ്ഥയിൽ അവർ നിലനിന്നു. ലേഖനങ്ങളിലൂടെ നമ്മോട് അത് തന്നെ ആഹ്വാനം ചെയ്തു.

സഹോദരങ്ങളെ, നാം കർത്താവിന് പിന്നാലെ യാത്ര ചെയ്യുന്നുവെന്ന് അവകാശപ്പെടുമ്പോൾ തന്നെ വാസ്തവത്തിൽ എന്ത് അന്വേഷിച്ചിറങ്ങിയവരാണ്? ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ച് കൊണ്ട് അനേക വ്യാജബോർഡുകൾ അങ്ങാടിയിൽ സുലഭമാണ്. പണം, സ്ഥാനമാനങ്ങൾ, പ്രത്യേക ശുശൂഷ, സൗകര്യങ്ങൾ എന്നിങ്ങനെയുള്ള ധാരാളം സൂചികകൾ! വചനപ്രഘോഷകരേ, ദർശകരേ, പ്രബോധകരെ …… ലോകമോഹവും ജീവിതസുഖവും ലക്ഷ്യമാക്കിയവരെ ക്രിസ്തുവിന് പിന്നിൽ അണിനിരത്തരുതേ! അവർക്കും നമുക്കും ഒരുപോലെ അത് ഹാനികരമാണ്. പകരം കൃത്യമായ ബോർഡ് തൂക്കുക. ആരും അബദ്ധത്തിൽ കയറിവരാതിരിക്കട്ടെ. വരുന്നവർ സത്യം അറിഞ്ഞ് അനുഗമിക്കട്ടെ.

പാസ്റ്റർ സാബു സാമുവേൽ, പാലക്കാട്

-ADVERTISEMENT-

-ADVERTISEMENT-

You might also like