ചെറു ചിന്ത: വിശ്വസിക്ക മാത്രം ചെയ്ക! | ദീന ജെയിംസ് ആഗ്ര

മകളുടെ രോഗമുക്തിയ്ക്കായി യേശുവിന്റെ കാൽക്കൽ വിശ്വാസത്തോടെ വീണപേക്ഷിച്ച യായിറോസ് വളരെ പ്രതീക്ഷയോടെയായിരുന്നു യേശുവിനെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയത്. യേശുവിന്റെ വരവ് തന്റെ മകളുടെ ജീവിതത്തെ മാറ്റുമെന്നുള്ള അതിയായസന്തോഷം ഹൃദയത്തിൽ അലയടിച്ചിരുന്നിരിക്കാം. യേശുവുമായി പോകുന്നയാത്രയിൽ രക്തസ്രവക്കാരിയായ സ്ത്രീയ്ക്കുണ്ടായ അത്ഭുതരോഗസൗഖ്യത്തിനു സാക്ഷ്യം വഹിച്ച യായിറോസിന്റെ വിശ്വാസം കൂടുതൽ ഇരട്ടിച്ചു. ഉറപ്പായും തന്റെ മകളും സൗഖ്യമാകും എന്ന ഉറപ്പ്….

അധിക സമയം വേണ്ടിവന്നില്ല യായിറോസിനെതേടി ആ വാർത്തഎത്തുവാൻ, അവനൊരിക്കലും കേൾക്കുവാൻ ആഗ്രഹിക്കാതിരുന്ന, കേൾക്കുകയില്ലെന്നു കരുതിയ വാർത്ത…. “നിന്റെ മകൾ മരിച്ചു പോയി “.
വളരെ പ്രതീക്ഷയോടും വിശ്വാസത്തോടും യേശുവിനോടൊപ്പം യാത്ര ചെയ്ത അവൻ ഭയപ്പെട്ടു. സകലപ്രതീക്ഷയും അസ്തമിച്ചെന്ന് അവനു തോന്നി. ഹൃദയഭാരം പേറിനിന്ന യായിറോസിനോടുള്ള യേശുവിന്റെ വാക്കുകൾ :”ഭയപ്പെടേണ്ട, വിശ്വസിക്ക മാത്രം ചെയ്ക”!!!! അംഗീകരിക്കുവാൻ അല്പം പ്രയാസമായി ചുറ്റുമുള്ളവർക്ക് തോന്നിയെങ്കിലും യായിറൊസിന് യേശുവിന്റെ വാക്കുകൾ ആശ്വാസം പകരുന്നതായിരുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടായിരിക്കാം ഗുരുവിനെ പ്രയാസപ്പെടുത്തേണ്ട എന്ന സമൂഹത്തിന്റെ വാക്ക്ചെവിക്കൊള്ളാതെ യേശുവിനെ വീട്ടിലേക്കു അവൻ കൊണ്ടുപോയത്. യേശുവിലുള്ള വിശ്വാസം യായിറൊസിന്റെ മകളെ ജീവിതത്തിലേക്ക് മടക്കികൊണ്ട് വന്നു!!!!

ജീവിതയാത്രയിൽ യേശു എനിക്കായി അത്ഭുതങ്ങൾ ചെയ്യുമെന്ന വിശ്വാസത്തോടെ ഓരോദിനവും യേശുവിനോടൊപ്പം യാത്ര ചെയ്യുമ്പോൾ ഒരുപക്ഷെ നാം കരുതുന്നതിനും പ്രതീക്ഷിക്കുന്നതിനും വിപരീതമായി ജീവിതത്തിൽ സംഭവിക്കുമ്പോൾ ആടിയുലഞ്ഞു പോകാറുണ്ട് നാം. ഇനിയൊരു പ്രതീക്ഷയുമില്ലെന്നു കരുതി നിരാശയുടെ ഭാണ്ഡംപേറുമ്പോൾ യേശുവിന്റെ അരുമസ്വരം :ഭയപ്പെടേണ്ട…. വിശ്വസിക്ക മാത്രം ചെയ്ക!!!!

അതേ, യേശുവിലുള്ള നമ്മുടെ വിശ്വാസം മുന്നിലുയരുന്ന പ്രതിക്കൂലങ്ങളെ അതിജീവിക്കുവാൻ പര്യാപ്തമായിരിക്കട്ടെ…
എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും.

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.