കവര്‍ സ്റ്റോറി: ഗ്രഹാം സ്റ്റെയിൻസ് – ഭാരതത്തെ സ്നേഹിച്ച മിഷണറി

എഡിസൺ ബി. ഇടയ്ക്കാട്

1999 ജനുവരി 23, ആ രാത്രിയിലെ ദീർഘമായ യാത്രയ്ക്കിടയിൽ ക്ഷീണം തോന്നിയ ഗ്രഹാം സ്റ്റെയിൻസും മക്കളും വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കി. ക്ഷീണം തീർത്തശേഷം യാത്ര തുടരാം എന്നതായിരുന്നു ഉദ്ദേശം. രാത്രിയുടെ മറവിലും മരണം ഉറപ്പാക്കാൻ കാത്തുനിന്ന ഒരു സംഘത്തിന്റെ കണ്ണിൽ വഴിയോരത്തെ ആ വാഹനം പെട്ടു. വാഹനത്തെയും അതിൽ യാത്ര ചെയ്യുന്നവരെയും തിരിച്ചറിഞ്ഞ ആ സംഘത്തിന്റെ വർഗീയ ആവേശം അണപൊട്ടി. കയ്യിലുണ്ടായിരുന്ന പെട്രോൾ വാഹനത്തിലേക്ക് ഒഴിച്ചു. തീപ്പെട്ടി കൊള്ളി ഉരസി വാഹനത്തിന്റെ മുകളിലേക്ക് എറിഞ്ഞു. പെട്രോൾ ഗന്ധത്തിൽ ആളിപ്പടർന്ന തീ വാഹനത്തോടൊപ്പം ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടുമക്കളെയും കരിച്ചു കളഞ്ഞു.

വർഗീയവാദികൾ കത്തിച്ച തീനാളങ്ങൾക്കിടയിൽ എരിഞ്ഞടങ്ങാൻ ആ കുടുംബം എന്ത് ദ്രോഹം ചെയ്തു. മാതൃരാജ്യമായ ഓസ്ട്രേലിയയിലെ സുഖസമൃദ്ധമായ ജീവിതം ഉപേക്ഷിച്ച് കുഷ്ഠരോഗികളെ ചികിത്സിക്കുന്നതിനും സേവന പ്രവർത്തനങ്ങൾക്കുമായി ഇന്ത്യയിലേക്ക് വന്നതോ ? ഒറീസയുടെ മണ്ണിൽ കുഷ്ഠ രോഗം ബാധിച്ചവരുടെ മുറിവിൽ മരുന്നു വച്ചുകെട്ടിയും സ്നേഹം വിളമ്പിയും ഭാരതത്തെ സ്നേഹിച്ചതോ ?

ഒറീസയിലെ ബാരിപ്പാഡ ജില്ലയിലെ സന്താൾ വിഭാഗത്തിൽപ്പെട്ടവർ ഏറെയുള്ള മനോഹർപൂർ എന്ന ഗ്രാമത്തിലെ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു ഗ്രഹാം സ്റ്റെയിൻസും കുടുംബവും. 1983 മുതൽ സ്റ്റെയിൻസ് ബാരിപഡിലെ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രേക്ഷിത ദൗത്യം ലക്ഷ്യമാക്കി ഇന്ത്യയിൽ എത്തിയ അദ്ദേഹം കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിൽ പ്രത്യേകം ശ്രദ്ധചെലുത്തി. ഒറിയ ഭാഷ നന്നായി വശമാക്കിയ ഗ്രഹാം, ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും ശ്രദ്ധിച്ചിരുന്നു. ഗ്രഹാമിന്റെ പ്രവർത്തനങ്ങളോട് വിരോധം തോന്നിയ ഹിന്ദു തീവ്രവാദികൾ അവരെ വകവരുത്താൻ പദ്ധതിയിട്ടു.

ധാരാസിംഗ്, രബീന്ദ്രസിംഗ് എന്നിവർ നേതൃത്വം നൽകിയ വർഗീയ സംഘങ്ങൾ അർദ്ധരാത്രിയിൽ വഴിയോരത്ത് മിഷണറി കുടുംബത്തിന്റെ വാഹനം കണ്ടതോടെ തോക്കും വടികളും ഏന്തി പാഞ്ഞടുത്തു. കല്ലുകൾ കൊണ്ട് വാഹനത്തിന്റെ ഗ്ലാസുകൾ എറിഞ്ഞുടച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഭയന്ന് വാഹനത്തിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും വടികളും കുന്തങ്ങളും ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. കയ്യിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിലേക്ക് ഒഴിച്ച് തീയിട്ടു. ആളിപ്പടർന്ന തീയിൽ ഭാരതത്തെ സ്നേഹിച്ച ഓസ്ട്രേലിയൻ മിഷനറി കത്തി ചാരമായി.

സ്റ്റെയിൻസിന്റേത് 5 അംഗ കുടുംബമാണ്.
ഗ്ലാഡിസ് ആണ് സഹധർമ്മിണി. എസ്ഥെർ മൂത്ത മകളാണ്. “ആ ഘാതകരോട് ക്ഷമിച്ചിരിക്കുന്നു. എനിക്ക് ആരോടും പരിഭവം ഇല്ല” എന്ന ഗ്ലാഡിസിന്റെ വാക്കുകൾ പൊതുസമൂഹത്തിനുള്ള സ്റ്റെയിൻസ് കുടുംബത്തിന്റെ മാതൃകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.