പുസ്തക നിരൂപണം: റെവ. തോമസ് ബേബിയുടെ ”അതിജീവനത്തിൻ്റെ പുറപ്പാടുകൾ” | റെവ. മോൻസി വർഗീസ് എഴുതുന്നു

തിജീവനം എന്നത് മനുഷ്യ ചരിത്രത്തോളം പഴക്കമുള്ളതും, ചരിത്രത്തിൻ്റെ നാൾവഴികളിൽ വല്ലാതെ വേരാഴ്ത്തിയതുമായ ഒരു പ്രമേയമോ വ്യവഹാരമോ ആണ്. ചിതറപ്പെട്ടുപോയ മനുഷ്യർ അവരുടെ ജീവ വഴികളിൽ നിലനിൽക്കാൻ ശ്രമിക്കുന്നതിൻ്റെ അടയാളവുമാണ് അതിജീവനം. റവ.തോമസ് ബേബി എഴുതിയ “അതിജീവനത്തിൻ്റെ പുറപ്പാടുകൾ” എന്ന ഗ്രന്ഥം ഈടുറ്റതാകുന്നതും സമകാലിക വായന ആവശ്യപ്പെടുന്നതായി മാറുന്നതും ഈ ഒരു പരിപ്രേക്ഷ്യത്തിൽ നിന്നു കൊണ്ട് വായനക്കാരൻ അതിനെ സമീപിക്കുമ്പോഴാണ്. ഈ പുസ്തകം ഒരു കോവിഡ് കാലത്തിൻ്റെ ജ്ഞാനപരിസരത്ത് നിന്നു രൂപപ്പെട്ട ദൈവശാസ്ത്ര മനസ്സിൻ്റെ വിചാരങ്ങളാണ്. ലോകചരിത്രത്തിലും, വേദപുസ്തക ചരിത്ര വഴികളിലും വളരെ ഗൗരവമായി നാം കണ്ടെത്തുന്ന അതിജീവനത്തിൻ്റെ പുറപ്പാടുകളെ ദൈവശാസ്ത്ര രൂപകങ്ങളായും, വിവരണങ്ങളായും നിലനിർത്തിക്കൊണ്ട് സംഗതമായ സാമൂഹിക വിശകലനമാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ നിർമ്മിക്കുന്നത്. പീഡിതരോടും, കുലഹീനരോടും, ബലഹീനരോടും, ഓരത്തണഞ്ഞവരോടും, ചേർന്നു നിൽക്കുന്ന ദൈവരാജ്യ വ്യവസ്ഥയാണ് പുസ്തകത്തിൻ്റെ മറ്റൊരു പ്രമേയം. അതിജീവനത്തിനുവേണ്ടി നിലവിളിക്കുന്നവരുടെ പക്ഷത്ത് നിലയുറപ്പിച്ച ക്രിസ്തു സ്നേഹത്തിൻ്റെ സമാനതകളില്ലാത്ത ചരിത്ര വഴികൾ പുതിയനിയമ പുസ്തകങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ട്, നിലവിലുള്ള സാമുഹ്യ ഘടനകളെ, പരമ്പരാഗതമായ ദൈവശാസ്ത്ര ധാരണകളെ, വേരുറച്ചുപോയ മിഷൻ രീതി ശാസ്ത്രങ്ങളെയൊക്കെ വിശകലനം ചെയ്യാൻ ഈ ഗ്രന്ഥം ഗൗരവമായി ശ്രദ്ധിച്ചിട്ടുണ്ട്. വിശാലമായ മതേതര, ജനാധിപത്യ ഇടങ്ങളെ വിഭാവന ചെയ്യാനും സഹജീവി ജീവനം, ബഹുസ്വരത എന്നിങ്ങനെയുള്ള സ്നേഹക്കൂട്ടായ്മകളുടെ ദാർശനിക പെരുമയെ ആഘോഷിക്കുവാനും ഈ ഗ്രന്ഥം മറക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പുസ്തകം തുറന്നിടുന്ന സംവാദത്തിൻ്റെ പരിസരങ്ങൾ വലുതാണ്. ഇനിയുള്ള വായനകളും, വ്യാഖ്യാനങ്ങളും ബഹുസ്വരമാകട്ടെ. ആശംസകൾ!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.