ലേഖനം: ദൈവം ഏറ്റെടുക്കുന്ന ഉത്തരവാദിത്വം | രാജൻ പെണ്ണുക്കര

 

1 രാജാ 17 ൽ വായിക്കുന്ന പ്രകാരം ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ, വലിയ കുടുംബ പാരമ്പര്യമോ, മഹിമയോ അനുഭവസാക്ഷ്യമോ, വലിയ Rev, Dr യോഗ്യതയോ ഒന്നും എടുത്തു പറയാൻ ഇല്ലാതെ ഒരു സുപ്രഭാതത്തിൽ പ്രത്യക്ഷപെടുന്ന, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ വെറും പച്ചയായ നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; ഏലീയാവു (യാക്കോ 5:17).

പക്ഷേ ഒരു പ്രശ്നം അദ്ദേഹം സത്യം പറയേണ്ടിയ രീതിയിൽ പറയേണ്ടിയ സമയത്ത്, സന്ദർഭം അനുസ്സരിച്ച് വിളിച്ചു ആരുടേയും മുഖത്തു നോക്കി പറയും. അതു രാജാവായാലും, രാജധാനിയായാലും അദ്ദേഹത്തിനു വിഷയം അല്ല.

ഒരു ദിവസം ആഹാബിനോടു: ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു യഹോവയായ ദൈവം അരുളിചെയ്ത തുറന്ന സത്യം വിളിച്ചു പറയുന്നു. “ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ലൂക്കോ 4:25. എത്ര വലിയ അധികാരത്തിന്റ ശുശ്രുഷ. ആവർത്തനം 11:13-17-ൽ നമ്മുടെ ജീവിതത്തിൽ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകുവാൻ ചില നിബന്ധനകൾ ദൈവം വയ്ക്കുന്നുണ്ട്, അതിൽ ഒരെണ്ണമാണ് “നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും”… രണ്ടാമത്തേത് “നിങ്ങൾ നേർവഴി വിട്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” ആവർ 11:16. ഇതും ആകാശം അടയാൻ ഒരു മുഖ്യ കാരണങ്ങളായി മാറി എന്നു കൂടി നാം മനസ്സിലാക്കണം.

പലപ്പോഴും നമ്മുടെ ദേശത്തും സഭകളിലും ദൈവീക പ്രവർത്തിയും ആത്മാവിന്റ മാരിയും നിലച്ചു പോകുന്നതിന്റെ കാരണവും ഇതൊക്കെ ആകാം എന്നു ആരും മനസ്സിലാക്കുന്നില്ല. ആവർ 11:13-17-ൽ വിവരിച്ച എല്ലാകാരണങ്ങളും ചിലപ്പോൾ നമുക്ക് ബാധകമായിരിക്കില്ല അഥവാ അങ്ങനെയുള്ള കുറവുകൾ ചിലപ്പോൾ കാണില്ലായിരിക്കാം, എന്നാൽ അവിടെ എടുത്തുപറയുന്ന, രണ്ടു കാര്യങ്ങൾ മാത്രം മതി എല്ലാ പരാജയത്തിനും കാരണമാകാൻ.

ഇനിയും കാര്യത്തിലേക്ക് കടക്കാം, മുഖം നോക്കാതെ സത്യം പറയുന്നവന്റെ ജീവന് തീർച്ചയായും ഭീഷണി ഉണ്ട് , അതു പണ്ടു മുതൽ ഇന്നും എല്ലാ മണ്ഡലങ്ങളിലും മാറ്റമില്ലാതെ തുടരുന്നു. പ്രതേകിച്ചു ആത്മീയ ലോകത്തും ഉണ്ടല്ലോ എന്നോർത്തു ദുഖിക്കുന്നു.

ദൈവം പറഞ്ഞതനുസ്സരിച്ചു സത്യം വിളിച്ചു പറയുകയും, സത്യത്തിൽ ഉറച്ചുനില്ക്കുകയും ചെയ്യുന്നവന്റെ ജീവിതത്തിൽ വരുന്ന ഭീഷണിയുടെ ഉത്തരവാദിത്വം ദൈവത്തിന്റെതാണെന്നകാര്യം ഓർത്തുകൊള്ളുക. കാരണം ആഹാബും കൂട്ടരും ഒറ്റകെട്ടാകും എന്നുമുൻകൂട്ടി മനസ്സിലാക്കിയ സർവ്വജ്ഞാനിയും, പൂർവ്വജ്ഞാനിയും ആയ യഹോവ, അതനുസരിച്ചു ചില വഴികൾ തുറന്നും ചിലതിൽ താൽക്കാലിക പദ്ധതി തയ്യാറാക്കി തൽക്ഷണം ഏലീയാവിനെ അവിടെ നിന്നും മാറ്റി ഒറ്റക്ക് ഒരു സുരക്ഷിതമായ സ്ഥലത്ത് ഒളിപ്പിച്ചു എന്ന സത്യം മറക്കരുത്.

ഏലീയാവിനെകൊണ്ട് ദൈവമാണ് സത്യമായ കാര്യങ്ങൾ പറയിച്ചതെങ്കിൽ, നീ സത്യം പറഞ്ഞുതീരും മുൻപേ നീ പോകേണ്ടിയ ദിക്കും, വഴിയും, ഉചിതമായ സ്ഥലവും മുൻകരുതല്‍ നടപടികളും (Provisions) നിനക്കുവേണ്ടി ഒരു കെരീത്ത് തോടും, നിന്നേ പോറ്റുവാൻ ഒരു കാക്കയേയും ദൈവം കല്പിച്ചാക്കി മുന്നമേ വെച്ചിട്ടുണ്ട് എന്ന വസ്തുത ഓർക്കണം. ദൈവവചനം പറയുന്നു ഒരു കാക്കയോട് കല്പിച്ചിരിക്കുന്നു. പല കാക്കകളെയല്ല മറിച്ച് ഒരുകാക്ക മാത്രം പങ്കെടുക്കുന്ന കൃത്യം അഥവാ ദൗത്യം ആണ് ഇവിടെ നടക്കുന്നത്. ഒരുകാര്യം നാം ഓർക്കുക സത്യം പറഞ്ഞത് ഒരാൾ ആണെങ്കിൽ നിന്നെ സഹായിക്കാനും ദൈവം ഒരു പക്ഷിയെ/ഒരുവിധവയെ തന്നേ കരുതും എന്ന ഏകവചന പ്രയോഗം വളരെ ചിന്തനീയം തന്നേ. എത്ര അനുസരണ ഉള്ള പക്ഷി. മനുഷ്യൻ ആയിരുന്നു എങ്കിൽ എത്ര നാൾ ഇങ്ങനെ ചെയ്യുമായിരുന്നു.

അതിനിടയിൽ ക്ഷാമമോ, മഹാമാരിയൊ, കൊറോണയോ, പ്രകൃതിദുരന്തമോ, പ്രശ്നങ്ങളോ, പ്രതിക്കൂലങ്ങളോ, ഒറ്റപ്പെടലോ, ഏകാന്തതയൊ വന്നുകൊള്ളട്ടെ, നിന്നേ തകർക്കുവാനുള്ള പദ്ധതിയും ഗൂഢാലോചനയോ ചർച്ചകളോ നടക്കട്ടെ, ആരെല്ലാം നിനക്കെതിരായി എഴുനേൽക്കട്ടെ, നീ മനസ്സിൽ പോലും ഒരിക്കലും നിനക്കാത്ത വഴികൾ, പദ്ധതികൾ ദൈവം ചില നാളുകൾക്കുവേണ്ടി മുന്നമേ ഒരുക്കി തയ്യാറാക്കിയതിനു ശേഷമേ നിന്നെ കൊണ്ടുള്ള ദൗത്യം ചെയ്യിപ്പിക്കു എന്നു പൂർണമായും വിശ്വസിക്കണം.

അതേ കുറേനാളത്തേക്ക് കെരീത്ത് തോടും, അതിനു ശേഷം അവിടെ നിന്നും ദൈവിക കരത്താൽ പിടിച്ചു എഴുനേൽപ്പിച്ച് അടർത്തി മാറ്റി ഒരു സുരക്ഷിതമായ സാരഫത്തിൽ കൊണ്ടുപ്പോയി നിന്നെ പാർപ്പിച്ച് രക്ഷിച്ചെടുത്ത്, ബാക്കി തികക്കാനുള്ള വേലക്കുവേണ്ടി നിന്നെ പരിശീലിപ്പിച്ചെടുക്കുന്ന ദൈവീക പദ്ധതിക്കായി ദൈവത്തിന് സ്തോത്രം.

പ്രവാചകനായ ഏലിയാവേ, നിന്നേകൊണ്ട് ഇപ്പോൾ അത്യാവശ്യമുള്ള ഒരു വിധവ സാരഫത്തിൽ ജീവിച്ചിരിക്കുന്നു. അവൾക്ക് താങ്ങുവാൻ കഴിയുന്നതിനും അപ്പുറമായ വലിയ കഷ്ടത്തിൽ കൂടി കടന്നു പോകുന്നു, ആഹാബും കുടുംബവും സന്തോഷിക്കുമ്പോൾ, മരിക്കാൻ ഒരുക്കം കൂട്ടുന്ന ഒരു വിധവക്ക്‌ നിന്റെ സാന്നിധ്യവും, സാമിപ്യവും, സഹായവും ആവശ്യം എന്നു ദൈവം മുന്നമേ കണ്ടിട്ടാണ് പദ്ധതി തുടങ്ങിയതെന്ന മർമ്മം പറയുവാൻ ആഗ്രഹിക്കുന്നു. അല്ലയോ ഏലിയാവ് ഒരിക്കൽ നീ മരിച്ചാൽ മതി എന്നു ചിന്തിച്ചുയെങ്കിൽ, മരണത്തിന്റെ പ്രതീക്ഷയോട് കഴിയുന്ന വിധവയെയും മകനെയും മരണത്തിനു വിട്ടുകൊടുക്കാതെ നിന്റെ കൈയ്യിൽ ഏൽപ്പിച്ചു തരുന്ന ദൈവിക പദ്ധതി എത്ര അഗോചരം തന്നേ. ഒരുകാര്യം നാം എപ്പോഴും ഓർക്കുക, ദൈവത്തിന് ചില വൻ പദ്ധതികൾ ചെയ്യിപ്പിക്കാൻ നാം ഉദ്ദേശിക്കാത്ത ചെറിയ പദ്ധതിയിൽ കൂടി കടത്തി വിട്ട് പരിശീലിപ്പിച്ചെടുക്കുന്ന ദൈവിക പ്ലാൻ നമ്മുടെ ബുദ്ധിക്ക് അപ്രമേയമാണ്.

ഇന്നത്തെ ആൾക്കാർ പറയും വലിയ സത്യവാൻ, നീതിയും ന്യായവും പറയാൻ വന്നിട്ട് ഒളിച്ചു നടക്കുവാ, ആർക്കും മുഖം തരാൻ ധൈര്യം ഇല്ലാ അതാണ് ഒളിച്ചിരിക്കുന്നത്, അതാ നാട് വിട്ടു ഓടിപ്പോയത്, പേടി തൊണ്ടൻ എന്നൊക്കെ പെരുവിളിച്ച് കളിയാക്കില്ലേ. പറഞ്ഞുകൊള്ളട്ടെ ഭാരപ്പെടേണ്ട, ദൈവം നിന്നോട് കൂടെയുണ്ട്. ദൈവമാണ് ഇതൊക്കെ ചെയ്യ്പ്പിക്കുന്നതെന്നു മനസ്സിലാക്കാൻ അവർ വൈകിപോകുന്നു. അവർ എല്ലാം നന്നായി മനസ്സിലാക്കി വരുമ്പോഴേക്കും നിന്നേ കർമേലിന്റെ മുകളിൽ നിർത്തിയിരിക്കും, അതാണ് ദൈവത്തിന്റെ വിശ്വസ്ഥത.

സത്യം പറഞ്ഞാൽ അതിന്റെ പൂർത്തികരണത്തിന് ദൈവം അവധി വച്ചിരിക്കുന്നു, അതു അതിന്റ സമാപ്തിയിലേക്ക് ഓടി അടുത്തു കൊണ്ടിരിക്കുന്നു. അത്രയും കാലം ഏലീയാവിനെ തൊടുവാൻ പോകട്ടെ ഒന്നുകാണാൻ ഒരു ആഹാബിനും അവന്റെ ചേലകൾക്കും അനുയായികൾക്കും കഴിയില്ല, ദൈവം അനുവദിക്കില്ല. ഇവിടെ ഒരു കാര്യം നാം മറന്നുപോകരുത്, ആഹാബും അവന്റെ കൂട്ടരും രാജധാനിയിൽ അട്ടഹിച്ചു സന്തോഷിക്കുമ്പോൾ, ഏകാന്തതയിൽ/ഒറ്റപെട്ട അനുഭവത്തിൽ, തന്റെ വേദനകൾ, ഉള്ളിലെ നൊമ്പരങ്ങൾ ഒന്ന് പങ്കുവെക്കുവാൻ ആരും ഇല്ലാതെ കഴിയുന്ന അവസ്ഥയിൽ മരിച്ചാൽ മതി എന്നുപറഞ്ഞു കഴിയുന്ന വ്യക്തിയുടെ ചിത്രം നിങ്ങൾക്ക് ഊഹിക്കാൻ ആകുമോ..

ദൈവം പറഞ്ഞിട്ട് സത്യം പറഞ്ഞവനെ ഇങ്ങനെ ഒറ്റയ്ക്ക് വിട്ടിട്ടു പോകുവാൻ നമ്മുടെ ദൈവത്തിനു കഴിയുമോ.?. ഒരിക്കലും ഇല്ലേ ഇല്ല… ഞാൻ വിശ്വസിക്കുന്നു, യഹോവയുടെ സാന്നിധ്യം അല്ലെങ്കിൽ ദൂതൻ അവിടെ 24×7 കാവൽ ഉണ്ടായിരുന്നു. മനുഷ്യർ പലതും നമ്മെകൊണ്ട് ചെയ്യ്പ്പിച്ചിട്ട് പ്രശ്നം സങ്കീർണ്ണം ആകുമ്പോൾ പകുതി വഴിയും തള്ളിയിട്ടിട്ടു പോകും. എന്നാൽ നമ്മുടെ ദൈവം നമ്മേ പകുതി വഴിയിൽ ഉപേക്ഷിച്ചിട്ടു പോകുന്ന ദൈവമല്ല,

എന്നാൽ ഏലിയാവേ നിന്നേ കൊല്ലുവാൻ പദ്ധതി ഒരുക്കുന്ന ആഹാബിന്റ രഥത്തിന്റെ മുൻപായി അര മുറുക്കിയും കൊണ്ടു യിസ്രായേലിൽ എത്തുംവരെ ഓടിക്കാൻ ശക്തിയുള്ള ദൈവം ഇന്നും ജീവിക്കുന്നു. യിരേമ്യാ 12:5ൽ ചോദിക്കുന്നു കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻ കാട്ടിൽ നീ എന്തു ചെയ്യും?. അതുകൊണ്ട് സത്യത്തിനു വേണ്ടി നിലകൊള്ളുവാൻ ദൈവം നിങ്ങളെ ശക്തിപെടുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.

(രാജൻ പെണ്ണുക്കര)

-Advertisement-

You might also like
Comments
Loading...