സെപ്റ്റംബര്‍ 30 – ഇന്ന് ലോക ബൈബിൾ പരിഭാഷ ദിനം

ലോകത്തിൽ ഏറ്റവും അധികം ഭാഷകളിലേക്ക് (3495 ഭാഷകൾ) പരിഭാഷപെടുത്തിയ പുസ്തകമാണ് വിശുദ്ധ വേദപുസ്തകം.

ലാറ്റിൻ ഭാഷയിലേക്ക് ആദ്യമായി സമ്പൂര്‍ണ്ണ ബൈബിള്‍ പരിഭാഷപ്പെടുത്തിയ സെന്‍റ് ജെറോമിനെ അനുസ്മരിച്ച് സെപ്തംബര്‍ 30 എല്ലാ വര്‍ഷവും ബൈബിള്‍ പരിഭാഷാദിനമായി ആചരിക്കുന്നു. വിക്ലിഫ് ബൈബിള്‍ ട്രാൻസ്ലെറ്റേഴ്സ് സ്ഥാപകൻ കാമറൂണ്‍ ടൗണ്‍സെന്‍റിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 1966-ല്‍ സെപ്തംബര്‍ 30 പരിഭാഷാദിനമായി ആചരിക്കുവാൻ അമേരിക്കൻ സെനറ്റ് തീരുമാനിച്ചു. ഇന്നും ബൈബിള്‍ പരിഭാഷാദിനം ആഘോഷിക്കുന്ന പാരമ്പര്യം വിക്ലിഫ് ബൈബിള്‍ ട്രാൻസ്ലെറ്റേഴ്സ് തുടരുന്നു. 2017 മെയ് 24നു ഐക്യ രാഷ്ട്ര സഭ ജനറൽ അസംബ്ലി സെപ്തംബര് 30 അന്താരാഷ്ട്ര പരിഭാഷ ദിനം ആയി പ്രമേയം പാസ്സാക്കുകയുണ്ടായി.

1966ല്‍, വിക്ലിഫ് സ്ഥാപകൻ കാമറൂണ്‍ ടൗണ്‍സെന്‍റ് ഒക്കലഹോമ സെനറ്റര്‍ ഫ്രെഡ് ഹാരിസുമായി ഒരു ആശയം പങ്കുവെച്ചു : “സെപ്റ്റംബര്‍ 30 സെന്‍റ് ജെറോമിന്റെ  അനുസ്മരണദിനമാണ്, സമ്പൂര്‍ണ്ണ ബൈബിളിന്‍റെ ആദ്യത്തെ പരിഭാഷകൻ (ലാറ്റിൻ വൾഗേറ്റ് പരിഭാഷ) അദ്ദേഹമാണ്. സെപ്റ്റംബര്‍ 30നെ ബൈബിള്‍ പരിഭാഷ ദിനമായി പ്രഖ്യാപിക്കാൻ പ്രസിഡന്‍റിനോട് ആവശ്യപ്പെടുന്ന പ്രമേയം സെനറ്റിൽ അവതരിപ്പിക്കാമോ?” ഹാരിസിന് ഈ ആശയം ഇഷ്ടപ്പെടുകയും സെനറ്റില്‍ പ്രമേയം നിര്‍ദ്ദേശിക്കാൻ സമ്മതിക്കുകയും ചെയ്തു. താമസിയാതെ അമേരിക്കൻ സെനറ്റിൽ പ്രമേയം പാസാക്കുകയും, അന്ന് മുതൽ സെപ്റ്റംബർ 30 ലോക ബൈബിൾ പരിഭാഷ ദിനം ആയി ആഘോഷിച്ചു പോകുന്നു. 2017 മെയ് 24നു ഐക്യ രാഷ്ട്ര സഭ ജനറൽ അസംബ്ലി സെപ്തംബര് 30 അന്താരാഷ്ട്ര പരിഭാഷ ദിനം (International Translation Day) ആയി പ്രമേയം പാസ്സാക്കി.

1966 സെപ്റ്റംബര്‍ 30ന് ആ ദിവസത്തെ ബൈബിള്‍ വിവര്‍ത്തന ദിനമായി പ്രഖ്യാപിക്കാനുള്ള ചടങ്ങില്‍ കാമറൂണ്‍ ടൗണ്‍സെന്‍റ് ഇങ്ങനെ പറഞ്ഞു : 

“നമ്മൾ ഒരു ചരിത്രം സൃഷ്ടിക്കുന്നു. ദൈവത്തിന്റെ കൃപയാലും, സഹായത്താലും ഈ വലിയ സംരംഭത്തിൽ നമ്മൾ പങ്കാളികളാകുന്നു. ഇത് അനേകരെ ദൈവത്തിലേക്ക് നയിക്കുന്നതിനും, ക്രിസ്തു ശിഷ്യരായി രൂപാന്തരപ്പെടുത്തു ന്നതിനുമുള്ള  ബൈബിൾ പരിഭാഷയെന്ന സംരംഭമാണ്. എന്നാൽ ഏതെങ്കിലും പരിഭാഷ ആരംഭിക്കുന്നതിനു മുമ്പ്, ഹൃദയത്തിൽ എന്തെകിലും രൂപാന്തരം വരുന്നതിനു മുമ്പ്, ശാരീരികവും, ഭാഷാപരവുമായ തടസ്സങ്ങളെ നാം മറികടക്കണം. ഭാഷാതടസ്സം മറികടക്കുന്നത് പ്രയാസമാണ്, എങ്കിലും അത് ചെയ്യണം. 

യോഹന്നാനിലൂടെ പരിശുദ്ധാത്മാവ് പറയുന്നത്, ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ എല്ലാ രാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കയ്യിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. (വെളിപ്പാട്. 7:9) എന്നാണ്. ഈ വാക്യം യാഥാർഥ്യമാക്കുന്നതിനായി ദൈവം നമ്മെ വിളിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.”

ദൈവവചന പരിഭാഷ എന്നത് അസാധ്യമായ ഒരു കാര്യമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ദൈവം അതു നമ്മെ ഏൽപ്പിക്കുമായിരുന്നില്ല. എന്നാല്‍ ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് കഠിനാധ്വാനം, അര്‍പ്പണബോധം, സ്ഥിരോത്സാഹം, പ്രതിബദ്ധത എന്നിവ ആവശ്യമാണ്. ലോകമെമ്പാടും ഇപ്പോഴും ബൈബിള്‍ വിവര്‍ത്തനം എന്തു കൊണ്ട് ആവശ്യമാണെന്ന് പലരും മനസ്സിലാക്കുന്നില്ല.” (അവലംബം : ഗുഡ് സീഡ്)

ലോകത്തിൽ ഏറ്റവും അധികം ഭാഷകളിലേക്ക് (3495 ഭാഷകൾ) പരിഭാഷപെടുത്തിയ പുസ്തകമാണ് വിശുദ്ധ വേദപുസ്തകം. ഇന്ന് ലോകത്ത് നിലവിൽ ഉള്ള 7378 ഭാഷകളിൽ സമ്പൂർണ ബൈബിൾ 717 ഭാഷകളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. പുതിയ നിയമം (New Testament) മാത്രം 1582 ഭാഷകളിൽ ലഭ്യമാണ്. ഭാഗിക പരിഭാഷ (Bible portions) 1196 ഭാഷകളിൽ ലഭ്യമാണ്.  147 രാജ്യങ്ങളിൽ 1.1 ബില്യൺ ആളുകൾ സംസാരിക്കുന്ന 2217 ഭാഷകളിൽ ബൈബിൾ പരിഭാഷ പുരോഗമിക്കുന്നു. നിലവിൽ 220 ദശലക്ഷം ആളുകൾക്ക് (3,883 ഭാഷകൾ) അവരുടെ മാതൃഭാഷയിൽ ഒരു ബൈബിൾ വാക്യം പോലും ലഭ്യമല്ല. (അവലംബം : https://www.wycliffe.net/resources/statistics/)

ബൈബിൾ പരിഭാഷ നടക്കുന്ന ഭാഷകളെയും, ഇനിയും പരിഭാഷ നടക്കാത്ത ഭാഷകളെയും, ദൈവവചനം ഇനിയും എത്തിയിട്ടില്ലാത്ത ഭാഷകൾക്കായും നമ്മൾക്ക് പ്രാർത്ഥിക്കാം. അതോടൊപ്പം തന്നെ നമ്മുടെ മാതൃഭാഷയായ മലയാളത്തിൽ ദൈവ വചനം ലഭ്യമാകാൻ പ്രയത്നിച്ച ക്ലോഡിയസ് ബുക്കാനൻ, റവ. ബെഞ്ചമിൻ ബെയ്‌ലി, ഡോ. ഹെർമൻ ഗുണ്ടര്‍ട്ട്, അവരോടൊപ്പം പരിശ്രമിച്ച മറ്റുള്ളവരെയും ഇത്തരുണത്തിൽ നമുക്ക് നന്ദിപൂർവ്വം സ്മരിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.