ലേഖനം: സത്യത്തിന്റെ തല വെള്ളിത്താലത്തിൽ | രാജൻ പെണ്ണുക്കര

 

post watermark60x60

യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു ജീവിച്ചിരുന്ന വൃദ്ധദമ്പതികളായ സെഖര്യാവ് എന്നു പേരുള്ള പുരോഹിതനും അവന്റെ ഭാര്യ എലീശബെത്ത്, എന്നാൽ എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു.

മാനുഷിക നിലയിൽ പറഞ്ഞാൽ എത്ര നിരാശയിൽ കഴിയുന്നവർ എന്നു നാം ചിന്തിച്ചു പോകും. എന്നാൽ ഇങ്ങനെയുള്ള അവസ്ഥ ഉണ്ടായിട്ടും, ദൈവം “അവർക്കു” കൊടുക്കുന്ന സ്വഭാവസർട്ടിഫിക്കറ്റ് “”ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു” (ലൂക്കോ 1:6).

Download Our Android App | iOS App

ഒരുകാര്യം നാം ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം, സെഖര്യാവ് എന്ന വയോധികൻ ഒരു സാധാരണകാരനല്ല, മറിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്യുന്നവനായിരുന്നു.

ആദ്യം പുരോഹിതൻ ആരെന്നും, ആ വാക്കിന്റെ യഥാർത്ഥ അർത്ഥവും നാം നന്നായി അറിയണം. പലരും പ്രസംഗിക്കുന്ന, വ്യാഖ്യാനിക്കുന്ന അല്ലെങ്കിൽ മനസിലാക്കി വെച്ചിരിക്കുന്നതു പോലെ പുരോഹിതൻ” എന്ന പദം പിരിച്ചെഴുതിയാൽ “പുരം+ഹിതൻ” (സ്വർഗ്ഗത്തിന്റെ ഹിതം ചെയ്യുന്നവൻ) എന്ന വ്യാഖ്യാനം തെറ്റാകുന്നു. മറിച്ച് “പുരോഹിതൻ” എന്ന പദം വ്യാകരണ പ്രകാരം പിരിച്ചെഴുതിയാൽ “പുരോ”+”ഹിതൻ” എന്നാണെന്ന് മലയാളം വ്യാകരണ പണ്ഡിതന്മാർ പറയുന്നു. “പുരൊ” എന്നുവെച്ചാൽ “മുൻ” അഥവാ “മുൻഭാഗം”. അപ്പോൾ മുന്നിൽ നിന്നു കാര്യങ്ങൾ നടത്തുന്നവൻ, അഥവാ ഹിതങ്ങൾ ചെയ്യുന്നവൻ എന്നുമാത്രമെയുള്ളു അർത്ഥം. ചുരുക്കത്തിൽ പറഞ്ഞാൽ ദൈവീക കാര്യങ്ങൾ ഏറ്റവും മുന്നിൽ നിന്നും ചെയ്യുന്നവൻ എന്നയർത്ഥം . അതായത് അദൃശ്യനായ ദൈവത്തേ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കാത്ത സാഹചര്യത്തിൽ, നാം ദൈവസന്നിധിയിൽ വന്നുനിൽകുമ്പോൾ ആദ്യമായി കണ്മുൻപിൽ കാണുന്നവൻ എന്നു കൂടി പേര് വിളിക്കാം. ഇപ്പോൾ കാര്യങ്ങൾ ഏകദേശം പിടികിട്ടി കാണുമെന്നു കരുതുന്നു.

അങ്ങനെയുള്ള പുരോഹിതൻ/ശുശ്രുഷക്കാരൻ സ്വന്തം സഭയിലും, സഭയുടെ മറ്റുതലങ്ങളിലും (Zone), സമൂഹത്തിലും മാത്രമല്ല, പ്രത്യേകിച്ച് “ദൈവസന്നിധിയിലും നീതിയുള്ളവനും സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവനും ആയിരിക്കണം” (ലൂക്കോ 1:6), എന്നല്ലേ മുകളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ സാക്ഷ്യപത്രത്തിൽ പറയുന്ന നിബന്ധനകൾ.

ഇവിടെ പറയുന്ന “സകല” എന്ന വാക്കിന് വലിയ പ്രാധാന്യം ഉണ്ട്. ചിലപ്പോൾ കുറച്ചു കാര്യങ്ങളിൽ നാം ശരിയായിരിക്കും, എന്നാൽ വചനപ്രകാരം പൂർണ്ണത സകല എന്ന വാക്കിൽ മാത്രം അടങ്ങിയിരിക്കുന്നു.

ഇവിടെ അടിവരയിട്ട് പറയേണ്ടിയ വേറെ ഒരു വലിയ സത്യം, പുരോഹിതനൻ മാത്രമല്ല അവന്റെ ഭാര്യയും സഭയിലും, സഭയുടെ മറ്റുതലങ്ങളിലും (Zone), സമൂഹത്തിലും മാത്രമല്ല, പുരോഹിതനെ പ്പോലെ തന്നേ, പ്രത്യേകിച്ച് “”ദൈവസന്നിധിയിൽ നീതിയുള്ളവളും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവളായി നടക്കുന്നവളും ആയിരിക്കണം”” എന്ന വ്യക്തമായ നിബന്ധനകളോടുള്ള സർട്ടിഫിക്കറ്റ് ലഭിച്ചവൾ ആയിരിക്കണം എന്നുകൂടി “ഇരുവരും” എന്ന പദപ്രയോഗം (1:6) സാക്ഷ്യപ്പെടുത്തുന്നു. ഇത് എന്റെ സ്വന്തം വാക്കുകൾ അല്ലാ, മറിച്ച് ദൈവവചനം കർകശമായി പറയുന്ന വാക്കുകൾ ആകുന്നു.

എന്നാൽ നാം സാധാരണ കേൾക്കുകയും കാണുകയും, അനുഭവിക്കയും ചെയ്യുന്ന സാക്ഷ്യം എപ്രകാരമാണെന്ന് നിങ്ങൾ തന്നേ നിങ്ങളുടെ ആത്മീയ ജീവിതാനുഭവം വെച്ച് ചിന്തിക്കുക.

ഇന്നു പലപ്പോഴും ദൈവസഭയിൽ നടക്കുന്ന പല പ്രശ്നങ്ങളുടെ ആണിക്കല്ലും, ചുക്കാൻ പിടിക്കുന്നവരും, മുഖ്യ കാരണക്കാരും ഇങ്ങനെ സാക്ഷ്യം ഇല്ലാത്ത ഇവരെ പോലുള്ള ചിലർ ആയിരിക്കും എന്നു നമ്മുടെ അനുഭവങ്ങൾ തെളിയിക്കുന്നു. കാരണം ചിലരുടെ ദർശനം നഷ്ടപ്പെട്ടുപോയി, എന്തിനുവേണ്ടി ഇറങ്ങി എന്ന ഉദ്ദേശവും, ദൈവവിളിയുടെ ശബ്ദവും നിലച്ചു പോകുന്നു. ഒത്തിരി വലിയ പാരമ്പര്യം ഒക്കേ പലർക്കും പറയുവാൻ ഉണ്ടാകും, പക്ഷെ ചിലരുടെ സമർപ്പണം കുറേകാലം കഴിയുമ്പോൾ തണുത്തുപോയിട്ട് കല്ലുപോലെ ആയി തികച്ചും ജഡികമായിത്തിരുന്നു. തൽഫലമായി ആത്മീക അന്ധത പിടിച്ചിട്ട് ലോകത്തിൽ തപ്പിത്തടഞ്ഞു നടക്കുന്ന ജഢിക അവസ്ഥയിൽ ചെന്നുചേരുന്നു.

പിന്നെ അവരുടെ ഒത്താശകളും, ഉപദേശങ്ങളും, (ആത്മീക അരാഷ്ട്രീയ) “”മാർഗ്ഗദർശി”‘ ആകുന്നതിൽ ഉപരിയായി “മാർഗ്ഗദോഷം” വരുത്തിവെക്കുന്നു എന്നതാണ് യഥാർത്ഥത്തിൽ വാസ്തവം. ഇവിടെ പുരോഹിതന്റെ വിജയവും പരാജയവും ഭാര്യയുടെ കൈപ്പടിയിൽ, ഒതുങ്ങി അഥവാ അമർന്നുപോകുന്നു എന്നതാണ് ദുഃഖ സത്യം. കാരണം അവർക്കറിയാം ആരെയൊക്കെ കൈയിൽ എടുക്കണം, ആരെയൊക്കെ അകറ്റി ഒഴിവാക്കണം എന്ന നല്ല പരിശീലനം കൃത്യമായി ലഭിച്ചവർ എന്നു പറയുന്നതാകും വാസ്തവം.

അങ്ങനെയുള്ളവരുടെ പ്രയത്നത്താൽ, സഭയിൽ ചെറുപ്പക്കാരുടെ ഒരു പക്ഷം, ഉച്ചപ്രാർത്ഥനയുടെ പേരുപറഞ്ഞു സഹോദരിരുടെ ഒരു പ്രേത്യേക പ്രാർത്ഥന പക്ഷം (ഒരുമണിക്കൂർ പ്രാർത്ഥന ശുശ്രുഷയും പിന്നെ രണ്ടുമണിക്കൂർ പരദൂഷണ ശുശ്രുഷയും (Gossip) അല്ലേ നടക്കുന്നത്), ജോലിയും വേലയും ഉള്ളവരുടെ തുക്കമുള്ള സംഭാവന മാത്രം സ്വീകരിച്ചിട്ട് അവരെയെല്ലാം തഴഞ്ഞ ഒരു ന്യുനപക്ഷത്തിൽ, പ്രത്യേകം ചിലരെ മാത്രം വശത്താക്കി വേറെയൊരു സ്വന്തപക്ഷം, കൂടാതെ സഭായോഗത്തിൽ മുന്നിശ്ചയിച്ച പ്രകാരം ഫാഷൻ പരേഡ് പോലെ ഒരേനിറത്തിലും, സ്റ്റൈലിലും വസ്ത്രം ധരിച്ചുവന്ന് മറ്റുള്ളവരെ ചൊടിപ്പിക്കാനുള്ള ആത്മാവ് ബാധിച്ച ഒരു പക്ഷം, അങ്ങനെ ഇഞ്ചി പക്ഷം, കൊഞ്ച്‌ പക്ഷം, മലയാളപക്ഷം, ഇംഗ്ലീഷ്പക്ഷം, ഹിന്ദി പക്ഷം, കൊയ്നോനിയ പക്ഷം, അങ്ങനെ വിവിധ ഭാഷയിൽ/രീതിയിൽ തുടങ്ങി, മുതലകണ്ണീർ പക്ഷം കൂടിയാകുമ്പോൾ കാര്യങ്ങൾ ഒരു പരുവത്തിൽ ആയിട്ട്, സഭയെ പല പല തട്ടിൽ എത്തിച്ചു കാര്യങ്ങൾ നേടിയെടുക്കുന്നു, അല്ലെങ്കിൽ എല്ലാം തച്ചുടച്ച് പാവം വിശ്വാസികളെ പഴിചാരി സ്ഥലം വിടുന്നു. അങ്ങനെയുള്ള പക്ഷങ്ങളെ മുളയിലേ നുള്ളികളയണം, എന്നാൽ യഥാർത്ഥത്തിൽ പലരുടെയും നിലനിൽപ്പിനും നേട്ടങ്ങൾക്കുംവേണ്ടി ഇന്നു പ്രോത്സാഹനം കൊടുത്തു സഭയെ നരകത്തുല്യമാക്കുകയല്ലേ ഇവരെല്ലാം കൂടി ചെയ്യുന്നത്. എന്നിട്ട് 1:6ൽ പറഞ്ഞിരിക്കുന്ന സർട്ടിഫിക്കേറ്റ് സ്വയമേ ഉണ്ടാക്കി ഫ്രെയിം ചെയ്തു വെക്കുന്നു. ചിലർ ഞാൻ ഗുണത്തിനും ദോഷത്തിനും ഇല്ല എന്ന മനോഭാവത്തിൽ കാലങ്ങൾ കഴിച്ച് കടന്നു പോകുന്നവരെയും കാണുവാൻ സാധിക്കും. എന്നാൽ ലൂക്കോ 1:6 വചനം പറയുന്നു അങ്ങനെ ആകരുത്.

സാധാരണ നാം കാണുന്നത് ചിലർക്ക് സ്വന്തം സഭയിൽ നല്ല സ്വാധീനവും, പൂർണ്ണപിന്തുണയും ഉള്ളവർ ആയിരിക്കും, അല്ലെങ്കിൽ തന്നേയും കാര്യങ്ങൾ അവരുടെ വരുതിയിൽ ആക്കി തീർക്കാൻ മിടുക്കരും ആകാം. എന്നാൽ സഭയുടെ മറ്റുതലങ്ങളിൽ (Zone) കുറവുള്ളവരും, കുറ്റക്കാരും, നോട്ടപുള്ളികളും, സഹവേലക്കാരുടെ മുന്നിൽ ഒരു ചർച്ചാവിഷയവും, മറ്റുള്ളവർ ഇഷ്ടപ്പെടാത്തവരും, നല്ല സാക്ഷ്യം ലഭിക്കാത്തവരും മഹാ കൗശലക്കാരും ആയിരിക്കും, ചിലപ്പോൾ അതുപോലേ തിരിച്ചും.

എന്നാൽ സത്യം പറഞ്ഞാൽ പുരോഹിതനും ഭാര്യയും എല്ലാതലങ്ങളിലും/മണ്ഡലങ്ങളിലും കുറ്റമില്ലാത്തവനും ആരാലും വിവേചിക്കപ്പെടാത്തവനും ആയിരിക്കേണം എന്നതല്ലേ വചനപ്രകാരം സത്യം. അവർ വിശ്വാസികളുടെ കണ്ണാടിയാണ് എന്നു പറഞ്ഞാലും തെറ്റില്ല. കാരണം അവരാണ് വിശ്വാസികളുടെ മുൻപിൽ റോൾ മോഡൽ/മാതൃക ആയി വർത്തിക്കേണ്ടവർ. അവർ ജനാധിപത്യ മര്യാദകൾക്ക് കീഴ്പ്പെടുന്നതും, നിയമങ്ങൾ പാലിക്കുന്ന രീതികളും/വിധങ്ങളും, പ്രവർത്തികളും, അനുസരണവും, മാതൃകയും, മറ്റുമല്ലേ നമ്മൾ അനുകരിക്കേണ്ടിയതും കണ്ടു വളരേണ്ടിയതും. അവർ നിയമത്തെ മനഃപൂർവം മറയ്ക്കുന്നവരും, ലംഘിക്കുന്നവരും, നികുതി വെട്ടിക്കുന്നവരും, നുണയന്മാരും, സ്വയനേട്ടത്തിന് വേണ്ടി പരസ്പരം കൂട്ടി തല്ലിക്കുന്നവരും സഭയുടെ ഐക്യത നഷ്ടപ്പെടുത്തി കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നവരും, ചിലരുടെ അടിമനുഖത്തിൽ കെട്ടപെട്ടവരും അയാൽ പിന്നെ അവരിലെ എന്തു ഗുണമാണ് നാം മാതൃക ആക്കേണ്ടിയത്. അപ്പോൾ നിങ്ങൾ പറയുമായിരിക്കും മനുഷ്യരെ അല്ല ദൈവത്തെ നോക്കണം. സമ്മതിക്കുന്നു, എന്നാൽ നമുക്ക് മാതൃക അവരാണ് ആകേണ്ടിയത്, കാരണം അവൻ പുരോഹിതൻ ആകുന്നു. യഥാർത്ഥത്തിൽ അടിസ്ഥാനമേ മറിഞ്ഞുപോയാൽ വിശ്വാസികൾ എന്തു ചെയ്യും. ” യഥാമാതാതഥാപുത്രീ” എന്നുള്ള പഴഞ്ചൊല്ലു മറന്നുപോകരുത് (യേഹേ 16:44).

ഞാൻ മുൻപ് എഴുതിയ ദൈവനിയോഗം എന്ന ലേഖനത്തിന്റെ തുടർച്ച എന്നോണം ഇതിനെയും ഒന്ന് വിവരിക്കുന്നു. എന്തുകൊണ്ട് വൃദ്ധദമ്പതികളായ സെഖര്യാവിനും അവന്റെ ഭാര്യ എലീശബെത്തിനും, ഇതുവരെ ഒരു സന്താനഭാഗ്യം ലഭിച്ചില്ല. ദൈവത്തിന് ചിലരെകൊണ്ട് ചിലതൊക്കെ ചെയ്യിപ്പിച്ചെടുക്കാൻ ദൈവത്തിന്റെ സമയത്തു മാത്രമേ പ്രവർത്തി ആരംഭിക്കയുള്ളു എന്ന കാര്യം ഓർക്കുക. അതുവരെയും ദൈവം മൗനമായിരിക്കും എന്ന സത്യവും, “എന്തുകൊണ്ട്”, “അങ്ങനെ” എന്നൊന്നും ചോദിക്കാൻ നമുക്ക് അധികാരമോ അവകാശമോ ഇല്ല എന്ന വസ്തുതയും മറക്കരുത്. ദൈവത്തിന്റെ മൗനവും ഒരു വിധത്തിൽ പറഞ്ഞാൽ ദൈവനിയോഗത്തിന്റ ഭാഗം തന്നേ എന്നു പറയാതെ വയ്യാ.

വൃദ്ധദമ്പതികളുടെ സകല പ്രതീക്ഷയും, പ്രത്യാശയും, പ്രയത്നവും ആസ്ഥാനത്തായപ്പോൾ ആണ് ഗബ്രിയേൽ ദൂതൻ വന്ന് സദ്വർത്തമാനം അറിയിച്ചത് (1:19). ഗബ്രിയേൽ ദൂതൻ “അവനോടു” പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.

അതുകഴിഞ്ഞ്, കൃത്യം ആറാം മാസത്തിൽ ആ ഗബ്രിയേൽ ദൂതൻ തന്നേ “കന്യാമാറിയയോടും” ചെന്നു പറയുന്ന വാക്കുകൾ വളരെ ചിന്തനീയം തന്നേ. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം, അതുകൊണ്ട് മറിയയേ, നീയും ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.

ഇവിടെ ഒരു കാര്യം മനസ്സിലാക്കണം നമ്മുടെ ശാരീരിക മാനസിക സ്ഥിതി മാത്രമല്ല, നമ്മുടെ ചാർച്ചക്കാരേയും, ബന്ധുക്കളേയും കൂട്ടുകരേയും പേരുസഹിതവും, കൂടാതെ നമ്മേ നാട്ടുകാർ, വീട്ടുകാർ/സഭക്കാർ കളിയാക്കി വിളിക്കുന്ന പരിഹാസവാക്കുകളും, സ്വരങ്ങളും, ചർച്ചകളും കൃത്യമായി എഴുതി സൂക്ഷിക്കുന്ന ജീവനുള്ള ദൈവം സ്വർഗ്ഗത്തിൽ ഉണ്ടെന്നു നാം വിശ്വസിക്കണം. ഉദാ: മച്ചി എന്നു (നാട്ടുകാരും, വീട്ടുകാരും, സഭക്കാരും) പറഞ്ഞുവന്നവൾക്കു എന്ന ഗബ്രിയേൽ ദൂതന്റെ പദപ്രയോഗം ശ്രദ്ധിക്കണം.

ഇവിടെ ഒരു ലാബിന്റെ റിപ്പോർട്ട്‌ വാങ്ങാനോ, ഡോക്ടറെ കണ്ട് കാര്യങ്ങൾ സ്ഥിതീകരിക്കാനോ ദൂതൻ പോയിട്ടില്ല എന്നതല്ലേ സത്യം. ആദ്യം സെഖര്യാവ് എന്ന പുരുഷനോടും, പിന്നെ കന്യാകയായ മാറിയയോടും മാത്രം സംസാരിക്കുന്ന ദൂതൻ. എന്തുകൊണ്ട് അവരുടെ കൂട്ടാളികളോട് ദൂതൻ സംസാരിച്ചില്ല എന്നതും അവശേഷിക്കുന്ന ഉത്തരം ലഭിക്കാത്ത ചോദ്യം. അപ്പോൾ ഒരുകാര്യം വ്യക്തം, ആരോട്, എപ്പോൾ, എന്ത്, എവിടെവച്ച്, എങ്ങനെ, സംസാരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സ്വർഗ്ഗത്തിൽ ഇരിക്കുന്ന ദൈവം ആകുന്നു. എന്നാൽ പലർക്കും അതു തിരിച്ചറിയാൻ ഇപ്പോഴും കഴിയുന്നില്ല എന്നതാണ് ദുഃഖകരം.

എന്തുകൊണ്ട് ഈ രണ്ടു കാര്യങ്ങൾ ഒരുമിച്ചു നടന്നു എന്നതാണ് ദൈവനിയോഗം ആയി കാണേണ്ടിയ സത്യം. കാലങ്ങൾ കഴിഞ്ഞു യോഹന്നാൻ സ്നാപകന്റെ കൈകീഴിൽ സ്നാനം ഏൽക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ യേശു വന്നു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു (മത്താ 3:16). എന്തുകൊണ്ട് ദൈവാത്മാവു അപ്പോൾ തന്നേ സ്നാപകന്റെ മേൽ വരാതെ സ്നാനാർത്തിയുടെ മേൽ തന്നേ വന്നിറങ്ങി എന്നതും അടുത്ത ചോദ്യം.

ആ സമയത്ത് ദൈവാത്മാവു യേശുവിന്റെ മേൽ തന്നേ വന്നില്ലായിരുന്നു എങ്കിൽ, ഇന്നല്ലെങ്കിൽ നാളെ അതിന്റെ മുഴുവൻ കീര്‍ത്തിയും, ബഹുമതിയും, പ്രശസ്തിയും (Credit) സ്നാപകൻ തന്നേ, മാനുഷിക നിലയിൽ ഇന്നു പലരും കൊട്ടിഘോഷിക്കുന്ന പോലെ പോസ്റ്റർ അടിച്ചും, വാർത്ത മാധ്യമങ്ങളിലും സ്ഥാനം പിടിച്ചും നേടുമായിരുന്നു.

എന്നാൽ “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നുണ്ടായ ഒരു ശബ്ദത്തോടെ ” (മത്താ 3:17), യോഹന്നാനെക്കാൾ വലിയവൻ യേശു മാത്രം എന്ന വലിയ സന്ദേശം ലോകത്തോട് സ്വർഗ്ഗം വിളിച്ചു പറയുന്ന വലിയ പ്രഖ്യാപനം/വിളംബരം ആണ് അവിടെ നടന്നത്. തന്റെ മഹത്വം ആർക്കും വിട്ടുകൊടുക്കാത്തവന്നാണ് നമ്മുടെ ദൈവം.

യോഹന്നാസ്നാപകൻ സത്യം സത്യം പോലെ മുഖത്തു നോക്കി പറയുന്ന നിയോഗം ഉള്ള വ്യക്തി ആയിരുന്നു. എന്നാൽ അതിന്റ പരിണിത ഫലം വളരെ വേദന ജനകനായിരുന്നില്ലേ. കാരണം പിതാവിനെ പോലെ തന്നേ ലുക്കോ 1:6 പറയുന്ന പ്രകാരം ഒരു കുറവും ഇല്ലാത്തവരുടെ അവസാനം ഇതൊക്കെയാണെന്നു ഓർത്തുകൊൾക…

ചില സത്യങ്ങൾ യോഹന്നാസ്നാപകൻ തുറന്നു പറഞ്ഞത് അത് ഇഷ്ടപ്പെടാത്തവർക്കും, ആരെയൊക്കെ ആസത്യങ്ങൾ സ്വഭാവകമായി നേരിട്ടു ബാധിച്ചുവോ അവരുടെ ഉള്ളിലും വിരോധം ഉണ്ടാക്കി, ആ വിരോധം പകയായി മാറി. ഹെരോദാവു അധികാരം നിമിത്തം സത്യം പറഞ്ഞവനെ തടവിൽ ആക്കി. എങ്ങനെയെങ്കിലും അവനെ ഒഴിവാക്കുവാൻ, കൊല്ലുവാൻ പോലും ഇച്ഛിച്ചു; സാധിച്ചില്ല താനും എന്നു വചനം പറയുന്നു. എന്നാൽ ചിലർരെയൊക്കെ ഭയക്കുന്നതിനാൽ അതിന് തീർപ്പു കൽപ്പിക്കാതെ, തീര്‍ച്ചപ്പെടുത്താതെ, (Pending) അല്ലെങ്കിൽ പെട്ടെന്ന് ചെയ്യുവാൻ കഴിയാതെ വന്നപ്പോൾ തക്കം പാർത്ത് കാത്തിരുന്നു.

ഒരുകാര്യം നാം വ്യക്തമായി അറിയണം, സത്യത്തേ വധിക്കുവാൻ ഒരാൾ മാത്രം വിചാരിച്ചാൽ ഒരിക്കലും നടക്കില്ല. കുറഞ്ഞ പക്ഷം രണ്ടുപേർ ചേർന്നു നടത്തുന്ന ഉപദേശവും ഗൂഢാലോചനയും ഉണ്ടാകണം. സത്യത്തേ വധിക്കുവാൻ ചിലരെ പ്രസാദിപ്പിക്കണം. പലപ്പോഴും അവകൾ പ്രാവർത്തിക പദത്തിൽ കൊണ്ടുവരാൻ പെട്ടെന്ന് കഴിയില്ലായെങ്കിലും, സമയവും, സന്ദർഭവും നോക്കി കാര്യങ്ങൾ നടപ്പാക്കാൻ കാലതാമസം വരും. തെറ്റായ ഉപദേശം കൊടുക്കുവാൻ കുറഞ്ഞ പക്ഷം ഒരാൾ എങ്കിലും പിന്നിൽ കാണും. അതിൽ ഉൾപ്പെട്ടവർ ആരൊക്കെയെന്നു കൃത്യമായി പേരുസഹിതം മത്തായി 14, മർക്കൊസ് 6 സുവിശേഷങ്ങളുടെ അദ്ധ്യായങ്ങൾ വിശദീകരണം തരുന്നു.

സത്യത്തിന്റെ/ സത്യം പറയുന്നവന്റെ ശിരഃഛേദം ചെയ്യുവാൻ ചില ഘടകങ്ങൾ, കാര്യങ്ങൾ പടിപടിയായി നടന്നിരിക്കണം. അതിന്റെ പ്രധാന ഉദാഹരണം ആണ് യോഹന്നാസ്നാപകന്റെ ജീവിതത്തിൽ നടപ്പിലാക്കിയത്. അല്ലാതെ നടക്കുന്നവർ വേലയിലും, സഭയിലും എല്ലാതലങ്ങളിലും കേമന്മാർ, വിജയികൾ എന്നു നാം ഇന്നത്തെ സാഹചര്യത്തിൽ മനസിലാക്കുന്നു.

i). മുഖം നോക്കി നിഷ്പക്ഷമായി ഭയം കൂടാതെ തെറ്റിനെ തെറ്റെന്നും സത്യത്തേ സത്യമായി തന്നേ പറയാൻ ധൈര്യം ഉണ്ടാകണം.
ii). സത്യം കേൾക്കുമ്പോൾ അത് അംഗീകരിക്കാൻ കഴിയാതെ, ഉള്ളിലെ വിരോധം പകയായി മാറി സത്യം നിമിത്തം അവനെ തടവിൽ ആക്കി ഒഴിവാക്കണം എന്ന പദ്ധതി ഉണ്ടാക്കണം .
iii). ആ പകയും, വിരോധവും ദിനംപ്രതി നീറി നീറി കത്തി, അവനെ കൊന്നു കളയുവാൻ ഉള്ള വാശിയിലും വൈരാഗ്യത്തിലും എത്തിക്കണം.
iv). എന്നാൽ ചിലരെയൊക്കെ ഭയക്കുന്നതിനാൽ പെട്ടെന്ന് ചെയ്യാതെ സമയവും സന്ദർഭവും അനുയോജ്യമായി വരാൻ തക്കം പാർത്തിരിക്കണം.
v). സത്യത്തേ വധിക്കുവാൻ ചിലരെ പ്രസാദിപ്പിക്കേണ്ടിയത് അത്യാവശ്യം തന്നേ..
vi). കുറഞ്ഞ പക്ഷം രണ്ടുപേരെങ്കിലും അതിൽ ഉൾപ്പെട്ടിരിക്കണം എന്നതും സത്യം.
vii). അതിനു അനുയോജ്യമായ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ, ഒരിക്കലും ഒഴിവാക്കി തള്ളികളയാൻ പറ്റാത്ത യോജിച്ച ഒരാൾ എങ്കിലും വേണം, കൂടാതെ അതിനു യോജിച്ച വിജയിക്കുന്ന വിധത്തിലുള്ള തെറ്റായ ഉപദേശമോ, ഒത്താശയോ ചെയ്തു കൊടുക്കാൻ, പറഞ്ഞുകൊടുക്കാൻ, പ്രാപ്തിയുള്ള കുറഞ്ഞത് വേറെ ഒരാൾ കൂടി എങ്കിലും ആ പദ്ധതിയിൽ വേണം.
viii). അതു കൃത്യമായി പ്ലാൻ ചെയ്തു, അതിനുവേണ്ട പൂർണ്ണ പിന്തുണ നേടിയെടുത്തു അവതരിപ്പിച്ചു കാര്യങ്ങൾ നടപ്പിലാക്കാൻ വലിയ ഗൂഢമായ ആലോചന അനിവാര്യം ആകുന്നു.
ix). ചെയ്യുന്നത് തെറ്റെന്നു അറിയാമെങ്കിൽ, ചിലരെ വെറുപ്പിക്കാൻ പറ്റാത്തതുകൊണ്ട് നിർബന്ധത്താൽ സമ്മതിച്ചുകൊടുക്കേണ്ടിയ അവസ്ഥയിൽ കാര്യങ്ങൾ എത്തിക്കുന്നു.
x). ഇനിയും കാര്യങ്ങൾ വേഗത്തിൽ പ്രവർത്തി പദത്തിൽ കൊണ്ടുവന്ന് പൂര്‍ത്തിയാക്കുവാൻ/നടപ്പാക്കാൻ (Execute/Implement) എന്തിനും ഏതിനും ശരി (Yes) പറയുന്ന കുറെ ചേലകളും കൂടെ ഉണ്ടെങ്കിൽ സംഗതി എത്ര എളുപ്പമാണ്.

ഈ രീതിയിൽ കാര്യങ്ങൾ യഥാക്രമം നടപ്പിലാക്കിയാൽ, സത്യത്തിന്റെ, സത്യത്തിനുവേണ്ടി ഉറച്ചു നിൽക്കുന്നവന്റെ, സത്യം പറയുന്നവന്റെ തല താലത്തിൽ ഇരിക്കും എന്നു വചനം നിസംശയം പറയുന്നു.

പ്രിയപ്പെട്ട വായനക്കാരെ ഒന്ന് ചോദിച്ചുകൊള്ളട്ടെ, ഇന്നത്തെ ആത്മീക, ഭൗതീക ലോകത്തും
സത്യത്തിന്റെ/ സത്യം പറയുന്നവന്റെ, അനീതിക്കെതിരെ, നീതിയും ന്യായവും പറയുന്നവന്റെ ശിരഃഛേദം നടക്കുന്ന രീതി (കാട്ടുനീതി) ക്രമംപോലും തെറ്റാതെ ഇപ്രകാരമല്ലേ നടത്തിയെടുക്കുന്നത്.

അതുകൊണ്ട് സത്യം ചെയ്തിട്ടു/ പറഞ്ഞിട്ടും ചേതം വന്നാലും ഒരണു പോലും പുറകോട്ടു പോകാതെ/മാറാത്തവരായി വിശ്വാസജീവിതത്തിൽ ഉറച്ചു നിൽക്കും എന്നു 2022 എന്ന പുതുവർഷത്തിൽ തീരുമാനം എടുക്കാം. അതിനുവേണ്ടിയാണ് നമ്മേ ഇന്നും ജീവനോടെ പുതുവർഷത്തിൽ നിർത്തിയിരിക്കുന്നത് എന്നബോധം നമ്മേ എപ്പോഴും ഭരിക്കട്ടെ….

ചിലപ്പോൾ നീ ഒറ്റയാൾപട്ടാളം ആയി മാറാം, ദൈവത്തിന് എണ്ണമോ ആൾബലമോ അല്ലാ വേണ്ടിയത്, മറിച്ച് ദൈവത്തിന് വേണ്ടിയത് സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവരെയാണ് എന്ന സത്യം ഓർക്കുക. ദൈവം സത്യത്തിന്റെ കൂടെ മാത്രമേ നില്ക്കു. “ഇമ്മാനുവേൽ” എന്നു പേരുള്ള ദൈവം നമ്മുടെ കൂടെയുണ്ട്.
മാറാനാഥ.

-ADVERTISEMENT-

You might also like
Comments
Loading...