ലേഖനം: തീയമ്പുകൾ | ജിനേഷ് പുനലൂർ

വേദപുസ്തകത്തിൽ പല സ്ഥലത്തും പ്രതിപാദിച്ചിട്ടുള്ള ഒരു വാക്ക് ആണ് ‘തീയമ്പ്’. സത്യത്തിൽ എന്താണ് തീയമ്പ് ? കവിണയിൽ വെച്ചെറിയുന്ന കല്ല് അല്ലെങ്കിൽ ചുഴറ്റി എറിയുന്ന കുന്തം എന്നിവയെ പോലെ തൊടുത്തു വിടുന്ന ഒരു ആയുധം എന്നു വേണമെങ്കിൽ തീയമ്പുകളെ വിശേഷിപ്പിക്കാം. കപ്പലുകൾ, തടിയിൽ നിർമ്മിക്കപ്പെട്ട പരിചകൾ എന്നിവയെ കത്തിച്ചു ചാമ്പലാക്കുവാൻ പര്യാപ്തമായി ഇരിക്കുന്നതും യുദ്ധത്തിൽ ശത്രുവിനെതിരെ ഉപയോഗിക്കുന്നതുമായ ഒന്നാണ് തീയമ്പുകൾ. ഗ്രീക്കിൽ ഇതിനെ “ഫലാറിക്ക” എന്ന് ഉപയോഗിച്ചിരിക്കുന്നു. ഇത്തരം തീയമ്പുകളെ നേരിടുന്നതിനായി തടിയിൽ നിർമ്മിക്കപ്പെട്ട പരിചകൾ ലോഹത്താൽ പൊതിയുമായിരുന്നു.
ഒരു ആത്മീയ മനുഷ്യൻ നേരിടുന്ന തീയമ്പുകൾ പലവിധത്തിൽ ഉള്ളതാണ്. ലോകമോഹങ്ങൾ, പ്രലോഭനങ്ങൾ, പരീക്ഷകൾ മുതലായവയാണ് അത്. ജീവിതത്തെ കാലചക്രവുമായി കോർത്തിണക്കുവാൻ കഴിയാതെ ആത്മീയ തലങ്ങളിൽ മനുഷ്യർ പിടഞ്ഞു വീണു കൊണ്ടിരിക്കുന്ന അന്ത്യകാലത്താണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ആത്മീയ ഉയരങ്ങളിൽ നിൽക്കുന്ന ഒരു മനുഷ്യനാണ് ഏറ്റവും കൂടുതൽ പരീക്ഷണം നേരിടേണ്ടിവരുന്നത്. എന്നാൽ, ചിലർ ഇതിനെ തരണം ചെയ്യുകയും മറ്റുചിലർ ഇതിൽ പെട്ടുപോകുകയും ചെയ്യും. സ്വയം ചിന്തിക്കാൻ കഴിവുള്ള സമയം മുതൽ സാത്താൻ നമ്മുടെ ഓരോ പ്രവർത്തികളും വീക്ഷിച്ചു കൊണ്ടാണ് ഇരിക്കുന്നത്. ആത്മീയ ഉയരങ്ങളിൽ നിൽക്കുന്ന മനുഷ്യനെ താഴേക്ക് (ലോകത്തിലേയ്ക്കു) തള്ളിയിടുവാൻ അവൻ നിരന്തരം പ്രയത്നിച്ചു കൊണ്ടേയിരിക്കും. വചനം എന്ന് വാളെടുത്തു പോരാടിയാൽ മാത്രമേ ജീവകിരീടം പ്രാപിക്കുവാൻ നമുക്കു കഴിയുകയുള്ളു എന്ന വസ്തുത നാം തിരിച്ചറിയുകയും അതിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുകയും വേണം.
വേദപുസ്തകത്തിൽ രണ്ട് തരത്തിലുള്ള മനുഷ്യർ ഉണ്ട്; പരീക്ഷയിൽ ജയിച്ചവരും, പരീക്ഷയിൽ അകപ്പെട്ടു ദൈവകോപത്തിന് ഇരയായവരും. എന്നാൽ, പരീക്ഷയിൽ ജയിച്ചവരെ കുറിച്ചാണ് ഞാൻ എഴുതുവാൻ ആഗ്രഹിക്കുന്നത്.
ദാനീയേലിന്റെ പുസ്തകത്തിൽ നാലു ചെറുപ്പക്കരെ നമുക്ക് പരിചയപ്പെടാം, കഠിന പരീക്ഷയിൽ അകപ്പെട്ട ദാനീയേൽ എന്ന ബേൽത്ത് ശസ്സർ, ഹനന്യാവ് എന്ന ശദ്രക്ക്, മീശായേൽ എന്ന മേശക്ക്, അസര്യാവെന്ന അബേദ്-നെഗോ എന്നീ ചെറുപ്പക്കാരായിരുന്നു അവർ.
ശദ്രക്കും, മേശക്കും, അബേദ്-നെഗോവും നെബൂഖദ്നേസർ രാജാവിന്റെ ബിംബത്തെ ആരാധിക്കുന്നില്ല എന്ന് കണ്ടിട്ട് ഇവരെ തീച്ചൂളയിൽ ഇട്ടു കളയുവാൻ രാജാവ് കല്പിക്കുന്നു. ഇതു അറിഞ്ഞപ്പോൾ ഇവർ പറഞ്ഞ മറുപടി ഇന്നത്തെ ഓരോ ആത്മീയ മനുഷ്യനും ഉപയോഗിക്കുവാൻ കൊള്ളാവുന്ന ഒരു ആയുധം തന്നെയാണ്. (ദാനീയേൽ 3:16-17) ശദ്രക്കും മേശക്കും അബേദ്‌ – നെഗോവും രാജാവിനോടു: “നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കൈയിൽനിന്നും വിടുവിക്കും.” മുമ്പിൽ എരിയുന്ന തീച്ചുള്ള അതുമല്ലെങ്കിൽ രാജാവിന്റെ വാൾത്തല ഇതിനെ എല്ലാം മുമ്പിൽ കണ്ടുകൊണ്ടു ഈ യൗവ്വനക്കാർ രാജാവിനോട് പറയുകയാണ് “നെബൂഖദുനേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല” ചുരുക്കി പറഞ്ഞാൽ, ഞങ്ങൾക്ക് കൂടുതൽ ഒന്നും സംസാരിക്കുവാൻ ഇല്ല നിനക്ക് ഇഷ്ടമുള്ളതു നീ ചെയ്തു കൊള്ളു എന്ന് സാരം. ഇങ്ങനെ പറയുന്നതിനുള്ള ധൈര്യം ഇവർക്ക് എവിടെ നിന്നും കിട്ടി?
പുതിയ നിയമത്തിൽ “മത്തായി 10; 16-20” കർത്താവായ യേശുക്രിസ്തു തൻ്റെ 12 ശിഷ്യൻമാരെ തിരഞ്ഞെടുത്തതിനു ശേഷം അവരെ സുവിശേഷം അറിയിക്കുവാൻ അയക്കുന്ന രംഗം എൻ്റെ മനസ്സിൽ തെളിഞ്ഞു വരുന്നു. “ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും. പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ”.
മോഹങ്ങൾ, പ്രലോഭനങ്ങൾ, പരീക്ഷകൾ എന്നീ തീയമ്പുകളുമായി സാത്താൻ വരുമ്പോൾ ദൈവത്തിൽ വിശ്വാസം ഉറപ്പിച്ച് ഇങ്ങനെ പറയുകയാണെങ്കിൽ ഉറപ്പായി വിജയിക്കുവാൻ കഴിയും.
ദൈവത്തിന്റെ വചനത്തിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുക എന്നതാണ് സാത്താന്റെ പ്രധാന ലക്ഷ്യമെങ്കിൽ, സാത്താന്റെ പ്രലോഭനങ്ങളെ മറികടക്കാനുള്ള പ്രാഥമിക മാർഗ്ഗം ദൈവവചനത്തെ മനഃപൂർവം ധ്യാനിക്കുക എന്നതാണ്. നിങ്ങൾക്ക് സാത്താനെ ജയിക്കണമെങ്കിൽ തിരുവെഴുത്തുകൾ നന്നായി അറിഞ്ഞിരിക്കണം. കാരണം, നിങ്ങളെക്കാൾ കൂടുതൽ വചനങ്ങൾ സാത്താന് അറിയാം. അവനു നൂറ്റാണ്ടുകളുടെ പരിശീലനം ഉണ്ട്.
യേശുക്രിസ്തുവിനെ പ്രലോഭനം കൊണ്ട് വീഴ്ത്തുവാൻ സാത്താൻ ശ്രമിച്ചപ്പോൾ, കർത്താവു തിരുവെഴുത്തുകൾ കൊണ്ടാണ് അവനെ നേരിട്ടത് എന്ന് നാം മറന്നു പോകരുത്. മൂന്നു പ്രലോഭനങ്ങൾ ആണ് അവൻ കർത്താവിന്റെ എതിരെ നിരത്തിയത്.
യോഹന്നാൻ സ്നാപകനിൽ നിന്നും സ്നാനം സ്വീകരിച്ചതിനുശേഷം യേശു നാല്പതു പകലും നാല്പതു രാവും ഉപവസിച്ചു. ശേഷം താൻ വിശന്നിരിക്കുമ്പോൾ സാത്താൻ അടുത്തുചെന്ന് മൂന്ന് കാര്യങ്ങൾ ചെയ്യുവാൻ യേശുവിനെ പ്രേരിപ്പിച്ചു:
1.കല്ലുകൾ അപ്പമാക്കുക.
(മത്തായി 4:3)
2. ദൈവാലയത്തിന്റെ നെറുകയിൽ നിന്ന് ചാടുക.
(മത്തായി4:6)
3.പിശാചിനെ കുമ്പിട്ട് ആരാധിക്കുക.
(മത്തായി 4: 8 – 9 )
ചെത്തിമിനുക്കിയ തീയമ്പുകൾ ശത്രു നമ്മുടെ നേരെ തൊടുത്തു വിടാം എന്നാൽ, കർത്താവു കാണിച്ചു തന്നത് പോലെ, വചനം എന്ന വാൾ കൊണ്ട് തന്നെ ഈ തീയമ്പുകളെ തകർക്കുവാൻ നമുക്ക് കഴിയണം.
പൗലോസ് പറയുന്നു പോലെ: “നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും, സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ”
എഫേസ്യർ 6: 14-17

ക്രിസ്തുവിൽ നിങ്ങളുടെ
ജിനേഷ് പുനലൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.