ലേഖനം: അറിവും തിരിച്ചറിവും | രാജൻ പെണ്ണുക്കര


രു മനുഷ്യന്റെ ജീവിതത്തിൽ ആവശ്യവും, അത്യാവശ്യവുമായ പല കാര്യങ്ങൾ ഉണ്ട്. അൽപ്പം കൂടി വ്യക്തമായി പറഞ്ഞാൽ, അറിവ് നമുക്ക് ആവശ്യവും, *തിരിച്ചറിവ് * ഏറ്റവും അത്യാവശ്യവുമാണ്. ഇതില്ലാതെ പോകുന്നതാണ് നമ്മേ എപ്പോഴും പരാജയത്തിൽ എത്തിക്കുന്നത്.

post watermark60x60

ധാരാളം അറിവ് വിദ്യാഭ്യാസം കൊണ്ടും, വായന കൊണ്ടും നേടുവാൻ സാധിക്കും. എന്നാൽ തിരിച്ചറിവ് വിദ്യാഭ്യാസം കൊണ്ടോ, വായനകൊണ്ടോ ലഭിക്കില്ല. എന്നാൽ തിരിച്ചറിവ് അനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ ആകുന്നു. വേറെ ഒരു രീതിയിൽ പറഞ്ഞാൽ ദൈവീക ദാനം എന്നുപറഞ്ഞാലും തെറ്റില്ല. കത്തുന്ന മെഴുകുതിരിയിൽ പിടിക്കരുതെന്ന അറിവ് വെച്ച് പറഞ്ഞിട്ടും കുഞ്ഞ് അതിൽ കയറി പിടിച്ചു കൈപൊള്ളിച്ചു. അപ്പോൾ അവന്, തീയേ തൊട്ടാൽ പൊള്ളുമെന്ന തിരിച്ചറിവ് ഉണ്ടായി.

പലപ്പോഴും ദൈവശബ്ദം കേട്ടാൽ പോലും തിരിച്ചറിയൻ പറ്റാത്ത അവസ്ഥയിൽ നാം ആയി തീർന്നു എന്നു പറഞ്ഞാൽ അധികമാകുമോ. ആത്മീകതയുടെ പാരമ്യത്തിൽ നിൽക്കുന്നു എന്നു പറയുകയും, എന്നാൽ ദൈവശബ്ദം കേട്ടാൽ പോലും തിരിച്ചറിയൻ പറ്റാത്ത അവസ്ഥയിലും ആണ് ജീവിതം എങ്കിൽ അത് തികച്ചും പരാജയം തന്നേ എന്നു പറയാതെ വയ്യാ. തിരിച്ചറിഞ്ഞാൽ തന്നെയും അത് അംഗീകരിക്കാനും, അനുസരിക്കാനും കഴിയാത്ത അവസ്ഥവന്നാൽ പിന്നെ പറഞ്ഞിട്ട് എന്തുകാര്യം.

Download Our Android App | iOS App

വിഭവങ്ങൾ നിറഞ്ഞ ഭക്ഷണവും കട്ടിയുള്ള കവറും പ്രതീക്ഷിക്കുന്നവർ പറയുന്ന ശബ്ദം അല്ല ഇവിടെ പ്രതിപാദിക്കുന്നത് എന്നോർക്കണം. അതു ദൈവശബ്ദം എന്നു തെറ്റിദ്ധരിച്ച് വഴിതെറ്റി വലഞ്ഞു പോകുന്നവർ ഒത്തിരി പേരുണ്ട്. അവിടെയും സംഭവിക്കുന്നത് അവർ പലതും അറിഞ്ഞു പക്ഷെ യഥാർത്ഥമായത് തിരിച്ചറിയാൻ സാധിക്കാതെ പോയി എന്ന സത്യമല്ലേ….

നമുക്ക് എന്തുകൊണ്ട് ദൈവശബ്ദം തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നത് വലിയ ചോദ്യമായി ഇന്നും അവശേഷിക്കുന്നു. നമ്മുടെ ശ്രദ്ധയും ലക്ഷ്യവും ശ്രമങ്ങളും, ഈ ലോകത്തിലെ വിഷയങ്ങളും നേട്ടങ്ങളും നിലനിൽപ്പും മാത്രമായി മാറുമ്പോൾ, അതിനു വിപരീതമായി കേൾക്കുന്ന സുപ്രധാന ശബ്ദങ്ങൾക്ക് പോലും പ്രാധാന്യം കൊടുക്കാതെ തള്ളിക്കളയുന്നതാണ് നമ്മേ പരാജയത്തിലേക്ക് കൊണ്ടുപോകുന്നത്.

നാം ഒരിക്കലും ഉദ്ദേശിക്കാത്ത, പ്രതീക്ഷിക്കാത്ത, തലങ്ങളിൽ നിന്നോ, മനുഷ്യരിൽ നിന്നോ, സാഹചര്യത്തിൽ നിന്നോ, മാധ്യമത്തിൽ നിന്നോ ആകാം ചിലപ്പോൾ ദൈവശബ്ദം കേൾക്കുന്നത്. എന്നാൽ നാം അതിനെ തിരിച്ചറിയാതെ തൃണവൽഗണിച്ച് അടുത്ത പടികൾ ചവിട്ടിയാൽ, അഥവാ ഗമനം തുടർന്നാൽ പിന്നെയുള്ള യാത്ര സ്വബുദ്ധിയുടെ പ്രമാണത്തിന്റയും, ഒരുകൂട്ടത്തെ നോക്കിയോ, ഒരു കൂട്ടത്തിന്റ ശബ്ദം കേട്ടുള്ള പരാജയത്തിന്റ യാത്ര ആയിരിക്കും എന്ന തിരിച്ചറിവ് ഉണ്ടാകണം.

ഒരിക്കൽ ബിലെയമിന്, അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ എന്നു വായിക്കുന്നു.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മാധ്യമമല്ലേ അവനോട് സംസാരിച്ചത്. ഇവിടെ സംസാരിക്കുന്നത് കഴുതയല്ല, മറിച്ച് ദൈവത്തിന്റെ ആത്മാവാണെന്ന തിരിച്ചറിവ് ബിലെയമിന് ഉണ്ടായില്ല. ബിലായമിനെ ദൈവത്തിന്റെ ആത്മാവ് തടയുന്നത്, പോകരുത് പോകരുത് എന്നയർത്ഥത്തിലല്ലേ. എന്നാൽ ആത്മഭാരം അല്ലാ ദ്രവ്യാഗ്രഹം ആണ് അവനെ വീണ്ടും മുൻപോട്ടു പോകാൻ പ്രേരിപ്പിച്ചതും ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചതും എന്ന തിരിച്ചറിവ് അവന് അപ്പോഴും വന്നില്ല.

ചിലപ്പോൾ സാധുവായ വ്യക്തിയിൽ കൂടിയായിരിക്കും, അല്ലെങ്കിൽ നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ആളിൽ നിന്നുമാകാം ആലോചന വരുന്നത്. ആത്മീയ ജീവിതത്തിൽ വരുന്നതൊന്നും അവിചാരിതം അല്ലാ എന്ന തിരിച്ചറിവ് ഉണ്ടാകണം. അപ്പോൾ നാം ചിന്തിക്കും എന്റെ കൈബലം കൊണ്ടും, സ്വാധീനം കൊണ്ടും, യുക്തി കൊണ്ടും കാര്യങ്ങൾ എനിക്ക് നേടുവാൻ കഴിയും. ഈ തിരിച്ചറിവില്ലാത്തതിന്റ പരിണിത ഫലം എന്താകും എന്ന് നാം തന്നേ തിരിച്ചറിയുക. വേണമെങ്കിൽ ബിലെയാമിനോട് ചോദിച്ചാലും പരിണിത ഫലം പറഞ്ഞു തരും. എല്ലാത്തിനും പിശാചിനെ പഴി പറഞ്ഞിട്ടും കാര്യമില്ലല്ലോ.

നീ കാര്യങ്ങൾ തുറന്നു പറയണം/പറയരുത്, ഇനിയും നീ മൗനമായി മാറിപോകണം/മാറരുത്, നീ ഈ പട്ടണത്തിൽ ഇനിയും താമസിക്കരുത്, നിനക്കു ഓടി രക്ഷപെട്ടു പോകുവാൻ സമയം ആയി, ഇവിടെത്തെ നിന്റെ ശുശ്രുഷ തീർന്നു/തീർന്നില്ല, നീ ഇനിയും മുൻപോട്ട് ചുവടുകൾ വെക്കരുത്/വെക്കണം. ഇങ്ങനെ കേട്ട വിവിധ ആലോചനകൾ വചനത്തിൽ എഴുതിയിരിക്കുന്നു. അങ്ങനെയുള്ള വിവിധ ആലോചന ഇന്നു നാം കേട്ടാൽ അതു ദൈവശബ്ദം ആയിരുന്നുവോ എന്നു നന്നായി തിരിച്ചറിയുവാനുള്ള കൃപ/അറിവ് നാം പ്രാപിക്കണം/ആർജിക്കണം.

ഇല്ലായെങ്കിൽ, ഇക്കാലമൊക്കെയും നീ നിയന്ത്രിച്ച, നിന്റെ വാക്കുകൾ കേട്ട് നിന്നോട് കൂടെനടന്ന, ഇപ്പോൾ നിന്നേ താങ്ങികൊണ്ട് നടക്കുന്ന അഥവാ ചുമക്കുന്ന, ഒരിക്കലും സംസാരിക്കില്ല എന്നു പോലും കരുതുന്ന കഴുത തന്നേ നിന്നോട് സംസാരിക്കും. നാം പ്രതീക്ഷിക്കാത്ത ചില തിക്തഫലങ്ങൾ കാണിച്ചു തരും. കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; എന്നു വായിക്കുന്നു.

അങ്ങനെ ഉണ്ടാകുന്ന തിരിച്ചറിവുകൾ ഒത്തിരി വേദന ഉണ്ടാക്കുന്നതാണ്, ചിലപ്പോൾ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കുന്നതും, വലിയ തീരാനഷ്ടങ്ങൾ വരുത്തുന്നതും ആകാം. എന്നിട്ടും അതു തിരിച്ചറിയാതെ, അവൻ കഴുതയെ വീണ്ടും വീണ്ടും അടിച്ചു, ശിക്ഷിച്ചു, കോപം ജ്വലിച്ചു അതിനെ കൊന്നുകളയുവാനുള്ള വാശിയായി എന്ന് വചനത്തിൽ എഴുതിയിരിക്കുന്നു. ഒന്നു ചോദിച്ചുകൊള്ളട്ടെ, വേദനകൾ പഠിപ്പിക്കുന്ന തിരിച്ചറിവുകളെക്കാൾ വേദനയില്ലാതെ പഠിക്കുന്ന പാഠങ്ങളും തിരിച്ചറിവുകളും അല്ലേ നല്ലത്.

പാവം കഴുത എന്തു തെറ്റു ചെയ്തു?. കണ്മുൻപിൽ നിൽക്കുന്ന/കാണുന്ന സത്യത്തേ കണ്ടിട്ട് അതനുസ്സരിച്ച് ചുവടുകൾ വെച്ചതാണോ കഴുത ചെയ്ത അപരാധം?. മറിച്ച് തെറ്റുചെയ്ത/തെറ്റിലേക്ക് ചുവടുകൾ വെക്കുന്ന പ്രവാചകൻ, തെറ്റുചെയ്യാത്ത കഴുതയെ ശിക്ഷിക്കുന്ന അവസ്ഥ/കാലം സംജാതമായിരിക്കുന്നു എന്നു പറയാതെ വയ്യാ. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങുന്ന പാവം കഴുത. ഇതല്ലേ ഇന്നത്തെ ലോകത്തിന്റെ അവസ്ഥ.

ഒരു സത്യം നാം അറിയണം, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പാവം കഴുതയെ എന്തിന് വെറുതെ ശിക്ഷിക്കുന്നു എന്നു അന്വേഷിക്കാൻ ഈ ലോകത്ത് ആരും ഇല്ലായെങ്കിലും, നീ അടിക്കുന്ന ഓരോ അടിയും എണ്ണി എണ്ണി വെച്ച് കണക്കു ചോദിക്കാൻ ഒരു ദൂതൻ വഴിയിൽ വാളൂരിപ്പിടിച്ചു നിൽക്കുന്നുണ്ട് എന്ന സത്യം അല്ലയോ ബിലെയാമേ കോപത്തിനിടയിൽ നീ മറന്നുപോയോ?. യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു അവനോടു: ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? (സംഖ്യാ 22:31,32). ചിലപ്പോൾ കഴുത മനസ്സിൽ പോലും ഇങ്ങനെ ചിന്തിച്ചുകാണും, അല്ലയോ ബിലെയാമേ നിന്നെ വഹിച്ചു മൈലുകൾ നടക്കുകയും വേണം, എന്നിട്ടും നിന്റെ സ്വയതാല്പര്യങ്ങൾക്കു വേണ്ടി ഞാൻ വെറുതെ നിന്റെ അടിയും വാങ്ങണം. അങ്ങനെയുള്ള സന്ദർഭത്തിലാണ് ദൈവം പലർക്കും തുണയക്കുന്നത്.

ഒരുമർമ്മം ഇവിടെ ഒളിഞ്ഞിരിക്കുന്നു, ദൈവീക സാന്നിധ്യം ആദ്യം മനസ്സിലാക്കിയതും കണ്ടതും കഴുതയാണ്, അതാണ് അവനെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്ന തിരിച്ചറിവ് അഭിക്ഷേകം ഉണ്ടെന്നും, ഞാൻ എത്ര കാലമായി ശുശ്രുഷയിൽ ആണെന്നും പറഞ്ഞു കഴുതയുടെ മുകളിൽ നെളിഞ്ഞിരിക്കുന്ന പേരുകേട്ട പ്രവാചകൻ ബിലെയാമിന് (Rev: Balaam) ഉണ്ടായില്ല, പിടികിട്ടിയില്ല എന്നതു തന്നേ ദുഖകരം. എന്നാൽ ബിലായാം കാര്യങ്ങൾ തിരിച്ചറിഞ്ഞു അവന്റെ അടഞ്ഞ കണ്ണുകളെ യഹോവ തുറന്നപ്പോഴേക്കും നേരം വൈകിപോയിരുന്നു. കേട്ടതും കണ്ടതുമായ ആലോചന തിരിച്ചറിയാതെ പോയതിന്റെ പരിണിത ഫലങ്ങൾ എവിടെ കൊണ്ടെത്തിച്ചു എന്നും നാം മനസിലാക്കുക. പലപ്പോഴും പൊതുസമൂഹം പറയുന്നത് കേട്ടൊ, നമ്മുടെ യുക്തിക്കനുസരിച്ചോ, നമ്മുടെ സ്വയ താല്പര്യങ്ങൾക്കുവേണ്ടിയും നാം എടുക്കുന്ന തീരുമാനങ്ങൾ ദൈവത്തിന് അനിഷ്ടമോ എന്നു കൂടി തിരിച്ചറിയണം.
“യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു” (സദൃ 28:5).

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-ADVERTISEMENT-

You might also like