ലേഖനം: യഹോവയുടെ മന്ദിരം എന്നത് വ്യാജവാക്കോ? | രാജൻ പെണ്ണുക്കര

അനാഥോത്തിലെ പൗരോഹിത്യ പാരമ്പര്യത്തിൽ ജനിച്ചു വളർന്നവരിൽ തികച്ചും വ്യത്യസ്തനായ വ്യക്തിയാണ് “”വിലപിക്കുന്ന പ്രവാചകൻ”” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന യിരെമ്യാവ് എന്ന പ്രവാചകൻ.

ഒന്നാം അദ്ധ്യായത്തിൽ വായിക്കുന്ന പ്രകാരം  യഹോവ, യിരെമ്യാവിനെ  ജാതികൾക്കു പ്രവാചകനായി  നിയമിഞ്ഞിട്ട്, വലിയ ദൗത്യങ്ങൾ ഏൽപ്പിക്കുമ്പോൾ, യിരെമ്യാവ്  യഹോവയോട് പറയുകയാണ്,  “യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലൻ ആകുന്നു”. അതിന്നു യഹോവ “ബാലൻ എന്നു നീ  പറയരുതു;……….. എന്നു പറഞ്ഞിട്ട്; യഹോവ കൈ നീട്ടി അവന്റെ വായെ തൊട്ടു: തന്റെ വചനങ്ങളെ യിരെമ്യാവിന്റെ വായിൽ നൽകി”.

ദൈവത്തിന്റെ കൈവിരൽ തുമ്പിൻ സ്പർശനം വായിൽ ലഭിച്ച ലോകത്തിലെ മഹാനായ വ്യക്തി യിരെമ്യാ പ്രവാചകൻ തന്നെയെന്ന് പറയുന്നാതാകും അത്യുത്തമം.

യഹോവ, പല വ്യവസ്ഥകൾ യിരെമ്യാവിന്റെ മുൻപാകെ വെച്ചപ്പോഴും, അതിൽ പ്രവാചകൻ എടുത്തെഴുതിയ വരികളിൽ ഏറ്റവും പ്രസക്തവും, പ്രധാന്യമുള്ളതായും തോന്നിയത് യിരെ 15:19 വാക്യമാണ്. “നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും;….. ഞാൻ നിന്നോടുകൂടെ ഉണ്ട്”..

ഒന്നു ചോദിച്ചുകൊള്ളട്ടെ,  ഇപ്രകാരമുള്ള ദൈവീക കൈവിരൽ സ്പർശനം നമ്മളിൽ എത്ര പേർക്ക് ലഭിച്ചു, എത്ര പേർ യഥാർത്ഥ ദൈവശബ്ദം കേട്ടു, ദൈവീക ദർശനം കണ്ടു എന്ന് വർത്തമാന സാഹചര്യത്തിൽ വിലയിരുത്തേണ്ട അവസ്ഥ വന്നു ചേർന്നിരിക്കുന്നു എന്നു പറയാതിരിക്കാൻ വയ്യാ.

ഒരു വ്യക്തിയുടെ വായെ ദൈവം തൊട്ടാൽ പിന്നെ ആ നാവിൽ നിന്നും, കള്ളവും, അധമമായതും, ന്യായമില്ലാത്തതും, പക്ഷപാതകരമായ വാക്കുകളും പ്രവർത്തികളും വരുവാൻ പാടില്ല എന്നതല്ലേ പ്രമാണം. ഇതു മുൻകൂട്ടി കണ്ടതു കൊണ്ടായിരിക്കാം, പരിശുദ്ധത്മാവ് 15:19 വാക്യത്തിൽ “ഉത്തമായത്” മാത്രം വരണം എന്ന് എഴുതുവാൻ കാരണം.

അങ്ങനെ വീണ്ടും ഒരു ദിവസം യഹോവയിങ്കൽ നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ: “നീ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാൻ അല്ലെങ്കിൽ ആരാധിപ്പാൻ എന്നുപറഞ്ഞു ഈ വാതിലുകളിൽ കൂടി കടക്കുന്നവരായ എല്ലാ യെഹൂദന്മാരോടും യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചു പറയണം” (യിരെ 7 അദ്ധ്യായം).

ഇവിടെ പരിശുദ്ധത്മാവ് വിളിച്ചുപറയുന്നത്/ വരച്ചുകാട്ടുന്നത് ആലയത്തിന്റെ/ മന്ദിരത്തിന്റെ അകത്തുള്ള യഥാർത്ഥ ചിത്രമാണെന്ന കാര്യം മറക്കരുത്. അതായത് യിരെ 7:3-9 വരെയുള്ള വാക്യങ്ങൾ വായിച്ചാൽ, താഴെ പറയുന്ന പതിമൂന്ന് (13) കൂട്ടം പാപങ്ങൾ ആണ് യഹോവയുടെ സാന്നിധ്യം മന്ദിരത്തിനു പുറത്തു പോകുവാനുള്ള മുഖ്യ കാരണങ്ങൾ ആയി ചിത്രീകരിക്കുന്നത്.
“”നടപ്പ്””, “”പ്രവൃത്തികൾ””, “”ന്യായം നടത്തുന്നില്ല””, “”വ്യാജവാക്കുകൾ””, “”സാധുക്കളെ പീഡിപ്പിക്കുന്നു””, “”കുറ്റമില്ലാത്ത രക്തം ചിന്നിക്കുന്നു””, “”അന്യദേവന്മാരോടു ചേരുന്നു””, “”മോഷ്ടിക്കുന്നു””, “”കുലചെയ്യുന്നു””, “”വ്യഭിചാരം””, “”കള്ളസത്യം””, “”ബാലിന്നു ധൂപം കാട്ടുന്നു””, “”ദേവന്മാരോടു ചെന്നു ചേരുന്നു””.

ദൈവീക സാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കുകയും കൊട്ടിഘോഷിക്കുകയും ചെയ്യുന്ന നമ്മുടെ കൂടിവരവുകളിൽ ഈ പതിമൂന്ന് കൂട്ടം കാര്യങ്ങളിൽ കുറഞ്ഞപക്ഷം ഏതെങ്കിലും ഒരെണ്ണം എങ്കിലും വ്യക്തമായും ശക്തമായും കാണുവാൻ സാധിക്കുന്നില്ലേ!!!. അപ്പോൾ അവിടെ ദൈവീക സാന്നിധ്യം വാസ്തവത്തിൽ ഇറങ്ങിവരുമോ, ദൈവം അവിടെ അധിവസിക്കുമോ അഥവാ, നമ്മുടെ ആരാധനയുടെ വാസന ദൈവത്തിനു സൗരഭ്യമായി തോന്നുമോ എന്നീ ചോദ്യങ്ങൾക്ക്‌ ഉത്തരം ഉണ്ടോ???. അതൊ ദൈവം ഒന്നും കണ്ടില്ല കേട്ടില്ല എന്നു നടിച്ച്, അനുരഞ്‌ജനത്തിനും, വീട്ടുവീഴ്ച ചെയ്യുവാനും (Compromise) തയ്യാറാകുമോ?. ഉത്തരം ഒരിക്കലും ഇല്ല എന്നുതന്നെയല്ലേ!!.  അവന്റെ സ്വഭാവം അവനു മാറ്റുവാൻ കഴിയില്ലല്ലോ!!!!.

ദൈവീക സാന്നിധ്യം ഒട്ടും ഇല്ലാത്ത മന്ദിരത്തിന്റെ ഉള്ളിൽ പോലും യഹോവ, പ്രവാചകനെ കയറ്റാതെ വാതിലിൽ വരച്ച വരയിൽ തന്നേ തടഞ്ഞു നിർത്തി എന്ന കാര്യം മറക്കരുത്.  അതേ, അകത്തു നിൽക്കേണ്ടിയ പ്രവാചകൻ ഇന്നു വാതിലിനു പുറത്ത്. ഇവിടെ ഒരു മർമ്മം കൂടി പറയാം. നാം എവിടെ നിന്ന് സത്യം പറയണം എന്നു തീരുമാനിക്കുന്നത് ദൈവമാണ്, കാരണം ദൈവം സത്യവും നീതിയും ന്യായവും ആയിരിക്കെ അതു വിളിച്ചു പറയുവാൻ വേണ്ടി അതിനുള്ള സമയവും കാലവും സന്ദർഭവും ഉണ്ടാക്കേണ്ടിയ ചുമതല ദൈവത്തിന്റെതാണ് എന്നതാണ് വാസ്തവം.

അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യർ അകത്തുള്ളപ്പോൾ ദൈവം നിന്നേ പുറത്തു മാത്രമേ നിൽക്കുവാൻ അനുവദിക്കൂ എന്ന കാര്യം മറക്കരുത്.

യിരേമ്യവിന്റെ സ്ഥാനത്ത് നാം ആയിരുന്നെങ്കിൽ ഇതുതന്നെ ഏറ്റവും നല്ല അവസരം, നല്ല സ്റ്റേജ് എന്നു കരുതി ദൈവം പറഞ്ഞതിന് വിപരീതമായി അകത്തു പോയി കാര്യങ്ങൾ പറയുമായിരുന്നില്ലേ!!!.

ചില സത്യങ്ങൾ പറഞ്ഞാൽ നീ എന്നന്നേക്കുമായി പുറത്താകും സംശയം വേണ്ടാ. കൂടാതെ, ജനം അങ്ങനെ ഉള്ളവരോട് ചോദിക്കും, നീ വിഡ്ഢിയും, ഭോഷനായതുകൊണ്ടല്ലേ സത്യം പറയാൻ പോയത്, അത്രയൊന്നും കട്ടിയായ സത്യങ്ങൾ തുറന്നു പറയണ്ടായിരുന്നു, അതല്ലേ നിനക്ക് ഇന്ന് വെളിയിൽ നിൽക്കേണ്ടിയ അവസ്ഥ വന്നത്. മാത്രവുമല്ല, സത്യം പറഞ്ഞ യോഹന്നാസ്നാപകന്റെ തല താലത്തിൽ ഇരുന്നു നോക്കുന്നതും, കെരീത്ത് തോട്ടിൽ ഒറ്റപ്പെട്ടു ഒളിച്ചു കഴിയുന്ന ഏലിയാവിനെയും നിങ്ങൾ കാണുന്നില്ലേ!!.

എന്നാൽ ഇതേ ചോദ്യം നാം യിരെമ്യാവിനോടെ ചോദിച്ചാൽ, മറുപടി എന്തായിരിക്കും എന്നു നിങ്ങൾ ഊഹിച്ചിട്ടുണ്ടോ. യഹോവ എന്നെകൊണ്ട് സമ്മതിപ്പിച്ചു ചെയ്യ്പ്പിച്ചിരിക്കുന്നു, ബാക്കി മറുപടികൾ യിരെ 20:7-10 വരെയുള്ള വാക്യങ്ങളിൽ എഴുതിവെച്ചിരിക്കുന്നു.

ഇനിയും യിരെമ്യാ പ്രവാചകൻ വാതിലിൽ നിന്നും വിളിച്ചു പറയുന്ന വാക്കുകൾ കൂടി ഒന്നു ശ്രദ്ധിക്കുക….  ഈ ചോദ്യങ്ങളും വാക്കുകളും ആലയത്തിൽ ആരാധിക്കാൻ എന്നു പറഞ്ഞു പോകുന്ന നമ്മോടും, പരിശുദ്ധത്മാവ് ചോദിക്കുന്ന അല്ലെങ്കിൽ പറയുന്ന വാക്കുകൾ ആയി പ്രതിധ്വനിക്കട്ടെ എന്ന് ആശിച്ചു പോകുന്നു.

എന്നാൽ അതിലെ എല്ലാ ആശയങ്ങളും, മർമ്മങ്ങളും വിവരിക്കാൻ സ്ഥലകാല പരിമിതികൾ ഉള്ളതിനാൽ ചിലകാര്യങ്ങൾ മാത്രം ഇവിടെ ചർച്ച ചെയ്യുന്നു…

1.  “നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; അടുത്ത വാക്യത്തിൽ വീണ്ടും ഒന്നുകൂടി എടുത്തു പറയുന്നു, നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ “വാസ്തവമായി” നന്നാക്കുന്നുവെങ്കിൽ”,. ഇവിടെ പറയുന്ന “വാസ്തവമായി” എന്ന പദത്തിന് വളരെ പ്രസക്തി ഉണ്ടെന്ന കാര്യം മറക്കരുത്. അപ്പോൾ തുടക്കത്തിൽ തന്നേ ചൂണ്ടി കാണിക്കുന്ന പ്രശ്നം, നടപ്പും പ്രവർത്തിയും ശരിയായ ദിശയിൽ അല്ലാ എന്നല്ലേ!!. അഥവാ, നടപ്പ് ശരിയായ ദിശയിൽ ആണെങ്കിൽ തന്നേയും പ്രവർത്തി വേറെ ദിശയിൽ എന്നും, അതുപോലെ തിരിച്ചും എന്നോ അനുമാനിക്കാം. അവകൾ തമ്മിൽ ഒരു പൊരുത്തമോ സാമ്യമോ ഇല്ലാത്ത അവസ്ഥയിൽ രണ്ടു ധ്രുവത്തിൽ ആയി തീർന്നിരിക്കുന്നു എന്നല്ലേ യഥാർത്ഥത്തിൽ  അർത്ഥമാക്കുന്നത്?.

2.  “നിങ്ങൾ തമ്മിൽ തമ്മിൽ *ന്യായം* നടത്തുന്നുവെങ്കിൽ”.  പറയാൻ ഏറ്റവും എളുപ്പമാണെന്ന് നിങ്ങളും ചിന്തിക്കുന്നുണ്ടാകും. എന്നാൽ ഇന്ന് പലയിടത്തും കാണുവാൻ കഴിയാത്തതും, പ്രയോഗികമായി വളരെ പ്രയാസം ഏറിയ ചുമതലയാണ്  “ന്യായം” നടത്തുക എന്നത്. യഥാർത്ഥത്തിൽ ഇന്ന് ആലയത്തിൽ നിഷ്പക്ഷമായി, മുൻവിധി ഇല്ലാതെ, കറതീർന്ന നല്ല മനഃസാക്ഷിയോട് ന്യായം നടത്തുവാൻ ആർക്കെങ്കിലും സാധിക്കുന്നുണ്ടോ?. പ്രത്യേകിച്ച് ന്യായകർത്താവിന് ദോഷം വരുന്നതോ, അഥവാ പ്രയോജനം ഉണ്ടാകുന്ന വിധത്തിലോ ആണ് സംഗതിയുടെ കിടപ്പെങ്കിൽ, ഒരു ബലഹീന ഭാഗത്തിന്റെ ന്യായവും വാദവും മനഃപൂർവം മറിചുകളയില്ലേ!!. മാത്രവുമല്ല, അവരുടെ ഭാഗം ഒട്ടും കേൾക്കാതെ, അത്ര ഗൗരവമായി കാണാതെ, ഒരു സാമാന്യ മര്യാദ പ്രകാരം ചോദിക്കപോലും ചെയ്യാതെ തന്നേ കാര്യങ്ങൾ തീർപ്പാക്കി എടുക്കുന്നു എന്നു പറയുന്നതല്ലേ ശരി. അപ്പോൾ അവിടെ നടപ്പാകുന്നത് “ന്യായമോ”, “അന്യായമോ”??. ഇവിടെ എല്ലാ മനുഷ്യരും മറന്നു പോകുന്ന ഒരു വലിയ സത്യം; ഒരു വ്യക്തിക്ക്‌ ഹൃദയം പൊട്ടി കണ്ണിരോടെ  യഹോവയുടെ മന്ദിരത്തിൽ നിന്നും ഇറങ്ങി പോകേണ്ടിയ അവസ്ഥ ഉണ്ടാകുമ്പോൾ അവരോടുക്കൂടെ ദൈവ സാന്നിധ്യം കൂടെയാണ് മന്ദിരത്തിൽ നിന്നും പുറത്തു പോകുന്നതെന്ന സത്യം ആരും തിരിച്ചറിയുന്നില്ല എന്നതാണ് സങ്കടം.

3.  “പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും, കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും, നിങ്ങൾക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കിൽ”.

ആരേയും ദ്രോഹിക്കരുത്, ആരുടേയും കുറ്റമില്ലാത്ത രക്തവും, ഒരു തുള്ളി കണ്ണുനീരും, നെടുവീർപ്പും ആലയത്തിന്റെ ഉള്ളിൽ വീഴരുത്. അല്ലാ ആരെങ്കിലും വീഴിച്ചെങ്കിൽ കണക്കു പറയും സംശയം വേണ്ടാ. നാം ദൈവത്തെക്കാൾ ഉപരിയായി സഭയിലെ ഒരുവ്യക്തിക്കോ, കുടുബത്തിനോ ഒത്തിരി പ്രാധാന്യവും, പ്രാമുഖ്യവും, പരിഗണനയും, മുഖ്യസ്ഥാനവും കൊടുക്കരുത്. അവരാണ് സഭയുടെ നെടുംത്തൂൺ എന്ന തോന്നൽ  പോലും ഒരിക്കലും ഉണ്ടാകരുത്.

ആരുടെയും ഔദാര്യത്തിന്റെ അമികയറിൽ ആരും കേട്ടപ്പെട്ടു പോകരുത്. അങ്ങനെ മറക്കാനാവാത്ത ചില മാനുഷിക കടപ്പാടുകളുടേയും, ഭൗതീക ബാധ്യതകളുടെയും, നിർബന്ധത്താൽ ഉണ്ടാകുന്ന അടിമ നുകത്തിന്റ കീഴിൽ കേട്ടപ്പെട്ടു പോയാൽ അത് നിന്റെ കഴുത്തിൽ അന്യായബന്ധനങ്ങളുടെ വലിയ ഭാരം ഉള്ള ഇരിമ്പുനുകം (തടിയുടെ നുകമല്ല) ആയിമാറുന്നു.  മാത്രവുമല്ല നുകത്തെ നിയന്ത്രിക്കുന്ന അമിക്കയർ എപ്പോഴും നുകം വെച്ചുകെട്ടിയ വ്യക്തിയുടെ കൈയ്യിൽ ആയിരിക്കും, പിന്നെ അവർ വലിക്കുന്നപോലെയും, പറയുന്നപോലെയും മാത്രമേ നിനക്കൊന്ന് അനങ്ങുവാനോ, ചലിക്കുവാനോ സാധിക്കൂ എന്ന കാര്യം കൂടി ഓർക്കുക. ഇതിനെ മനുഷ്യ നിയന്ത്രണത്തിലുള്ള മനുഷ്യനെ പ്രസാദിപ്പിക്കുന്ന നുകം എന്നോ, ശുശ്രുഷ എന്നു പേർവിളിക്കാം (ഗലാ 1:10).

എന്നാൽ എന്നു നാം ഈ  നുകം കുടഞ്ഞു കളഞ്ഞു സ്വാതന്ത്രൻ ആകുന്നുവോ അന്നു മാത്രമേ നമ്മുടെ ശുശ്രുഷയും ആത്മീക ജീവിതവും ദൈവഹിതപ്രകാരം ആകുകയുള്ളു എന്ന മർമ്മം മറക്കരുത്. എന്നാൽ യേശു പറയുന്നു “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു” (മത്താ 11:30). ഇവിടെ നുകത്തിന്റ അമികയർ യേശുവിന്റെ കൈയ്യിൽ ആകുന്നു എന്നതാണ് സത്യം.

അങ്ങനെ അവർ പരസ്പരം ജീവിതത്തിലെ അല്ലെങ്കിൽ സഭയുടെ വിഗ്രഹം (അന്യദേവൻ) ആയി മാറുന്നു, പിന്നെ അവരുടെ വാക്കുകളും, ഉപദേശങ്ങളും, ഒത്താശകളും, താത്‌പര്യങ്ങളും മാത്രം മൂല്യമേറിയ സ്വർണ വാക്കുകൾ (Golden Words) ആയി മാറുന്നു. അവിടെ ദൈവീക ആലോചനകളും, സത്യങ്ങളും, ന്യായങ്ങളും നീതിബോധവും അപ്രത്യക്ഷമാകുന്നു, അഥവാ അപ്രധാനമായി വലിച്ചെറിയപ്പെട്ടു പോകുന്നു എന്നത് സ്വർഗ്ഗത്തിന് വേദയുണ്ടാക്കുന്നു. ഇത് വലിയ ആപത്താണെന്ന് വാതിലിൽ നിന്നു ഒരു പ്രവാചകൻ വിളിച്ചു പറയുന്ന ശബ്ദം കേൾക്കുന്നില്ലേ!!. കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ….

4.  “നിങ്ങൾ മോഷ്ടിക്കയും കുലചെയ്കയും….. കള്ളസ്സത്യം ചെയ്കയും….ബാലിന്നു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു”….
ഇതൊക്കെ വിശ്വാസികളുടെ ഇടയിലും നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു…

മോഷണം എന്നത് പണമോ, വസ്തുക്കളോ കൊള്ളായിടുന്നത് മാത്രമാണെന്ന് കരുതരുത്. എന്നാൽ “മോഷണം” എന്ന പദത്തിന്റെ നാനാർത്ഥങ്ങൾ, “അപഹരണം, കവർച്ച, കളവ്, അപരന്റെ അധ്വാനഫലം വേറൊരാൾ സ്വന്തമാക്കാൻ ശ്രമിക്കുക”, എന്നൊക്കെയാണ്. മറ്റുള്ളവരുടെ അവകാശങ്ങൾ, അധികാരങ്ങൾ, അവസരങ്ങൾ തട്ടിയെടുത്താൽ, തടഞ്ഞുവെച്ചാൽ, മറിച്ചു കളഞ്ഞാൽ അതും ഒരുതരം മോഷണവും, കുലയും തന്നേ എന്ന് നിർവചിക്കാതെ വയ്യാ. ചില സന്ദർഭങ്ങളിൽ പ്രശ്നങ്ങൾ വളരെ സങ്കീർണം ആകുമ്പോൾ കുറച്ച് അംഗങ്ങളെ (ആത്മക്കളെ) അടർത്തി മാറ്റി പുതിയ വേല തുടങ്ങുവാനുള്ള മോഹം പോലും ഉള്ളിൽ ചിന്തിച്ചിട്ടുണ്ടെങ്കിൽ അതും ഒരുതരം കവർച്ച/അപഹരണം, ആത്മാക്കളുടെ മോഷണം എന്നു തന്നേ വ്യാഖ്യാനിക്കാം. ഇതെല്ലാം മന്ദിരത്തിന്റെ ഉള്ളിൽ നടക്കുന്നത് കണ്ടിട്ട് യഹോവ ദൂരെ വാതിലിന് വെളിയിൽ നിൽക്കുന്ന കാഴ്ച്ച ആരും കാണുന്നില്ലേ?.

“”കള്ള”” എന്ന പദം മലയാളം വേദപുസ്തകത്തിൽ 112 തവണ ഉപയോഗിച്ചിരിക്കുന്നു, ഉദാ: കള്ളസത്യം, കള്ളസാക്ഷി, കള്ളനാവ് അങ്ങനെ തുടങ്ങി പലതും…. സത്യമായതിനെ മറച്ചുവെച്ച് അസത്യത്തിന്റെ നിറവും, ഭാവവും, രൂപവും, കൊടുത്ത് മാറ്റിയെടുത്തു വ്യാഖ്യാനിക്കുകയും, വളച്ചൊടിക്കയും ചെയ്യുന്നത് വലിയ പാപമാണ്. അതുപോലെ തിരിച്ചും നമ്മുടെ വിജയത്തിനുവേണ്ടി, നേട്ടങ്ങൾക്കുവേണ്ടി, നിലനിൽപ്പിനുവേണ്ടി കള്ളമായതിന് സത്യത്തിന്റ നിറവും, ഭാവവും, രൂപവും, വ്യാഖ്യാനവും കൊടുത്ത് വളച്ചൊടിക്കയും അതിനെ സത്യമാക്കി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതിനെ കള്ളസത്യം (തെറ്റായ സത്യം, ആണയിടീൽ) എന്നു പറയുന്നു. അങ്ങനെ ഒരിക്കലും മാറ്റരുത്, പറയരുത്, ചെയ്യരുത്. നാം ദൈവ സന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരിക്കണം എന്നു വചനം അനുശാസിക്കുന്നു.

ഇങ്ങനെയുള്ള  മ്ലേച്ഛതകളൊക്കെയും  ആലയത്തിന്റ ഉള്ളിൽ പ്രബലമായി നടന്നു കൊണ്ടിരിക്കെ തന്നേ, മന്ദിരത്തിൽ നമസ്കരിക്കാൻ പോയി നിന്നു കൊണ്ട് ഒരു കൂട്ടർ പരസ്പരം പറയുന്നത്, ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നല്ലേ!!! (7:10). ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ അവിടെ, ആരാധനയും, കിന്നരവും തപ്പും കൊട്ടി പാട്ടും, യാഗവും, സാക്ഷ്യം, വഴിപാടും, പ്രാർത്ഥനയും, സ്നേഹഭോജനവും, തുടങ്ങി എല്ലാം ആത്മീക വിഭവങ്ങളും കാണുന്നില്ലേ!!. എന്നാൽ  യഥാർത്ഥത്തിൽ യഹോവ ഇപ്പോൾ എവിടെ നിൽക്കുന്നു?.

ദൈവം വസിക്കാത്ത സ്ഥലത്തെ, നിരപ്പിന്റെ ശുശ്രുഷ മറന്നു പോയ ആലയത്തെ എങ്ങനെ യഹോവയുടെ മന്ദിരം (ദൈവം സന്നിധി) എന്ന് വിളിക്കും എന്ന് യഹോവ തന്നേ യിരെമ്യാവിനോട് ചോദിക്കുന്നു.

എന്നാൽ  ഇവരുടെ, ഒരുങ്ങിചമഞ്ഞുള്ള നിൽപ്പും, സംസാരവും, കോലാഹലങ്ങളും കേട്ടിട്ട് യഹോവ, യിരെമ്യാവിനോട് പറയുകയാണ്, നീ ഇങ്ങനെ തന്നേ വിളിച്ചു പറയണം,..

“”യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുതു.
എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു”” (7:11).

യഹോവക്ക് മന്ദിരത്തിന്റ ഇപ്പോഴത്തെ അവസ്ഥ അങ്ങനെ ആയിട്ടാണ് തോന്നിയതെങ്കിൽ, പിന്നെ നാം എന്തു നിർവചനവും പറഞ്ഞു സ്ഥാപിക്കാൻ നോക്കിയാലും പ്രയോജനം ഉണ്ടാകുമോ??.

എത്ര ദുഖകരമായ അവസ്ഥയിൽ ഇന്ന് യഹോവയുടെ മന്ദിരം ആയി തീർന്നിരിക്കുന്നു!!. ആരാണ് ഇതിനെല്ലാം ഉത്തരവാദികൾ??.
ആ ദൈവം തന്നേ ഇന്നും നമ്മോടു ചോദിക്കുന്നു നാം ഏതു മന്ദിരത്തിൽ ആരാധന കഴിക്കാൻ പോകുന്നു. നന്നായി ചിന്തിക്കുക…
നമ്മുടെ പ്രയാണം എങ്ങോട്ട്….

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.