കവിത: കതിർമണി | രാജൻ പെണ്ണുക്കര

കതിർമണി വിളയും വയലൊന്നു കാണാൻ
വരമ്പിലൂട് ഓടുവാനൊരു മോഹം…

post watermark60x60

ഇലഞ്ഞിപ്പൂവിൻ സുഗന്ധം തഴുകിവരും
കുഞ്ഞിക്കാറ്റിൻ തലോടൽ
അറിയാതേകി എൻമേനിയാകെ
ഉന്മേഷത്തിൽ കുളിർ….
അറുപതു കഴിഞ്ഞെന്നൊരു സത്യം
മറന്നുപോയി തെല്ലുനേരം
അറിയാതെ എൻമനം അലിഞ്ഞുപോയെൻ
ബാല്യകാല സ്‌മൃതിയിൻ താളുകളിൽ…

പണ്ടെന്നോ ഓടിപാഞ്ഞ വരമ്പുകൾ…
അച്ഛൻ അപ്പൂപ്പന്മാർ നടന്ന കാൽപ്പാടുകൾ
ഇന്നു കാണുവാൻ ആകുന്നില്ലൊട്ടുമേ….

Download Our Android App | iOS App

ഇളം മഞ്ഞിൽ ഈറൻ അണിഞ്ഞ നെൽച്ചെടികൾ
കുമ്പിട്ടു നിൽക്കുന്നു നാണിച്ചു ചുറ്റും!!
വിങ്ങിപൊട്ടി നിൽക്കുമാ.. മഞ്ഞുത്തുള്ളിയിൻ ഭാരം
താങ്ങുവാൻ ആവാതല്ലേ കതിരിനും!!.
തെന്നിളം കാറ്റിൽ ഓളം വരക്കുന്ന
നെൽച്ചെടികൾ ചുറ്റിലും!!

തെങ്ങോലയിലിരുന്ന് ഊഞ്ഞാലാടുന്ന
കുഞ്ഞിക്കുരുവികൾ….
അങ്ങകലെ ഓല തുമ്പിൽ തൂങ്ങിയാടുന്നു
ബഹുതരം കൂടുകൾ
കതിർ മണികൾ കൊത്തി പറന്നുയരുന്നു
കുരുവികൾ കൂട്ടം കൂട്ടമായി..

കൊറ്റികൾ കൂട്ടമായി ചിത്രം വരക്കുന്ന
ഗഗന വീഥികൾ…
കുശലം പറഞ്ഞവർ പറന്നകലുന്നു
കണ്ണെത്താ ദൂരം തേടി…

ദൂരെയെങ്ങോ തേന്മാവിൻ കൊമ്പിലിരുന്ന്
ഇണമായ് പാടുന്ന ഗാനകൊകിലങ്ങൾ..
മാമരക്കൊമ്പിൽ കൊഞ്ഞണം കാട്ടുന്ന
തത്തമ്മയും കൂട്ടുകാരും…
കൊത്തി പൊളിക്കുന്നു നെൽമണി
കതിരുകൾ കുഞ്ഞു മക്കൾക്കായി..
വട്ടത്തിൽ പറക്കുന്ന കഴുകന്റെ കണ്ണുകൾ
മൂഷികനെ തേടി…

കാലൊച്ച കേട്ടപ്പോ.. ചാടി മറയുന്ന തവള കൂട്ടങ്ങൾ
എത്തിനോക്കുന്നു ജലപരപ്പിൽ കുറെ
ചേറുമീനും കുഞ്ഞുങ്ങളും
നിഴലാട്ടം കണ്ടവർ ഊളിയിട്ട് ഒളിക്കുന്നു
വെള്ളത്തിൻ അഗാധതയിൽ..

പ്രാതലിൻ സമയം വിളിച്ചോതുന്ന
ആദിത്യൻ അകലെ….
കപ്പപ്പുഴുക്കും കഞ്ഞിയും അസ്ത്രവും
കഴിക്കുവാനെത്തുന്നു
ഏർമാടത്തിൻ തണലിൽ അവർ….
നാവിൽ തുമ്പിൽ ഇന്നും ഊറുന്നു
കാന്താരി മുളകിൻ എരിവും,
പ്ലാവില കുമ്പിളിൽ തുളുമ്പി നിൽക്കുമാ..
കഞ്ഞിവെള്ളത്തിൻ രുചിയും..
ഉച്ചവെയിലിൻ ക്ഷീണം തീർക്കുവാനെത്തുന്ന
മോരുവെള്ളത്തിൻ മണ്‍കലം…
അങ്ങകലെ കാണാം മൊട്ടത്തലപോൽ
മുഞ്ഞ വീണ പാടശേഖരം….

ഇന്നു ഞാൻ തിരഞ്ഞു പണ്ടെറിഞ്ഞ കല്ലുകളെ
ഒന്നു ഞാൻ ഓർത്തുപോയി കല്ലെറിഞ്ഞ നാളുകൾ..
ഒന്നു ഞാൻ ആശിച്ചുപോയി എന്നിനി ലഭ്യമോ
ആ നല്ല നാളുകൾ..

ചേറ്റിൻ ഗന്ധമിന്നും തുളച്ചു കയറുന്നെൻ
സിരകളിൽ..
പണ്ടെന്നോ കേട്ട കർഷക പാട്ടിന്റെ
വരികൾ ഇന്നും അലയടിക്കുന്നെൻ കാതുകളിൽ …

ഇതുപോൽ ഒരുനാൾ കടന്നുപോയി
എൻ അരുമ നാഥനും ശിഷ്യരും…
വിശന്നു പൊരിഞ്ഞിട്ടവർ പറിച്ചുവല്ലോ
രണ്ടു കതിർമണി…
വിമർശനം ഓതുവാൻ അന്നും ഒത്തുകൂടി
ചില പരീശരും കൂട്ടരും….

അരുമ നാഥനിൻ ദിവ്യസ്പർശനം ലഭ്യമോ
എന്നാശിച്ചുപോയി അതിൽ ഒരു കതിർമണി…

ഒന്നു ഞാൻ അറിയുന്നു,
അതുപോലൊരു കതിർമണിയായി
തീർന്നതിനാൽ ഇന്നു ഞാനും ഭാഗ്യവാൻ…

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like