ലേഖനം: ആഗൂരിന്റെ പ്രാർത്ഥന | രാജൻ പെണ്ണുക്കര

തികച്ചും അസാധാരണവും, കേട്ടിട്ടില്ലാത്തതുമായ ഒരു ഭക്തന്റെ പ്രാർത്ഥന ശൈലി. എന്നാൽ എത്രയോ അർത്ഥവത്തായതും നാമെല്ലാവരും ജീവിതത്തിൽ പ്രവർത്തീകം ആക്കേണ്ടിയതുമായ പ്രാർത്ഥനാവാചകങ്ങൾ. “”വ്യാജവും ഭോഷ്ക്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ”” (സദൃ 30:8).

വ്യാജം എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ, സൂത്രം, കൃത്രിമമായാത്, കള്ളം, കാപട്യം, സത്യം ഇല്ലാത്തത്, നാട്യം (Falsehood).
*ഭോഷ്ക്ക്‌* എന്നാൽ, കള്ളം പറയുക, വഞ്ചന, നുണ, കബളിപ്പിക്കുക, അസത്യം (Lies).

ഒറ്റ അദ്ധ്യായത്തിൽ മാത്രം വന്നു പോയ “ആഗൂർ” എന്ന കഥാപാത്രം/എഴുത്തുകാരൻ, അത്ര ദാരിദ്രനോ സാധാരണക്കാരനോ, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവനോ ആയിരിക്കും എന്ന് തോന്നുന്നില്ല. തികച്ചും വ്യത്യസ്തമായ ശൈലിയും, ചിന്താഗതിയും, മനോഭാവവും ഉള്ള വ്യക്തി എന്നു പറയുന്നതാകും അല്പംകൂടി ഉത്തമം. ആഗൂർ തന്റെ പ്രാർത്ഥന ആരംഭിക്കുന്നതിനുമുൻപേ തന്നേ ബുദ്ധിയും ജ്ഞാനവും ഇല്ലാത്തവൻ എന്ന്  സ്വയമേ സമ്മതിച്ചുകൊണ്ട്, ഉള്ളിലെ സങ്കടങ്ങളും ആവലാതികളും, കുറെയേറെ ചോദ്യങ്ങളുമായി ദൈവത്തോടു പറയുന്ന പ്രാർത്ഥന വാചകമാണ് നാം മുകളിൽ വായിച്ചത്. അദ്ദേഹം ഇങ്ങനെ എഴുതുവാനുള്ള ചേതോവികാരം എന്തായിരിക്കും?. ഏതായാലും തന്റെ ഹൃദയ പരമാർത്ഥത ആയിരിക്കും 33 വാക്യങ്ങളിൽ ഒതുക്കി ഇത്രമാത്രം മൂല്യവും തൂക്കവും ഉള്ള സത്യങ്ങൾ ധൈര്യത്തോടെ എഴുതുവാൻ  പ്രേരിതമായ ഘടകം എന്നു തോന്നിപോകുന്നു.

ഏതുമനുഷ്യനും പല പ്രാഥമീക ആവശ്യങ്ങളും, മൗലീക അവകാശങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായതല്ലേ നിത്യവൃത്തി അല്ലെങ്കിൽ അന്നന്നത്തെ ആഹാരം (Daily Bread).  അതിനു വേണ്ടിയല്ലേ എല്ലാവരും ദിനരാത്രം ഓടുന്നതും രാപ്പകൽ അധ്വാനിക്കുന്നതും. അതായത് ദാരിദ്രം ഇല്ലാത്ത അവസ്ഥ എല്ലാ മനുഷ്യരും സ്വപ്നം കാണാറില്ലേ, അത് അവന്റെ അവകാശമല്ലേ??. എന്നാൽ പലപ്പോഴും ലക്ഷ്യവും ഉദ്ദേശവും തെറ്റി ഓടുമ്പോൾ അല്ലേ അപകടത്തിൽ പെട്ടുപോകുന്നത്.

പ്രഥമ ദൃഷ്ടിയിൽ എല്ലാ മനുഷ്യരും  അഭിമുഖികരിക്കുന്ന മൂന്നു വിധത്തിലുള്ള ദാരിദ്രങ്ങൾ, ആഹാരത്തിന്റ ദാരിദ്രം, സാമ്പത്തിക ദാരിദ്രം,  ആരോഗ്യത്തിന്റ ദാരിദ്രം എന്നിവയല്ലേ. ദാരിദ്രം ഇല്ലാതാകണമെങ്കിൽ സമ്പത്ത് (ധനം/പണം) വേണം. ജീവിതത്തിൽ ദാരിദ്രം വന്നാൽ എങ്ങനെയെങ്കിലും സമ്പത്ത് ഉണ്ടാക്കണം എന്ന അതിമോഹം തനിയെ ഉണ്ടാകില്ലേ?. പണം ഇല്ലാത്തവൻ പിണം, പണമാണ് പരമപ്രധാനം, പണം തന്നെ ഗുണം, പണമെന്നുള്ളത് കൈയിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും, പണമുള്ളവന് ഗുണമില്ല, ഗുണമുള്ളവന് പണമില്ല എന്നൊക്കെയല്ലേ സാധാരണ നാട്ടിൽ പറയാറുള്ളത്.

അന്യായമായും, എളുപ്പത്തിലും, അധികം അധ്വാനിക്കാതെയും വിയർക്കാതെയും പെട്ടന്ന് ധനം സമ്പാദിക്കുവാനുള്ള അത്യാര്‍ത്തിയാണ് വലിയ പ്രശ്നം, അതിന് വ്യാജവും ഭോഷ്ക്കും അത്യന്താപേക്ഷിതം തന്നേ. ഇന്നത്തെ ഏതു മേഖല നോക്കിയാലും സുലഭമായി കാണുവാൻ സാധിക്കുന്ന രണ്ടു ഘടകങ്ങളും ഇതു തന്നെയല്ലേ!!.

ഇതു മുൻകൂട്ടി കണ്ടതു കൊണ്ടോ അഥവാ അന്നും ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടായിരുന്നതു കൊണ്ടോ, അതൊ അങ്ങനെയുള്ള ആരെയെങ്കിലും ജീവിതത്തിൽ കണ്ടുമുട്ടിയതു കൊണ്ടോ ആയിരിക്കും തികച്ചും കേട്ടിട്ടില്ലാത്ത ഇതുപോലൊരു വിശിഷ്‌ടവും വിചിത്രവുമായ പ്രർത്ഥന നടത്തുവാൻ ആഗൂരിന്റെ ഉള്ളിൽ ആത്മപ്രേരണ ഉണ്ടായതെന്ന് അനുമാനിക്കാം. ഇത് എല്ലാവർക്കും ഒരു മുന്നറിയിപ്പ് കൂടിയായി കരുതാമല്ലോ!!!.

ഇത്രയും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇതിനൊരു കുറവും, മാറ്റവും വന്നില്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖവും അതിശയം തോന്നുന്നുവോ??.

ഒരു ദൈവ പൈതലിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലും പ്രവർത്തിയിലും അകറ്റി (ദൂരെ) നിർത്തേണ്ടിയ പ്രധാനമായ രണ്ടു കാര്യങ്ങൾ അല്ലേ “”വ്യാജവും, ഭോഷ്ക്കും””. ഇവ നമ്മോട് വളരെ അടുത്തു നിൽക്കുന്നതു കൊണ്ടാകാം “”അകറ്റിനിർത്തേണമേ”” എന്ന് ആഗൂർ ഊന്നി പ്രാർത്ഥിക്കുവാനുണ്ടായ സാഹചര്യം. അല്ലാ.. നാം ദൈവ പൈതൽ എന്ന് അവകാശപ്പെട്ടുകൊണ്ട്, ഇവയെ താലോലിച്ചു കൂടെ കൊണ്ടുനടക്കുന്നു എങ്കിൽ യഥാർത്ഥത്തിൽ നമ്മുടെ പിതാവിന്റെ പേര് എന്തായിരിക്കുമെന്ന് വ്യക്തമായി യോഹ 8:44 ൽ പറഞ്ഞിരിക്കുന്ന കാര്യം മറന്നുപോകരുത്. ഇവ നമ്മോട് അടുത്താൽ ദൈവത്തേ മറക്കുവാനും അഥവാ നിഷേധിക്കാനും, ദൈവനാമം ദുഷിക്കപ്പെടാനും സാധ്യതകൾ വളരെയാണ്. അതുകൊണ്ട്, ഒത്തിരി സമ്പത്തും, പേരും പെരുമയും പ്രശസ്തിയും ഒന്നും നമുക്ക് വേണ്ടാ, വ്യാജവും ഭോഷ്ക്കും എന്നോടു അടുക്കാതെവണ്ണം അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും തരരുതേ എന്നുള്ളത് മാത്രം ആയിരിക്കട്ടെ നമ്മുടെ പ്രാർത്ഥന.

ഇന്നത്തെ എല്ലാ തലങ്ങളിലും പ്രത്യകിച്ച് ആത്മീക ലോകത്തും ഈ രണ്ടു ദുർഗ്ഗുണങ്ങളും ചേർന്ന പലരേയും കാണുവാൻ കഴിയും. ഇങ്ങനെ ഉള്ളവർക്ക് എല്ലാവിധ ശുശ്രുഷകളും ഉണ്ട്, ആരാധനയുണ്ട്, സ്റ്റേജ് തകർക്കാനും മിടുക്കന്മാർ, പ്രധാനമായും പ്രവചനവും എന്നതാണ് അതിശയം. അങ്ങനെയുള്ളവർ ദൈവഭക്തിയെ ആദായസൂത്രം എന്നു വിചാരിച്ച്, വലുതായ ആദായ മാർഗ്ഗം ആകുന്നുതാനും (1തിമൊ 6:5-6). അപ്പോൾ ആഗൂരിന്റെ പ്രാർത്ഥനയ്ക്ക് ഇവിടെ എന്തു വിലയും പ്രസക്തിയുമാണ് ഉള്ളതെന്ന് നിങ്ങൾക്കും തോന്നുന്നില്ലേ!!!!.

ഇതൊരു വ്യാപാര ശക്തിയാണ്, വ്യാജത്തിന്റെയും ഭോഷ്ക്കിന്റെയും ആത്മാവ്, വഞ്ചനയുടെ ആത്മാവ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ? (2 തെസ്സ 2:12, 1 യോഹ 4:6). ഭോഷ്ക്ക്‌ വായിൽ വന്നാൽ, വലങ്കൈയിൽ വ്യാജവും നിറഞ്ഞിരിക്കും എന്നു സങ്കീ 144:8 ൽ പറയുന്നു. വ്യാജത്തിനും ഭോഷ്ക്കിനും വിജയം പെട്ടെന്നായിരിക്കും, പക്ഷേ “”വ്യാജത്തിനും ഭോഷ്ക്കിനും അധിക നാളത്തെ ആയുസ്സില്ലാ”” എന്ന് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവ് പറഞ്ഞകാര്യം മനുഷ്യൻ മറന്നുപോകുന്നു.

പലപ്പോഴും, “”വ്യാജവും, ഭോഷ്ക്കും, കൗശലവും, സൂത്രവും”” മനസ്സിൽ വെച്ചുകൊണ്ട് ദൈവ നാമത്തിൽ എന്നു പറഞ്ഞു പലകാര്യങ്ങൾ ചെയ്തു കൂട്ടുമ്പോൾ ഒരുകൂട്ടർ വിചാരിക്കുന്നത്, ദൈവത്തിന്റെ സ്പെഷ്യൽ കൈയൊപ്പും, പൂർണ്ണ അംഗീകാരവും, പിന്തുണയും ഉണ്ടെന്നും, എപ്പോഴും എല്ലാത്തിലും ദൈവം അവരുടെ കൂടെയാണ് എന്നൊക്കെയല്ലേ!!!.  എന്നാൽ നിങ്ങൾക്ക് തെറ്റുപറ്റി. തീർച്ചയായും, ദൈവം പോലും ഇവരെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും:
“”നിങ്ങൾ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ?”” (ഇയ്യോ 13:7).

യഥാർത്ഥത്തിൽ ദൈവം നമ്മേ കുറിച്ച് ആഗ്രഹിക്കുന്നതും, ദൈവവചനം നമ്മേ ഉപദേശിക്കുന്നതും എന്തെന്ന് നാം തിരിച്ചറിയണം.
“”വ്യാജത്തിന്നു മനസ്സുവെക്കരുത്…
“”ഭോഷ്കു ഉപേക്ഷിച്ചു സത്യം മാത്രം സംസാരിപ്പിൻ….
“”വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;…
“”വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു;
“”വ്യാജം പറയുന്ന നാവോ മാത്ര നേരത്തേക്കേയുള്ളു (സദൃ 12:19).

“”സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.””
“”സത്യം പറയുന്ന അധരം എന്നേക്കും നിലനിൽക്കും.””
“”എന്റെ അധരം നീതികേടു സംസാരിക്കയില്ല;
എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല (ഇയ്യോ 27:4).
ഇതാകട്ടെ ഇനിയും നമ്മുടെ ദൃഡപ്രതിജ്ഞ…

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.