ലേഖനം: അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള ഒരു ചിന്ത – ഭാഗം 1 | റോഷൻ ബെൻസി ജോർജ്

അവ്വണ്ണംതന്നെ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.” (ലൂക്കൊസ് 21: 31) [1]

post watermark60x60

ലളിതമായി ചിന്തിച്ചാൽ യേശുക്രിസ്തുവിന് ശേഷമുള്ള കാലത്തെയാണ് ബൈബിൾ ‘അന്ത്യനാളുകൾ’ എന്ന് വിശേഷിപ്പിക്കുന്നത്, അത് ഒന്നാം നൂറ്റാണ്ടുമുതൽ തുടങ്ങിയിരുന്നു. അപ്പൊസ്തല പ്രവൃത്തികൾ 2-ൽ, പെന്തക്കോസ്തു ദിവസത്തിൽ നിവർത്തിക്കപ്പെടുന്നത് യോവേൽ പ്രവാചകന്റെ പുസ്തകത്തിൽ ഉള്ള അന്ത്യ നാളുകളിലെ പ്രവചനങ്ങൾ ആണ് എന്ന് പത്രോസ് ജനത്തോട് പറയുന്നു. അങ്ങനെയാണെങ്കിൽ ശെരിയായി പറഞ്ഞാൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ‘അന്ത്യകാലം’ എന്ന വാക്ക്, അന്ത്യനാളുകളിലെ അന്ത്യ സമയങ്ങളെ ആണ് കുറിക്കുന്നത്. എന്നാൽ ലേഖനം ലളിതം ആകുവാൻ വേണ്ടി സാധാരണ ഉപയോഗിക്കുന്ന രീതിയിൽ തന്നെയാണ് ‘അന്ത്യകാലം’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.

പല അന്ത്യകാല പ്രവചനങ്ങൾ എടുത്തുനോക്കിയാൽ ചിലതിന് പണ്ട് നടന്നതും ഇപ്പോൾ നടക്കുന്നതുമായ കാര്യങ്ങളോട് സാമ്യമുണ്ട്. ഒലിവുമല ചർച്ചകൾ (മത്തായി 24: 3 – 25:26, മർക്കൊസ് 13, ലൂക്കൊസ് 21) അങ്ങനെയുള്ള പ്രവചനങ്ങളിൽ ഒന്നാണ്. ഈ അധ്യായത്തിന് പലതരം വ്യാഖ്യാനങ്ങൾ ഉണ്ട്, അതുകൊണ്ട് ഒരു വിശാല പഠനത്തിന് മാത്രമേ ഈ പ്രവചനങ്ങളുടെ ശരിയായ അർത്ഥം മനസ്സിലാക്കിത്തരികയുള്ളൂ. എന്നാൽ ഈ ലേഖനത്തിൽ ചില വാക്യങ്ങൾ മാത്രമേ എടുത്തു പഠിക്കുന്നുള്ളൂ.

Download Our Android App | iOS App

യേശുവിന്റെ മടങ്ങി വരവിനെ കുറിച്ചും അന്ത്യകാലത്തെ കുറിച്ചും ഉള്ള അടയാളങ്ങൾ യേശുക്രിസ്തുവിനോട് തന്റെ ശിഷ്യന്മാർ ചോദിച്ചപ്പോൾ, ആദ്യമായി യേശുക്രിസ്തു പറയുന്നത് എന്തെല്ലാം അടയാളങ്ങൾ അല്ല എന്നാണ്.

“അതിനു യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയുംകുറിച്ചു കേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതുതന്നെ; എന്നാൽ അത് അവസാനമല്ല…” (മത്തായി 24: 4-6) [1]

അതായത് യേശുക്രിസ്തുവിനെ വാക്കുകളിൽ പലരെയും വഞ്ചിക്കുന്ന കള്ള ക്രിസ്തുക്കളുടെയും കള്ള പ്രവാചകന്മാരുടെയും വരവ് അത്യകാലത്തെ കുറിക്കുന്നതല്ല. അത്രയുമല്ല ലോകത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം നടക്കുന്ന യുദ്ധങ്ങൾ, അന്ത്യകാലം തൊട്ട് അടുത്തിരിക്കുന്നു എന്ന് പറയുന്ന അടയാളങ്ങൾ അല്ല, കാരണം യേശുക്രിസ്തു ആ വാക്യത്തിൽ പറയുന്നത് “എന്നാൽ അത് അവസാനമല്ല” എന്നാണ്. എങ്കിൽ എന്താണ് അന്ത്യകാല അടയാളങ്ങൾ എന്ന ചോദ്യം ഇത് ഉയർത്തുന്നു. ഈ ചോദ്യത്തിന് ഉത്തരം യേശുക്രിസ്തു തുടർ ഭാഗങ്ങളിൽ പറയുന്നു.

“ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. 8എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.” (മത്തായി 24: 7-8) [1]

ഇവിടെ യേശുക്രിസ്തു വ്യക്തമായി പറയുന്നു ഈ സംഭവങ്ങളാണ് ആരംഭം എന്ന്. പല രാജ്യങ്ങൾ തമ്മിൽ ശത്രുതയും യുദ്ധങ്ങളും, ഭൂമിയുടെ പല ഭാഗങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമങ്ങളും എന്നാണ് ഇത് വായിക്കുമ്പോൾ കിട്ടുന്ന ലളിതമായ അർത്ഥം. ഇതൊക്കെ മനുഷ്യന്റെ ചരിത്രത്തിലുടനീളം ഉണ്ടായിരുന്നെങ്കിലും, വളരെ കൂടുതലായി സംഭവിച്ച ഒരു കാലഘട്ടം ഉണ്ട്. അത് ഇരുപതാം നൂറ്റാണ്ട് (1900 – 2000 ഏ. ഡി.) ആയിരുന്നു. ചരിത്രത്തിൽ ആദ്യമായി ലോകത്തിലെ എല്ലാ രാജ്യങ്ങളും കൂട്ടു കെട്ടി തമ്മിൽ യുദ്ധങ്ങൾ നടത്തിയതിന് ഒന്നാം ലോകമഹായുദ്ധം (1914 – 1918), രണ്ടാം ലോകമഹായുദ്ധം (1939 – 1945) നടന്ന കാലഘട്ടങ്ങൾ സാക്ഷ്യംവഹിച്ചു. അതുകൊണ്ടാണ് ഇതിനെ ‘ലോകമഹായുദ്ധം’ എന്ന് വിളിക്കുന്നത്.

ക്ഷാമങ്ങളും മഹാവ്യാധികളും മനുഷ്യന്റെ ചരിത്രത്തിന്റെ ഭാഗമാണെങ്കിൽ തന്നെയും അത് ലോക യുദ്ധത്തോട് കൂടെ സംഭവിക്കുമ്പോൾ അതിന് ഒരു പ്രവാചക അർത്ഥമുണ്ട്. അതെ, ഇരുപതാം നൂറ്റാണ്ടിൽ ലോകമഹായുദ്ധങ്ങളും ക്ഷാമങ്ങളും പകർച്ചവ്യാധികളും പല സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിതഫലം ആയി 1921-ൽ റഷ്യൻ ക്ഷാമവും, ഗവൺമെന്റ് പോളിസികളുടെ പരിണിതഫലമായി 1951-ൽ ഉണ്ടായ വലിയ ചൈനീസ് ക്ഷാമവും ഇരുപതാം നൂറ്റാണ്ടിലെ വലിയ ക്ഷാമങ്ങൾ ആയിരുന്നു. പകർച്ചവ്യാധികളുടെ കാര്യമെടുക്കുകയാണെങ്കിൽ, ലോക ചരിത്രത്തിൽ തന്നെ ഏറ്റവും വിനാശം വിതച്ച സ്പാനിഷ് ഫ്ലൂ 1918-ൽ ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞാണ് ഉണ്ടായത്. മറ്റൊരു കാര്യം, വേൾഡ് അറ്റ്ലസ് പ്രകാരം ലോകചരിത്രത്തിലെ ഏറ്റവും മരണ നിരക്കുള്ള ആദ്യ പത്ത് പകർച്ചവ്യാധികളിൽ എട്ട് എണ്ണം സംഭവിച്ചത് 1880 തൊട്ടുള്ള സമയത്താണ് [2]. ഉറപ്പായും പകർച്ചവ്യാധികൾ ഉണ്ടായ വർദ്ധനവ് അന്താരാഷ്ട്ര യാത്രകൾ കൊണ്ടും ബന്ധങ്ങൾ കൊണ്ടും ആണ്, പക്ഷേ ഇവയെല്ലാം സംഭവിച്ചു. അത്രയുമല്ല, സ്പാനിഷ് ഫ്ലൂവിന് ഏകദേശം 100 വർഷം കഴിഞ്ഞിട്ട്, 2019-ൽ, കോവിഡ്-19 ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിച്ച മഹാമാരിയായി മാറി.

ഭൂകമ്പങ്ങളുടെ കാര്യം ഇതിലും അത്ഭുതകരമാണ്. ഗ്ലോബൽ ഹിസ്റ്റോറിക്കൽ എർത്ത് ക്വവെക് ആർകൈവിൽ റിച്ചർ സ്ക്കെൽ 7 മുകളിലോട്ട് ഉള്ള (അതായത്, എല്ലാവരും അറിയുന്ന തീവ്രത കൂടിയ) ഭൂകമ്പങ്ങളിൽ ഏ. ഡി. 1000 തൊട്ട് 1903 വരെ (ഏകദേശം 900 വർഷ ഇടവേളയിൽ) കണക്കിൽ ഉള്ളത് വെറും 994 ഭൂകമ്പങ്ങൾ മാത്രമാണ് [3]. പക്ഷെ ഇതിന് ഘടക വിപരീതമായി, ഏകദേശം 100 വർഷ ഇടവേളയിൽ 1098 ഭൂകമ്പങ്ങൾ സംഭവിച്ചു 1903 തൊട്ട് 2000 വരെ ഉള്ള കാലഘട്ടത്തിൽ [4]. ഇന്റർനാഷണൽ സീസ്മോളജിക്കൽ സെന്റർ കണക്കുകളിൽ അനുസരിച്ച് 1900 തൊട്ട് 1979 വരെ 970 ഭൂകമ്പങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് [5]. വേറെ വാക്കിൽ പറഞ്ഞാൽ, ഇരുപതാം നൂറ്റാണ്ടിൽ ഭൂകമ്പങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. ലോക ചരിത്രത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ 20 ഭൂകമ്പങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ ആയിരുന്നു എന്ന് യുഎസ് ജിയോളജിക്കൽ സർവേയും രേഖപ്പെടുത്തുന്നു [6]. ഭൂമിയുടെ ചലനങ്ങൾ ക്രമാതീതമായി ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നിട്ടുണ്ട്, 2020 തൊട്ട് 2021 വരെ 312 എണ്ണം കൊണ്ട് അത് ഇപ്പോഴും തുടരുകയാണ് [4].

ലോകത്തിൽ ഒരു അനർത്ഥം വരുമ്പോൾ മനുഷ്യർ എന്ന നിലയിൽ വിഷമം തോന്നും. പക്ഷെ, ഇതെല്ലാം കാണിക്കുന്നത് യേശുക്രിസ്തു പറഞ്ഞ ഒളിവുമല ചർച്ചക്കളുടെ വ്യാപ്തിയാണ്, ഇതെല്ലാം നമ്മെ വിരൽചൂണ്ടി കാണിക്കുന്നത് യേശുക്രിസ്തുവിലേക്കും, യേശുക്രിസ്തുവിന്റെ മടങ്ങി വരവിലേക്കുമാണ്, എന്തെന്നാൽ നമ്മുടെ വീണ്ടെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നു.

റോഷൻ ബെൻസി ജോർജ്

References
1. Malayalam Bible (BSI).
2. WorldAtlas. The 10 Worst Epidemics in History.
3. Albini, P., et al., (2013). Global historical earthquake archive and catalogue (1000-1903).
4. US Geological Survey (USGS). Web-based Interactive Earthquake Map.
5. Storchak, D.A., et al. (2013). ISC-GEM Global Instrumental Earthquake Catalogue (1900-2009).
6. US Geological Survey (USGS). 20 Largest Earthquakes in The World.

-ADVERTISEMENT-

-ADVERTISEMENT-

You might also like