ലേഖനം: യുദ്ധതന്ത്രങ്ങളും ആയുധങ്ങളും | രാജൻ പെണ്ണുക്കര

ഒരു ചിത്രകാരൻ പടം വരയ്ക്കുന്ന പോലെ, തന്നേ ഉപദ്രവിക്കുന്ന ഒരു കൂട്ടത്തിന്റ പദ്ധതികളുടെ വ്യക്തമായ ചിത്രമാണ് സങ്കിർത്തനക്കാരൻ 55-ൽ വരച്ചു കാട്ടുന്നത്. കൂടാതെ സങ്കിർത്തനക്കാരന്റ ഉള്ളിലെ സഹിക്കാനാവാത്ത വേദന നിറഞ്ഞ വാക്കുകൾ പോലെയല്ലേ 56:5 വായിച്ചാൽ തോന്നുന്നത്, “”ഇടവിടാതെ *അവർ* എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു””.

അതാ അങ്ങോട്ട് നോക്കു… വലിയ ആരവം ഇട്ടും, പൊറുതി മുട്ടിച്ചും, മനഃപൂർവം നീതികേടു ചുമത്തിയും ഉപദ്രവിക്കുവാൻ വേണ്ടി രാവും പകലും ചുറ്റി മതിലുകളിന്മേൽ സഞ്ചരിച്ചും, ഇടവിടാതെ വിഴുങ്ങുവാൻ ഭാവിച്ചും,  ഇടവിടാതെ പൊരുതു ഞെരുക്കിയും, കൂട്ടംകൂടി ഒളിച്ചിരുന്ന്;  കുറ്റം കണ്ടുപിടിച്ചു ആരോപിക്കാൻ കാലടികളെ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുന്ന “അവർ” ദുഷ്ടതയും, കഷ്ടവും, ചതിവും, വഞ്ചനയും ഉള്ളിൽ വെച്ചുകൊണ്ട്  തന്ത്രങ്ങൾ മെനെഞ്ഞു ജീവനേപോലും അപായപ്പെടുത്തുമോ എന്ന മരണ ഭയത്താൽ വിറയലും പരിഭ്രമവും പിടിച്ചു വേദനപ്പെട്ടിരിക്കുന്ന വ്യക്തിയെ നിങ്ങൾ സങ്കി:55-ൽ കാണുന്നില്ലേ.

അവരുടെ ഉദ്ദേശം സമാധാനമായിരിക്കുന്നവരെ കൈയേറ്റം ചെയ്യുക എന്നുള്ളതു തന്നേ. എന്നാൽ പുറമേ ആർക്കും ഒരിക്കലും സംശയം വരാത്ത രീതിയിൽ, മറ്റുള്ളവരെ കാണിക്കുവാൻ “അവരുടെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവരുടെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു” (55:21). ഈ “അവർ” എന്റെ ശത്രുക്കൾ അല്ലായെന്നും, ശത്രുക്കൾ ആയിരുന്നെങ്കിൽ അങ്ങ് സഹിക്കാമായിരുന്നു എന്നും പറയുന്നു.

“അവർ” സങ്കി:55-ൽ വിജയിക്കാതെ വന്നപ്പോൾ ചെയ്ത അടുത്ത യുദ്ധതന്ത്രങ്ങൾ ആണ് സങ്കീ 56:5-ൽ വായിക്കുന്നത്. അപ്പോൾ, “അവർ” എത്ര യുദ്ധതന്ത്ര നൈപുണ്യം നേടിയ കേമന്മാർ ആരായിരിക്കും  എന്ന് നിങ്ങൾ തന്നേ ചിന്തിക്കുക.

കാര്യങ്ങൾ വിവരിക്കുന്നതിന് മുൻപേ ദാവിദിനെക്കുറിച്ച് രണ്ടുവക്ക് പറയാതെ പോയാൽ ശരിയാകില്ലല്ലോ. ഉള്ളത് ഉള്ളതുപോലെ തുറന്നു പറയുന്ന രാജാവ്, അഥവാ എഴുത്തുകാരൻ എന്നൊക്കെ അദ്ദേഹത്തേ വിശേഷിപ്പിക്കാം. മനുഷ്യസഹജമായ പല പാളീച്ചകൾ ദാവിദിന്റെ ജീവിതത്തിൽ വന്നു എങ്കിലും അവകൾ  സമ്മതിച്ചു കൊടുത്തു അനുതപിച്ചു കരയുന്ന (മറ്റു പലരിലും കാണാത്ത, പലർക്കും ഇല്ലാത്ത) ശുദ്ധഹൃദയം തനിക്ക് ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. വചനം പറയുന്നു “മാംസനേത്രങ്ങളോ നിനക്കുള്ളതു? മനുഷ്യൻ കാണുന്നതുപോലെയോ നീ കാണുന്നതു?” (ഇയ്യോ 10:4), “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു” (1 ശമൂ 16:7). ആ ഒരു നോട്ടം ആകാം ദൈവം തന്നേ കൈഒപ്പിട്ട “എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ” എന്ന സാക്ഷ്യപാത്രം, പ്രശംസാപത്രം (സർട്ടിഫിക്കറ്റ്) കൊടുക്കുവാൻ കാരണം.

ഇന്ന് എല്ലാ ആത്മീക തലത്തിൽ നോക്കിയാലും ലൗകീക തലത്തിൽ നോക്കിയാലും നാം കാണുന്നതും ഇതൊക്കെ തന്നെയല്ലേ, കൗശലവും, വഞ്ചനയും ചതിവും അധർമ്മവും കൂടികലർന്ന്, നിറഞ്ഞു തുളുമ്പുന്ന ആത്മീയത. മുന്നിൽ ചിരിക്കുന്ന പല്ലുകളും, സ്നേഹപ്രകടനവും, കാര്യസാധ്യത്തിന് വേണ്ടി മാത്രമുള്ള, തേനിനെക്കാൾ മധുരമുള്ള വാക്കുകളും, എന്നാൽ തക്കം കിട്ടിയാൽ പുറകിൽ കൂടി ഏതു സമയവും ആക്രമിക്കുവാൻ ഊരിയ വാളുകളുമായി നിൽക്കുന്ന അവസ്ഥയും.. അതില്ലാതെ നിലനിൽപ്പില്ല, നേട്ടങ്ങൾ ഇല്ല, വിജയം ഇല്ല എന്ന സ്ഥിതി വിശേഷം വരെ ഇന്നു ആത്മീക ലോകത്ത് സംജാതമായിരിക്കുന്നു. അവർക്ക് കൂട്ടുകാരും അനുയായികളും പിന്തുണക്കാരും അനേകർ, അവർക്കാണ് വൻ ഭൂരിപക്ഷവും വൻവിജയവും. എന്നാൽ അവയെല്ലാം താത്കാലികം എന്ന് ആരും മനസ്സിലാക്കുന്നില്ല.

പുറമേ മാത്രം സൂമിലും മറ്റും കാണിക്കാൻ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ മാസ്ക്കുള്ള ആത്മീകം. ദാവീദിന്റെ വാക്കുകൾ ഒന്നുകൂടി കടം എടുത്തു പറഞ്ഞാൽ “അവരുടെ വായ് വെണ്ണപോലെ മൃദുവായതു;… അവരുടെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ;”. എന്നാൽ ഹൃദയത്തിന്റെ അകത്തോ ഊരിയ വാളും, യുദ്ധവുമത്രേ. യഥാർത്ഥത്തിൽ “അകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടകത്തിന്നു” സമം (യേഹേ 24:6), “പുറമേ വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ  കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ” (മത്താ 23:27-28), അഥവാ “വെള്ളതേച്ച ചുവർ പോലെ” എന്നൊക്കെ പരിശുദ്ധത്മാവ് ഇവരെ ഉപമിച്ചിരിക്കുന്നു.

എന്നാൽ സത്യവും നേരും ഉള്ളവനെ പകക്കുന്ന ലോകം, അവർക്ക് മിത്രങ്ങളേക്കാൾ ശത്രുക്കൾ കൂടുതൽ. അവർ സമൂഹത്തിലും സഭയിലും ഒറ്റപ്പെട്ടുപോകുന്നു എന്നതും ദുഖസത്യം. സ്വന്തമായി നിലപാടുകൾ ഉള്ളവർക്ക്‌ ഒത്തിരി ശത്രുക്കൾ ഉണ്ടാകും!!! അല്ലാത്തവർ എല്ലാവർക്കും എല്ലായിപ്പോഴും പ്രിയപ്പെട്ടവരായിരിക്കും എന്നതല്ലേ സത്യം. ചിലപ്പോൾ ഇങ്ങനെയുള്ള ജീവിതാനുഭവം  ആയിരിക്കാം ദാവീദിനെ ഇപ്രകാരം എഴുതുവാൻ പ്രേരണ നൽകിയ ഘടകം.

അങ്ങനെ കൗശലവും, വഞ്ചനയും ചതിവും ഇല്ലാതെ സത്യത്തിനുവേണ്ടി ഉറച്ചു നിന്നാൽ  നിന്റെ ജീവൻ പോലും അപകടത്തിൽ, ഒരുസംശയം വേണ്ടാ നീ സഭക്ക്‌ അഥവാ പ്രസ്ഥാനത്തിന് പുറത്താണ്.  അതിഷ്ടപെടാത്ത ഒരുകൂട്ടർ മുകളിൽ പറഞ്ഞ യുദ്ധതന്ത്രങ്ങളിൽ വിജയിച്ചില്ലായെങ്കിൽ, നിന്റെ വാക്കുകളെ ഇടവിടാതെ (തുടർമാനം, നിമിഷംത്തോറും) കോട്ടിക്കളയും; സദുദ്ദേശത്തോടെ പലപ്പോഴായി പറഞ്ഞ വാക്കുകളും ഉപദേശങ്ങളും പിന്നീട് ദുർവ്യാഖ്യാനം ചെയ്യപ്പെടാം, അതിലൊന്നും വിജയിക്കുന്നില്ല എങ്കിൽ സ്വഭാവഹത്യ വരെ ചെയ്തു ദിനംതോറും കൊല്ലാകൊല ചെയ്യുവാൻ സാധ്യതകൾ ഏറെയാണ്. പലവിധ കെണിയിൽ അകപ്പെടുത്താനും സാദ്ധ്യതകൾ ഏറെയാണ്.

ഇന്ന് ആത്മീക മേഖലയിൽ സുലഭമായി കാണുന്ന യുദ്ധതന്ത്രങ്ങളും ആയുധങ്ങളും ഇതൊക്കെയല്ലേ?. ഇങ്ങനെയുള്ള തരംതാണതും മാന്യത ഒട്ടുംതന്നേ ഇല്ലാത്തതുമായ വിവിധ ദൗത്യങ്ങളും, ആയുധങ്ങളും കൈയിലെടുക്കാനും, പ്രവർത്തിപദത്തിൽ കൊണ്ടുവരാനും പലരും സ്വയം തയ്യാറായും നിൽക്കുമ്പോൾ തന്നേ, വരുംവരാഴികകളും ഭൗഷ്യത്തുകളും തിരിച്ചറിയാത്ത ചില പാവങ്ങളേയും ഇതിനായി ഉപയോഗിക്കുന്നു എന്നതാണ് പരമ കഷ്ടവും, മഹാശ്ചര്യവും!!!. അതിലുപരി, സമയവും, സാഹചര്യവും സന്ദർഭങ്ങളും ഒത്തുവാരാൻ, അവർ തക്കം പാർത്തിരിന്ന് കാലടികളെ ശ്രദ്ധയോടെ സസുഷ്മം വീക്ഷിച്ചുക്കൊണ്ടിരിക്കും.  പിന്നെയോ, അവരുടെ ഗൂഡാലോചനയും “അവരുടെ വിചാരങ്ങളൊക്കെയും മറ്റുള്ളവരുടെ നേരെ തിന്മെക്കായിട്ടായിരിക്കും” 56:5. ഇതെല്ലാം ഇന്നത്തെ ആത്മീക ലോകത്തിന് ഒരു സാധാരണ പ്രവണത (trend, tendency) പോലെ ആയി മാറി കഴിഞ്ഞു.

” നാം ആയിരുന്ന ദാവീദിന്റെ സ്ഥാനത്തെങ്കിൽ തളർന്നു പോകുമായിരുന്നില്ലേ.. എന്നാൽ, ഇത്രയൊക്കെ ജീവിതത്തിൽ കയ്പ്പിന്റെയും വേദനയുടെയും അനുഭവങ്ങൾ വന്നിട്ടും,
മരണത്തെ പോലും മുഖാമുഖം കണ്ടിട്ടും,
ദാവീദിന് ഒന്നേ പറയുവാനൊള്ളു……
ഭാരപ്പെടേണ്ടാ..
“ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു”….
“ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു;
ഞാൻ ഭയപ്പെടുകയില്ല.
മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?” (സങ്കീ 56:11).
“അവൻ പാറ;
അവന്റെ പ്രവൃത്തി അത്യുത്തമം.
അവന്റെ വഴികൾ ഒക്കെയും ന്യായം;
അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ;
നീതിയും നേരുമുള്ളവൻ തന്നേ” (ആവ 32:4).

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.