ലേഖനം: നീതിയും ന്യായവും മറിച്ചിടുന്ന വഴികൾ | രാജൻ പെണ്ണുക്കര


നുഷ്യന്റെ മൗലിക അവകാശമല്ലേ നീതിയും ന്യായവും. അതുകൊണ്ടാണല്ലോ എല്ലാവരും എല്ലാത്തിനേക്കാൾ ഉപരിയായി നീതിയും ന്യായവും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും അവ അർഹിക്കുന്ന മാനദണ്ഡത്തിൽ ലഭിക്കുന്നില്ല, അഥവാ ഹനിക്കപ്പെടുന്നു എന്നതല്ലേ വാസ്തവം. ആ കാരണം ആകാം, എല്ലാവരും അവ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നതും പ്രയത്നിക്കുന്നതും!. എന്നും സുലഭമായതിന്റ പിന്നാലേ മനുഷ്യൻ സാധാരണ ബദ്ധപ്പെട്ടു പോകാറില്ലല്ലൊ, എന്നാൽ അസുലഭമായതിനേ നേടുവാൻ ഒത്തിരി കാത്തിരിപ്പും, പ്രയ്ത്നവും, നല്ല വിലയും കൊടുക്കണം എന്നതല്ലേ ലോകതത്വം.

ഈ വിഷയത്തിൽ ബഹുഭൂരിപക്ഷം വരുന്ന ഒരു കൂട്ടം (ജനങ്ങൾ) നീതിയും ന്യായവും കിട്ടേണ്ടിയവരും, മറ്റൊരു കൂട്ടം നീതിയും ന്യായവും നടത്തി കൊടുക്കേണ്ടിയവരും ആകുന്നു. യഥാർത്ഥത്തിൽ ഒരു കൂട്ടർക്ക് നീതിയും ന്യായവും കിട്ടാത്തതിനും, നിഷേധിക്കപ്പെടുന്നതിനും, അഥവാ മറ്റൊരു കൂട്ടർക്ക് നീതിയും ന്യായവും പ്രവർത്തിക്കുവാൻ കഴിയാതെ പോകുന്നതിനും മുഖ്യമായ പല കാരണങ്ങൾ ഇല്ലേ?. പലപ്പോഴും നീതിയും ന്യായവും ചെയ്യണം എന്ന് ആഗ്രഹിച്ചാൽ പോലും ചെയ്യുവാൻ കഴിയാതെവണ്ണം കൈകൾ ബന്ധിക്കപെടുന്നു, കേട്ടപ്പെട്ടുപോകുന്നു എന്നതല്ലേ സത്യം. അത് ചിലപ്പോൾ കൊടുക്കവാങ്ങലോ, ബാധ്യതകളോ, ബന്ധങ്ങളോ, കടപ്പാടുകളോ, പ്രതിബദ്ധതയോ, ഔദാര്യങ്ങളോ, പ്രലോഭന വാക്കുകളോ, ഔദാര്യമായി കിട്ടുന്ന സ്ഥാനമാനങ്ങളോ, സമ്മനങ്ങളോ, കൈക്കൂലിയോ, കോഴയോ അങ്ങനെ എന്തും തന്നേ ആകാം എന്നത് സത്യം അല്ലേ?.

ദൈവവചനം അധികാരികമായി പഠിച്ചാൽ, സമ്മാനം, കൈകൂലി, കോഴ, എന്നി പദങ്ങളെകുറിച്ച് പല അധ്യായങ്ങളിലും വിശദമായി അടിവരയിട്ട് അനേക തവണ എഴുതിയിട്ടുണ്ട്. എന്നാൽ ഈ പദങ്ങളുടെ പ്രയോഗം നിഷേധാത്മക (Negative, ഒരിക്കലും പാടില്ലാത്തത്) അർത്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

യഥാർത്ഥ അർത്ഥത്തിൽ എടുത്താൽ സമ്മാനം, കൈകൂലി, കോഴ, എന്നിവ ദൈവപൈതലിനു ഒരിക്കലും ചേർന്ന കാര്യങ്ങൾ അല്ലാ എന്ന് ആദ്യമേ മനസ്സിലാക്കണം.

1. വചനം പറയുന്നു, “സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതു കൊണ്ടു നീ സമ്മാനം വാങ്ങരുതു” (പുറ 23:8, ആവ 16:19). സമ്മാനം സ്വീകരിച്ചാൽ കാഴ്ചയുള്ളവരുടെ മാത്രമല്ല ജ്ഞാനികളുടെ കണ്ണു പോലും കുരുടാക്കുകയും, പിന്നീട് സത്യത്തേ കാണുവാനോ, നീതിയും ന്യായവും ഏതെന്നു മനസ്സിലാക്കുവാനോ കഴിയാത്ത ഇരുട്ടിന്റെ അവസ്ഥ സംജാതമാകുന്നു. കൂടാതെ സത്യവും നീതിയും ന്യായവും പറയുന്നവരുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുവാനോ, ഗ്രഹിക്കുവാനോ കഴിയാതെ ചെവി മന്ദമായി പോയിട്ട്, അവയെ മറിച്ചു കളയുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇതിന്റെ അന്തിമ ഫലം (Final result) യെശയ്യാ 5:23 ൽ പറയുന്നു “സമ്മാനം നിമിത്തം ദുഷ്ടനെ (തെറ്റിനെ) നീതീകരിക്കയും നീതിമാന്റെ നീതിയെ (സത്യത്തെയും ന്യായത്തെയും) ഇല്ലാതാക്കുകയും ചെയ്യും”. എത്ര അർത്ഥവത്തായ വാക്യങ്ങൾ.

2. “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു” (പുറ 23:2). മറ്റു വാക്യങ്ങളിൽ ഇങ്ങനെയും പറയുന്നു “കള്ളസാക്ഷി ആയിരിപ്പാൻ ദുഷ്ടനോടു (തെറ്റിനോട്) കൂടെ ചേരരുതു, കാരണം ദുഷ്ടനെ (അന്യായത്തേയും അനീതിയേയും, തെറ്റിനേയും) ദൈവം നീതീകരിക്കയില്ലല്ലോ”. “”കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനിൽക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു”” (സദൃ 24:28).

പലപ്പോഴും വേർപെട്ട സഭകളിൽ പോലും പറഞ്ഞു കേൾക്കുന്ന പല്ലവിയല്ലേ, ഞങ്ങൾക്ക് ഭൂരിപക്ഷം (75%) ഉണ്ടെങ്കിൽ ഞങ്ങൾ പറയുന്നതുപോലെ നടക്കുമല്ലോ. ഇതു ലോകതത്വപ്രകാരം തികച്ചും ശരി. ഇന്ന് ആത്മീക ലോകത്തുപോലും അവലംബിക്കുന്ന തത്വം. ദൈവം ഭൂരിപക്ഷത്തിന്റെ കൂടെയല്ല എന്നകാര്യം പലരും മറന്നുപോകുന്നു. എന്നാൽ പരിശുദ്ധത്മാവ്, വചനത്തിൽ കൃത്യമായി എഴുതിയിരിക്കുന്നു, അങ്ങനെ ചെയ്യരുത്, സത്യവും ന്യായവും നീതിയും കേൾക്കുവാനോ, അന്വേഷിക്കാനോ ഉള്ള മനോഭാവം ഉണ്ടാകണം. യഥാർത്ഥത്തിൽ ഒരു ദൈവപൈതൽ സത്യാന്വേഷിയാകണം. ദൈവിക വ്യവസ്ഥ പ്രകാരം നോക്കിയാൽ 75% എന്ന ഭൂരിപക്ഷം പറയുന്നതല്ല ശരി. മാത്രവുമല്ല സത്യം എന്താണെന്ന് മനസ്സിലായിട്ടും സത്യത്തിനുവേണ്ടി ഒറ്റയ്ക്ക് നിൽക്കുവാൻ മനസ്സില്ലാതെ ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷത്തോട് ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു: എന്നും കർശനമായി പറയുന്ന വചനം കൂടി ചേർത്തു വായിക്കണം. അങ്ങനെ ചെയ്താൽ അത് ദൈവീക പ്രമാണത്തിന് വിപരീതം, അന്തരഫലമായി നിതിയും ന്യായവും സത്യവും മറിഞ്ഞുപോകും.

3. “കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു” (സഭാ 7:7). “ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി. അവന്റെ പുത്രന്മാരായ യോവേൽ, അബീയാവു അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു” (1 ശമൂ 8:1-3). അപ്പോൾ കോഴയൊ, കൈക്കൂലിയൊ വാങ്ങിയാൽ ആരായാലും പൊട്ടനായി മാറും (Mad), എന്നുവെച്ചാൽ ആരെന്തു പറഞ്ഞാലും ചെവിയിൽ കയറില്ല എന്നു ചുരുക്കം. കൂടാതെ മനസാക്ഷിക്കു പോലും കുറ്റബോധം വരാത്ത രീതിയിൽ ഹൃദയത്തിന്റെ അവസ്ഥ കല്ലുപോലെ ആയിമാറുന്നു. പിന്നെ യഥാർത്ഥ നീതിയും ന്യായവും കാണുവാനോ അതിനോടെ പിന്തുണ പറയുവാനോ സാധിക്കാത്ത സ്ഥിതിയിൽ വന്നു ചേരുന്നു എന്നു പറയുന്നതല്ലേ വാസ്തവം. വചനം ചോദിക്കുന്നു “ഞാൻ വല്ലവന്റെയും കയ്യിൽനിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ?”. അപ്പോൾ കോഴ, കൈക്കൂലി (പ്രതിഫലം) ആയി പലതും വാങ്ങി ബന്ധങ്ങളോ, കടപ്പാടുകളോ, പ്രതിബദ്ധതയോ, ഉണ്ടാക്കി വെച്ചാൽ നീതിയും ന്യായവും ചെയ്യുവാനോ, നടത്തുവാനോ കഴിയുമോ?.

ഇന്നത്തെ ആത്മീക, ഐഹിക തലങ്ങളിലെ തിരഞ്ഞെടുപ്പു പ്രക്രിയകൾ നോക്കിയാൽ നാം സാധാരണ കാണുന്ന കാഴ്ചയല്ലേ, ഒരിക്കലും നടക്കാത്ത മോഹന വാഗ്ദാനങ്ങളും, വിവിധ തരംകിറ്റുകളും, ധനസഹായവും, സമ്മാനം കൊടുക്കുന്നതും, കൂടാതെ പാവങ്ങളുടെ നിസ്സഹായ അവസ്ഥയിൽ പലരീതിയിൽ സഹായിച്ചിട്ട് നേടുന്ന പ്രീതിയും, ശാരീരികമോ കായികമോ ആയ രീതിയിൽ സഹായിച്ചു അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച് അവരെ വശത്താക്കി വോട്ട് നേടി വിജയം ഘോഷിക്കുന്നതും എല്ലാം സമ്മാനത്തിനും കോഴയ്ക്കും, കൈകൂലിയ്ക്കും തുല്യമായ കണക്കിൽ വരുന്നില്ലേ.

അങ്ങനെയുള്ള ഔദാര്യങ്ങൾ സ്വീകരിക്കുന്ന ജനങ്ങൾ അല്ലെങ്കിൽ വിശ്വാസികൾ എങ്ങനെ നീതിക്കും ന്യായത്തിനും വേണ്ടി അവരുടെ വിരൽത്തുമ്പ് അനക്കും, കൈകളെ ഉയർത്തും, നെഞ്ചുവിരിച്ചു നേരോടെ നിൽക്കും. കൂടാതെ സൗജന്യമായി താമസിക്കാൻ വീടുകൊടുത്താലും, അനർഹർക്ക് സ്ഥാനമാനങ്ങൾ നൽകി സന്തോഷിപ്പിച്ചാലും അതിന്റെയും പേര് കോഴ, സമ്മാനം എന്നു തന്നെയല്ലേ. ഇങ്ങനെയുള്ള കുട്ടർ നിതിയും ന്യായവും എങ്ങനെ ജനങ്ങൾക്കു വേണ്ടി ചെയ്യും…

ഇന്ന് പ്രതേകിച്ചു ആത്മീക ലോകത്തും ഇതു തന്നെയല്ലേ നടക്കുന്നത്, ഒരുതരം ചൂഷണ മനോഭാവം എന്നോ, മുതലെടുപ്പെന്നോ ഇതിനെ വിളിക്കാം. ഇങ്ങനെ വിശ്വാസികൾ നേതൃത്വത്തോടും, അതുപോലെ തിരിച്ച് നേതൃത്വം വിശ്വാസികളോടും ഉണ്ടാക്കുന്ന കടപ്പാടുകളും , പ്രതിബദ്ധതയും ഔദാര്യങ്ങളും ഒരു കെണിയാണ്, ചങ്ങലയാണ്, അല്ലെങ്കിൽ നീരാളിയാണ്. അതിൽ എങ്ങാനും പെട്ടുപോയാൽ എങ്ങനെ തെറ്റിനെ തെറ്റെന്നും, ശരിയെ ശരിയെന്നും, ന്യായത്തേ ന്യായം എന്നും പറയുവാനുള്ള ചങ്കുറ്റം ഉണ്ടാകും. ഇതിന്റെ എല്ലാം അവസാന ഫലമോ, സത്യത്തിന്റെയും നീതിയുടേയും ന്യായത്തിന്റെയും കണ്ണുകൾ മൂടിവെച്ചിട്ട് അരുതാത്തതിനോട് അനുരഞ്ജനം പ്രഖ്യാപിച്ചാൽ സ്വന്ത മനസാക്ഷിക്ക്‌ വിരുദ്ധമായി സത്യവും നീതിയും ന്യായവും മറിഞ്ഞുപോകില്ലേ.? ഒരർത്ഥത്തിൽ പറഞ്ഞാൽ സത്യവും, നീതിയും, ന്യായവും ദൈവീകമാണ്. അപ്പോൾ നാം മറിച്ചു കളയുന്നതും, നിഷേധിക്കുന്നതും ദൈവത്തേ തന്നേ എന്നു പറയാതെ വയ്യാ…

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.