ലേഖനം: സൃഷ്ടാവിനെ ഓർക്കാത്ത യ്യൗവനക്കാർ | ജോസ് പ്രകാശ്

” നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക ”
(സഭാപ്രസംഗി 12:1)

 

യൗവനകാലം ഓർമ്മകളാൽ സമ്പുഷ്ടമാണ്. ഓർക്കുവാൻ ഒരുപാട് വ്യക്തികളും വസ്തുതകളും ഉള്ളതായ സമയം. എന്നാൽ യുവജനങ്ങളുടെ മുൻഗണനയിൽ പ്രഥമസ്ഥാനം ദൈവത്തിനായിരിക്കണം. പാപം പെരുകുന്ന ഈ യുഗാന്ത്യത്തിൽ സൃഷ്ടിയിൽ മനം നിറഞ്ഞ് സൃഷ്ടിതാവിനെ മറക്കാതിരിക്കുവാൻ യ്യൗവനക്കാർ അതീവ ജാഗ്രത പുലർത്തണം. മാടി വിളിക്കുന്ന ജഡീക സുഖങ്ങളെ വിട്ട് ഓടി ഒളിക്കുവാനുള്ള കൃപ കർത്താവായ യേശുവിൽ നിന്നും പ്രാപിക്കണം. യ്യൗവനത്തിൽ സൃഷ്ടാവിനെ ഓർത്താൽ ദുർദിവസത്തിൽ അവിടുന്ന് നമ്മെ കാക്കും.

വൃദ്ധനായ പിതാവിന്റെ താക്കീതുകൾ തൃണവൽഗണിച്ച യൌവനക്കാരായിരുന്നു ഹൊഫ്നിയും ഫീനെഹാസും. യഹോവയോടു പാപം ചെയ്യരുതെന്ന ഏലി പുരോഹിതൻ്റെ വാക്കും ശാസനയും അവർ കൂട്ടാക്കിയില്ല.
സ്ത്രീകളോടുള്ള മോശം പെരുമാറ്റം. യഹോവയുടെ വഴിപാടു നിന്ദിക്കൽ. ദൈവത്തോടും
എല്ലായിസ്രായേലിനോടും പാപം ചെയ്യൽ. ഇതെല്ലാം സൃഷ്ടാവിനെ മറന്നുള്ള പ്രവർത്തികളായിരുന്നു. ഇത് ‘നീചന്മാരും യഹോവയെ ഓർക്കാത്തവരും’ എന്ന ദുഷ്പേരിന് അവരെ ഉടമകളാക്കി (1ശമു-2:12).

അവർ ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു. എന്നാൽ ദൈവം അവരോട് കൂടെ ഇല്ലായിരുന്നു. അക്കാരണത്താൽ ദൈവത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ കാര്യങ്ങൾക്കൊന്നും അവിടുത്തെ അംഗീകാരം ലഭിച്ചതേയില്ല. നാം എന്ത് ചെയ്യുന്നു എന്ന് മനുഷ്യർ നോക്കുമ്പോൾ, നാം എങ്ങനെ ചെയ്യുന്നുവെന്നതും ദൈവം നോക്കുന്നു.

ദൈവത്തെ പിരിഞ്ഞുള്ള പ്രവർത്തനങ്ങളുടെ ഫലമായി യിസ്രായേൽ യുദ്ധത്തിൽ പരാജയപ്പെട്ടു.
ദൈവത്തിന്റെ പെട്ടകം പിടിപെട്ടു. ഹൊഫ്നിയും ഫീനെഹാസും പോർക്കളത്തിൽ പട്ടുപോയി. പിതാവ് ആസനത്തിൽ നിന്നു വീണു കഴുത്തൊടിഞ്ഞു മരിച്ചു. വേർപാടുകളിൽ മനംനൊന്ത ഭാര്യ നിലത്തു വീണു പ്രസവിച്ചനന്തരം പ്രാണനെ വിട്ടു. ദൈവമഹത്വം യിസ്രായേലിൽ നിന്നും വിട്ടുപോയി.

യ്യൗവന ദശയിൽ ശാസനയെ വെറുത്തു ദൈവത്തിന്റെ വചനങ്ങളെ തങ്ങളുടെ പുറകിൽ എറിഞ്ഞു കളഞ്ഞവരുടെ ദാരുണമായ അന്ത്യമാണ് മേലുദ്ധരിച്ചത്. ”ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല” (സങ്കീർ 50:22) എന്ന വചനം നവയുഗക്കാരോടുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ആകയാൽ ഒരു സന്തോഷവും തോന്നാത്ത ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുൻപ് യുവസഹജമായ ആസക്തികൾ വിട്ട് പലായനം ചെയ്യുക. യൗവനകാലത്ത്‌ സ്രഷ്‌ടാവിനെ സ്‌മരിക്കുക. നമ്മുടെ യുവത്വം അവിടുത്തെ മഹത്വം വർണ്ണിക്കുവാൻ സമർപ്പിക്കാം. ഒരിക്കൽ മാത്രമുള്ള ഭൂവിലെ ഈ ജീവിതം കൊണ്ട് നമ്മുടെ സൃഷ്ടാവിനെ ഉയർത്താം.

ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.