നിരീക്ഷണം: ‘ബക്കറ്റ് സ്നാനവും’ ക്രിസ്തീയ സ്നാനത്തിന്റെ അടിസ്ഥാന വസ്തുതകളും | ജെ. പി. വെണ്ണിക്കുളം

കഴിഞ്ഞ ചില ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പാസ്റ്റർ പോൾ തങ്കയ്യ നടത്തിയ ‘ബക്കറ്റ് സ്നാനം’. ഇതിൽ തിരുവചനത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നാണ് ചർച്ച നടക്കുന്നത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല കമന്റുകളും ശ്രദ്ധയിൽ പ്പെട്ടു. വിവാദമായപ്പോൾ അദ്ദേഹം ക്ഷമചോദിച്ചു കൊണ്ട് കുറിപ്പും പുറത്തിറക്കി. അപ്പൊ. പ്രവർത്തികൾ 2ൽ ക്രൈസ്തവ സഭയുടെ അടിസ്ഥാന ഉപദേശങ്ങളെക്കുറിച്ചു നാം കാണുന്നു. ഒരു വ്യക്തി മാനസാന്തരപ്പെട്ടു പാപങ്ങളുടെ മോചനത്തിനായി സ്നാനമേൽക്കണമെന്നത് അടിസ്ഥാന പ്രമാണമാണ് ‘ബാപ്റ്റിഡ്സോ’ എന്ന യവനായ പദമാണ് സ്നാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു മുക്കുക, മുങ്ങുക (to dip, to sink, to immerse, plendge, to go under the water) എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. എബ്രായ ഭാഷയിലെ tabel ഇതിനോട് തുല്യമായ പദമാണ്. ഇതു സാധാരണ കുളിയല്ല, തളിക്കലുമല്ല, നിമജ്ജന സ്നാനമാണ്.അർഥാൽ പൂർണമായും വെള്ളത്തിൽ മുങ്ങി പൊങ്ങിയുള്ള സ്നാനം. ഇതു മാനസാന്തരപ്പെട്ട വ്യക്തി ബാഹ്യമായി ചെയ്യുന്ന കർമമാണ്.

Download Our Android App | iOS App

യോർദ്ദാനിൽ യേശു യോഹന്നാന്റെ കൈക്കീഴിൽ സ്നാനമേറ്റപ്പോൾ വെള്ളത്തിൽ മുങ്ങിയാണ് സ്നാനമേറ്റതെന്നു മത്തായി 3:13-17 വരെ വാക്യങ്ങളിൽ വായിക്കുന്നുണ്ട്. മാത്രമല്ല, ക്രിസ്തുവിനോട് ചേരുവാനും അവന്റെ മരണ-അടക്ക- പുനരുഥാനത്തിൽ പങ്കുചേരുവാനുമാണ് സ്നാനമേൽക്കുന്നത് (റോമർ 6). അപ്പോസ്തോലിക സഭ വിട്ടുവീഴ്ച കൂടാതെ ആചരിച്ചു വന്ന ഈ ശുശ്രൂഷ ഇന്നത്തെ പെന്തെക്കോസ്തു സമൂഹവും തുടർന്നുവരുന്നു. സ്നാനമേൽക്കുന്നവൻ ക്രിസ്തുവിനെ ധരിക്കുന്നു എന്നു ഗലാത്യർ 3:27ൽ കാണാം. പാപക്കറ പുരണ്ട പഴയ വസ്ത്രം മാറി ക്രിസ്തുവിനെ ധരിക്കുന്നു. പഴയ നിയമത്തിൽ നാം നിഴലായി കാണുന്ന സ്നാനമെല്ലാം പൊരുളായി വെളിപ്പെടുന്നത്‌ പുതിയ നിയമത്തിലാണ്. പത്രോസിന്റെ പ്രഥമ പ്രഭാഷണത്തിൽ മൂവായിരം പേരാണ് സ്നാനമേറ്റത്. ഷണ്ഡൻ ഫിലിപ്പോസിന്റെ കൈകീഴിൽ സ്നാനമേറ്റു (അപ്പൊ. 8).ശൗലും, കൊർന്നല്യോസും കുടുംബവും ഇങ്ങനെ വചനം കേട്ടവരൊക്കെ സ്നാനമേറ്റു (9,10). തിരുവചനത്തിൽ ഇങ്ങനെ ധാരാളം ഉദാഹരണങ്ങൾ നിലനിൽക്കെ ഇന്ന് ഈ ശുശ്രൂഷ ചെയ്യുമ്പോൾ അതിന്റെ ഗൗരവത്തോടെ തന്നെ ചെയ്യേണ്ടതാണ്. കേവലം പബ്ലിസിറ്റിക്കുവേണ്ടി ഈ ശുശ്രൂഷകൾ ചെയ്യരുത്. ആരാണോ നമുക്ക് മാതൃക കാണിച്ചു തന്നത്‌, അവനെ പിന്തുടരുക. നമ്മുടെ സ്നാനങ്ങളിൽ മൂന്നു കാര്യങ്ങൾ ഉറപ്പാക്കണം, ക്രിസ്തുവിനോടുകൂടെ മരണം-സംസ്കാരം-ഉയർത്തെഴുന്നേൽപ്പ്. ഇത്രയും ഉണ്ടെങ്കിൽ അത് ക്രിസ്തീയ സ്നാനമായി അംഗീകരിക്കാം. അല്ലാത്തതിനൊന്നും വചനപ്രകാരം അടിസ്ഥാനമില്ല.

post watermark60x60

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...