ലേഖനം: തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നവൻ | രാജൻ പെണ്ണുക്കര

ദൈവത്തിന്റെ ഏറ്റവും വലിയ പ്രേത്യേകതയായി നാം മനസ്സിലാക്കുന്നത്, അവൻ തനിക്കു ഇഷ്ടമുള്ള കാര്യം അതുപോലെ നിവർ‍ത്തിക്കയും, അവന്റെ താല്പര്യമൊക്കെയും അപ്രകാരം അനുഷ്ടിക്കുകയും, തന്റെ ആലോചനകൾ വള്ളിപുള്ളി മാറ്റമില്ലാതെ നിവൃത്തിയാക്കുകയും ചെയ്യുന്നു എന്നതുതന്നേ. അതും അതിസൂക്ഷ്‌മതയോടെ സമയബദ്ധിതമായി, ചെയ്തുതീർക്കുന്ന ദൈവം തന്നേ എന്നു പറയാതെ വയ്യാ.

യഥാർത്ഥത്തിൽ പറഞ്ഞാൽ തന്റെ ഇഷ്ടം പോലെ ചെയ്യുന്നവനാണ് നമ്മുടെ ദൈവം. തനിക്ക് ഇഷ്ടമുള്ളവരെ അവന്റെ സമയത്ത് അകത്തുനിന്നും പുറത്തു കൊണ്ടുവന്നു രക്ഷിക്കുകയും, പുറത്തുള്ളവരെ അവന്റെ സമയത്ത് അകത്തു കൊണ്ടുപോയി കാര്യങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവമെന്ന് വചനത്തിലെ പല സംഭവങ്ങളും വിവരിക്കുന്നു.

നോഹയുടെ സമയത്തെ വെള്ളപ്പോക്കത്തിൽ പുറത്തു നിന്ന നോഹയെയും കുടുംബത്തേയും പെട്ടകത്തിന്റ അകത്തു കൊണ്ടുപോയി ഭദ്രമായി പരിപാലിച്ച് രക്ഷിക്കുന്നതായി നാം വായിക്കുന്നു. അതുപോലെ സൊദോം പട്ടണത്തിന്റ അകത്തു വസിച്ചിരുന്ന ലോത്തിനെ രക്ഷിക്കുവാൻ ദൈവം തന്റെ ദൂതന്മാരെ അയച്ച്, അവന്റെ കരം പിടിച്ചു പുറത്തു കൊണ്ടുവന്നു രക്ഷിക്കുന്ന ദൈവ പ്രവർത്തിയും നാം കാണുന്നു.

അങ്ങനെ ദൈവം ചെയ്യുവാനുള്ള കാരണം തന്റെ പ്രീയ സ്നേഹിതനായ അബ്രഹാമിന് ദൈവം കൊടുത്ത വാക്കാലുള്ള ഉറപ്പാണ്. കുറഞ്ഞപക്ഷം പത്ത് നീതിമാന്മാർ (Righteous) ഉണ്ടെങ്കിൽ, അവരെ നശിപ്പിക്കാതെ പുറത്തു കൊണ്ടു വരുന്നവനാണ് നീതിമാനായ ദൈവം. നീതിമാൻ എന്നുവെച്ചാൽ കുറ്റമില്ലാത്തവൻ, നീതിക്കും, ന്യായത്തിനും സത്യത്തിനും വേണ്ടി നിൽക്കുന്നവൻ എന്നർത്ഥം. (ഈ വാക്കിന്റെ കൂടുതൽ വ്യക്തമായ അർത്ഥം മനസ്സിലാക്കാൻ ഇംഗ്ലീഷ് നിഘണ്ടുവിൽ നോക്കുക)

ഇന്നും അങ്ങനെയുള്ള ദൈവപ്രവർത്തി നിന്നു പോയിട്ടില്ല, സൊദോമിലെ മ്ലേച്ചതയിൽ നിന്നും ലോത്തിനെ വിടുവിച്ചതുപോലെ, ഇന്നും ദൈവത്തിനു ഇഷ്ടമുള്ളവരെ അവന്റെ സമയത്തു പുറത്തു കൊണ്ടുവരുന്നവനാണ് നമ്മുടെ ദൈവം. അതിന് മ്ലേച്ചതതന്നേ വേണമെന്നില്ല, ദൈവത്തിനു പ്രസാദം ഇല്ലാത്ത ഏതും എന്തും ആകാം എന്ന കാര്യം കൂടി മറക്കരുത്.

മോശയുടെ ജീവചരിത്രം ദൈവപ്രവർത്തിയുടെ വലിയ ഉദാഹരണമാണ്. ഒരിക്കൽ വീടിനു പുറത്ത്‌ നദിയുടെ അരികിൽ ഒറ്റപ്പെട്ട് ഞാങ്ങണപ്പെട്ടകത്തിൽ കിടന്നു കരയുന്ന മോശ കുഞ്ഞിനെ രാജകൊട്ടാരത്തിന്റ അകത്തു ഭദ്രമായി കൊണ്ടുപോയി രാജകീയമായി വളർത്തേണ്ടിയത് ദൈവത്തിന്റെ പദ്ധതിയും, ആവശ്യവും ആയിരുന്നു. അവിടെ വചനത്തിൽ പറയുന്ന ചില വാക്കുകൾ വളരെ ചിന്തനീയമാണ്. ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; കൂടെവന്ന അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; എന്നു വായിക്കുന്നു. അപ്പോൾ ഒരു സംശയം,… എന്താ കുളിക്കാൻ വന്നവർ കുളിച്ചിട്ട് പോയാൽ പോരേ…, അവർ കുളിക്കാതെ എന്തിന് നദി തീരത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു?. ചില ഇടങ്ങളിൽ ദൈവപ്രവർത്തി വെളിപ്പെടണമെങ്കിൽ ചിലരെ ഒരുനിമിഷം പോലും സ്വസ്ഥമായി ഇരുത്താതെ അങ്ങോട്ടും ഇങ്ങോട്ടും നടത്തു മാറാക്കുന്നതാണ് ദൈവീക പദ്ധതി. എന്നാൽ മാത്രമേ നദിക്കരയിൽ കിടന്നു കരയുന്ന പിഞ്ചു പൈതലായ മോശ, എല്ലാ ആൺകുഞ്ഞുങ്ങളെയും കൊന്നുകളയണം എന്ന് ആജ്ഞ പുറപ്പെടുവിച്ച സ്ഥലമായ രാജകൊട്ടാരത്തിന്റ അകത്തു പ്രവേശിക്കുകയുള്ളു എന്ന മർമ്മം ഓർക്കുക.

വീടിന്റെ അകത്തു അപ്പന്റെ മാറിന്റെ ചൂടുപറ്റി ചേർന്നിരുന്ന യോസേഫിനെ വെളിയിലിറക്കി, ഒരിക്കലും പ്രതീക്ഷിക്കാത്ത പൊട്ടകിണറ്റിൽ കൂടി കടത്തിവിട്ടു, സ്വന്ത സഹോദരന്മാർ വിറ്റുകളഞ്ഞാലും, പോത്തിഫെറിന്റെ വീട്ടിൽകൂടി കയറ്റി ഇറക്കി ജയിലിൽ ആക്കി പുറത്തു കൊണ്ടുവന്ന് ദേശത്തിന്റെ പരമോന്നതമായ കസേരയിൽ ഇരുത്തുന്നതാണ് ദൈവീക പദ്ധതി എന്നു നാം അറിയുക.

വീടിന്റ അകത്തളത്തിൽ ആകാംഷയോടെ ബെത്‌ലഹേമ്യനായ യിശ്ശായി എന്ന പിതാവും, ഒരുങ്ങി തയ്യാറായി പ്രതീക്ഷയോടെ ഏഴുമക്കളും പ്രവാചകന്റെ മുൻപിൽ വന്നു പോയിട്ടും അവരിലാരേയും ദൈവം തിരഞ്ഞെടുത്തില്ല എന്നു വായിക്കുന്നു. എന്നാൽ ദൈവത്തിന്റെ ദൃഷ്ടി വീണ ഒരുവനെ മനഃപൂർവം പുറത്തു നിർത്തി, വീടിന്റ അകത്ത് എത്ര വലിയ പ്രവാചകൻ വന്ന് അഭിക്ഷേകത്തിന്റെ ശുശ്രുഷ നടത്തിയാലും അവ അപൂർണ്ണവും, ദൈവത്തിന്റെ ഹിത പ്രകാരമുള്ളതും ആകയില്ല എന്ന സത്യം ഓർക്കണം. ഈ സമയത്ത് അവരുടെ കണ്ണിൽ നിസ്സാരൻ എന്നു കരുതി ആർക്കും വേണ്ടാത്ത, എന്നാൽ ദൈവത്തിന്റെ ഹൃദയ പ്രകാരമുള്ളവൻ അങ്ങ്ദൂരെ ഒറ്റക്ക് പുറത്തുണ്ടല്ലോ, അവൻ അകത്തു വരേണ്ടിയത് ദൈവത്തിന്റെ പദ്ധതിയാണ്. അവൻ അകത്തു വന്നാൽ മാത്രമേ രാജാവായി അഭിഷേകം ചെയ്യുന്ന ശുശ്രുഷ പൂർത്തിയാകുള്ളു എന്ന സത്യം പിതാവും ദാവീദിന്റെ ഏഴു സഹോദരന്മാരും ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ല. അങ്ങനെ പുറത്തു കിടന്ന ദാവീദ് എന്ന ആട്ടിടയൻ ദൈവത്തിന്റെ സമയമായപ്പോൾ അകത്തു വന്നു, പ്രവാചകൻ അവനെ രാജാവായി അഭിഷേകം ചെയ്യുന്നു. അതാണ് മാറ്റമില്ലാത്ത ദൈവീക പദ്ധതി..

അതുപോലെ സഭയിൽ നിന്നും, സ്ഥാനമാനങ്ങളിൽ നിന്നും, പദവികളിൽ നിന്നും, ഔദ്യോഗിക മണ്ഡലത്തിൽ നിന്നും, നാം നാളുകളായി താമസിക്കുന്ന സ്ഥലത്തുനിന്നു പോലും ആയികൊള്ളട്ടെ, ദൈവത്തിന് നിരക്കാത്ത, അന്യായങ്ങളും, അനീതിയും, രാഷ്രീയവും, കൗശലവും, ചതിവും, കാപട്യവും, സ്വാർത്ഥതയും, കൃത്രിമവും (Manipulation) വ്‌ഞ്ചനാപരമായ ഉദ്ദേശത്തോടെയുള്ള (Malafide intention) പ്രവർത്തികളും പരിധിക്കപ്പുറം വര്‍ദ്ധിച്ചു വരുമ്പോൾ, എല്ലാം മുൻകൂട്ടി കാണുന്നവൻ തക്ക സമയത്തു അവനു ഏറ്റവും പ്രീയപെട്ട, സത്യത്തിനു വേണ്ടി നിൽക്കുന്ന ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ അവരെ, അതിലെങ്ങും (അറിയാതെപോലും) അകപ്പെട്ട് നശിച്ചു പോകാതിരിക്കാൻ അഥവാ പങ്കാളികൾ ആകാതിരിപ്പാൻ, ആരും പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങളും മുഖാന്തരങ്ങളും, കാരണങ്ങളും മുൻകൂട്ടി സൃഷ്ടിച്ച് അവരെ സുരക്ഷിതമായി പുറത്തു കൊണ്ടുവരുന്നവനാണ് നമ്മുടെ ദൈവം എന്ന സത്യം മറക്കരുത്.

ദൈവത്തിന് ചിലരെക്കുറിച്ചു ചില നിയോഗങ്ങൾ ഉണ്ട് എന്നത് ഒരു മഹാസത്യം ആണ്. അതിനു മാറ്റം സംഭവിച്ചുകൂടാ. അതേ… അങ്ങനെ നിയോഗം ഉള്ളവരെ, അവന്റെ ഇഷ്ടം പോലെ പുറത്തു നിന്നും അകത്തു കൊണ്ടുവരികയും, അകത്തു നിൽക്കുന്ന ചിലരെ പുറത്തുകൊണ്ടുപോയി കാര്യങ്ങൾ ചെയ്തു തീർക്കുന്ന വിശ്വാസ്തനായ ദൈവം തന്നേ നമ്മുടെ ദൈവം എന്നറിയുക…

അവിചാരിതമായി ഇങ്ങനെയൊക്കെ സംഭവിക്കുന്നതു കാണുമ്പോൾ പലരുടേയും ഉള്ളിൽ ചിരിയും, ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന തോന്നലും ഉണ്ടാകാം. എന്നാൽ നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു (സങ്കീ 115:3). അവൻ സർവ്വ ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ, അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല (ദാനീ 4:35).

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.