എഡിറ്റോറിയൽ: പെഗാസൂസും സ്വകാര്യതയും പിന്നെ ചില പേടിസ്വപ്നങ്ങളും | ജെ. പി. വെണ്ണിക്കുളം

ഗ്രീക്ക് ഇതിഹാസത്തിൽ പെഗാസൂസ് ചിറകുള്ള ഒരു ദിവ്യ കുതിരയാണ്. കുതിര കുതിച്ചു പായുന്ന മൃഗമാണല്ലോ. ഇന്നൊരു യന്ത്രത്തിന്റെ വേഗതയും പ്രവർത്തന ക്ഷമതയും ‘കുതിര ശക്തിയിൽ’ (horse power) അടങ്ങിയിരിക്കുന്നു. ഇതു പറയുമ്പോൾ ഇപ്പോഴത്തെ ചർച്ചാ വിഷയവും ഒരു പെഗാസൂസ് ആണല്ലോ. ഇസ്രായേൽ നിർമ്മിത ചാര സോഫ്‌ട്‌വെയറാണിത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി, സൈബർ ആക്രമണങ്ങളെ ചെറുക്കുവാൻ, മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടിച്ചു കയറി, സംശയാസ്പദമായ വിവരങ്ങൾ ചോർത്തുകയാണ് ലക്ഷ്യം. പ്രധാനമായും ഇസ്രായേൽ സൈന്യത്തിന്റെ ആവശ്യത്തിനു വേണ്ടി നിർമ്മിച്ചതാണ് ഈ സോഫ്‌ട്‌വെയർ. ഇന്നിത് ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. ഇതു സ്മാർട് ഫോണുകളിലേക്കു മാൾവേയർ അയക്കുന്നു. ഒരേസമയം 25 ഡിവൈസുകൾ ഇങ്ങനെ നിരീക്ഷിക്കാം. പ്രതിവർഷം 500ഉം. ഇതിനു കോടികൾ ചിലവുവരും. ഇൻഡ്യ ഇപ്പോൾ ഈ സാങ്കേതികവിദ്യ കോടികൾ മുടക്കി വാങ്ങിയെന്നാണ് പരക്കെയുള്ള സംസാരം. മാത്രമല്ല, പല ഉന്നതന്മാരുടെയും സ്വകാര്യതയ്ക്ക് ഭീഷണിയായി സംഭാഷണങ്ങളും മറ്റു വിവരങ്ങളും ചോർത്തപ്പെട്ടിട്ടുള്ളതായും വാർത്ത പുറത്തു വരുന്നു. ഈ സാഹചര്യത്തിൽ പലരും ഭയാശങ്കയിൽ ആണ്. ഇതു ഉന്നതന്മാരെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും ഓരോ പൗരനും പേടി തോന്നിയാൽ അത്ഭുതപ്പെടാനില്ല. ഇതു എല്ലാവരെയും ഉദ്ദേശിച്ചുള്ളതല്ല. ചില സാഹചര്യങ്ങളിൽ ഏതു ഉന്നതന്റേയും സംഭാഷണങ്ങളും മറ്റു ഡേറ്റകളും ചോർത്തപ്പെടാം. രാജ്യത്തിനു ഭീഷണിയാകുന്ന ഇത്തരം തന്ത്രപ്രധാനമായ വിവരങ്ങൾ ലഭിക്കാൻ രാജ്യത്തിന്റെ ചാരക്കണ്ണ് ഇങ്ങനെയുള്ളവരെ പിന്തുടരുന്നുണ്ടാവും. ‘മടിയിൽ ഘനമുള്ളവനെ പേടിക്കേണ്ടതുള്ളു’ എന്നു പറയുന്നത് എത്രയോ വാസ്തവം. പലതും മറയ്ക്കുവാനുള്ളവർക്കു പേടിക്കാൻ കാരണമുണ്ട്. അല്ലാത്തവർ പേടിക്കേണ്ടതില്ല. ഇതു ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു നമുക്ക് തോന്നിയാലും അവശ്യ ഘട്ടത്തിൽ ഇതു വേണ്ടി വരുന്നതാണ്. ഇതു ഒരു രാഷ്ട്രത്തിന്റെ ആവശ്യം കൂടിയാണ്. എന്നാൽ ഇതിന്റെ ഉദ്ദേശശുദ്ധിയിലാണ് പലരും ആശങ്കപ്പെടുന്നത്. പെഗാസൂസ് തെറ്റായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നു സംശയിക്കുന്നു. ഇതു കേവലം തോന്നലല്ല എന്നു വന്നാൽ പൗരന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ടു ഓരോ പൗരന്റെയും അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.