ലേഖനം : ഉയർച്ചയ്ക്ക് നിദാനം ക്രിസ്തുവിൻ്റെ ഭാവം | ബ്ലെസ്സണ്‍ ചെങ്ങന്നൂര്‍

ഏതൊരു മനുഷ്യനും ഇച്ഛിക്കയും അതിലുപരി അവൻ പ്രയത്നിക്കുകയും ചെയ്യുന്ന ഒന്നാണ് ഉയർച്ച. ആ ഉയർച്ചയ്ക്ക് വേണ്ടി അവൻ എന്ത് കഠിനപരിശ്രമം ചെയ്യുവാനും ബദ്ധപ്പെടുന്നു. പണവും പ്രതാപവും ആത്മീയതയും അവൻ അതിനായി ഉപയോഗിക്കുന്നു. വേർപ്പെട്ട സമൂഹവും തങ്ങളുടെ പ്രാർത്ഥനയുടെ അധികപങ്കും ഉന്നതിക്കും വാഗ്ദത്ത പൂർത്തീകരണത്തിനും ആയി വേർതിരിക്കുന്നു. ഉപവാസ പ്രാർത്ഥന, വാർഷിക ഉപവാസം വ്യക്തിപരമായ ഉപവാസം, ഇങ്ങനെ എല്ലാത്തിൻ്റെയും സാരാംശം ഒന്നുമാത്രമാണ്.. “ഉയർച്ച”. എന്നാൽ ഈ ഉയർച്ചയ്ക്ക് നിദാനമായ വസ്തുതകളെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? നമ്മുടെ ഉത്തരം ‘ഇല്ല’ എന്നാണെങ്കിൽ നാം അതിനെകുറിച്ച് ചിന്തിക്കേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമാണ്.. ഇല്ലായെങ്കിൽ നമ്മുടെ പല പ്രാർത്ഥനകളും ദൈവസന്നിധിയിൽ നിന്ന്ഉത്തരം കിട്ടാത്ത കീറാമുട്ടിയായി മാറും.. ഇന്നത്തെ പല പ്രാർത്ഥനകളുടെയും അന്തഃസത്ത നാം ഒന്ന് വിശദമായി പഠിച്ചാൽ ഇന്നത്തെ പല പ്രാർത്ഥനകളുടെയും ഉള്ളടക്കം  ഉയർച്ചയ്ക്കും വാഗ്ദത്തത്ത നിവർത്തിക്കും സാമ്പത്തിക നന്മയ്ക്കും വേണ്ടി മാത്രമുള്ളതാണ്.. എന്നാൽ ഇവയിൽ ആത്മീക കൃപാവരങ്ങൾ പ്രാപിക്കുന്നതിനും ആത്മീയ ഉയർച്ചയ്ക്കും നിലകൊള്ളുന്ന പ്രാർത്ഥനകൾ തുലോം തുച്ഛമാണ്.. വിശുദ്ധ തിരു വചനത്തിലെ ഒമ്പത് കൃപാവരങ്ങളിൽ ഒന്നെങ്കിലും പ്രാപിക്കണം എന്നുള്ള  ലക്ഷ്യത്തോടുകൂടി യുള്ള ഉപവാസവും പ്രാർത്ഥനയും ഇന്ന് നമ്മുടെ സമൂഹത്തിൽ നിന്ന് പാടെ അന്വർത്ഥമായി. പല വിശ്വാസികളും ഇത്തരം ഒന്നിനെക്കുറിച്ച് കേട്ടറിവു പോലും ഉള്ളവരല്ല. എന്നാൽ ദൈവിക വ്യവസ്ഥയ്ക്ക് അതീനനായി പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയുടെ പ്രാർത്ഥനയുടെ മറുപടി സുനിശ്ചിതമാണ്. ദൈവത്തിന് അത് നിവർത്തിക്കാതിരിക്കുവാൻ കഴിയുകയില്ല.. “നീ താഴ്ചയല്ല ഉയർച്ച തന്നെ പ്രാപിക്കും എന്ന തിരുവെഴുത്തുകൾ” അത് വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുക അല്ലേ??? അതോടൊപ്പം തന്നെ തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്നുകൂടി തിരുവചനം നമ്മെ പഠിപ്പിക്കുന്നു…. ഇത് നമുക്ക് ക്രിസ്തുയേശുവിൽ കൂടെ വളരെ വ്യക്തമായി കാണുവാൻ സാധിക്കും. ക്രിസ്തുവിലുള്ള ഈ ഭാവങ്ങൾ നമ്മളും പകർത്തുമ്പോൾ നമ്മുടെ പ്രാർത്ഥനകൾക്കുള്ള മറുപടിക്ക് ആക്കം കൂട്ടുന്നു.. നമ്മുടെ പ്രാർത്ഥനയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു . പൗലോസ് ഫിലിപ്പിയ ലേഖനത്തിൽ(ഫിലി2:5) ഇപ്രകാരം വിശദമാക്കുന്നു . ഇന്നത്തെ പ്രാർത്ഥനാ സഹകാരികൾ ഇത് പ്രമാണിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്…                         അവയെ ഒന്ന് വിശകലനം ചെയ്താൽ അതിൻറെ ഉള്ളടക്കം ഇത്രമാത്രമാണ്(ഫിലി2:6-8).             (1)

അവൻറെ സമത്വം :-അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദൈവ തുല്യമായ തൻ്റെ സമത്വം ഉപേക്ഷിച്ച് മനുഷ്യകുലത്തിൻ്റെ രക്ഷയ്ക്ക് വേണ്ടി മണ്ണിലേക്ക് ഇറങ്ങാൻ സന്നദ്ധനായ ദൈവമാണ് നമ്മുടെ ദൈവം. ഇന്നത്തെ പ്രാർത്ഥനാ പോരാളികളായ നാമോരോരുത്തരുംപലതിൽ നിന്നും വിട്ടുപോരാൻ മടിക്കുകയും വിട്ടുപോയതിലേക്ക് മടങ്ങിപ്പോവാൻ ഉത്സാഹിക്കുകയും ചെയ്യുന്നവരാണ്.. നമ്മുടെ സമൂഹത്തോട് നാം പാർക്കുന്ന ചുറ്റുപാടുകളോടും സമത്വം പാലിക്കുവാൻ നാം ഇന്ന് അതിയായ വ്യഗ്രത ഉള്ളവരാണ് . അവർ ചെയ്യുന്നതിനോടും അവർ പ്രവർത്തിക്കുന്നതിനോടും നാം മൗനമായി സമ്മതം മൂളുന്നവരല്ലേ?? നാം വിട്ടു കളഞ്ഞ പലതും നമ്മുടെ സഭയിലും സമൂഹത്തിലും നമ്മുടെ ഭവനങ്ങളിലും നമ്മൾ മടക്കി എടുത്തില്ലേ??? ശരിക്കും നാം ആർക്കു വേണ്ടി ആയിരുന്നു പലതും ഉപേക്ഷിച്ചത്?? ആരുടെ ഉപദേശം ആയിരുന്നു നാം ആ നാളുകളിൽ  സ്വീകരിച്ചത്.. മടങ്ങിവരാം യഥാസ്ഥാനപ്പെടാം..

ബ്ലെസ്സൺ ചെങ്ങന്നൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.