ലേഖനം: ഇനിയെങ്കിലും പഠിക്കുമോ ചില പാഠങ്ങൾ | രാജൻ പെണ്ണുക്കര

നാം ഇപ്പോൾ  കടന്നുപോകുന്ന സാഹചര്യത്തിൽ വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയം തന്നേ. എന്നാൽ കാര്യങ്ങൾ വിവരിക്കും മുൻപേ അഞ്ച് പതിറ്റാണ്ട് പിന്നിലെ ഓർമ്മ കുറിപ്പുകളിലോട്ട് വായനക്കാരെ ഒന്നു കൊണ്ടുപോകട്ടേ!!.

ഞങ്ങളുടെ ബാല്യകാലത്തെ അനുഭവങ്ങൾ അയവിറക്കിയാൽ, വിശ്വാസ ജീവിതത്തിൽ ഒരു പ്രാർത്ഥന യോഗങ്ങൾ പോലും മുടക്കാതെ അനേക കിലോമീറ്ററുകൾ രാത്രികാലങ്ങളിൽ ഭവനപ്രാർത്ഥന കഴിഞ്ഞ്, കൂട്ടംകൂട്ടമായി സ്വഭവനങ്ങളിലോട്ട് നടന്നുപോയിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അന്ന്, ഒരിടയനെ പോലെ, ഒരു വഴികാട്ടിയെ പോലെ ഏതെങ്കിലും ഒരപ്പച്ചൻ ഏറ്റവും മുൻപിൽ വടിയും നിലത്ത് ഇടിച്ചിടിച്ച് ശബ്ദം ഉണ്ടാക്കി, റ്റൊർച്ച് തെളിച്ചോ, ചൂട്ടുകറ്റ കത്തിച്ചുകൊണ്ടോ വഴികാട്ടിയായി  നടന്നു ഓരോരുത്തരെയും രാത്രിയാമങ്ങളിൽ അവരവരുടെ വീട്ടുപടിക്കൽ കൊണ്ടുവിട്ട് സ്തോത്രവും മാറാനാഥയും പറഞ്ഞു പിരിഞ്ഞകാലം.

സഭായോഗം കഴിഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും സഹോദരങ്ങൾ ക്ഷേമം അന്വേഷിച്ചിരുന്ന ഒരു കാലം. സഭായോഗത്തിൽ ഒരാളെ പുതിയതായി കണ്ടാൽ, ആരാധന കഴിഞ്ഞ് എല്ലാവരും ഓടി വന്നു പരസ്പരം പരിചയപെട്ടു, ക്ഷേമവിവരങ്ങൾ അന്വേഷിച്ചിരുന്ന ഒരു കാലം. രണ്ടു സഹോദരങ്ങൾ പരസ്പരം കാണുമ്പോൾ സ്ഥലകാല ഭേതമെന്യേ കെട്ടിപിടിച്ചു ചുംബനം ചെയ്തു *മാറാനാഥ* എന്നു പറഞ്ഞു അഭിവാദ്യം ചെയ്തിരുന്ന കാലം.

ഒരാൾ അവധിക്കു നാട്ടിൽ വന്നാൽ ആരാധന കഴിഞ്ഞ് വിശേഷങ്ങൾ അന്വേഷിച്ചിട്ട്, എത്ര നാൾ നാട്ടിൽ കാണും എന്നു ചോദിച്ചിരുന്ന ഒരു കാലം.  ആരാധന കഴിഞ്ഞ് നടന്നു നടന്നു പൊരിവെയിലത്തു ചെരുപ്പുപോലും ഇല്ലാതെ നടന്നു പോകുന്ന പാവങ്ങളായ വിശ്വാസികളെ കാറും വണ്ടിയും ഉള്ളവർ പകുതി വഴി വരെ എങ്കിലും കൊണ്ടു വീട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒരുമുട് കപ്പപിഴുതാലോ, ചക്കയിട്ടാലോ പകുതി എടുത്തു തലയിൽവെച്ച് കൊണ്ടുപോയി അവ ഇല്ലാത്ത സഹോദരന്റെ വീട്ടിൽ കൊടുത്തിട്ട് പ്രാർത്ഥിച്ചിട്ടു വന്നിരുന്ന ഒരു കാലം.

ഒരുചെറിയ തെറ്റുകണ്ടാൽ പോലും സഭയിലെ പ്രായമുള്ള അപ്പച്ചന്മാർ ശാസിച്ച് നേർവഴിക്കു നടത്തിയിരുന്ന  ഒരുകാലം. അപ്പോൾ മാതാപിക്കന്മാർ രണ്ട് അടികൂടേ കൊടുക്കവന് എന്നു പറഞ്ഞു തല്ലു കൊള്ളിച്ചിരുന്ന ഒരു കാലം.

എന്നാൽ ഇന്നു  സൺ‌ഡേസ്കൂൾ അധ്യാപകൻ മക്കളെ ശാസിച്ചു എന്ന  കാരണം പറഞ്ഞ് സഭ വിട്ടുപോകുന്ന ഒരുകൂട്ടം. എന്റെ മക്കളെ വല്ലതും പറഞ്ഞാൽ അവരുടെ മക്കളുടെ സ്ക്രീൻ ഷോട്ട് എന്റെ കൈയിൽ ഉണ്ട് എന്നു പറഞ്ഞു ഭീഷണി മുഴക്കുന്ന മാതാപിതാക്കൾ ഒരുവശത്തും. എവിടെ  നേർവഴിക്കുവരും പുതിയ തലമുറ.

ഇന്ന് എന്താ കാലം മാറിയോ,
അതൊ കോലം മാറിയോ?.
എവിടെയാണ് മാറ്റം സംഭവിച്ചത്?.
ആദ്യസ്നേഹം എവിടെ പോയി മറഞ്ഞു?.
ആദ്യസ്നേഹം എന്തുകൊണ്ട് നഷ്ടമായി?.
എവിടെയാണ് പിഴവ് പറ്റിയത്?.
ആർക്കാണ് പിഴവ് പറ്റിയത്?.
എവിടെയാണ് ലക്ഷ്യം പിഴച്ചത്?
ഒരു നിമിഷം ചിന്തിക്കുമോ?.

അന്നത്തെ പ്രത്യാശ എല്ലാവർക്കും സ്വർഗ്ഗരാജ്യത്തിൽ എങ്ങനെയെങ്കിലും എത്തണം, യേശുവിനെ മുഖാമുഖം ഒന്നു കാണണം എന്നതായിരുന്നു. ദൈവത്തെയും, ദൈവവചനത്തെയും ഭയക്കുന്നു കാലം. ദൈവം സ്നേഹനിധിയും അതുപോലെ ദഹിപ്പിക്കുന്ന അഗ്നിയും ആണെന്ന ചിന്ത അകമേ ഭരിച്ചിരുന്നു. എന്നാൽ ഇന്നോ ഇതെല്ലാം ചുമ്മാത് എന്ന ലാഘവ മനോഭാവം.

അന്നു പണത്തിന്റെ അഹങ്കാരമോ, അഹംഭാവമോ, മത്സരമോ ഇല്ലായിരുന്നു. എപ്പോഴും എല്ലാവരിലും നിറഞ്ഞു നിന്നിരുന്നത് ദൈവസ്നേഹം ആയിരുന്നില്ലേ.. കഷ്ടതയുടെയും, പട്ടിണിയുടെയും കാലം. പല ഭവനങ്ങളിലും ഒരുനേരം പോലും ആഹാരം ഇല്ലാതെ പ്രാർത്ഥിച്ച് ഉറങ്ങിയ കാലം. മിക്കവരും രണ്ടുനേരം മാത്രം ആഹാരം കഴിച്ചു ഉറങ്ങിയവർ.

കാലങ്ങൾ മാറി, ഇന്ന് എല്ലാവർക്കും പണമായി, മണിമാളികകൾ ആയി, ആഡംബരവാഹനങ്ങൾ ആയി, ഒരുത്തന്ന് ഒരുത്തനോട് മത്സരം ആയി, ഞാൻ താൻ വലിയവൻ എന്നഭാവം വന്നു. ഞാൻ എന്തിനു താഴണം, ഞാൻ എന്തിനു വിട്ടുകൊടുക്കണം എന്നതായില്ലേ മനോഭാവം. നമ്മുടെ അകൃത്യങ്ങൾ ആകാശത്തോളം മുട്ടി നിൽക്കുന്നു എന്നു പറഞ്ഞാൽ കൂടുതൽ ആകുമോ.. പണ്ടത്തെ പട്ടിണിയും, പരിവെട്ടവും, വന്ന വഴികളും, നടത്തിയ വിധങ്ങളും മറന്നുള്ള ജീവിതം.

ദൈവവചനം നമ്മോടു ചോദിക്കുന്നത്, നിന്റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാൻ ഓർക്കുന്നു, എന്നാൽ അന്നത്തെ ഭക്തിയും സ്നേഹവും ഇന്ന് എവിടെ?.

ഇന്നു നമുക്ക് എല്ലാമുണ്ട്, ഒന്നിനും കുറവില്ല. എന്നാൽ നമ്മുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതോ, നാം അറിയാതെ തന്നേ നമ്മിൽ നിന്നും ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന കുറവേ മാത്രമേ പറയാനുള്ളു. നാം പരസ്പരം ഹൃദയംകൊണ്ട് അകന്നു ദൂരെ പോയി. ആദ്യസ്നേഹം തണുത്തുപോയിട്ട് നമ്മുടെ ഹൃദയം കല്ലുപോലെയായി മാറി. അധർമ്മം പെരുകുന്നതു കൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും (മത്താ 24:12) എന്നത് എത്രയോ വാസ്തവം.

ഇന്നു സ്നേഹത്തിന്റെ പ്രദർശനം തികച്ചും യന്ത്രികവും  കേവലം ഔപചാരികപ്പെരുമാറ്റമോ ചടങ്ങൊ പോലെയായി മാറിയില്ലേ.. അങ്ങനെ ആത്മീകത വെറുമൊരു പ്രഹസനം പോലെ ജഢികതയായി മാറി എന്നു പറഞ്ഞാൽ പോലും തെല്ലും തെറ്റില്ല. ദ്രവ്യാഗ്രത്തിനും പദവിക്കും കസേരക്കും, അധികാരത്തിനും വേണ്ടി എല്ലാം അടിയറവു പറഞ്ഞില്ലേ. ഇന്നു രാഷ്ട്രീയക്കാരന്റെ മാതിരി കൈകൂപ്പി നിൽക്കേണ്ട അവസ്ഥയായി.

നമ്മുടെ സഭകളിൽ അനേക വർഷങ്ങളായി ആണ്ടവസാന യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതെ ഭവനങ്ങളിൽ കഴിഞ്ഞു കൂടിയ എത്രയധികം വിധവമാർ, സാധുക്കൾ ഉണ്ടായിരുന്നു. ഒരുകൂട്ടം സഭയിൽ വന്നു പുതുവർഷത്തെ സ്വാഗതം ചെയ്തു കേക്ക്മുറിച്ച് ആഘോഷിച്ചപ്പോൾ, ഇങ്ങനെ വീടുകളിൽ ഇരുന്ന ഒരുകൂട്ടത്തെ കുറിച്ച് ഒരിക്കലെങ്കിലും ഓർത്തിരുന്നോ. ഇല്ല… ആരും ഭവനത്തിൽ ഇരിക്കരുത്, എല്ലാവരും രാത്രിയിൽ വരണം,  ഞങ്ങൾ ഉണ്ട് നിങ്ങളെ  സഹായിക്കാൻ, നിങ്ങളെ രാത്രിയിൽ മടക്കി വീടുകളിൽ കൊണ്ടുവിടാം എന്നു പറയാനുള്ള തോന്നൽ ഉണ്ടായിട്ടുണ്ടോ???.

ഇന്നു നാം കാണുന്ന, അനുഭവിക്കുന്ന നന്മകൾ ദൈവിക ദാനം അല്ലേ, നാം വെറും കാവൽക്കാരും, വണ്ടിക്കാരന്‍, ഉപയോക്താവ് (User) മാത്രം അല്ലേ എന്ന സത്യം മറന്നുപോകരുതേ ഒരിക്കലും. ദൈവത്തെ മറന്ന് ഒന്നും ചെയ്യാൻ ശ്രമിക്കരുത്. ഞാൻ എന്റെ ബലംകൊണ്ടും, കഴിവുകൊണ്ടും, വിദ്യാഭ്യാസം കൊണ്ടും എല്ലാം നേടി എന്ന ചിന്ത ഒരിക്കലും ഹൃദയത്തിൽ വരരുത്.

എന്നാൽ ഇന്നു നാം യോഗങ്ങളിൽ പോയാൽ ആശിർവാദവും ആമേൻ പറയും മുൻപേ വിശ്വസിഗണം വെളിയിൽ. ഒന്നു മിണ്ടുവാനോ, പരിചയപ്പെടാനോ, ക്ഷേമം അന്വേഷിക്കാനോ മനസ്സില്ലാത്ത അവസ്ഥയിൽ സ്വാർത്ഥരായി തീർന്നില്ലേ എല്ലാവരും. ശുശ്രുഷകൻ ആമേൻ പറഞ്ഞിട്ട് കണ്ണുതുറക്കും മുൻപേ ഭൂരിപക്ഷത്തിന്റെയും വണ്ടി സ്റ്റാർട്ട്‌ ആകില്ലേ.

ഒരുസഭയിൽ മൊത്തം എത്ര വിശ്വാസികൾ ഉണ്ടെന്നു പോലും അറിയാത്ത അവസ്ഥയിൽ എത്തിച്ചു കാര്യങ്ങൾ എല്ലാം. ഇന്ന് പരസ്പരം വിശ്വാസികൾ കണ്ടാൽ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം മുഖമൂടി (Mask) ഒരു വില്ലനായി മാറി. കൂടാതെ കൊറോണയുടെ പേരു പറഞ്ഞു നീട്ടിയ കൈ പുറകോട്ടു വലിക്കുന്ന അവസ്ഥയും സംജാതമായി.

ആരാധനയിൽ പോലും ആളും തരവും നോക്കിയുള്ള ഇരിപ്പിടവും, കസേരയുടെ ആകൃതിയും, സ്ഥാനങ്ങളും ആയില്ലേ.എവിടെയാണ്  സമത്വം ദർശിക്കുന്നത്, പലയിടത്തും വലിപ്പചെറുപ്പം ദൃശ്യമാകുന്നില്ലേ?. എവിടെയാണ് നീതിയും ന്യായവും നടപ്പിലാക്കുന്നത്. ഇന്നു ആത്മീയമണ്ഡലത്തിൽ നടക്കുന്നത് ഇതെല്ലാം അല്ലേ….

ആരാധന കഴിഞ്ഞു പോകുമ്പോൾ ലക്ഷങ്ങൾ വിലപിടിപ്പുള്ള ആഡംബര വാഹനങ്ങളിൽ സാധുക്കളായ മറ്റുള്ളവരെ കയറ്റിയാൽ മണ്ണുവീണു ഫ്ലോർ ചീത്തയാകും എന്ന ഭയം. പാവം വിശ്വാസികൾ ബസ്സിനും ഓട്ടോയിക്കും വേണ്ടി മണിക്കൂറുകൾ നിന്നാലും ദയതോന്നാത്ത ഭക്തന്മാർ. ഒരുവാക്ക് മിണ്ടാൻ വൈമനസ്യം കാണിക്കുന്ന ഒരുകൂട്ടർ. ഞാൻ എന്തിന് അങ്ങോട്ട്‌ ചെന്നു മിണ്ടണം എന്ന ഉന്നത ഭാവം.

എന്നിട്ടും നാം ഒരുങ്ങുന്നത് എങ്ങോട്ട് പോകുവാനാണ്. നാം കുപ്പായം തൈയ്പ്പിച്ചു വെച്ചിരിക്കുന്നത് എവിടെ പോകാനാണ്.

മനുഷ്യൻ ഹൃദയം കൊണ്ട് പരസ്പരം അകന്നു മാറിയപ്പോൾ ദൈവം തന്നെ നമ്മേ ശാരീരികമായി അകറ്റി *സാമൂഹിക അകലം* എന്ന അലങ്കാരികപദം തന്നു എന്നു പറയുന്നതല്ലേ യഥാർത്ഥത്തിൽ ശരി.

ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു (ഉല്പ 6:12). കൂടാതെ യിരേമ്യാപ്രവാചകൻ പറയുന്ന വാക്കുകൾ (16:17,21) കൂടി ഓർക്കുക. എന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേൽ വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞു കിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല. ആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കൈയും എന്റെ ബലവും ഞാൻ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവർ അറിയും.

അപ്പോൾ ഇതിന്റെ എല്ലാം കാരണക്കാർ നാം തന്നെയല്ലേ, നമുക്ക് മടങ്ങി വരാം. ഇല്ലായെങ്കിൽ നമ്മുടെ ജീവിതം സെമിത്തേരിയിലെ പന്ത്രണ്ട് അടി താഴ്ചയിൽ അവസാനിച്ചു പോകും.. സ്വർഗ്ഗരാജ്യം ഒന്നു കാണുവാൻ പോലും കഴിയുന്നില്ല എങ്കിൽ, പോകുന്നകാര്യം പിന്നെ ചിന്തിക്കുക.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.