ഭാവന: എത്രയും സ്നേഹം നിറഞ്ഞ ചേട്ടായിക്ക്‌ | സുമി അലക്സ്, ലെസ്റ്റർ

യു കെ ചാപ്റ്റർ ലെറ്റർ റൈറ്റിങ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയ കൃതി

ചേട്ടായിയോടും കുടുംബത്തോടും അപ്പനോടും ഞാൻ ചെയ്ത തെറ്റുകൾക്കും ദ്രോഹങ്ങൾക്കും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. കുറച്ചു ദിവസങ്ങളായി ഇങ്ങനെ ഒരു കത്ത് എഴുതണം എന്ന് ആഗ്രഹിച്ചു എങ്കിലും ജോലിത്തിരക്കും ക്ഷീണവും ശാരീരിക അസ്വസ്ഥതകളും നിമിത്തം കഴിഞ്ഞില്ല. ഒരു തുറന്ന കത്ത് അപ്പനും എഴുതണം എന്നുണ്ടെങ്കിലും, എന്നോടും എൻറെ കത്തിനോടും ഉള്ള അപ്പന്റെ സമീപനം തികച്ചും വേദനാജനകമായിരിക്കും എന്ന് എൻറെ മനസ്സാക്ഷി എന്നെ കുറ്റം വിധിയ്ക്കുന്നതിനാൽ അതിന് തൽക്കാലം മുതിരുന്നില്ല. എങ്കിലും ചേട്ടായി എനിക്കുവേണ്ടി അപ്പനോട് ഒന്ന് മധ്യസ്ഥത പറയാമോ എന്ന് ഞാൻ അപേക്ഷിക്കുന്നു. കാരണം, ഞാൻ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത അവസ്ഥയിൽ കൂടെയാണ് ആണ് ഇപ്പോൾ കടന്നു പോകുന്നത്.

അപ്പന്റെയും ചേട്ടായിയുടെയും വാക്കു കേൾക്കാതെ, അപ്പൻ എനിക്ക് എഴുതിവെച്ച വയലും പട്ടണത്തിലെ മൂന്ന് ഏക്കർ മുന്തിരി തോട്ടവും ഒക്കെ വിറ്റശേഷം ആ പൈസയും കൊണ്ട് ഞാൻ ഈ സ്ഥലത്ത് എത്തിയിട്ട് അധികം നാൾ ആയിട്ടില്ല. പോകേണ്ട പോകേണ്ട എന്ന് ചേട്ടായി എൻറെ കാലു പിടിച്ചു പറഞ്ഞത് ഞാൻ ഇന്ന് എന്നപോലെ ഓർക്കുന്നു. എനിക്ക് ഈ സ്ഥലത്ത് ആരെയും മുൻപരിചയം ഇല്ല എങ്കിൽ കൂടെ എൻറെ കയ്യിൽ കാശു ഉണ്ടെന്ന് മനസ്സിലായ കുറച്ചു പേര് എന്നെ അവരുടെ കൂടെ കൂട്ടി. രാജകുമാരനെപ്പോലെയാണ് എന്നെ അവർ കരുതിയത്. കൂട്ടത്തിൽ ഒരാളുടെ വീട്ടിൽ ചൂതുകളിയും മദ്യപാനവുമായി അപ്പൻ നമ്മളെ രണ്ടുപേരെയും വളർത്തി പഠിപ്പിച്ച മൂല്യങ്ങളെ മറന്ന്, ശരിക്കും പണവും സമയവും വെറുതെ കളഞ്ഞു. കാശു ഉള്ളപ്പോൾ എൻറെ കൂടെ നിൽക്കാൻ ആളുണ്ടായിരുന്നു. എൻറെ പേഴ്സ് ശൂന്യം ആകുന്നത് ഞാൻ അറിഞ്ഞതേയില്ല. ഉന്തിന്റെ കൂടെ ഒരു തള്ള് എന്നപോലെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ കഠിനക്ഷാമം ആണ്. എൻറെ കയ്യിലെ കാശു ഒക്കെ തീർന്നു. എന്നെയും കൊണ്ട് ഉപകാരം ഇല്ലാത്തതു കൊണ്ടായിരിക്കാം എൻറെ കൂട്ടുകാരൊക്കെ എന്നെ ഇപ്പോൾ ഗൗനിക്കുന്നതേയില്ല. ഒരു ചില്ലിക്കാശുപോലും തന്ന് എന്നെ സഹായിപ്പാൻ ആരുമില്ല. കൂട്ടുകാരൊക്കെ എന്നെ കണ്ടിട്ടും കാണാത്തതുപോലെ ഒഴിഞ്ഞുമാറി പോകുന്നു. ഞാൻ ഇപ്പോൾ ഈ നാട്ടിലെ ഒരു പ്രമാണിയുടെ വീട്ടിൽ പന്നികളെ മേയ്ക്കുന്ന ജോലി ചെയ്യുവാ. വേറെ ഒരുപാട് ജോലിക്ക് ഞാൻ അപേക്ഷിച്ചു എങ്കിലും ക്ഷാമവും സാമ്പത്തിക മാന്ദ്യവും നിമിത്തം എനിക്ക് ആരും ജോലി തന്നില്ല.

പന്നികളെ മേയ്ക്കുന്നത് ഒട്ടും എളുപ്പമല്ല ചേട്ടായി… ഇവറ്റകളെ കുളിപ്പിച്ച് വൃത്തിയാക്കിയാലും വീണ്ടും ചെളിയിൽ ഉരുണ്ടിട്ട് വന്നിട്ട് കൂടും പരിസരവും ഒക്കെ വൃത്തികേട് ആക്കും. എൻറെ ദേഹം മുഴുവൻ പന്നികളുടെ ദുർഗന്ധമാണിപ്പോൾ… എനിക്ക് മാറി ധരിക്കുവാൻ വേറെ ഒരു ജോഡി ഉടുപ്പ് പോലുമില്ല. കഴിക്കാൻ ആഹാരവും സമയത്ത് തരുന്നില്ല. പന്നിത്തീറ്റ തിന്ന് വിശപ്പു മാറ്റാമെന്ന് വിചാരിച്ചാൽ അതുപോലും എനിക്ക് ആരും തരുന്നില്ല. വയലിലെ ചൂട് അടിച്ചു എൻറെ ദേഹം ഒക്കെ ഒരു പരുവമായി. അപ്പനും ചേട്ടായിയും എത്ര കരുണയോടെയാണ് നമ്മുടെ വീട്ടിലെ വേലക്കാരോട് ഇടപെടുന്നത്. പഴയ കര്യങ്ങളൊക്കെ ഓർക്കാൻ എനിക്കിപ്പോൾ ഒത്തിരി സമയം കിട്ടുന്നുണ്ട്. മൂത്തവർ ചൊല്ലുന്ന കാര്യങ്ങൾ ആദ്യം കയ്ക്കും എങ്കിലും ഒടുവിൽ അത് മധുരിക്കും എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ചിലപ്പോൾ ഇത് എൻറെ അവസാനത്തെ കത്ത് ആയിരിക്കും. ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ ജീവിക്കുന്നത് സാധ്യമല്ലല്ലോ. നമ്മുടെ അപ്പൻറെ സ്പെഷ്യൽ ആഹാരങ്ങളും മുന്തിരി അടയും ദോശയും ഒക്കെ ഞാൻ മിസ്സ് ചെയ്യുന്നു. ഇവിടെ പന്നിക്ക് ഭക്ഷണം കൊടുക്കുന്ന സമയമായി. വാളവര കുറച്ച് എടുക്കാൻ പറ്റുമോ എന്ന് നോക്കണം. കാരണം ആഹാരം കഴിക്കാത്ത മൂന്നാമത്തെ ദിവസമാണിന്ന്. എൻറെ വയറും മനസ്സും കത്തുന്നു ചേട്ടായി. വീണ്ടും നേരിൽ കാണും എന്ന പ്രതീക്ഷയില്ലാത്ത ഈ അനുജനോട് എല്ലാ തെറ്റുകളും പൊറുക്കണമെ എന്ന അപേക്ഷയോടെ കത്ത് ചുരുക്കുന്നു. ഇനിയും എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും തൊണ്ട വരളുന്നു; കയ്യും കാലും വിറക്കുന്നു… തല കറങ്ങുന്നു… വയ്യ… വയ്യാ…

അനുജൻ
പേര്
വിലാസം.

സുമി അലക്സ്
ലൈഫ് അബണ്ടന്റ് പെന്തക്കോസ്ത് ചർച്ച്
ലെസ്റ്റർ

-ADVERTISEMENT-

-ADVERTISEMENT-

You might also like