മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ; അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും

മുംബൈ: മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ബുധനാഴ്ച രാത്രി എട്ട് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം മുഴുവൻ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗൺ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

post watermark60x60

രാവിലെ ഏഴ് മുതൽ രാത്രി എട്ടുവരെ അവശ്യ സർവീസുകൾ മാത്രമെ അനുവദിക്കൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. നാലു പേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.

മെഡിക്കൽ സേവനങ്ങൾ, ബാങ്കുകൾ, മാധ്യമങ്ങൾ, ഇ – കോമേഴ്സ്, ഇന്ധന വിതരണം എന്നിവ മാത്രമേ അനുവദിക്കൂ. അനാവശ്യ യാത്രകൾ തടയും. പൊതുഗതാഗതം നിർത്തിവെക്കില്ല. അവശ്യ യാത്രകൾക്കുവേണ്ടി മാത്രമെ ബസ്സുകളിലും ട്രെയിനുകളിലും ജനങ്ങൾ സഞ്ചരിക്കാവൂ.

Download Our Android App | iOS App

ഇന്ന് 60,212 പേർക്ക് കോവിഡ്

മഹാരാഷ്ട്രയിൽ ഇന്ന് 60,212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയിൽ വർധിക്കുകയാണ്. സംസ്ഥാനം മെഡിക്കൽ ഓക്സിജന്റെ ദൗർലഭ്യം നേരിടുന്നുണ്ട്. മറ്റുസംസ്ഥാനങ്ങളിൽനിന്ന് ഓക്സിജൻ എത്തിക്കാൻ വ്യോമസേനയുടെ സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. ആശുപത്രി കിടക്കകളുടെയും പകർച്ചവ്യാധി മരുന്നായ റെംഡിസിവിറിന്റെയും ദൗർലഭ്യവും സംസ്ഥാനത്തുണ്ട്.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുമ്പോളും സംസ്ഥാനം കടുത്ത സമ്മർദ്ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താ സമ്മേളനം നടത്തിയത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like