ദൈവീക നിയോഗവുമായി ഡോ.ഷാജി ഡാനിയേൽ

തയ്യാറാക്കിയത് : അഡ്വ. സുകു തോമസ്, ബ്ര. രഞ്ജിത് ജോയ്‌, ബ്ര. അനീഷ് വലിയപറമ്പിൽ K. E. Delhi Chapter

ക്രൈസ്ത്രവ എഴുത്തുപുര പ്രതിനിധികൾ പാസ്റ്റർ ഷാജി ഡാനിയേലുമായി നേരിട്ടു ഫോണിലൂടെ സംസാരിച്ചു തയ്യാറാക്കിയത്

ന്യൂഡൽഹി : രാജ്യതലസ്ഥാനം കേന്ദ്രമായ ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് ദൈവീക നിയോഗവുമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷാജി ഡാനിയേലിന് ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ അഭിനന്ദനങ്ങൾ! കേരളത്തിലെ വിശ്വാസഭവനത്തിൽ ജനിച്ചുവളർത്തപ്പെട്ട് എല്ലാവിധമായ സാഹചര്യങ്ങളും മനസ്സിലാക്കി,അവിടെ നിന്നും ആത്മീയ തലത്തിലും, വിദ്യാഭ്യാസ തലത്തിലും വളരെ പ്രഗത്ഭ്യം തെളിയിച്ച ഒരു മഹത് വ്യക്തിത്വത്തിന് ഉടമയാണ് എന്നതിന് സംശയമില്ല. ഡോ.ഷാജി ദാനിയേലിന്റെ ഈ നിയോഗത്തെ വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ദൈവദാസന്മാരും വിശ്വാസസമൂഹവും  ഉറ്റുനോക്കുന്നത്.ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രതിനിധികൾക്കൊപ്പം തിരക്കിനിടയിലും വിലപ്പെട്ട സമയം ചെവഴിച്ചത് നന്ദിയോടെ ഓർക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് :

പുതിയ ദൗത്യത്തെ എങ്ങനെ കാണുന്നു?

ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രസിഡണ്ട് എന്ന  ഉത്തരവാദിത്വം ഏറ്റെടുക്കാൻ കർത്താവ് നൽകിയ ഒരു പദവിയായി ഞാൻ കാണുന്നു, കാരണം സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന താല്പര്യം എന്നോട് പറഞ്ഞപ്പോൾ തന്നെ അതിനുള്ള സാഹചര്യമോ കാര്യങ്ങളോ ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു താൻ ഒഴിവാകുവാൻ ശ്രമിച്ചിരുന്നു. എന്നാൽ അതേസമയം പല നിലകളിൽ നിന്ന് സമ്മർദ്ദം ഉണ്ടാകുകയും,വിശേഷാൽ ഐ പി സി ജനറൽ കൗൺസിൽ സെക്രട്ടറി, പ്രതിനിധികൾ, അതുപോലെ ഡൽഹി സ്റ്റേറ്റിലെ അഡ്മിനിസ്ട്രഷൻ എക്സിക്യൂട്ടീവ്സ്, നിരവധി ദൈവദാസന്മാർ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും അത് പറ്റില്ലയെന്ന് ഞാൻ പറഞ്ഞെങ്കിലും, തിരിച്ചു കർത്താവിന്റെ തിരുഹിതപ്രകാരം ഇത് എന്റെ അടുക്കലേക്ക് വന്നു എന്ന് മാത്രമേ ഉള്ളൂ. ഇപ്പോൾ ഞാൻ പൂർണമായും വിശ്വസിക്കുന്നു ഇത് ദൈവത്താൽ സാധിച്ചു. ഇന്നും എന്റെ ചിന്തയിൽ പോലും ഈ നിയോഗം ആശ്ചര്യമാണ്.സകല മഹത്വവും ദൈഹത്തിന് മാത്രം. കർത്താവ് ഏൽപ്പിച്ച ഈ ഉത്തരവാദിത്വം ഭംഗിയായി ദൈവരാജ്യ മഹത്വത്തിന് വേണ്ടി നിർവഹിക്കണം എന്ന് ആഗ്രഹിക്കുന്നു. ഞാൻ ഈ ദിവസങ്ങളിൽ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നതുപോലെയും കർത്താവ് നമ്മുക്ക് കാട്ടിതന്നതുപോലെ, ഈ ദൗത്യത്തെ ഒരു യജമാനൻ(കിങ്)യെന്ന നിലയിൽ അല്ല ദാസൻ എന്ന നിലയിൽ ഒരു സേർവന്റ് ലീഡർ എന്ന നിലയിൽ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നു.

ഇന്നത്തെ സാഹചര്യത്തിൽ തുടക്കം എങ്ങനെ ആയിരിക്കും?

ഇപ്പോഴത്തെ സാഹചര്യത്തിൽ ഡൽഹിയിൽ ഉള്ള  ദൈവമക്കൾക്കും  ഞാൻ മിക്കവാറും വിദൂരതയിൽ ആയിരിക്കുമെങ്കിൽ പോലും ഇപ്പോഴത്തെ വിവരസാങ്കേതികവിദ്യകളുപയോഗിച്ച് സൂം പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയും പേഴ്‌സണൽ ഫോണിലൂടെ ബന്ധപ്പെടുകയും മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അവിടെയുള്ള കർത്തൃദാസന്മാരെയും ദൈവമക്കളെയും മീറ്റ് ചെയ്തു അവരുടെ ആവശ്യങ്ങൾ അറിഞ്ഞു, അവർക്ക് വേണ്ട ശുശ്രൂഷയുടെ കൈത്താങ്ങലുകളും സഹായങ്ങളും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. മാത്രമല്ല മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും കർത്താവിന്റെ ദാസന്മാർക്ക് വേണ്ടുന്ന പരിശീലനം കൊടുക്കുവാനും, ആ നിലയിൽ ശുശ്രൂഷകന്മാരെ വളർത്തിയെടുക്കുവാൻ ആഗ്രഹിക്കുന്നു.

നോർത്തിന്ത്യൻ സുവിശേഷീകരണ അനുഭവങ്ങൾ, എന്തെങ്കിലും പ്രേരകഘടകങ്ങൾ?

ഞാൻ കർത്താവിന്റെ വേലയിൽ  വരുവാൻ തന്നെ കാരണം നോർത്തിന്ത്യൻ സുവിശേഷീകരണത്തിപ്പറ്റിയുള്ള എന്റെ ദർശനമാണ്. നോർത്തിന്ത്യയെ പറ്റി അധികം കേൾക്കാതെയിരുന്ന സമയത്ത് തന്നെ പ്രീഡിഗ്രിക്ക് കൊട്ടാരക്കരയിലുള്ള കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ  ഐ സി പിഎഫിന്റെ ഒരു മീറ്റിങ്ങിൽ വന്ന് പ്രൊഫസർ. ഡി.ജോഷ്വാ സംസാരിച്ചു സംസാരിക്കുമ്പോൾ സുവിശേഷം അധികം എത്തീട്ടില്ലാത്ത നോർത്തിന്ത്യയുടെ  വിവിധ ഭാഗങ്ങൾ അതുപോലെ നേപ്പാൾ, കർത്താവിന്റെ വേലയെപ്പറ്റി വിശദീകരിക്കുകയും, അന്ന് അദ്ദേഹം നടത്തിയ ഒരു ചലഞ്ച് ഞാനിന്നുമോർക്കുന്നു. യേശു തമ്പുരാൻ തന്റെ യൗവന രക്തം ലോകത്തിന്റെ പാപത്തിന്റെ രക്ഷക്കുവേണ്ടി കൊടുത്തെങ്കിൽ , യൗവനത്തിൽ തന്നെ കർത്താവിന്റെ വേലയ്ക്കായി നോർത്ത് ഇന്ത്യയിലേക്ക് കടന്നു പോകുവാൻ ആരുണ്ട് എന്ന ചോദ്യത്തിന് മുന്നിൽ, ഒരു സുവിശേഷകന്റെ മകനായി ജനിച്ച് പാഴ്സനേജുകളിൽ വളർന്നു എങ്കിലും ഒരിക്കലും സുവിശേഷവേല ചെയ്യില്ല എന്ന ശാഠ്യത്തിൽ ഞാൻ ഉറച്ചു നിന്നിരുന്ന എന്നെ പരിശുദ്ധാത്മാവ് എഴുന്നേല്പിക്കുകയും സുവിശേഷവേലയ്ക്കായി സമർപ്പിക്കുകയും ചെയ്യുവാൻ സാഹചര്യം ഇടയാകുകയും അങ്ങനെ 1994ൽ ഡെറാഡൂൺ ന്യൂ തീയോളജിക്കൽ കോളേജിൽ പഠിപ്പിക്കുവാൻ തുടങ്ങി. ആ കോളേജ് എന്റെ വടക്കേ ഇന്ത്യയിലെ സുവിശേഷീകരണത്തെപ്പറ്റിയുള്ള ദർശനത്തെ വർധിപ്പിക്കുകയും അവിടെ ആയിരിക്കുമ്പോൾ തന്നെ നോർത്തിന്ത്യയിലുള്ള വിവിധ പട്ടണങ്ങളും ഗ്രാമങ്ങളും കർത്താവിന്റെ ദാസന്മാരോടൊപ്പം മാസങ്ങളോളം സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുകൊണ്ട് സുവിശേഷവ്യാപ്തിയ്ക്കായി പ്രവർത്തിക്കാനുള്ള സാഹചര്യവും കർത്താവ് തന്നു. അതിനാൽ അമേരിക്കയിൽ വന്ന ശേഷവും നോർത്തിന്ത്യൻ ദർശനത്തെ ധാരാളം പ്രോത്സാഹിപ്പിക്കുകയും ശുശ്രൂഷിച്ച സഭകളിൽ നിന്ന് പ്രാർത്ഥനയാലും സാമ്പത്തികമായും വേണ്ടതായ സഹായങ്ങളും പ്രോത്സാഹനങ്ങളും എത്തിച്ചു കൊടുക്കാനും ദൈവം സഹായിച്ചു. മാത്രമല്ല കൂടെക്കൂടെ നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ എത്തിച്ചേർന്ന സുവിശേഷം അറിയിപ്പാൻ ഉള്ള  സാഹചര്യവും ദൈവം നൽകി തന്നു. ഇപ്പോൾ ഡൽഹി സ്റ്റേറ്റ് പ്രസിഡൻറ് എന്ന നിലയിൽ നോർത്തിന്ത്യൻ  സുവിശേഷീകരണത്തിനുള്ള ഫോക്കസ് കൂടുതൽ നൽകുവാനും, അതിനെ നയിക്കാനും ദൈവം നൽകിയ അവസരമായി ഞാനിതിനെ കാണുന്നു.

തികച്ചും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യമാണ് നിലവിൽ ഉള്ളത്, വിശേഷാൽ ഉത്തരേന്ത്യൻ സുവിശേഷീകരണം അതിനെ എപ്രകാരം നേരിടാമെന്നാണ്?

നിലവിലെ സാഹചര്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയുടെ സുവിശേഷീകരണരംഗത്ത് നേരിടുന്ന വെല്ലുവിളികളും എതിർപ്പുകളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ സുവിശേഷം  കാലികപ്രസക്തിൽ യാഥാർത്ഥതയോടെ പ്രചരിപ്പിക്കുവാൻ ദൈവദാസന്മാർക്ക്  പരിശിലനം കൊടുക്കുക,ഒരുമിച്ചു കുടെയിരുന്ന് ചർച്ച ചെയ്യുക, ഇന്നത്തെ സാഹചര്യങ്ങളെയും വെല്ലുവിളികളെയും തരണം ചെയ്ത് എങ്ങനെ സുവിശേഷീകരണം ശക്തമാക്കാം എന്നതൊക്ക അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ കർത്താവിൽ ആഗ്രഹിക്കുന്നു. ആയതിനാൽ ഇന്ത്യൻ സാംസ്കാരികതയിൽ നിന്ന് പ്രവർത്തിക്കുവാൻ ദൈവദാസന്മാരെ സജ്ജമാക്കുവാൻ ആഗ്രഹിക്കുന്നു.

ഈ സാഹചര്യത്തിൽ സുവിശേഷകർക്കും കുടുംബങ്ങൾക്കും എന്തെങ്കിലും പുതിയ ക്ഷേമപദ്ധതികൾ?

ഈ വിഷയത്തെപ്പറ്റി കഴിഞ്ഞ ദിവസം ഞാൻ സ്റ്റേറ്റ് സെക്രട്ടറിയുമായി സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി ഉടൻതന്നെ കൂടുന്നുണ്ട്. അവിടെ കഷ്ടപ്പെടുന്ന പ്രയാസപ്പെടുന്ന ദൈവദാസന്മാരെ മാനസികമായും ആത്മീയമായും  സപ്പോർട്ട് കൊടുക്കുന്നതോടൊപ്പം സാമ്പത്തികനിലയിലുള്ള കൈത്താങ്ങലുകൾ ഡൽഹി സ്റ്റേറ്റിൽ കൊടുക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. ഡൽഹി സ്റ്റേറ്റിന് ഒരു വെൽഫയർ ബോർഡ് ഉണ്ട്. കഴിഞ്ഞ ലോക് ഡൗൺ കാലഘട്ടത്തിലും കോവിഡ് സമയങ്ങളിലും വളരെ നല്ല പ്രവർത്തനങ്ങൾ വെൽഫെയർ ബോർഡ് കാഴ്ചവെച്ചിട്ടുണ്ട്. എന്റെ ചിന്ത മറ്റൊരു  പുതിയ പദ്ധതി തുടങ്ങാതെ നിലവിലുള്ള വെൽഫെയർ ബോർഡിലൂടെ തന്നെ ദൈവദാസന്മാർക്ക് വേണ്ടതായ ക്ഷേമപ്രവർത്തനങ്ങൾ നിർവഹിക്കുവാനായിട്ടാണ് ആഗ്രഹിക്കുന്നത്. അവർ രോഗികളായാൽ, അവർക്ക് എന്തെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായാൽ അവരെ എങ്ങനെ സഹായിക്കാം, ഈ കാര്യങ്ങളൊക്കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് ആയിട്ട് ചിന്തിച്ചു അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുവാൻ ആയിട്ടാണ് ആഗ്രഹിക്കുന്നത്.

കുടുംബം,സ്വദേശം, ആത്മീയ പശ്ചാത്തലം?
കൊട്ടാരക്കര കലയപുരത്തു എകദേശം 55ൽ പരം വർഷം ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനും കൊട്ടാരക്കര മുൻ ഡിസ്ട്രിക്ട് പാസ്റ്ററും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ സി ഡാനിയേലിന്റെയും ഏലിയാമ്മ ഡാനിയേലിന്റെയും അഞ്ചാമത്തെ മകനായി ജനിച്ചു.1979ൽ കർത്താവിനെ സ്വന്തം രക്ഷകനായി സ്വീകരിച്ചു,1982ൽ ജലത്തിൽ സാക്ഷീകരിച്ചു. കൊട്ടാരക്കര  കോളേജിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മണക്കാല ഫെയ്ത്ത് തീയോളജിക്കൽ സെമിനാരിയിൽ നിന്നും BTh പാസായി.കൊട്ടാരക്കര നീലേശ്വരം, കൊല്ലം കുര്യപ്പുഴ എന്നിവടങ്ങളിൽ സഭ പാസ്റ്ററായി ശുശ്രൂഷ ആരംഭിച്ചു. തുടർന്ന് ബാംഗ്ലൂർ UTC ൽ നിന്ന് BD, പൂനെ UBC ൽ നിന്നും മിഷിയോളജിയിൽ MTh .എന്നീ വേദ ബിരുദങ്ങൾ നേടി. അതിന് ശേഷം കുവൈറ്റ്‌ ഐപിസി സഭ ശുഷ്രൂഷകൻ ആയി 4 വർഷം സേവനം അനുഷ്ഠിച്ചു. പിന്നീട്, ഡെറാഡൂണിൽ, ന്യൂ തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു . തുടർന്ന് അമേരിക്കയിലേക്ക് കുടിയേറി ഹ്യൂസ്റ്റണിലുള്ള ഇമ്മാനുവേൽ പെന്തക്കോസ്റ്റൽ സഭ, ഹൂസ്റ്റൺ ഐ പി സി എന്നീ സഭകളുടെ സീനിയർ ശുശ്രൂഷകനായി,ഇപ്പോൾ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹ്യൂസ്റ്റൺ എന്ന ഐ പി സി സഭയുടെ സീനിയർ പാസ്റ്ററായി പ്രവർത്തിച്ചു വരുന്നു.ഇതിനിടെ 2015-2018 കാലഘട്ടത്തിൽ ഐപിസി മിഡ് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ എന്നീ നിലകളിൽ  കർത്തൃവേലയിൽ പ്രവർത്തിച്ചു. കെന്റിക്കിയിലുള്ള
യൂണിവേഴ്സിറ്റി ഓഫ് കംബർലാന്റ് നിന്നും കൗൺസിലിങ്ങിൽ P.hD , യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റനിൽ നിന്നും M.ed പൂർത്തീകരിച്ച ലൈസൻസ്ഡ് പ്രൊഫഷണൽ കൗൺസിലർ കൂടിയാണ്.ഭാര്യ മേരി ഡാനിയേൽ
നഴ്സിങ്ങിൽ P.hD നേടിട്ടുണ്ട്. മക്കൾ : ലുക്ക്, ലിഡിയ എന്നിവർ വിദ്യാർത്ഥികളാണ്. സഹോദരൻ പാസ്റ്റർ സാം ഡാനിയേൽ ദീർഘ നാളുകൾ ഡൽഹിയിലെ ഗ്രീൻപാർക്ക്,നാരായണ തുടങ്ങിയ സഭകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.മലബാറിലെ ദീർഘകാലശുശ്രൂഷയ്ക്ക് ശേഷം ഇപ്പോൾ ഐപിസി കോട്ടയം പാമ്പാടി സെന്റർ ശുഷ്രൂഷകൻ ആണ്.

വടക്കേന്ത്യൻ സുവിശേഷീകരണത്തിനും ഡൽഹി സ്റ്റേറ്റ് ഐ പി സി സമൂഹത്തിന് പുത്തൻ ആവേശത്തിനും ഉണർവ്വിനും അങ്ങയുടെ പുതിയ ദൗത്യവും നിയോഗങ്ങളും നോർത്തിന്ത്യൻ സുവിശേഷീകരണ ദർശനങ്ങളും കാരണമായിത്തീരട്ടെയെന്ന് ഞങ്ങളും ആത്മാർഥമായി ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന്റെ വിജയാശംസകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.