ലേഖനം: സുവിശേഷ വേലയോ… ഉദ്യോഗമോ? | രാജൻ പെണ്ണുക്കര

പറഞ്ഞു കേട്ട കഥകൾ അല്ലല്ലോ, സാക്ഷാൽ ഗുരുവിനെ നേരിട്ട് കണ്ടിട്ടുള്ളവർ , മുഖാമുഖം നോക്കി ആശയവിനിമയം നടത്തിട്ടുള്ളവർ, ഗുരുവിന്റെ പരസ്യ ശുശ്രുഷ നേരിട്ട് അനുഭവിച്ചവർ, അത്ഭുതങ്ങളും അടയാളങ്ങളും നേരിൽ കണ്ടിട്ടുള്ള ദൃക്‌സാക്ഷികൾ, ഗുരു ആരെന്നു നന്നായി മനസ്സിലാക്കിയവർ, ഗുരുവിന്റെ ആഗമന ഉദ്ദേശം നന്നായി ഗ്രഹിച്ചവർ എന്നൊക്കെ പ്രേത്യേകതകൾ ഉള്ള ശിഷ്യന്മാരുടെ ഗണത്തിൽ ഉൾപ്പെടുന്നു ഇസ്ക്കാര്യോത്ത് യൂദാ എന്നപേരുള്ള ശിഷ്യനും.

post watermark60x60

എന്നിട്ടും ഇസ്ക്കാര്യോത്ത് യൂദാ തന്റെ സാക്ഷാൽ ഗുരുവായ യേശുവിനെ ഒറ്റി കൊടുക്കാൻ ഇടപാട്‌ (ഡീൽ) ഉറപ്പിച്ചു എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല. ഡീൽ ഉറപ്പിച്ച് 30 വെള്ളികാശ് പ്രതിഫലം വാങ്ങി കീശയിൽ ഇട്ടസ്ഥിതിക്ക്, അവൻ സാക്ഷാൽ ഗുരുവിനെ (യേശുവിനെ) വിറ്റു എന്ന് പറയുന്നതല്ലേ അൽപ്പം കൂടി ഉത്തമമായ പദപ്രയോഗം.

ഇതിലെ ദൈവീക പദ്ധതിയുടെ വശങ്ങളിലോട്ട് ഇപ്പോൾ പോകുന്നില്ല, അതവിടെ നിൽക്കട്ടെ.

Download Our Android App | iOS App

ഇവിടെ യൂദായെ ന്യായികരിക്കാനോ, വിശുദ്ധനാക്കാനോ അല്ല ശ്രമിക്കുന്നതെന്ന കാര്യം ആദ്യമെ തന്നേ വ്യക്തമാക്കികൊണ്ട് കാര്യങ്ങൾ വിശദമാക്കാം.

എന്നാൽ പിന്നീട് യൂദാ അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: ഞാൻ കുററമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു എന്ന് വചനം പറയുന്നു.

ചിലപ്പോൾ യൂദാ മാന്യനാണോ എന്നൊരു തോന്നൽ വായനക്കാരുടെ മനസ്സിൽ കടന്നുവരാം. കാരണം യൂദായുടെ മനസ്സിൽ പാപം ചെയ്തു എന്ന (ഇന്നു പലർക്കും വരാത്ത) തോന്നൽ വന്നപ്പോൾ അവന് കുറ്റബോധം വന്നു, അവൻ അനുതപിച്ചു, കീശയിൽ ഇട്ട വെള്ളികാശുമായി അതു തന്നവരെ നേരിൽ കണ്ട്, അവർക്കു തന്നേ അത് മടക്കി കൊടുക്കാൻ തിരിച്ചു പോയി.

എന്നാൽ അന്നു പ്രോത്സാഹനം ചെയ്തവർ, പൂർണ പിന്തുണ പറഞ്ഞവർ, കൈയടിച്ചു പാസാക്കിയവർ ഇന്ന് യൂദായെ അട്ടിപായിച്ചു, കൈയൊഴിഞ്ഞു എന്നതും വാസ്തവം. അതേ ഇന്നു അനീതിക്കും, അസത്യത്തിനും കൂട്ടു നിൽക്കുന്നവർ, പ്രോത്സാഹനം തരുന്നവർ നാളെ നിന്നെ തള്ളിപറഞ്ഞു ഒറ്റപ്പെടുത്തി ഓടിക്കും എന്നത് ദൈവിക നീതിയാണ്.

ഒടുവിൽ ഇതാണ് ഇങ്ങനെയുള്ള എല്ലാവരുടെയും അവസ്ഥ എന്ന് ഓർമവെച്ചാൽ നന്ന്.

അവസാനം അവനു കുറ്റബോധം കൂടികൂടി സ്വസ്ഥത നഷ്ടപ്പെട്ട് നിലനിൽപ്പില്ലാതായി, കീശയിൽ ഭദ്രമായി സൂക്ഷിച്ചു വെച്ച വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു. ഒരു മനുഷ്യന്റെ എത്ര ദയനീയമായ അവസാനം.

യേശുവിനെയും അവന്റെ നാമത്തെയും വിൽക്കുന്നവന്റെയും, യേശുവിന്റെ നാമത്തെ പേരിനും പെരുമക്കും വേണ്ടിയും, കച്ചവട ചരക്കാക്കിയും, വരുമാനശ്രോതസും മറ്റും ആക്കിമാറ്റുന്നവരുടെ ഗതിയും, അവരുടെ അവസാനവും ഇതു തന്നേ എന്ന് ആ സംഭവവും ഇന്നത്തെ സമകാലിക വാർത്തമാനങ്ങളും നമ്മേ വിളിച്ചറിയിക്കുന്നു. കുറഞ്ഞ പക്ഷം യൂദക്ക്‌ കുറ്റബോധം എങ്കിലും ഉണ്ടായല്ലോ…. എന്നാൽ ഇന്നോ????

അതുപോലെ യൊസെഫിനെ അവന്റ സ്വന്തസഹോദരങ്ങൾ നിർദാക്ഷ്യണ്ണ്യം വിറ്റു. അതും ഒരുമിച്ച് ഉറങ്ങിയവർ, ഒരുമിച്ച് കളിച്ചു രസിച്ചവർ, ഒരു പത്രത്തിൽ നിന്നും ആഹാരം കഴിച്ചവർ ചെയ്തകാര്യമാണ് പറഞ്ഞുവരുന്നത്. ഈ വാങ്ങലും വിൽപ്പനയും ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് സാരം.

അപ്പോൾ സ്വന്തം നിലനിൽപ്പും, മാറ്റു പ്രതിസന്ധികളും വരുമ്പോൾ പലരും ഇങ്ങനെ ചെയ്യുമെന്നത് തർക്കമറ്റ സത്യം തന്നേ.

അന്നു ദൃശ്യനായ യേശുവിനെ വിറ്റു കാശ് കിശയിൽ ഇട്ടു എങ്കിൽ ഇന്നു അദൃശ്യനായ യേശുവിനെയും അവന്റെ നാമത്തെയും വിറ്റു തിന്നുന്നവർ, ധനം സമ്പാദിക്കുന്നവർ നമുക്കുചുറ്റും എത്ര അധികം.

ചില പതിറ്റാണ്ടു മുൻപേ നാം നേരം പുലരാൻ കാത്തിരിക്കുമായിരുന്നു. രാവിലെ റേഡിയോയിൽ കൂടിയും ടീവിയിൽ കൂടിയും കേൾക്കുന്ന മനോഹര ഗാനങ്ങളും പ്രസംഗങ്ങളും കേൾക്കുവാൻ. രാത്രിയിൽ മൈലുകൾ നടന്നു പോയി അനേകായിരങ്ങൾ തടിച്ചു കൂടിയ കൺവെൻഷനിൽ വചനം ശ്രവിച്ചത് ഇന്നും ഓർമ്മയുണ്ടോ?.

അതൊരു പ്രേത്യേക ഉണർവായിരുന്നു, അതൊരു പ്രത്യേക ചൈതന്യം ആയിരുന്നു. അവർ നടത്തുന്ന കൺവെൻഷനിൽ പോയി ജീവിതത്തിൽ വ്യതിയനം വന്നവർ, സകല ദുർമാർഗങ്ങളും വിട്ട് നല്ല മനുഷ്യർ അല്ലെങ്കിൽ വ്യക്തികൾ ആയവർ എത്ര പേർ.

എന്നാൽ ഇന്നു അവയെല്ലാം എവിടെ, അവരെല്ലാം എവിടെ?. യേശുവിന്റെ നാമത്തെ വിറ്റും, യേശുവിന്റെ പേരിലും കോടികൾ സമ്പാദിച്ച്, സ്വന്തം പേരിൽ കോടികളുടെ ആസ്തികൾ ഉണ്ടാക്കി, വിദേശ ബാങ്കിൽ നിക്ഷേപവും കുമിഞ്ഞു കൂട്ടി, കുപ്പായവും അണിഞ്ഞു, രൂപവും, ഭാവവും, മാറി വേറെ ഒരു തലത്തിൽ എത്തി ചേർന്ന്, ഇന്നു ദിനപത്രങ്ങളുടെ മുൻപേജിൽ ദുഷിച്ച വാർത്തകളായി ദൈവനാമം അനുനിമിഷവും ദുഷിക്കപ്പെടുന്ന അവസ്ഥയിൽ ആയി നിൽക്കുന്ന എത്രയോ പേർ നമുക്കും ചുറ്റും…

മേൽ പറഞ്ഞ വർഗത്തിന് യേശുവിന്റെ നാമം ഇന്നൊരു ബിസിനസ് പോലെയായി. എന്തൊരു സമൂല മാറ്റം.

പൂർവ്വ പിതാക്കന്മാർ ദൈവവിളി കേട്ടിറങ്ങി പട്ടിണിയും പരിവെട്ടവുമായി സുവിശേഷ വേല ചെയ്തു, നാൽക്കവലയിൽ നിന്നു ലജ്ജ കൂടാതെ പ്രസംഗിച്ചും, ഉപദ്രവങ്ങൾ സഹിച്ചും അനേകം ആത്മക്കളെ നേടിയും നിത്യതയിൽ മറഞ്ഞു.

എന്നാൽ ഇന്നു അവരുടെ പിൻതലമുറക്ക് ഇതെല്ലാം ഒരുതരം സുവിശേഷ ഉദ്യോഗം പോലെയായി.

അധികാരത്തിനും സ്ഥാനത്തിനും, കസേരക്കും, നിലനിൽപ്പിനും വേണ്ടി എന്തും ചെയ്യും എന്ന നിലയിൽ ആയില്ലേ ആത്മീക നിലവാരം. എങ്ങാട്ടാണ് ഈ പോക്ക്. ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും നമ്മുടെ മുന്നിൽ അവശേഷിക്കുന്നു.

ഒരു പട്ടാള ഓഫീസർ മകനെ പട്ടാള ഓഫീസർ ആക്കുന്നതുപോലെയും, ഒരു ഡോക്ടർ മകനെ ഡോക്ടർ ആക്കുന്നതുപോലെയും, ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ (Bureaucrat) മക്കളെ അതേ തലത്തിലേക്ക് ആക്കുന്നതു പോലെ ആയി മാറി ഇന്നു ആത്മീകലോകവും.

അതിലേ സുഖങ്ങളും ഗുണങ്ങളും നേരിട്ടറിഞ്ഞവർ, ദൈവവിളി ഇല്ലെങ്കിലും മകനും പിതാവിന്റെ വേലയിൽ കാണണം എന്നാശിക്കുന്നു, പ്രയത്നിക്കുന്നു.

എല്ലാവരും അങ്ങനെയാണെന്ന് ഒരിക്കലും പറയുന്നില്ല. ഇതിൽ സത്യാന്വേഷികളും യഥാർത്ഥ സ്വർഗീയ ദർശനം കണ്ടവരും ഉണ്ട് എന്നത് നിഷേധിക്കാൻ പറ്റാത്ത സത്യം തന്നേ.

പിതാവിന് നേതൃത്വത്തിന്റെ മുഖ്യ അധികാരകസേര ലഭിച്ചുവെങ്കിൽ, താൻ ഇറങ്ങുമ്പോൾ (വേറെ യോഗ്യരായ സീനിയേർസ് ഉണ്ടെങ്കിലും അവരെയെല്ലാം തട്ടിമറ്റി) മകനെയൊ, മരുമകനെയോ അവിടെ കയറ്റി ഇരുത്തണം (Nepotism) എന്ന വെമ്പൽ, അതിന്റെ ചരടുവലിയും, അതിനുവേണ്ട കുത്തന്ത്രങ്ങൾ പ്രയോഗിച്ചു അധികാരവും കസേരയും കൈക്കൽ ആക്കാൻ ഉള്ള ഓട്ടം എന്തിനെയാണ് വിളിച്ചറിയിക്കുന്നത്.

വർഷങ്ങൾ വർഷങ്ങൾ ഒരേ പദവിയിൽ, ഒരേ കസേരയിൽ, ഒരേ സഭയിൽ ഇരുന്നിട്ട് പോകാൻ മടിയുള്ളവർ പറയുന്ന രസകരമായ കാരണങ്ങൾ ഒത്തിരിയാണ്. കഴിഞ്ഞമാസവും ഒരു പ്രവാചകൻ തലയിൽ കൈവച്ച് പറഞ്ഞിട്ട് പോയി, ഇവിടെത്തെ വേല തീർന്നില്ല, (ശരിയാണ് വേലയും, വേലവെപ്പും തീർന്നിട്ടില്ല) ഇനിയും കർത്താവിനു എന്നെകൊണ്ട് ഇവിടെ ചിലത് ഇനിയും ചെയ്യിക്കാനുണ്ട്. കേട്ടാൽ വിശ്വസിക്കാൻ പറ്റുന്നോ. എപ്പോൾ, എന്ത് ചെയ്യിക്കാനുണ്ടെന്നാ പറയുന്നേ, അതിനും ഉത്തരം കിട്ടുന്നില്ല.

കഴിഞ്ഞ അനേക വർഷങ്ങൾ നമ്മേക്കൊണ്ട് ചെയ്യിക്കാതെ വെച്ച പല ഉദ്യമങ്ങൾ ഉണ്ടെന്നത് വാസ്തവം. അവകൾ പൂർത്തീകരിക്കാൻ ആയിരുന്നെങ്കിൽ ദൈവം നിന്നേ (പണ്ടുതന്നേ) സാഹചര്യവും അവസരങ്ങളും ഉണ്ടാക്കി അതിനുവേണ്ടി എപ്പോഴേ ഉപയോഗിക്കുമായിരുന്നു എന്നതല്ലേ വാസ്തവം. എന്നാൽ സത്യം അതല്ല, നീ അതിന് അയോഗ്യൻ എന്നു ദൈവം മുൻകൂട്ടി മനസ്സിലാക്കിയതുകൊണ്ട് നിന്നെ ഒഴിച്ചു നിർത്തി (ഉപയോഗിച്ചില്ല) എന്ന് സമ്മതിച്ചു കൊടുക്കാൻ ആർക്കും മനസ്സുവരുന്നില്ല എന്നതല്ലേ യാഥാർഥ്യം.

എന്താ ദൈവം ബുദ്ധികെട്ട, വെറും പൊട്ടനായ, മാസ്റ്റർ പ്ലാൻ ഇല്ലാത്ത ദൈവമോ. ഒരിക്കലും അല്ല, നമ്മുടെ ദൈവം എല്ലാം കൃത്യമായി മുൻകൂട്ടി അറിഞ്ഞു, എല്ലാം ഭംഗിയായി അടുക്കും ചിട്ടയോടും തന്റെ പ്രവർത്തി ചെയ്യുന്ന ഭയങ്കനായ ദൈവമാണ് എന്നകാര്യം ഓർമവെച്ചാൽ നന്നായിരിക്കും. ഇതിന്റ പിന്നിലെ ചേതോവികാരം ആത്മീകമോ, ഭൗതികമോ നിങ്ങൾ ഉത്തരം കണ്ടെത്തു.

അബ്രഹാമിന്റെ കൂടെ ഇറങ്ങിതിരിച്ച ലോത്തിനെ പോലെയായി പലരും, നീരോട്ടം ഉള്ളത് കണ്ടിട്ട് വിട്ടുപോകാൻ മനസ്സില്ലാത്ത അവസ്ഥ. ഇനിയും അനേക നാളുകൾ അവിടെ തന്നെ നിൽക്കണം, കഴിയണം, കൂടാരം അടിക്കണം എന്ന ചിന്ത. കൊള്ളാം നല്ല ചിന്ത തന്നേ… എന്താണ് അതിന് കാരണം, ലോത്തിന്റേത് ആത്മീക ദർശനം ആയിരുന്നുവോ?. അല്ല എന്നല്ലേ ഉത്തരം, തികച്ചും ഭൗതീകം ആയിരുന്നില്ലേ ഉദ്ദേശം.

വിശ്വാസികളുടെ പിതാവായ അബ്രഹാം അപ്പച്ചൻ പോലും മാറ്റി മാറ്റി കൂടാരം അടിച്ചു എന്നു വായിക്കുന്നു. എന്നാൽ ഇന്ന് നല്ല സാമ്പത്തിക വരുമാനം ഉള്ള സഭ കിട്ടിയാൽ പിന്നെ കൂടാരം മാറ്റാൻ മനസുവരുന്നില്ല. ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു എന്ന വാക്യം അവർ തിരുത്തി എഴുതി ഞാൻ എന്റെ കണ്ണ് 75% ഭൂരിപക്ഷത്തെ നോക്കിയിരിക്കുന്നു എന്റെ സഹായം അവരിൽ നിന്നും വരുന്നു എന്ന സ്ഥിതിയിൽ ആക്കി തീർത്തില്ലേ കാര്യങ്ങൾ.

സർക്കാർ പദ്ധതിയിലെ തൊഴിൽ ഉറപ്പ് മാതിരിയും, കൈവശ അവകാശ നിയമം മാതിരിയും ആയി മാറി വേല. ചില നാൾ സ്ഥിരമായി കൈവശം വെച്ചിരുന്നാൽ അവിടെ നിന്നും ഇറങ്ങാതെ സ്വന്തമാക്കാം എന്ന അവസ്ഥ. സ്ഥലമാറ്റ സമയമാകുമ്പോൾ ശുശ്രുഷകർ പറയുന്ന സ്ഥിരം പല്ലവി, വേണമെങ്കിൽ എനിക്കുപോകാം, വേണ്ടായെങ്കിൽ എനിക്കു പോകണ്ട, എന്നുവെച്ചാൽ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ എന്നെയൊന്നു മാറ്റികാണിക്ക് എന്ന വെല്ലുവിളി സ്വരം. പിന്നെ ഞാൻ ആണ് എന്റെ ഇഷ്ടം പോലെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന നാട്ടുനടപ്പ് പോലെ ആയില്ലേ പ്രത്യേകിച്ച് ചില പെന്തകോസ്ത് പ്രസ്ഥാനത്തിന്റെ ഭരണഘടനകളും അതിലെ പോരായ്മകളും, അതിന്റ പഴുതുകളും.

അപ്പോൾ ഒരു സംശയം തോന്നുന്നു. അനേക നാളുകളായി പ്രയാസത്തിലും കഷ്ടതയിലും കഴിയുന്നവർക്ക് ഒരു നന്മ വേണ്ടേ?. അതൊ സുഭിക്ഷയോട് കഴിയുന്നവൻ തടിച്ചു കൊഴുത്തോട്ടെ, പട്ടിണിയിൽ കഴിയുന്നവർ അങ്ങനെ കിടന്നു മരിച്ചോട്ടേ എന്നതാണോ. അവസാനം അങ്ങനെയുള്ളവർ സഹികെട്ടു പ്രസ്ഥാനം വിട്ടുപോകേണ്ടിയ അവസ്ഥയിൽ സാഹചര്യങ്ങൾ കൊണ്ടെത്തിക്കുന്നു എന്നത് നിഷേധിക്കാമോ?.

ഇങ്ങനെ 75% ആക്കാൻ മൈനർ ആയ കുഞ്ഞുങ്ങൾ പോലും സ്നാനപെട്ടു സഭയുടെ അംഗങ്ങൾ ആയി എന്ന കാരണം പറഞ്ഞു വോട്ടു ചെയ്യാൻ അധികാരം കൊടുത്ത്, എല്ലാം ദുർവിനായോഗം ചെയ്യുന്നു എന്നത് തികച്ചും ലജ്ജാകരവും, ഖേദകരം തന്നേ.

ഈ വിധ ദർശനം ആയിരുന്നുവോ കണ്ടിരുന്നത്. ഇതിനെയാണോ കർത്താവിന്റെ വേല എന്നുപറയുന്നത്, അതൊ ഇത് ഉദ്യോഗമോ? നിങ്ങൾ ഉത്തരം കണ്ടുപിടിക്കുക.

എന്നാൽ ഓർത്തുകൊൾക ആ 75% നാളെ ഒത്തുചേർന്ന് യൂദായോട് പുരോഹിതന്മാർ ചെയ്തതുപോലെ തള്ളിപ്പറഞ്ഞു അപമാനിച്ച് കൈക്കുപിടിച്ചു ഇറക്കിവിടുന്ന സമയം അതിവിദൂരം അല്ല എന്ന സത്യം കുറിച്ചു വെക്കുക.

കൊടുംകാട്ടിലും, മരുഭൂമിയുടെ അവസ്ഥയിലും, കഷ്ടതയിലും, പട്ടിണിയിലും, പ്രയാസത്തിലും കഴിയുന്നവരെ മനഃപൂർവം മറന്നുകൊണ്ട് അവർക്ക് ഒരവസരം കൊടുക്കാതെ എനിക്കും എന്റെ കുടുംബത്തിനും എന്ന ചിന്ത വന്നാൽ അതു സുവിശേഷ വേലയല്ല മറിച് ഉദ്യോഗം പോലെ ആണെന്ന് പറയാതെ വയ്യ.

അകന്നുപോകുന്നതിനെ ചേർത്ത് പിടിച്ചു നിർത്തുന്നതാണ് സുവിശേഷവേല. അല്ലാതെ തടസ്സം നിൽക്കുന്നതിനെയും, ചോദ്യം ചെയ്യുന്നതിനെയും, മുള്ളായി മാറും എന്നു മനസ്സിലാക്കി, മുളയിലേ നുള്ളി ഒഴിവാക്കുന്നതല്ല അഥവാ നമ്മുടെ വഴി നേരെയാക്കുന്നതല്ല സുവിശേഷവേല, എന്നാൽ ഇതെല്ലാം ഉദ്യോഗത്തിൽ ഉണ്ടെന്നത് അനുഭവങ്ങൾ തെളിയിക്കുന്നു.

വേലയിൽ ത്യാഗം ഉണ്ട്, വിട്ടുവീഴ്ച്ച മനോഭാവം ഉണ്ട്, മറ്റുള്ളവർക്കും (എന്റെ സഹവേലക്കാരന്) ഒരവസരം കൊടുക്കണം എന്ന തോന്നലും അനുകമ്പയും ഉണ്ടാകും.

എന്നാൽ ഉദ്യോഗത്തിൽ ഇതൊന്നും കാണില്ല എല്ലാം എന്റെ കുത്തകാവകാശം (Privilege, Rights) എന്ന തോന്നൽ ഉണ്ടാകാം. അവിടെ മനസ്സലിവില്ല, മറ്റു വികാരങ്ങൾ ഇല്ല, വിചാരങ്ങൾ ഇല്ല, മാനുഷിക പരിഗണനകൾ ഇല്ല, അവിടെ മനുഷ്യത്വം മരവിച്ചു പോയിടും, അവിടെ സത്യത്തിനും, നീതിക്കും, ന്യായത്തിനും, കീഴ്വവഴക്കങ്ങൾക്കും പുല്ലുവിലയല്ലേ.!!!

ഒരു കൺവെൻഷൻ പ്രാസംഗികനെ ക്ഷണിച്ചാൽ, ഇത്രയും ജനങ്ങൾ കൂടുമെങ്കിൽ വരാമെന്ന നിബന്ധനകൾ, ട്രെയിനിൻ ഒട്ടും യാത്രചെയ്യില്ല അങ്ങോട്ടും ഇങ്ങോട്ടും വിമാനയാത്ര ടിക്കറ്റ് പ്രേത്യേകിച്ചു വേണം, സ്റ്റാർ ഹോട്ടലിൽ മാത്രമേ താമസിക്കു, ഒരു പ്രോഗ്രാമിന് ഇത്രയും തുക എന്ന കണക്ക്, ഒരു കല്യാണം നടത്തി കൊടുക്കാൻ, ഒരു ശവസംസ്കാരത്തിന് ഇത്രയും, ഭവനപ്രതിഷ്ഠക്ക്‌ ഇത്രയും, സ്നാനപെടുത്താനും, കുഞ്ഞുങ്ങളുടെ പ്രതിഷ്ഠക്ക്‌ ഇത്രയും എന്ന നിരക്കും കണക്കും പറഞ്ഞു കാശു വാങ്ങി കീശയിൽ ഇടുന്നവരില്ലേ. എന്നാൽ ഒരു കാര്യം ഓർക്കുക, നമ്മേ നാം ആക്കിയത് ആര്, നമുക്കൊരു മേല്‍വിലാസം, പേരുചീട്ട്‌ (ലേബൽ) തന്നത് ആരുടെ നാമം, എല്ലാം ആരുടെ കെയർ ഓഫിൽ. എല്ലാം ഒരു തമാശ പോലെയായി മാറ്റിയില്ലേ. എന്താ വായിച്ചിട്ട് ഹൃദയത്തിൽ നെടുവീർപ്പ് വരുന്നില്ലേ?. അപ്പോൾ ഇതിനെല്ലാം സുവിശേഷ വേലയെന്നല്ല മറിച് ഉദ്യോഗം എന്ന വിശേഷണ പദം പറഞ്ഞാൽ എന്തിനു പിണങ്ങണം.

പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ചൊല്ലുപോലെ, മുകളിൽ സ്വാധീനവും, പിടിപാടും ഉണ്ടെങ്കിൽ മുടിയിൽ പോലും ആരും തൊടുലില്ല എന്ന സ്ഥിതിയിൽ ആയി മാറി ആത്മീക ലോകം. അതേ കൈകരുത്ത് ഉള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയിൽ യേശുവിന്റെ നാമവും അതിനോട് അനുബന്ധിച്ച പ്രവർത്തനങ്ങളും ആയി മാറുന്നു എന്നു പറയാതെ തരമില്ല.

നേതൃത്വ സ്ഥാനത്തു സ്വാധീനം ഉണ്ടെങ്കിൽ ഫലഭൂഷ്ടി ഉള്ളതും നീരോട്ടം ഉള്ളതും സ്വന്തം, അതും എത്ര കാലം വേണമെങ്കിലും. കൂടാതെ സഭയിലെ രണ്ടു സഹോദരനും രണ്ടു സഹോദരിയും പക്ഷം പറയാനും വാദിക്കാനും, കൈചൂണ്ടാനും, കൈപൊക്കാനും ഉണ്ടെങ്കിൽ എല്ലാം ഭദ്രം, എല്ലാം ഭംഗിയായി വിജയിക്കും. എതിർക്കുന്നവരെയും പ്രതികരിക്കുന്നവരെയും സഭയിൽ നിന്നും സൂത്രത്തിൽ ഒഴിവാക്കിയാൽ കാര്യങ്ങൾ അതിലും എളുപ്പം എന്ന സ്ഥിതിയിൽ ആയില്ലേ ആത്മീക മണ്ഡലം.. അന്നുവരെ ഉണ്ടായിരുന്ന ബന്ധങ്ങളും നിലപാടുകളും പണ്ട് കരുതിയ വിധങ്ങളും താൽക്കാലിക നേട്ടങ്ങൾക്കും വിജയങ്ങൾക്കും വേണ്ടി പണയം വയ്‌ക്കുന്നതും അവരെ ഒഴിവാക്കി കളയുന്നതും നന്ദികേട്ട മാനുഷിക സ്വഭാവമാണ്.

ഒന്നും ചോദിക്കട്ടെ, ഒരു ബുധനാഴ്ച വൈകിട്ടത്തെ ഭവന പ്രാർത്ഥന, ചിലപ്പോൾ ഒരു വെള്ളിയാഴ്ച പ്രാർത്ഥന ഉണ്ടെങ്കിൽ അതും ആകാം, ഒരു ശനിയാഴ്ച പ്രാർത്ഥന, പിന്നെ ഒരു ഞായറാഴ്ച ആരാധന എല്ലാം ഒരു എഴുതി വെച്ച ചടങ്ങുപോലെ (Routine) നിത്യകര്‍മ്മം (ഓഫീസ് ഡ്യൂട്ടി പോലെ) നടത്തി, മാസാവസാനം ശമ്പളം പോലെ ഒരു നിശ്ചിത തുക അക്കൗണ്ടിൽ വരുന്നതാണോ വേല. ഇതിനെ ഉദ്യോഗം എന്നല്ലേ വിശേഷിപ്പിക്കണ്ടിയത്.

ഒരുകാര്യം കൂടി പറയാതെ വയ്യാ. ഈ ലോക്കഡൗൺ കാലയളവിൽ, രാവിലെ 7.00 മുതൽ രാത്രി 7.00 വരെയും, ചിലപ്പോൾ അതിനു ശേഷവും വീട്ടിൽ (work from home) ഒരേ ഇരിപ്പീടത്തിൽ നിന്നും ഒരുമിനിറ്റ് പോലും എഴുന്നേൽക്കാതെയും, (ഓഫീസിൽ ആണെങ്കിൽ കുറഞ്ഞ പക്ഷം അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നടക്കുവാൻ സാഹചര്യം ലഭിക്കും) ശരീരത്തിന് ഒട്ടും വ്യായാമം പോലും കിട്ടാതെയും, ഒരു സ്ഥലത്തുതന്നെ മണിക്കൂറുകൾ ഇരുന്നിരുന്ന് മനുഷ്യ ശരീരത്തിൽ ഭാവിയിലേക്കുള്ള സാമ്പാദ്യം പോലെ നാം അറിയാതെയും, ക്ഷണിക്കാതെയും വന്നു ചേർന്ന രോഗങ്ങൾ എത്ര അനവധി എന്നതിന് വല്ല കണക്കുണ്ടോ. ഇതിന്റെ പരിണിത ഫലങ്ങൾ പിന്നീട് അനുഭവിക്കേണ്ടിയത് ആര്?. വൻ നഗരങ്ങളിലെ തിരക്കേറിയ ട്രെയിനിന്റെ വാതിലിൽ ഒരു വിരലിൽ തൂങ്ങി കിടന്നു ജീവനെ പണയം വെച്ച് യാത്ര ചെയ്‌തും രാത്രി പകലൊളം അധ്വാനിച്ചു സഭയിൽ കൊണ്ടിടുന്ന നന്മയിൽ നിന്നും, സഭയുടെ അധികാരി ഒപ്പിട്ട് ഒരു ചെക്ക് കീറി സഹായധനമായി ആർക്കെങ്കിലും കൊടുത്തു നേതൃത്വത്തിന്റെ സബാഷി, അല്ലെങ്കിൽ കീർത്തി നേടുന്നതാണോ വേല. ആരുടെ അധ്വാനവും, കഷ്ടപ്പാടും, ആരുടെ ജീവൻ പണയം വെച്ചു. ഒന്ന് ആലോചിച്ചു നോക്കുക, അൽപനേരം ചിന്തിക്കുക.

ഇന്നലെ ഫേസ്ബുക്കിൽ വന്ന ഒരു പോസ്റ്റ്‌ വല്ലാതെ ചിന്തിപ്പിച്ചു, ലോകത്ത് വിയർക്കാതെയും അധ്വാനിക്കാതെയും പണമുണ്ടാക്കുന്നവർ ആണ് രാഷ്ട്രീക്കാരും, പുരോഹിതൻമാരും. ഇതിൽ വല്ല സത്യവും ഉണ്ടോ?.

എത്ര പാപികളെ നേടി, എത്ര പേരെ നേർവഴിയിൽ കൊണ്ടുവന്നു, എത്ര പേർക്ക് ഒരാശ്വാസമായി, എത്രപേർക്ക് ഒരു സ്വന്തനമായി മാറി, വേർ വ്യത്യാസം കൂടാതെ എത്ര കുടുംബങ്ങളെ ഒരുമിച്ച് ചേർത്ത് നിർത്തി, എന്നു വിലയിരുത്തേണ്ടി ഇരിക്കുന്നു. അല്ലാതെ അവിടെയും ഇവിടെയും ചാടിച്ചാടി നടന്നിട്ട് എങ്ങും നിലനിൽപ്പില്ലാതെ സഭയിൽ വന്നപ്പോൾ, ചേർത്ത് അംഗബലം കൂട്ടിയതല്ലല്ലോ വേല എന്നു പറയുന്നത്. സ്വയമേ ഒരു ചിന്തനം, ഒരു വിലയിരുത്തൽ അനിവാര്യമായി വരുന്നു. കുടുംബങ്ങളെ സ്വന്തം ജയത്തിനും നിലനിൽപ്പിനും വേണ്ടി പാലക്ക പോലെ പിരിച്ചു നിർത്തുന്നതും വേലയുടെ ഭാഗം അല്ലെന്ന് കരുതാം.

നട്ടപ്പോഴും ഇടങ്ങഴി, പറിച്ചപ്പോഴും ഇടങ്ങഴി, ഇതല്ലല്ലോ വേല. വല്ല വിശ്വാസികളും പട്ടിണികിടന്നും, പ്രാക്ക് വാങ്ങിയും, പലരുടെയും ചതിയിൽ പെട്ടും, ചിലർ വഴിയിൽ ഉപേക്ഷിച്ചു പോയപ്പോഴും (അന്നു ഉപേക്ഷിച്ചു പോയവർ കുടുംബമായി പിന്നീട് തിരിച്ചു വന്നു മറ്റുള്ളവരുടെ സഹനത്തിന്റെയും കണ്ണുനീരിന്റെയും കഥ മനഃപൂർവം ഒളിച് വെച്ച്, അവരും ശുശ്രുഷകനും ചേർന്ന് ഇന്നു സഭയുടെ മേലാളന്മാർ ആയി) തളരാതെ വീറോട് നിന്നവർ നിലനിർത്തിയ സഭയിൽ വന്നു ഞാൻ സ്ഥാപിച്ച എന്റെ സഭ എന്നാവകാശവാദം അടിക്കുന്നതും വേലയുടെ ഭാഗം അല്ല മറിച് ഉദ്യോഗം എന്നു മാത്രം പറഞ്ഞു ആ ഭാഗം വിടുന്നു. വായനക്കാരെ നിങ്ങൾ തന്നെ ഇങ്ങനെയുള്ള പ്രവർത്തനത്തിന് ഉചിതമായ നാമകരണം ചെയ്യു..

യേശുവിന്റെ നാമം വരുമാനമാർഗം ആക്കരുത്, യേശുവിന്റെ നാമം വൃഥാ എടുത്തു ദുർവിനയോഗം നടത്തരുത്, ദൈവം തന്ന കൃപാവരങ്ങൾ, വരുമാന ശ്രോതസ് ആക്കി മാറ്റിയാൽ, അത് ജീവനോപാധിയാക്കി ദുർവിനയോഗം ചെയ്താൽ കണക്കുപറയേണ്ടി വരും. അങ്ങനെയുള്ളവർ അവന്റെ നാമത്തെയും വിറ്റു തിന്നുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടും എന്നു പറയാതെ വയ്യ.

യേശുവിന്റെ നാമവും എടുത്തു ഇറങ്ങിയവർ, ദൈവം കൊടുക്കുന്ന നന്മകൾ കൊണ്ട് ജീവിക്കണം എന്നത് തർക്കമറ്റ സംഗതി തന്നേ, അല്ലാതെ വേറെ മാർഗ്ഗവും ഇല്ലല്ലോ. എന്നാൽ യഥാർത്ഥത്തിൽ കണ്ട ദർശനവും, ലക്ഷ്യവും, തെറ്റിയുള്ള ഓട്ടവും പ്രയത്‌നവും ആണ് എല്ലായിടത്തും ചർച്ച ചെയ്യപെടുന്നത്.

ഇതിൽ നിന്നും സ്‌പഷ്‌ടമായി വ്യക്തമാകുന്നത് ഇതൊന്നും യേശുവിനോടുള്ള കടുത്ത സ്നേഹമോ, ത്യാഗമനോഭാവമോ, യേശുവിന്റെ നാമത്തിനുവേണ്ടി എരിഞ്ഞടങ്ങി ഒരു മെഴുകുതിരി ആകണം എന്ന സധുദ്ദേശമോ (Good intentions) അല്ല.

അപ്പോൾ സകല ദോഷത്തിനും കാരണം ദ്രവ്യാഗ്രഹം എന്ന് പ്രേത്യേകം പറയണോ.. എല്ലാവരുടെയും ആരംഭം കാലം വലിയ ഉദ്ദേശത്തോടും തീഷ്ണതയോടും തന്നേയായിരുന്നു എന്നത് സത്യം അല്ലേ….

നമുക്ക് സാവധാനം ചിന്തിക്കാം ഞാൻ സുവിശേഷ വേലയിലോ അതൊ ഉദ്യോഗത്തിലോ.. കർത്താവു വരാറായി ഒരുങ്ങാം, ഒരു സമൂല മാറ്റം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like