ലേഖനം : പ്രശംസനേടുന്ന വിളക്കുകൾ | രാജൻ പെണ്ണുക്കര, മുംബൈ

ഒരു പഴംചൊല്ല് ഓർത്തു പോകുന്നു.
എരിഞ്ഞു തീർന്നതും
വെളിച്ചം പകർന്നതും   “തിരി” ആയിരുന്നു.
എന്നാൽ മഹത്വം എന്നും,
വിളക്കിനു മാത്രമായിരുന്നു.

എത്രയോ അർത്ഥവത്തായ വരികൾ. ഒരിക്കലെങ്കിലും ഈ വരികളുടെ അർത്ഥവ്യാപ്തിയുടെ ആഴങ്ങളിലേക്ക് നാം ഇറങ്ങി ചെന്നിട്ടുണ്ടോ??….

ഇതു കുടുംബം ജീവിതത്തിന്റെയും, ആത്മീക ലോകത്തിന്റെയും, ലൗകിക ജീവിതത്തിന്റെയും യഥാർത്ഥ ചിത്രം അല്ലേ വരച്ചു കാട്ടുന്നത്……

കത്തി എരിഞ്ഞു എരിഞ്ഞു തീർന്നു പോയതും, വേദന സഹിച്ചതും,  ചൂടിന്റെ രുചിയറിഞ്ഞതും, അവസാനം ഒന്നും ഒന്നും  അല്ലാതെ ആയി തീർന്നുപോയതും *തിരി* മാത്രമല്ലേ???….  എന്നാൽ എന്നും എല്ലാ വിധ പ്രശംസയും, മുഴുവൻ മഹത്വവും,    കീർത്തിയും  (Credit) നേടിയത് വിളക്കും. ഇതിനെ ഒരുതരം ചൂഷണ മനോഭാവം എന്നല്ലേ വ്യാഖ്യാനിക്കേണ്ടത്..

കത്തി തീരുവാൻ ഒരു മാധ്യമം ഇല്ലാത്തതിനെ വിളക്കെന്നു പറയുവാൻ കഴിയുകയില്ലല്ലോ!!!. കത്തിത്തീർന്ന *“തിരി”* മാറ്റി പുതിയ തിരി ഇട്ടില്ലെങ്കിൽ വിളക്ക് എന്ന നാമത്തിനുപോലും അയോഗ്യനാകുന്നു. തിരിയില്ലാതെ വിളക്കിനു ശോഭിക്കുവാനും പറ്റില്ലല്ലോ.. കത്തിയേരിയുവാൻ ഊർജം നൽകുന്ന മാധ്യമമായ എണ്ണയെയും (ഇന്ധനം) ഒരിക്കലും മറക്കരുത്.

നമ്മുടെ ബാല്യ കാലങ്ങളിൽ നാം ചെയ്തു വരാറുള്ള ചില ചികിത്സാരീതികൾ ഉണ്ടായിരുന്നു.  പള്ളിക്കൂടത്തിൽ ഓടി ചാടി ഉരുണ്ടുവീണു മുറിവുണ്ടാകുമ്പോൾ കമ്യുണിസ്റ്റ് ചെടിയുടെ ഇലകൾ പറിച്ചെടുത്തു നല്ലവണ്ണം ഞെരുടി ഞെരുടി നീരൊഴിച്ച നീറുന്ന അനുഭവങ്ങൾ ഓർമ്മയിൽ ഇല്ലേ???…..

ഈ ചെടിക്ക്  പല സ്ഥലങ്ങളിൽ വിവിധ പേരുകൾ വിളിക്കാറുണ്ട്… അതേ നമ്മേ സൗഖ്യമാക്കാൻ,  നമ്മുടെ ജീവനായ  രക്തം വാർന്നു പോകാതിരിക്കാൻ, വീട്ടിലെ ചൂരക്കഷായം ഒഴിവാക്കാൻ അതു മാത്രമായിരുന്നു അന്നുള്ള പോംവഴികൾ…..നമ്മേ രക്ഷിക്കാൻ ഞെരിഞ്ഞു ഞെരിഞ്ഞു തകർന്നതിനേയും, അതിന്റെ അവസാന തുള്ളി വരെ ഊറ്റി തന്നതിനെയും പിന്നെ അതിലെ പോകുമ്പോൾ  ആരെങ്കിലും ഓർത്തിട്ടുണ്ടോ???…

കുടുംബം ജീവിതത്തിലും,  ഇങ്ങനെ ഒരാൾ കാണും എരിഞ്ഞടങ്ങാൻ. എല്ലാ വേദനകൾ സഹിക്കാനും, കൈത്താങ്ങായി മാറാനും, വളർത്തി എടുക്കാനും, ചിലവിടാനും മറ്റുമായി ഒരു ബലിയാടാകുന്ന വ്യക്തി….

എന്തിനധികം പറയണം, ആത്മീക മേഖലകളിലും ഇതു തന്നെയാണ് നാം കാണുന്നത്. സഭകളിലും ഇങ്ങനെ ചില കുടുംബങ്ങൾ കാണും.

അതേ ആ പ്രകാശത്തിൽ വളർന്നു പന്തലിക്കുന്ന കുറെ മറ്റുള്ളവരും.  അവർ വളർന്നാൽ, അവർ സ്വയപര്യാപ്‌തതയിൽ എത്തിയാൽ  പിന്നെ കഷ്ടപെട്ടവൻ മറ്റുള്ളവർക്ക് ഒരു ബാധ്യത അല്ലെങ്കിൽ ഭാരമായി അഥവാ പരിഹാസമായി  മാറുന്നു എന്നതല്ലേ  സത്യം……

കഴിഞ്ഞ കാലങ്ങളിലെ ജീവിതാനുഭവങ്ങളിലേക്കു  ഒന്നു തിരിഞ്ഞു നോക്കിയാൽ, നമ്മുടെ കൂടെ ഇറങ്ങി തിരിച്ചവർ, അഥവാ ആർക്കുവേണ്ടി ഇറങ്ങി പുറപ്പെട്ടോ അവർ,  നമ്മോടൊപ്പം അവസാന നിമിഷം വരെ കൂടെ കാണും എന്നു നാം കണ്ണുമടച്ചു വിശ്വസിച്ചവർ, വിശ്വാസവഞ്ചന ചെയ്തിട്ടു, ചില നിസാര കാരണങ്ങൾ പറഞ്ഞു പകുതി വഴിയിൽ ഉപേക്ഷിച്ചു പോയ സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടില്ലേ??

ആത്മീയ കാഴ്ച്ച പാടുമായി,  ആരോരും ഇല്ലാതെ വെറും അനാഥരെ പോലെ ദൈവം മാത്രം തുണയായി തെക്കു വടക്കു നടന്ന നാളുകൾ. ഓട്ടസഞ്ചിയുടെ സമാനമായി എല്ലാം നഷ്ടപ്പെട്ട് ശൂന്യമായ അവസ്ഥയിൽ, കരയുവാൻ ശബ്ദം ഇല്ലാതെ, ഒഴുക്കുവാൻ കണ്ണുനീർ ഇല്ലാതെ അലഞ്ഞു നടന്ന മാസങ്ങൾ എത്രയധികം…

പണ്ടുകാലത്ത് ഒരു പുതിയ ദൈവവേലക്ക്  തുടക്കം ഇട്ടിട്ടു, യവ്വനത്തിലെ രക്തം വെള്ളമാക്കി, നടന്നു നടന്നു ചെരുപ്പ് തേഞ്ഞു പോയതും, പൊട്ടിയ ചെരുപ്പ് തുന്നി കെട്ടി നടന്നതുമായ സമയങ്ങളും സന്ദർഭങ്ങളും  ഓർമകളിൽ ഇപ്പോഴും വരാറില്ലേ?. ആ സമയത്ത് അനുഭവിച്ച ഹൃദയവേദന ഒരു കാർഡിയോളോജിസ്റ്റിന്  മനസ്സിലാക്കാനോ,  അന്നൊഴുക്കിയ  കണ്ണുനീരിന്റെ ഊഷ്മാവ് ഒരു  തെർമോമീറ്ററിൽ  അളക്കുവാനോ ഒരിക്കലെങ്കിലും സാധിക്കുമോ??.

തിരക്കേറിയ പട്ടണ ജീവിതത്തിൽ,  പകലത്തെ ജോലികഴിഞ്ഞു വന്നു, രാത്രി വെളുക്കോളം പല വീടുകളിൽ കൂടി ഇരുന്നു കണ്ണുനീർ ഒഴുക്കി ഒഴുക്കി കണ്ണുനീർ വറ്റിപ്പോയ നാളുകൾ എത്ര അധികം…. നിന്ദകളും,  പഴികളും,  വെല്ലുവിളികളും, ശാപവാക്കുകളും ഏൽക്കാതെ അഥവാ തളരാതെ ഓടുവാൻ ഇടയായതും  കൃപയാൽ എന്നുമാത്രം…

ദൈവസഭയുടെ വളർച്ചക്ക് വേണ്ടി ഒരു കാലത്ത് വലിയ വിലകൊടുത്തവർ ഉണ്ട്. ഇന്നത് ചരിത്രത്തിന്റെ ഏടുകളിൽ കാണില്ല. ഒരുപക്ഷെ  മനഃപൂർവം ഓർമ്മിക്കാൻ പോലും പലരും ഇന്ന്  ആഗ്രഹിക്കുന്നില്ല. ചിലപ്പോൾ ചരിത്രത്തെ ഹത്യ ചെയ്തു പല സത്യങ്ങളും മായിച്ചു കളഞ്ഞ്, ഇത് ഞങ്ങളുടേത് എന്ന് അവകാശം സ്ഥാപിച്ചെടുക്കാം. കുറേപേർ ഒരുമിച്ച് ചേർന്നാൽ ജേഷ്ഠവകാശം  പിടിച്ചുവാങ്ങി കൈയടി നേടാനും പറ്റും..

ആരോരും സഹായത്തിനു ഇല്ലാതെ യൗവനത്തിലെ നന്മകൾ സഭക്കുവേണ്ടി ചിലവിട്ടിട്ടു ശുശ്രൂഷകനെയും സഭയെയും പോറ്റി പുലർത്തിയിട്ടു വീട്ടിൽ രണ്ടു നേരം മാത്രം  ആഹാരം കഴിച്ച്, കുഞ്ഞുങ്ങളുടെ സ്കൂൾ ഫീസ് പോലും തക്കസമയത്ത് അടയ്ക്കുവാൻ സാധിക്കാതെ ഞെരുങ്ങി ജീവിച്ച നാളുകൾ… അവരുടെ നെടുവീർപ്പും സങ്കടവും ഹൃദയവേദനയും കണ്ടു പിന്നത്തേതിൽ സഭയെ മാനിച്ച ദിനങ്ങൾ…*ഈ നെടുവീർപ്പിന്റെയും കണ്ണുനീരിന്റെയും കണക്ക് ആരു പറയും*… ഇതെല്ലാം സ്വർഗം ഒരിക്കലും മറന്നുപോകാതെ, ഓർമയുടെ പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ടാകുമല്ലോ!!. അങ്ങനെ മറക്കാൻ ദൈവം അനീതിയുടെ ദൈവം അല്ലല്ലോ,  അവന്റെ സ്വഭാവം അവനു മാറ്റാൻ കഴിയില്ലല്ലോ!!!.

ദൈവവചനം കൃത്യമായി പറയുന്നു,  “””നീ വന്ന വഴി ഒരിക്കലും മറന്നു പോകരുത്,  നടത്തിയ വിധങ്ങളും മറന്നു പോകരുത്, അവ നിന്റെ വരുന്നു തലമുറയോട് വിവരിച്ചു പറഞ്ഞു കൊടുക്കണം”””.

ഇന്നു പ്രസ്ഥാനം വളർന്നു വലിയതായി. പുതിയ തലമുറയോടും പുതിയ വിശ്വസികളോടും, പണ്ടത്തെ കാര്യവും കഷ്ടതയും പറഞ്ഞാൽ അവർക്ക് ഓക്കാനം വരും…..അവർ പറയുന്നത് അതു പണ്ട് അയിരുന്നല്ലോ ഇപ്പോൾ എന്തിനാ അതെല്ലാം വീണ്ടും ഓർമിക്കുന്നത്  അഥവാ പറയുന്നതെന്ന പുച്ഛമനോഭാവം.
ഇവിടാർക്കും പഴയകാര്യങ്ങൾ കേൾക്കാൻ താൽപ്പര്യം ഇല്ല എന്നു പറയുന്ന കുറെ പുതിയ വിശ്വാസികളും,  അതിനെ പിൻതാങ്ങുന്ന ഇടയൻമാരും. അവർക്ക് അങ്ങനെ ചെയ്തെ മതിയാവു,  കാരണം അതു അവരുടെ നിലനിൽപ്പിന്റെയും, ജീവിത പ്രശ്നമായി മാറിയിരിക്കുന്നു എന്നതല്ലേ സത്യം..

രാഷ്ട്രീയ മേഖലയിലും വലിയ വ്യത്യാസം ഒന്നും കാണുന്നില്ല.  രാഷ്ട്രത്തിനു വേണ്ടി ജീവൻ കൊടുത്തവരെ പോലും വിസ്മരിച്ചിട്ടു അവർ അനുഭവിച്ച വേദനകളും,  അവർ ചെയ്ത ത്യാഗങ്ങൾ  ലേശം പോലും സ്മരിക്കാതെ അവരെ പുറംകാലിൽ തട്ടിക്കളഞ്ഞു മഹത്വവും പ്രശംസയും നേടി കൈയടി വാങ്ങിച്ചു ജീവിതം  കഴിച്ചു കൂട്ടുന്ന ഒരു പറ്റം ആൾക്കാർ..

എന്നാൽ ഇന്ന് അങ്ങനെ ഉള്ളവരെ  എരിഞ്ഞു തീർന്ന തിരി മാതിരി വെളിയിൽ തള്ളി കളയുന്ന അവസ്ഥയും, നീര് മൊത്തം പിഴിഞ്ഞെടുത്ത കരിമ്പിൻചണ്ടി മാതിരി പുറത്തെറിയുന്ന അവസ്ഥയും  അല്ലെ എല്ലാമേഖലകളിലും നാം കാണുന്നത്…ഇതിന്റ എല്ലാം കണക്ക് ആരു കൊടുത്തു തീർക്കും…

രാജൻ പെണ്ണുക്കര,  മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.