ദൈവവചനചിന്തകൾ: ഭവനത്തിലെ തിന്മ വിട്ടുമാറാത്തത് എന്തുകൊണ്ട്? | പാ. സൈമൺ തോമസ്, കൊട്ടാരക്കര

ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.”(സദൃശ്യ 17:13).
അധികം ആരും പ്രസംഗിക്കാത്തതും, വലിയ ഗൗരവത്തോടെ ശ്രദ്ധിക്കാത്തതുമായ ഒരു വാക്യമാണ് നാം മുകളിൽ വായിച്ചത്.
ഭവനത്തിൽ വിട്ടുമാറാത്ത ദോഷങ്ങൾ ഉണ്ടാകുന്നു. ഉപവാസപ്രാർത്ഥനകൾ പലതും ക്രമികരിച്ചു, പ്രവാചകന്മാർ പലരും വന്നു, പക്ഷെ ഭവനത്തിലെ ദോഷങ്ങൾ മാറുന്നില്ല. നന്മക്കു പകരം തിന്മകൾ ചെയ്തത് കൊണ്ടാണോ ഈ ദോഷങ്ങൾ ?.എല്ലാ പ്രശ്നങ്ങളും അതു കൊണ്ടാകണമെന്നില്ല. എങ്കിലും ഒന്ന് സ്വയശോധന ചെയ്യുന്നത് നല്ലതാണ്.മനുഷ്യൻ സാധരണയായി ചെയ്യുന്ന തിന്മകൾ എന്തൊക്കെയാണ്?.
1. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും നിരപരാധികളുടെ കണ്ണുനീർ വീഴ്ത്തുക.
2.അർഹതയില്ലാത്ത വസ്തുക്കൾ, പണം, അധികാരം എന്നിവ വഞ്ചനയിലൂടെ അപഹരിക്കുക.
3. ഉന്നത പദവികളിലും,നല്ല ജോലികളിലും ഇരിക്കുന്നവർക്ക് ദോഷങ്ങൾ ചെയ്ത് അവരെ താഴെ ഇറക്കുക.എന്നിട്ട് അവിടെ കയറി ഇരിക്കുക.
4. പലരുടേയും ചെറുതും വലുതുമായ നന്മകൾ മുടക്കി കളയുക .
5. കാരണം കൂടാതെ ശാരിരികമായും മാനസികമായും മറ്റുള്ളവരെ വേദനിപ്പിക്കുക.
6.നുണയും അപവാദങ്ങളും മെനഞ്ഞുണ്ടാക്കി മറ്റുള്ളവരെ അപമാനിക്കുക. 7.ആഭിചാരം,കൊലപാതകം,മ്ലേച്ചത,കലഹം,ഏഷണി,ദുശീലങ്ങൾ. ഇങ്ങനെ പോകുന്നു തിന്മകളുടെ ലിസ്റ്റ്.
നാം എത്ര മറച്ചാലും, മറന്നാലും ദൈവത്തിനു ഒന്നും മറവായിരിക്കുന്നില്ല, ദൈവം ഒന്നും മറന്നുപോകുന്നതുമില്ല . ഉടൻ ശിക്ഷകൾ ഉണ്ടാകണമെന്നില്ല. പക്ഷെ കാലങ്ങൾ എത്ര കഴിഞ്ഞാലും വിതച്ചത് കൊയ്യാതെ ഇരിക്കുമോ?.
വിതയും കൊയ്ത്തും പ്രകൃതിയുടെ തന്നെ ഒരു നിയമമാണ്.ഈ നിയമത്തിനു ചില സവിശേഷതകൾ ഉണ്ട്. ഒരു പയറിന്റെ വിത്ത് നട്ടാൽ ഒന്ന് -രണ്ട് മാസത്തിനുള്ളിൽ അതിന്റെ ഫലം എടുക്കാം. എങ്കിലും കുറച്ചു നാളുകൾ മാത്രമേ അതിൽ നിന്നും ഫലം ലഭിക്കുകയുള്ളു.എന്നാൽ പ്ലാവ്, തെങ്ങ്,മാവ് എന്നിവയുടെ ഫലം എടുക്കാൻ ചിലപ്പോൾ വർഷങ്ങൾ എടുക്കാം .എന്നാൽ ഇവയുടെ ഫലങ്ങൾ തലമുറ തലമുറയോളം നിലനിൽക്കുകയും അവർ അത് അനുഭവിക്കുകയും ചെയ്യുന്നു.ചുരുക്കിപ്പറഞ്ഞാൽ എന്തിന്റെ വിത്താണോ വിതക്കുന്നത്, അതിനെ അടിസ്ഥാനമാക്കിയാണ് എന്നുവരെ കൊയ്ത്ത് ഉണ്ടാകുമെന്ന് നിർണയിക്കുന്നത് . മറ്റൊരു സവിശേഷത,വിത്ത് നട്ടവർ മാത്രമല്ല ഫലങ്ങൾ എടുക്കുന്നതും അത് അനുഭവിക്കുന്നതും. വീട്ടിൽ ഉള്ളവരും,വേണ്ടപ്പെട്ടവരും, നാട്ടുകാരുമൊക്കെ അനുഭവികേണ്ടിവരും.
ഇതു പോലെ,തിന്മകൾ ചെയ്തത് ഭവനത്തിലെ ഒരാളാകാം.പക്ഷെ അനന്തരഫലങ്ങൾ അനുഭവിക്കുന്നത് ഭവനത്തിലുള്ളവരും മറ്റുള്ളവരുമൊക്കെയായിരിക്കും. ഫലങ്ങളുടെ അനുഭവം ചെറിയ ഒരു കാലത്തേക്കോ,തലമുറകൾ വരയോ നീണ്ടു നിന്നേക്കാം.ചെയ്യുന്ന തിന്മകളുടെ കാഠിന്യം അനുസരിരിച്ചായിരിക്കും ദൈവം അതു നിർണയിക്കുക.അതിന് ഒരു ഉത്തമ ദൃഷ്ടാന്തം ദാവീദിന്റെ ജീവിതകഥയിലുണ്ട്. പ്രധാനമായും രണ്ട് തിന്മകളാണ് ദാവീദ് ചെയ്‍തത്.
1. ഊരിയാവിന്റെ ഭാര്യയെ തനിക്ക് ഭാര്യയായിട്ട് എടുത്ത് ദൈവത്തോട് പാപം ചെയ്തു.
2. ചതിലൂടെ ഊരിയാവിനെ കൊന്നു കളഞ്ഞു.
നാഥാൻ പ്രവാചകനിലൂടെ ദൈവം ദാവീദിനെ ശാസിച്ചു.നാല് വിധത്തിലുള്ള ശിക്ഷകൾ വിധിച്ചു.

1.’വാൾ നിന്റെ ഗ്രഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല’.(2ശാമു12:10).(നാം വായിച്ച കുറിവാക്യം എഴുതിയത് ദാവീദിന്റെ മകൻ ശലോമോനാണന്ന് ഓർക്കുക.)
2. ‘നിന്റെ സ്വന്തഗ്രഹത്തിൽ നിന്ന് ഞാൻ നിനക്ക് അനർത്ഥം വരുത്തും'(2 ശാമു 12:11).
3.’നീ കാൺകെ ഞാൻ നിന്റെ ഭാര്യയെ എടുത്തു നിന്റെ കൂട്ടുകാരന് കൊടുക്കും'(2ശാമു12:11).
4. ‘നീ അതു രഹസ്യത്തിൽ ചെയ്തു, ഞാനോ ഈ കാര്യം ഇസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തിൽ നടത്തും'(2ശാമു12:12).
നന്മ മാത്രം, തിന്മ വേണ്ട

ഒരുവൻ യേശു ക്രിസ്തുവിൽ ആകുന്നതിന് മുമ്പ് ചെയ്ത ഏതു കടും ചുവപ്പായ പാപവും യേശുവിനോട് ഏറ്റുപറഞ്ഞു, ഉപേക്ഷിച്ചാൽ 100%വും കർത്താവ് ക്ഷമിക്കും.ഒരു ശിക്ഷാവിധിയും ഇല്ല. എന്നാൽ ദൈവപൈതൽ ആയ ശേഷം നമുക്ക് ഒരു പ്രമാണമുണ്ട്. താത്കാലിക സുഖങ്ങൾക്കും, ലാഭങ്ങൾക്കും വേണ്ടി ചെയ്യുന്ന തിന്മകൾക്ക് ഇന്ന് അല്ലെങ്കിൽ നാളെ നാം വലിയ വില കൊടുക്കേണ്ടിവരും.നാം നീതിയോടെ നിന്നാൽ, അല്പ്പം താമസിച്ചാലും ദോഷങ്ങൾ ഇല്ലാത്ത അനുഗ്രഹങ്ങൾ ദൈവം നമുക്കും, നമ്മുടെ തലമുറകൾക്കും നൽകും. “യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്, നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു.”(സദൃശ്യ 3:33)
മനുഷ്യരുടെ അന്തരംഗത്തിൽ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം നിരന്തരമായി നടക്കുന്നുണ്ട്. ഏതിനെ കൂടുതൽ പരിപോഷിപ്പിക്കുന്നുവോ, അത് കരുത്താർജിക്കും.അത് നമ്മുടെ വാക്കിലും പ്രവർത്തിയിലും പ്രതിഫലിക്കും. കരിമ്പ് എത്ര അമർത്തി പിഴിഞ്ഞാലും ‘മധുരനീർ’ മാത്രം പുറത്തു വരുന്നതിന്റെ കാരണം, അതിലെ ഓരോ നാരിലും മധുരം നിറയപ്പെട്ടരിക്കുന്നതിനാലാണ്.
തിന്മ നിറഞ്ഞ കയിനോട് ദൈവം കല്പ്പിച്ചത് ‘നീയോ അതിനെ കിഴടക്കേണം’ (ഉല്പ 3:7) എന്നാണ്. കൂടാതെ പൗലോസ് പറയുന്നത്” “തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക”(റോമ 12:21).

പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര

-Advertisement-

You might also like
Comments
Loading...