ലേഖനം: ലോക്ക്ഡൗണും ക്രമീകൃതാദ്ധ്യയനവും | രാജൻ പെണ്ണുക്കര

സാമൂഹിക അകലം (Social Distance) എന്ന പദം ഇന്നത്തെ പശ്ചാത്തലത്തിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്നു.  ഈ വർഷം ഏറ്റവും അധികം ഉപയോഗിച്ച പദത്തിന് എന്തെങ്കിലും  അവാർഡ് കൊടുക്കാൻ ഉദ്ദേശിച്ചാൽ ഈ പദം നിസംശയം അതിന് അർഹത നേടും. ഒരു വിധത്തിൽ സാമൂഹിക അകലം നല്ലതുതന്നെ.  2020 വർഷം നമ്മേ പഠിപ്പിച്ച ഏറ്റവും വലിയ ഗുണപാഠം ആരോടായാലും നാമൊരു അകലം പാലിച്ചിരിക്കണം. അത് ആത്മീക ബന്ധമോ, ലൗകീക ബന്ധമോ ആകട്ടെ, ഒരുനിശ്ചിത അകലം എപ്പോഴും അനിവാര്യം തന്നേ. കാരണം  തക്കസമയം വരുമ്പോൾ എല്ലാവരും തന്നെത്താൻ അകന്നു മാറും. പ്രേത്യേകിച്ചു അവരുടെ നിലനിൽപ്പിന്റെയും സ്വയ രക്ഷയുടെയും കാര്യങ്ങൾ ആകുമ്പോൾ പറയേണ്ടിയകാര്യം ഇല്ലല്ലോ.

നാം സാമൂഹിക അകലം പാലിക്കേണ്ടതും പാലിക്കാൻ പാടില്ലാത്തതുമായ പല മേഖലകൾ നമ്മുടെ മുൻപിൽ പണ്ടുമുതലേ ഉണ്ട് എന്നതും വാസ്‌തവം. എന്നാൽ നാം അതിനെ അത്രകണ്ടു  പ്രാധാന്യതയോടു സ്വീകരിച്ചില്ല, അഥവാ ശ്രദ്ധിച്ചില്ല എന്നതല്ലേ സത്യം.

ഇന്നു മരണം മനുഷ്യരെ കൈയെത്താം ദൂരത്തു നിന്നും ദംഷ്ട്രങ്ങൾ കാട്ടി മാടി വിളിച്ചപ്പോളാണ് സാമൂഹിക അകലത്തിന്റെ യഥാർത്ഥ മൂല്യം നാം  നന്നായി അറിയുന്നത്. തീർച്ചയായും നാം  കോവിഡിൻ ദ്രംഷ്ട്രങ്ങളിൽ നിന്നും അകലം പാലിക്കണം അതുതന്നെ ജീവരക്ഷ എന്നതും ആപ്തവാക്യം..

സാമൂഹിക അകലവും ലോക്ക്ഡൗണും എല്ലാ മേഖലകളെയും വളരെയധികം ബാധിച്ചു കഴിഞ്ഞു അതിന്റെതായ വലിയ അനന്തരഫലങ്ങൾ വരും നാളുകളിൽ കാണാൻ ഇരിക്കുന്നതേയുള്ളു.

ഇന്നു പല കുടുംബബന്ധത്തിലും,  ആത്മികബന്ധത്തിലും, സുഹൃദ്ബന്ധത്തിലും സാമൂഹിക അകലത്തിന്റെ  പരിണിതഫലങ്ങൾ നന്നായി പ്രതിഫലിക്കാൻ തുടങ്ങിയിട്ടുണ്ട്. എത്ര ആഴത്തിൽ ഉള്ള ബന്ധങ്ങൾ ആയാലും കുറേകാലം മുഖാമുഖം കാണാതിരുന്നാൽ, അല്ലെങ്കിൽ  ഒരു പ്രേത്യേക അകലം വച്ചുപുലർത്തി അധികനാൾ ബന്ധപെടാതിരുന്നാൽ,   ആബന്ധത്തിൽ സാരമായ വിള്ളൽ സംഭവിക്കും, അതു തനിയെ തണുത്തുറഞ്ഞു പോകും എന്നതല്ലേ ജീവിതാനുഭവം നമ്മേ പഠിപ്പിക്കുന്നത്….

ഈ മഹാമാരി വന്നതു മൂലം മനുഷ്യരുടെ പലശീലങ്ങളേയും ഒന്നുകിൽ പൂർണമായും  ഉപേക്ഷിക്കേണ്ടിയ അല്ലെങ്കിൽ മാറ്റങ്ങൾ വരുത്തേണ്ടിയ അവസ്ഥയിൽ എത്തിച്ചു എന്നു പറയുന്നതാവും അൽപ്പംകൂടി ഉചിതം.
തണുത്ത പാനീയവും മറ്റും കുടിച്ചവർക്ക് ഇന്നു ചൂടുവെള്ളം മാത്രം മതി.
വേണ്ടതിനും വേണ്ടാത്തതിനും യാത്ര ചെയ്തവർ ഇന്നു പലവട്ടം ചിന്തിക്കുന്നു.
കുടുംബപിക്നിക്കും, ഗ്രൂപ്പ്‌പിക്നിക്കും സംഘടിപ്പിച്ചവർ ഇന്നു മാറി ചിന്തിക്കുന്നു.
സൗന്ദര്യവർദ്ധനക്ക്  പാർലർകൾ മാറി മാറി കയറിയവർ ഉള്ളസൗന്ദര്യം മതി എന്നമ്മട്ടിലായി.
ധനസമ്പാദ്യം മാത്രം ലക്ഷ്യമിട്ടവർ
ഇന്നു ജീവിക്കാൻ മാത്രമായുള്ള താത്രപ്പാടിലായി**.
ഐയ്യോ എന്തൊരു സമൂലമാറ്റം, സകലതും കീഴ്മേൽ മറിഞ്ഞുപോയി….

വരും കാലങ്ങളിൽ ഇതെല്ലാം  ജീവിതത്തിന്റെ ഭാഗം ആയി മാറും.  എല്ലാവർക്കും അവനവന്റെ കാര്യം എന്ന സ്ഥിതിയിലും ആയി തീർന്നു.

ഈ കൊറോണയും,  ലോക്ക്ഡൗണും, ആത്മീകജീവിതത്തെ എങ്ങനെ ബാധിച്ചു എന്നുകൂടി വിലയിരുത്തിയാൽ നന്നായിരിക്കും.

ഇതിന്റ നിയന്ത്രണങ്ങൾ  വരുന്നതിനു മുൻപ് നമ്മുടെ വിശ്വാസ ജീവിതത്തിൽ, *വാക്കുകളിലും, പ്രവർത്തിയിലും, ഇരിപ്പിടം വിട്ടേഴുന്നേറ്റ് കൈചൂണ്ടി സംസാരിച്ചും, വെല്ലുവിളിച്ചും*, അങ്ങനെ പലവിധ പെരുമാറ്റരീതികളിൽ വന്നുപോയ അഥവാ ഉണ്ടായ ഒത്തിരി തോൽവികളും, പാളിച്ചകളും ഉണ്ടായിട്ടില്ലേ??.

എന്നാൽ  ഈ ലോക്ക്ഡൗൺ കാരണം ഇങ്ങനെയുണ്ടായ വിവിധ വിഷയങ്ങളിന്മേൽ  യഥാർത്ഥമായ ഒരു  നിരപ്പിന്റെ അവസ്ഥ പ്രാപിക്കാൻ അവസരം കിട്ടാതെ സമയം വൈകിപ്പോയ  അവസ്ഥയിൽ (time barred) എത്തിനിൽക്കുന്ന എത്രയോ കാര്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ടാകും എന്നത്  സത്യമല്ലേ. ആരും അവ മനഃപൂർവം മറന്നു പോകരുത്. മറക്കാൻ ശ്രമിക്കരുത്, അവയുടെ മേൽ നിരപ്പ് പ്രാപിക്കാനും മറക്കരുത്. അല്ലാതെ വിശുദ്ധൻ/വിശുദ്ധ അഭിനയിച്ച് തിരുമേശയിൽ കൈനീട്ടി ആരും ആപത്തു വലിച്ചു വെക്കരുത് എന്നു മാത്രം പറഞ്ഞു ആ ഭാഗം വിടുന്നു..

ഈ ലോക്ക്ഡൗൺ വരുന്നതിനു മുൻപേയായിരുന്നെങ്കിൽ,  അവർ പരസ്പരം അടുത്ത ഒരു പ്രാർത്ഥന യോഗത്തിവച്ചു കാണുമ്പോൾ മനസ്സിനുള്ളിൽ  കുറ്റബോധം വന്നിട്ട് പരസ്പരം ക്ഷമചോദിച്ച്, സ്നേഹചുംബനം  ചെയ്തു നിരപ്പ് പ്രാപിക്കാൻ ശ്രമിച്ചിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്നോ…. അവയെല്ലാം തീർപ്പാക്കാനാകാതെ അഥവാ ഒന്നു ക്ഷമ പോലും ചോദിക്കാൻ പറ്റാത്ത അനിശ്ചിതാവസ്ഥയിൽ  (pending ) കിടക്കുന്നു എന്നതല്ലേ വാസ്തവം.

ലോക്ക്ഡൗണും, നിയന്ത്രണങ്ങളും മാറി, കൊറോണവന്നിട്ടും അവയിൽ നിന്നും രക്ഷപെട്ട്, വരും നാളുകളിൽ  ആരാധനക്ക് വരുമ്പോൾ, ദൈവം എല്ലാം മറന്നുകാണും  എന്നു വിചാരിച്ച്, പണ്ടത്തേതിലും പത്തുമടങ്ങു ശക്തിയോടെ നാം വീണ്ടും ആത്മീകാരായി മാറും എന്നതല്ലേ സത്യം!!!!. പിന്നെ വിടുതലിന്റെ സാക്ഷ്യവും പറഞ്ഞ് തിരുമേശയിൽ ഭാഗവാക്കുകളായി തികഞ്ഞ ആത്മീക ലേബലിൽ എത്തപെടുന്നു. പിന്നെ വിശുദ്ധന്മാരുടെ പട്ടികയിൽ ചേർക്കപെടുന്നു.

സാമൂഹിക അകലവും സർക്കാർ നിയന്ത്രണവും വന്നപ്പോൾ നേരത്തെ  ചെയ്തുകൂട്ടിയ കാര്യങ്ങൾ എല്ലാം മറന്നുപോയ അവസ്ഥയിൽ ആയി മാറുന്നു മനുഷ്യൻ.

നാം പലതുമറന്നാലും,  എല്ലാം കണ്ട് ഓർമ്മവയ്ക്കുന്ന ഒരു ദൈവം ഉണ്ടല്ലോ. ആ ദൈവത്തിന്റെ കണക്ക് ബുക്കിൽ അപ്പോഴും അവയെല്ലാം മായിക്കാതെ നീക്കിബാക്കി (Pending ) ആയി നിലനിൽക്കും എന്നതാണ് സത്യം.. അങ്ങനെ  വരാതിരിക്കാനാണ് *“സൂര്യൻ അസ്തമിക്കുന്നതിനു മുൻപേ”* എന്ന ഒരു പദപ്രയോഗം  പരിശുദ്ധത്മാവ് പ്രത്യേകം എടുത്തു പറയുന്നത്. അതായത് സൂര്യൻ അസ്‌തമിക്കും വരെ ദോഷം മനസ്സിൽ വച്ചുകൊണ്ട് നടക്കരുത്.. നാം നിരപ്പാക്കേണ്ടിയ എല്ലാ കാര്യങ്ങളിലും ഇന്നല്ലെങ്കിൽ നാളെ നിരപ്പ് പ്രാപിച്ചിരിക്കണം. ഇല്ലെങ്കിൽ അതു ദൈവസന്നിധിയിൽ ഒരു കടമായി എന്നും ശേഷിക്കും.. അന്നേരം സാമൂഹിക അകലത്തെയും  ലോക്ക്ഡൗണിനേയും പഴിചാരിയിട്ട് കാര്യമില്ല……

ചുരുക്കി പറഞ്ഞാൽ പാപത്തോടും, അന്യായത്തോടും, തിന്മയോടും,  ദുഷ്ടതയോടും, കള്ളത്തരത്തോടും, അനീതിയോടും, ചതിവിനോടും ദൈവത്തിന് ഹിതമല്ലാത്ത എല്ലാറ്റിൽ നിന്നും നാം പാലിക്കണം അകലം…… അതുകൊണ്ടാണ് സർക്കാർ പോലും എപ്പോഴും വിളിച്ച് പറയുന്നത് നാം രോഗിയോടല്ല മറിച് രോഗത്തോട് അകലം പാലിക്കണമെന്ന്..

എന്നാൽ സാമൂഹിക അകലം പാലിക്കാൻ പാടില്ലാത്ത പല മേഖലകളെ കുറിച്ചും വചനം പറയുന്നു.
“നിന്റെ ശപിക്കുന്നവരെ അനുഗ്രഹിക്കണം”.
“ഒരു ചെക്കിട്ടത്ത്‌ അടിക്കുന്നവന് മറ്റേതും കാണിക്കണം”.
*”നിനക്ക് തിന്മ ചെയുന്നവർക്ക് നന്മ ചെയ്യണം”.
“നിന്റെ ശത്രുവിനെ സ്നേഹിക്കണം”.

പോസ്റ്റ്‌ ഓഫീസിലെ *പ്രവേശനമില്ല* എന്ന മുന്നറിയിപ്പ് ബോർഡ്‌ വായിച്ചിട്ടില്ലേ. എന്നാൽ ഈ മുന്നറിയിപ്പ് മാസ്റ്റർക്കു ബാധകമാണോ??. 1 തെസ്സ 5:14-22 വരെയുള്ള വാക്യങ്ങൾ തിരുമേശ കഴിഞ്ഞുള്ള പ്രബോധനങ്ങളിൽ കേൾക്കുന്ന സ്ഥിരം പല്ലവികൾ അല്ലേ. ഇതു വിശ്വാസിക്ക് മാത്രം ബാധകമോ?. ഈ സ്ഥിതി വിശേഷമല്ലേ ഇന്നത്തെ ആത്മീക ഗോളത്തിന്റെയും  പ്രസംഗിക്കുന്നവരുടെയും അവസ്ഥ. ഈ പ്രബോധനം വാക്യങ്ങൾ അവർക്ക് ബാധകമല്ല മറിച്ച് സാധുക്കളായ വിശ്വാസികൾക്കുമാത്രം  എന്ന് സ്ഥിതിവിശേഷത്തിൽ എത്തിച്ചില്ലേ ആത്മീക ഗോളം…. ശാന്തമായി ചിന്തിക്കുക..

മനുഷ്യസ്വാഭാവം ഇങ്ങനെയുള്ള  സാഹചര്യത്തിൽ അവരിൽ നിന്നും അകന്നു മാറുക എന്നുള്ളതാണ്. എന്നാൽ ഇങ്ങനെയുള്ള  ഘട്ടങ്ങളിൽ  അവരിൽ നിന്നും,  അകലം പാലിച്ച് ഓടിപോകാനല്ല, മറിച്ച് ഇങ്ങനെയുള്ള തിക്തമായ അവസ്ഥയിലും  അവരോടും അതേ സൃഷ്ടിതാവിനോടും നാം കൂടുതൽ അടുത്തു ചെല്ലണം… എന്ന് ദൈവം നമ്മെക്കുറിച്ച്  ആഗ്രഹിക്കുന്നു..

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.