ലേഖനം: മാനുഷിക നീതിയും, ദൈവീക നീതിയും | രാജൻ പെണ്ണുക്കര, മുംബൈ

മാനവരാശി എപ്പോഴും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും “നീതിയും”, “ന്യായവും” മാത്രം ആകുന്നു.

അത് എവിടെനിന്നെങ്കിലും ലഭിക്കും എന്ന ശുഭപ്രതീക്ഷ വെച്ചുകൊണ്ട് മനുഷ്യൻ ഒരായുസ്സ് മുഴുവനും നെട്ടോട്ടം ഓടുന്നു. പല വാതിലുകളിലും മുട്ടി കൊണ്ടേയിരിക്കുന്നു. യഥാർത്ഥത്തിൽ അത് ലഭ്യമോ????.

**നീതി** എന്നത് മനുഷ്യന്റെ മൗലിക അവകാശമല്ലേ?.  നീതി കൃത്യമായി ലഭിക്കുന്നില്ല എങ്കിൽ അതു മൗലികാവകാശ ലംഘനമായിട്ടു പരിഗണിക്കാമോ?.

നീതിപീഠം പറയുന്നു ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ഒരിക്കലും ശിക്ഷിക്കപ്പെടരുത്. നീതി വച്ചു താമസിപ്പിച്ചാലും നീതി നിഷേധിക്കുന്നതിന് തുല്യം എന്നു പറഞ്ഞു ആഭാഗം വിടുന്നു..

നീതി ലഭിക്കണം, അഥവാ കൊടുക്കണം  എങ്കിൽ രണ്ടു പക്ഷക്കാരുടെയും, രണ്ടു വശങ്ങളും വ്യകതമായി കേൾക്കണം എന്നതല്ലേ പ്രമാണവും ന്യായവും….. അല്ല… മറിച്… ഒരു വശം മാത്രം കേട്ടിട്ടു, മറു ഭാഗത്തോട് ഒരു വാക്കോ, സത്യമോ തിരക്കാതെ, ചോദിക്കാതെ വിധി പറയുന്നു എങ്കിൽ, അതിനെ യഥാർത്ഥത്തിൽ ന്യായമായി അംഗീകരിക്കുവാൻ പറ്റുമോ???. ആയതിനെ പക്ഷപാത പൂര്‍ണ്ണമായ (Biased) നീതി നിർവഹണം എന്നല്ലേ വിളിക്കേണ്ടത്…..

നീതിക്ക് വേർ വ്യത്യാസം ഇല്ലല്ലോ. അപ്പോൾ പണ്ഡിതനും പാമരനും, പണക്കാരനും, സാധുക്കൾക്കും ഒരേ നീതിയല്ലേ ലഭിക്കേണ്ടത്… ഇന്നു പല മേഖലകളിൽ നീതി നിഷേധിക്കുന്നതായും, നീതി മറിച്ചുകളയുന്നതായും കാണുവാൻ സാധിക്കുന്നു എന്നത് വളരെ വേദനാജനകമായ സത്യം തന്നെ എന്നു പറയാതെ വയ്യ.

മാനുഷിക നീതിയും,  ദൈവീക നീതിയും ഉണ്ടെന്നതും സ്പഷ്ടം. നീതി ലഭിക്കുന്ന സ്ഥലത്തെ കോടതി എന്നു പറയും.
i)   സ്വന്തം മനഃസാക്ഷി എന്ന കോടതി
ii)  ലോകത്തിലെ വിവിധ കോടതികൾ
iii) ദൈവീക കോടതി
എന്നൊക്കെ അതിനു പേര് പറയാം..

ഒന്നാമത്തേതിൽ നാം തന്നെ ന്യയകർത്താക്കൾ,
രണ്ടാമത്തേത് നമുക്ക് സുപരിചിതം.
മൂന്നാമത്തേതിൽ *ദൈവം ന്യായാധിപതി* ആയി സിംഹാസനേ വാണരളുന്നു.

നമ്മുടെ മനഃസാക്ഷി എന്ന കോടതി ശുദ്ധമായിരിക്കണം. എന്നാലേ മനസ്സിൽ കുറ്റബോധം വരുകയുള്ളു. എഫെ 4:19 പ്രകാരം ചിലരുടെ മനഃസാക്ഷി തഴമ്പിച്ചുപോകും എന്നും, 1തിമൊ1:19 ൽ ചിലർ നല്ല മനഃസാക്ഷി തള്ളിക്കളയും… എന്നും വായിക്കുന്നു.  പിന്നെ മനഃസാക്ഷി കുത്തലോ, കുറ്റബോധമോ ഒന്നും ഒരിക്കലും കാണില്ല. അങ്ങനെയുള്ളവർ ചെയ്യുന്ന  അനീതിയും,  അന്യായവും,  കള്ളത്തരങ്ങളും അവരുടെ മനഃസാക്ഷിയിൽ നീതിയും ന്യായവും ശരിയും തന്നെ എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ നമ്മുടെ നീതി പ്രവർത്തികൾ കറപുരണ്ട തുണിക്കു തുല്യം എന്നു വചനം പഠിപ്പിക്കുന്നു.

മറക്കാനാകാത്ത ബാധ്യതകളും  കടപ്പാടുകളും,  പല മോഹന വാഗ്ദാനങ്ങളും,   സമൂഹത്തിലെയും,  ഉന്നത ശൃംഗങ്ങളിലെയും സ്വാധീനം, മുൻവിധികൾ അഥവാ ഹേതുവില്ലാത്ത ഇഷ്‌ടമോ അനിഷ്‌ടമോ (prejudice) പലപ്പോഴും പലർക്കും നിതി നിഷേധിക്കുന്നതിനും, ലഭിക്കാതെ  പോകുന്നതിനും കാരണങ്ങൾ ആയി മാറുന്നു….

പല സന്നർഭങ്ങളിലും നീതി ലഭിച്ചില്ല എന്നു വരാം,  എന്നാൽ ഭാരപ്പെടേണ്ട, നീതി സ്വർഗത്തിൽ നിന്നും നോക്കുന്നു എന്നു വായിക്കുന്നു (സങ്കീ 85:11). നീതി എങ്ങനെ നോക്കും….എന്താ നീതിക്ക് കണ്ണ് ഉണ്ടോ.. ന്യായമായ ചോദ്യം… അപ്പോൾ,  സ്വർഗത്തിൽ നിന്നും നോക്കണം എങ്കിൽ അതു നീതിമാനായ ദൈവം തന്നെ ആകണമല്ലോ?.. ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം *നീതി* എന്ന പദം ദൈവത്തിന്റെ വേറെ ഒരു നാമമാണ്. ആ ദൈവം പറയുന്നു അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നം പോലെയും പ്രകാശിപ്പിക്കും*l (സങ്കീ 37:6). അന്യായം കണ്ടാൽ മടുത്തുപോകരുത്. അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല. (കൊലോ 3:25).

ദൈവസഭയിൽ ആയാലും,  ലോക പരമായാലും നീതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന *“നീതിയുടെ ഫലം സമാധാനവും ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും”* എന്നു. ദൈവവചനം അനുശാസിക്കുന്നു (യെശ 32:17).

നീതി നടപ്പിലാക്കിയപ്പോൾ  ഉണ്ടായ  നീതിയുടെ ഫലങ്ങൾ മേൽ പറഞ്ഞ വചനത്തിനു വിപരീതമായി, സമാധാനം നഷ്ടപ്പെടുത്തുന്നതും, സ്ഥിരമായ പരിഹാരത്തിന് ഉതകാത്തതും, നമ്മുടെയും  മറ്റുള്ളവരുടെ ഉള്ളിൽ ഒരു ഭയത്തിന്റെയും  വികാരം ആണ് വരുത്തുന്നതെങ്കിൽ, മനസ്സിലാക്കിക്കൊള്ളണം എവിടെയോ നീതി നടപ്പിലാക്കിയപ്പോൾ പിഴവ് സംഭവിച്ചു എന്ന്.. ഈ സന്നർഭത്തിൽ ഒരു സ്വയ പരിശോധന വളരെ അനിവാര്യം ആകുന്നു..

*“നീതിയും”*,  *“ന്യായവും”*, *“നേരും”*,   ഒരു മാലയിൽ കോർത്തിട്ടിരിക്കുന്ന മൂന്നു വിലയേറിയ മുത്തുകൾ പോലെ ആകുന്നു. ഇവകൾ സമീകൃതമായി (ഒരേ അനുപാതത്തിൽ) ചേരുമ്പോൾ ഒരു മനുഷ്യ ജീവിതം ധന്യവും യാഥാർഥ്യവും അർത്ഥപൂരിതവും ആയി മാറുന്നു…..

ഈ ലോക്ക്ഡൗൺ കാലത്തു ഉണ്ടായ ചില അനുഭവങ്ങൾ ചില വരികളിൽ കുറിക്കുന്നു.

ഇന്നത്തെ ഈ സാഹചര്യത്തിൽ,  മഹാനഗരങ്ങളിലെ ചേരി പ്രദേശത്തു താമസിക്കയും പ്രവർത്തിക്കുകയും ചെയ്യുന്ന കുടുംബങ്ങളിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിഞ്ഞപ്പോൾ, അഥവാ മനസ്സിലായപ്പോൾ ഹൃദയത്തിൽ വളരെ വേദനയും ഉണ്ടായി. പല അഭ്യർത്ഥനകൾ കടന്നു വന്നപ്പോൾ ന്യായമായ ചില ചോദ്യങ്ങൾ  അന്തരാത്മാവിൽ ഉയർന്നു വരുകയും ചില പ്രധാന ചിന്തകൾ മനസ്സിൽ കൂടി കടന്നുപോകുകയും ഉണ്ടായി..

വർഷങ്ങളായി പച്ചയായ മേച്ചിൽ പുറം മാത്രം തേടി സ്ഥിരതാമസം  ആക്കാൻ പരിശ്രമിക്കുന്ന ഒരുക്കൂട്ടർ. ദൈവം ഞങ്ങളുടെ പ്രാർത്ഥനയും യാചനയും കേട്ടു. അതിൻ ഫലമായി നീതി ലഭിച്ചു എന്നു ആത്മസംതൃപ്തി അടയുന്നവർ….

എന്നാൽ മരുഭൂമിയിലെ വേഴാമ്പലിന്റെ  അനുഭവത്തിൽ എന്നും കഴിയണമോ എന്നു ചിന്തിച്ചു  കരഞ്ഞു പ്രാർത്ഥിച്ചു കണ്ണുനീർ വറ്റി, നെടുവീർപ്പോടെ നാളുകൾ എണ്ണുന്ന ഒരു കൂട്ടർ. നീതി ലഭിക്കാതെ, എന്നെങ്കിലും ഒരു നല്ല കാലം വരും, അഥവാ മഴ ലഭിക്കും എന്നപ്രത്യാശയോടെ, പ്രാർത്ഥിച്ചു  ഒതുങ്ങികൂടി,  ആരോടും പിറുപിറുക്കാതെ “എന്നു തീരും എന്റെ കഷ്ടം ഇന്നിമന്നിലെ” എന്നു പാടി ജീവിതം കഴിച്ചു കൂടുന്നവർ.

ഈ മഹാവ്യാധി സമയത്ത്,  അസുഖം വന്നിട്ട് ഡോക്ടറെ കാണാൻ ബുദ്ധിമുട്ട് അനുഭവിച്ചവർ, വീട്ടിൽ ഇന്നത്തെ ആഹാരം എങ്ങനെ ഉണ്ടാകും എന്നു ചിന്തിച്ച ഒരു കൂട്ടർ ഇല്ലേ… അനേക മാസങ്ങൾ വീടിനു പുറത്ത് ഇറങ്ങാൻ സാധിക്കാതെ നാലു ചുവരിനുള്ളിലെ ഇടുങ്ങിയ അവസ്ഥയിൽ കെട്ടപ്പെട്ടവർ. അവസാനം ആ പ്രദേശത്തെ പ്രവർത്തനം പോലും അവസാനിപ്പിച്ച്  പോകേണ്ടിയ അവസ്ഥയിൽ ചെന്നു ചേരുന്നവർ…

ഇവരുടെ കണ്ണുനീർ ആരും ആരും കാണുന്നില്ലേ, ഇവരുടെ പ്രാർത്ഥന
സ്വർഗം കേൾക്കില്ലേ. ഇവരുടെ കഷ്ടപ്പാടിന് ഒരു അവസാനം ഉണ്ടാകില്ലേ????. ഇവർക്കു  നീതിയും ന്യായവും ലഭിക്കില്ലേ?. അപ്പോൾ രണ്ടു വിധം നീതിയും, ന്യായങ്ങളോ?. തികച്ചും സ്വാഭാവികമായി ഉയരുന്ന ന്യായമായ ചോദ്യങ്ങൾ….

ഈ ലോകത്തിൽ നമുക്ക് ലഭിക്കേണ്ട നീതിയും ന്യായവും മറിഞ്ഞു പോകുമ്പോൾ നിരാശപ്പെടേണ്ട,   സ്വർഗീയ കോടതിയിൽ നീതിയും ന്യായം ഉണ്ട്. നീതിയും ന്യായവും ദൈവത്തിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു… (സങ്കീ 89:14)
അവിടെ ആരുടേയും ശുപാര്‍ശ നടക്കില്ല. ആരുടേയും സ്വാധീനം നടക്കില്ല. അവിടെ ആരേയും പ്രസാദിപ്പിക്കാൻ പറ്റുകയില്ല. അവിടെ സത്യം സത്യം എന്നു അറിഞ്ഞിരിക്കെ കള്ളസാക്ഷ്യം പറയുവാൻ കഴിയുകയില്ല. അവിടെ സാക്ഷി പറയുന്നവർ മനുഷ്യർ അല്ലല്ലോ!!!.

ദൈവം ന്യായം മറിച്ചുകളയുമോ സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? (ഇയ്യോ 8:3). “അതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല”. “ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചു കളകയുമില്ല”. (ഇയ്യോ 34:10,12).

ഇതെല്ലാം കണ്ടുകൊണ്ട്  ശലോമോൻ ഹൃദയവേദനയോട് വിളിച്ചു പറയുന്നത് കേട്ടുകൊൾക….

“പിന്നെയും ഞാൻ സൂര്യന്നു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു” (സഭാ 3:16). “ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു”  (സഭാ 5:8).

എല്ലാം നന്നായി മനസ്സിലാക്കി കുറിച്ചു വയ്ക്കുന്ന ദൈവം ഉണ്ട്,  അതുകൊണ്ട് നാം നിരാശപെടരുത്. ഒടുവിൽ ജയം ദൈവീക നീതിക്കു തന്നേ…. ഇതിന്റെ ഉത്തമമായ ഉദാഹരണം കഴിഞ്ഞ അനേക വർഷത്തെ കാത്തിരിപ്പിനു ശേഷം  നാം ഇന്നലെ അറിഞ്ഞു കഴിഞ്ഞു.. അതേ ദൈവത്തിന്റെ കണ്ണുകൾ, ദൈവത്തിന്റെ വിരൽ അടയാളം, ആർക്കു രക്ഷപെടാൻ സാധിക്കും..

രാജൻ പെണ്ണുക്കര,  മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.