കൊവിഡ്: മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കും. പ്രതീകാത്മകമായരീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണി കൊണ്ട് പുതയ്ക്കാനും അദ്ദേഹത്തെ അനുവദിക്കും. അതേസമയം മൃതദേഹം യാതൊരു കാരണവശാലും സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നല്‍കാനോ അനുവദിക്കില്ല. മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ വച്ച് മൃതദേഹം കാണാന്‍ അനുവദിക്കും. മോര്‍ച്ചറിയില്‍ വച്ചും ആവശ്യപ്പെടുന്നെങ്കില്‍ അടുത്ത ബന്ധുവിനെ കാണാന്‍ അനുവദിക്കും.

മരണകാരണം കൊവിഡാണെന്ന് സംശയിക്കുന്നതും മരിച്ചനിലയില്‍ കൊണ്ടുവരുന്നതുമായ മൃതദേഹങ്ങള്‍ ടെസ്റ്റ് സാമ്പിള്‍ ശേഖരിച്ച ശേഷം കാലതാമസം കൂടാതെ എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണ്. ലാബ് റിസള്‍ട്ട് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയ കേസുകളൊഴികെയുള്ള മൃതദേഹങ്ങള്‍ പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ച് വേണം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അബലംബിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.