ലേഖനം: യേശു ആലയത്തിന്‍റെ അകത്തോ പുറത്തോ? | രാജൻ പെണ്ണുക്കര, മുംബൈ

അച്ചായൻ വെറുതെ  തമാശയായിട്ടു പറഞ്ഞ സത്യം ഇപ്പോൾ യാഥാർഥ്യം ആണോ എന്നു തോന്നി പോകുന്നു.

പതിവുപോലെ അച്ചായൻ ഞായറാഴ്ച രാവിലെ ഫെയ്ത്ഹോമിൽ ആരാധനക്കു ചെന്നപ്പോൾ  അവിടെ കണ്ട വിഷയങ്ങൾ വച്ച്  പാസ്റ്ററിനോട്… *ഞാൻ അകത്തോട്ടു കയറി വന്നപ്പോൾ പുള്ളിക്കാരൻ കൈയിൽ വലിയൊരു ഭാണ്ഡകെട്ടുമായി വെളിയിൽ പോകുന്നത് കണ്ടല്ലോ. അപ്പോൾ പാസ്റ്റർ, അതിനു ഇപ്പോൾ ഇവിടെനിന്നും ആരും വെളിയിൽ പോയില്ലല്ലോ, ഞങ്ങൾ ഇത്രയും പേർ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇല്ല… ഒരുപക്ഷെ അച്ചായന് തോന്നിയതാവും, അല്ല പാസ്റ്ററെ, സത്യമായിട്ടും പുള്ളിക്കാരൻ വെളിയിൽ പോകുന്നത് ഞാൻ കണ്ടതാണ്. എന്നോട് അഹാ ഇന്നും നേരത്തെ വന്നോ എന്നു ചോദിക്കുകയും ചെയ്തു.

അന്നത്തെ ആരാധന  പൊടി പൊടിപ്പൻ ആയിരുന്നു, തംമ്പേർവരെ  കീറി പോയി, ഒരുമണിക്കൂർ വർഷിപ് ഉണ്ടായിരുന്നു, ഒരു പ്രവാചകനും വന്നിരുന്നു എല്ലാവരുടെയും തലയിൽ കൈവച്ച് ശുശ്രുഷയും നടത്തി, കൂടാതെ പതിവുപോലെത്തെ എല്ലാ ആത്മീക വിഭവങ്ങളും ഉണ്ടായിരുന്നിട്ടും, പാസ്റ്ററിന്റെ മുഖത്ത് ഒരു മ്ലാനത മാത്രം. തകർത്തുപിടിച്ചു പ്രവാചകൻ പ്രസംഗിക്കുമ്പോഴും തന്നേ അലട്ടിയ ചോദ്യം അച്ചായൻ അകത്തു വന്നപ്പോൾ പുറത്തേക്ക് ഇറങ്ങി പോയ പുള്ളികാരൻ ആരാണ്. എങ്ങനെ അച്ചായൻ മാത്രം ആ വ്യക്തിയെ  കണ്ടു…

ആരാധന കഴിഞ്ഞപ്പോൾ, അടുത്തു ചെന്ന് പാസ്റ്റർ അച്ചായനോട്…..  അച്ചായൻ വന്നപ്പോൾ ആരാണ് ഫെയ്ത് ഹോമിൽ നിന്നും വെളിയിൽ പോയത്?.  പാസ്റ്ററിന് അധികം ടെൻഷൻ കൊടുക്കണ്ട എന്നു കരുതി ആ രഹസ്യം വെളിപ്പെടുത്തി. അത് മാറ്റാരുമല്ല നമ്മുടെ യേശു അപ്പച്ചൻ തന്നേ. അദ്ദേഹത്തിന്റെ മുഖം വാടിയിരുന്നു, വളരെ ദുഖമായിരുന്നു ആമുഖത്ത് കണ്ടത്. പാവം രാവിലെ തന്നേ ഫെയ്ത് ഹോമിൽ വന്നതായിരിക്കും, എന്നാൽ എല്ലാവരുടെയും മട്ടും ഭാവവും കണ്ടപ്പോൾ വീർപ്പുമുട്ടി, മനസ്സുവേദനിച്ച് ഇറങ്ങി പോയതായിരിക്കും. ഇത് വാസ്തവത്തിൽ തമാശയായി പറഞ്ഞതെങ്കിലും, ഇന്നത്തെ ആത്മീകതയുടെ യഥാർത്ഥ  ചിത്രം അല്ലേ ഇവിടെ വരച്ചുകാട്ടിയത്….

അന്ന് അവിടെ നടന്ന ആരാധനയിൽ  യേശു ഉണ്ടായിരുന്നോ?. ആത്മീക വിഭവങ്ങളിൽ എന്തെങ്കിലും  കുറവ്  ഉണ്ടായിരുന്നോ?. പാട്ടും, സാക്ഷ്യവും, പ്രസംഗവും പതിവു പോലെ നടത്തിയില്ലേ.. സത്യമായിട്ടും യേശു അവിടെ വന്നിരുന്നു എന്നതും വാസ്തവം അല്ലേ, അതും വെറുതെയല്ലല്ലോ, മറിച് നമുക്കുള്ള അനുഗ്രത്തിന്റെ, നമ്മുടെ പ്രാർത്ഥനകളുടെ മറുപടിയുടെ വലിയ ഭാണ്ഡകേട്ടുമായി തന്നെയല്ലേ അവൻ വന്നത്. കാരണം അവനു വാക്കു പാലിക്കാതിരിപ്പാൻ കഴിയില്ലല്ലോ… എന്നാൽ  ആരാധന തുടങ്ങിയപ്പോൾ യേശു ആലയത്തിന്റ അകത്തോ  അതൊ പുറത്തോ.?.

നമ്മുടെ വിശ്വാസവും, വിചാരവും, മത്താ 18:20 പ്രകാരം “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടി വരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു” എന്നുള്ളതല്ലേ. എന്നാൽ യഥാർത്ഥത്തിൽ യേശു നമ്മുടെ ആരാധനയുടെ നടുവിൽ ആരാധന തീരും വരെ സഹിഷ്ണതയോട് നിൽക്കുന്നുണ്ടോ അഥവാ യേശുവിന്റെ സാന്നിദ്ധ്യവും, സാമിപ്യവും ഉണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു സാക്ഷ്യം മറ്റൊരു സാക്ഷ്യത്തെ ഉളവാക്കണം എന്നതല്ലേ തത്വം. എന്നാൽ ഇന്ന് ഒരാളുടെ സാക്ഷ്യം കേട്ടിട്ട്, അതിലെ വാക്കുകൾക്ക് തക്ക മറുപടി കൊടുക്കാൻ സഭാ യോഗത്തിൽ ഇരുന്ന് ആവനാഴി നിറയ്ക്കുന്ന പ്രവണത അല്ലേ പലപ്പോഴും ദർശിക്കുന്നത്.

ഇന്നത്തെ പല കൂട്ടായ്മകളുടേയും പരിതാപകരമായ സ്ഥിതി ഇതല്ലേ!!!. ആരാധനയിൽ എന്തിന്റെ കുറവാണുള്ളത്. നാം കരുതുന്നതും വിശ്വസിക്കുന്നതും നാം കാണിക്കുന്ന ഇളക്കപ്പെരുപ്പത്തിലും, ഒച്ചപ്പാടിലും  ഇഷ്ടം തോന്നി യേശു അകത്തുണ്ടന്നല്ലേ. എന്നാൽ ഇന്ന് യേശുവിനെ നാം എല്ലാവരും കൂടി ചേർന്ന് എവിടെ നിർത്തിയിരിക്കുന്നു. ചിലർ ആലയത്തെ വാണിഭ ശാലയായും, കള്ളന്മാരുടെ ഗുഹയും ആക്കി മാറ്റി എന്നു യേശു തന്നേ ആലയത്തിന്റ അകത്തു നിന്നുകൊണ്ട് ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ടോ? മത്താ 21:12-13.

കൊട്ടും, പാട്ടും, ബഹളവും, ഇളക്കപ്പെരുപ്പവും അല്ല, മറിച് ഒരു അനുതാപത്തിന്റ, ഒരിറ്റു കണ്ണുനീർ പൊഴിയുന്ന അനുഭവം,  കണ്ണുകൾ  ഒന്നു ഈറൻ അണിയുന്ന അവസ്ഥ നമ്മുടെ പാട്ടുകളിലും പ്രസംഗത്തിലും, ഉണ്ടോ?. നമ്മേ നടത്തി കൊണ്ടുവന്ന വഴികൾ ഓർക്കുമ്പോൾ ഉള്ളിൽ നിന്നും ഗദ്ഗദം വരാറുണ്ടോ. (ഇന്ന് പഴയ കാര്യങ്ങൾ പറഞ്ഞാൽ പലർക്കും ഓക്കനമല്ലേ തോന്നുക.) ഒരു പശ്ചാത്താപത്തിന്റെ, ഒരു മനസാന്തരത്തിന്റെ, വിട്ടുവീഴ്ചയുടെ, ഒരു മടങ്ങി വരവിന്റെ, രമ്യതയുടെ,  മനോഭാവം ജീവിതത്തിൽ ഉണ്ടോ?. നിർമല മനഃസാക്ഷിയോടുകൂടിയ നിർവ്യാജ സ്നേഹത്തിന്റെ അവസ്ഥയിൽ ആണോ നാം പരസ്പരം സ്നേഹിക്കുന്നതും, സ്നേഹചുംബനം കൊടുക്കുന്നതും.  എല്ലാം ഒരു ചടങ്ങ് പോലെയും, കൃത്രിമവും, പ്രഹസനവും ആയി തീർന്നില്ലേ ആത്മീക കാര്യങ്ങളും ആത്മീകഗോളവും. പലരും കരുതുന്നത് രക്തം പൊടിക്കുന്ന രീതിയിൽ കൈയടിച്ചു പൊട്ടിച്ചു പാടിയാൽ യേശു ഉടനെ വരും എന്നാണ്. യഥാർത്ഥത്തിൽ വരുമോ ഒന്നു സ്വയമേ ചോദിക്കാം. എന്നാൽ നമ്മുടെ കരങ്ങളെ മാറോടു ചേർത്തുപിടിച്ച് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും ദൈവമേ എന്നു വിളിച്ചാൽ അവൻ അവിടെ നിൽക്കും സംശയം ഇല്ല. പക്ഷെ തകർന്ന ഹൃദയം വേണം, കാരണം അവൻ തകർന്നു നുറുങ്ങിയ ഹൃദയത്തെ നിരസിക്കത്തവൻ ആകുന്നു.

സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്ന ഒരു വിഷയം നാം പലപ്പോഴും വായിച്ചിട്ടുള്ളതാണ്. അതിന്റ വേറെ തലങ്ങളിലോട്ട് പോകുന്നില്ല. ആഴ്ചവട്ടത്തിന്റ ഒന്നാം നാൾ വെളുപ്പിനെ ഒരുക്കിയ സുഗന്ധ ദ്രവ്യവുമായി ചില സഹോദരിമാർ യേശുവിനെ കാണുവാൻ പോയി. അവർ പൂർണമായും വിശ്വസിച്ചിരുന്നു യേശു അവിടെ തന്നേ കാണുമെന്ന്. എന്നാൽ അവരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന ഒരു സാക്ഷ്യമല്ലേ അവിടെ അവർ കേട്ടത്, *നിങ്ങൾ അന്വേഷിക്കുന്ന ആൾ ഇവിടെ ഇല്ല*. അവർ വീട്ടിൽ വച്ച് കാര്യങ്ങൾ ക്രമകരിക്കുമ്പോഴും, വീട്ടിൽ നിന്നു പുറപ്പെടുമ്പോഴും, അവിടെ എത്തി ചേർന്ന്, യേശുവിനെ പ്രതീക്ഷയോടെ തിരയുമ്പോഴും അവരുടെ ഉള്ളിലെ ചിന്ത, യേശു അവിടെ തന്നേ ഉണ്ട് എന്നുള്ളതായിരുന്നില്ലേ. യഥാർത്ഥത്തിൽ ഒരു നിമിഷം കൊണ്ടല്ലേ അവരുടെ കണക്കു കൂട്ടലും പ്രതീക്ഷകളും  തെറ്റിയത്.

നാമും ഇപ്രകാരമല്ലേ ആരാധനക്കും, പ്രാർത്ഥനക്കും  പോകുമ്പോൾ ചിന്തിക്കുന്നതും കണക്കുകൂട്ടി വക്കുന്നതും. എന്നാൽ നമ്മുടെ ആരാധന കാണുവാൻ , അതിന്റ  സൗരഭ്യം ആസ്വദിക്കാൻ യേശു നമ്മുടെ കൂടെ ഉണ്ടോ?. അതൊ അവൻ പരിധിക്കു പുറത്തോ എന്നു സ്വയമേ ചോദിക്കേണ്ട അവസ്ഥയിൽ വന്നു ചേർന്നിരിക്കുന്നു.

നമുക്കുള്ള അനുഗ്രത്തിന്റെ നമ്മുടെ പ്രാർത്ഥനകൾക്കുള്ള മറുപടിയുടെ വലിയ ഭാണ്ഡകേട്ടുമായി തന്നേ അല്ലേ അവൻ വരുന്നത്. എന്നാൽ നമുക്ക് അത് അവന്റ കൈയിൽ നിന്നും ഏറ്റുവാങ്ങുവാൻ സാധിക്കുന്നുണ്ടോ?. അതൊ നമുക്ക് അവ തരാൻ സാധിക്കാതെ കൊണ്ടു വന്നതുപോലെ അവന് തിരിച്ചു കൊണ്ടുപോകേണ്ടിയ അവസ്ഥയിലോ?.

നമ്മുടെ വസ്ത്രധാരണവും, ആരാധനക്ക്‌ വരുന്ന മട്ടും ഭാവവും കൂടാതെ നമ്മുടെ ഹൃദത്തിന്റ ഉള്ളിലെ ഈർഷയും, വെറുപ്പും, കൈപ്പും, വിദ്വേഷവും, സ്നേഹക്കുറവും, പകയും, ഗർവും, അഹങ്കാരവും, കൗശലവും, ചതിവും, വഞ്ചനയും, പ്രതികാരവും, വച്ചുകൊണ്ട്  യേശുവിന്റെ അടുത്തു ചെന്നാൽ, നാം ആലയത്തിൽ കയറുമ്പോഴേക്കും യേശു വെളിയിൽ പോകുകയില്ലേ!!.

എന്നിട്ടും അവിടെ വർഷിപ്പുണ്ട്, ബഹളമുണ്ട്, സാക്ഷ്യം ഉണ്ട്, വചന ശുശ്രുഷയുണ്ട്, മേശയുണ്ട്, പ്രവചനമുണ്ട്, സ്നേഹചുംബനമുണ്ട്  (പേരിനു മാത്രം) യുവജനങ്ങളുടെ തകർപ്പൻ പരിപാടിയും ഉണ്ട്. യഥാർത്ഥത്തിൽ ഇന്ന് ഇതെല്ലാം കൃത്രിമമായി പോകുന്നോ എന്നുപോലും വിലയിരുത്തേണ്ടിയ സാഹചര്യം വന്നിരിക്കുന്നു. എന്നാൽ യേശു നിൽക്കുന്നത് എവിടെ?. വാതിലിന് പുറത്തോ, അതൊ ഇതെല്ലാം കണ്ടുംകേട്ടും സഹിക്കവയ്യാത്തെ റോഡിലോ.?.

ലക്ഷങ്ങൾ മുടക്കിയുള്ള വലിയ മെഗാ കൺവെൻഷൻ, സൂം പരിപാടികൾ, ഉപവാസം, അങ്ങനെ പലതും പലതും ഇന്ന് നടക്കുന്നില്ലേ. എന്നാൽ യേശു എത്ര നേരം ഈ ചടങ്ങുകളിൽ ഉണ്ടായിരുന്നു എന്നത് ചിന്തിക്കേണ്ടിയ കാര്യമല്ലേ.

ചിലർ ആരാധനക്കു വരുന്നതു കണ്ടാൽ യേശു അപ്പോൾ തന്നെ ആലയം വിട്ട്, ഓടി വാതിലിൽ പോയി നിൽക്കും. അവർ എന്നും ഇരിക്കുന്ന സ്ഥലത്ത് വേറെ ആരെങ്കിലും ഇരിക്കുന്നത് കണ്ടാൽ പിന്നെ പറയണോ അന്നത്തെ ആത്മീകം. ഇടത്തും വലത്തും ആരാണ് ഇരിക്കുന്നത് എന്നത് നോക്കിയല്ലേ അന്നത്തെ നമ്മുടെ ആരാധനയുടെ അന്തരീക്ഷം പോകുന്നത്.

യേശുവിന്റെ സാന്നിദ്ധ്യം എങ്ങനെ അറിയാം. അത് അളക്കാനുള്ള തോത് വേദപുസ്തകത്തിൽ ഉണ്ട്. “നമ്മിലുള്ള വൃത്തികേടുകൾ, കുറവുകൾ കുഴിച്ചു മൂടാത്ത അവസ്ഥയിൽ ആരാധനക്ക് വന്നാൽ, നമ്മിലെ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നാമും, നമുക്കുള്ളതും ശുദ്ധിയുള്ളതായിരിക്കേണം” (ആവർ 23:13-14). ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു… അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം… നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല. (യാക്കോ 3:10-12, മത്താ 7:16-18). നമ്മേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ, നല്ല പച്ചപ്പുണ്ട്, നല്ല വളർച്ചയുണ്ട്, ശാഖകൾ പല ദിശയിലും ദിക്കിലോട്ടും പടരുന്നുണ്ട്. എന്നാൽ അതിന്റ ഉടമസ്ഥൻ ആഗ്രഹിക്കുന്ന ഒട്ടും കൈപ്പില്ലാത്ത, നല്ല ഫലങ്ങൾ കായ്പ്പാൻ കഴിയാത്ത ആത്മീക അവസ്ഥയിലാണോ?.  അല്ല.. നാം ആത്മീകതയുടെ പാരമ്യത്തിൽ എത്തിയിട്ടും നാം അറിഞ്ഞോ അറിയാതെയോ നമ്മിൽ നിന്നും ദുഷ്ടത എന്നഫലം ആണ് പുറത്തു വരുന്നതെങ്കിൽ യേശു എത്ര നേരം നമ്മോടൊപ്പം നിൽക്കും, നമ്മോട് സൗഹൃദം കൂടും.. യേശുവിന് അവന്റെ സ്വഭാവം മാറ്റുവാനോ, അനുരഞ്ജനം ചെയ്യുവാനോ കഴിയുമോ?. ആകയാൽ നമുക്ക് നമ്മെത്തന്നെ ശുദ്ധികരിക്കാം, നല്ല ഫലം കായ്ക്കാം…

നമ്മുടെ ഭവനത്തിൽ യേശുവിനു പാർക്കുവാൻ കഴിയുന്നുണ്ടോ?
നമ്മുടെ ആരാധനകളുടെ തുടക്കം മുതൽ അവസാനം വരെയും, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും, നമ്മുടെ ശുശ്രുഷാ മണ്ഡലങ്ങളിലും, നമ്മുടെ തൊഴിൽ മേഖലയിലും, യേശുവിന്റെ സാന്നിദ്ധ്യവും, സാമീപ്യവും,  പൂർണസമയവും ഉണ്ടോ?. അങ്ങനെ കാണുന്നില്ലായെങ്കിൽ നമ്മുടെ ജീവിതം കൊണ്ട് എന്തു പ്രയോജനം.

ഒന്നു ശാന്തമായി ചിന്തിക്കൂ, സമയം വൈകിട്ടില്ല, മടങ്ങിവരൂ. ആത്മീയതയുടെ മൂടുപടം അഴിച്ചുമാറ്റം. കുഞ്ഞടിന്റെ വേഷം ധരിച്ചു നടക്കുന്ന പലരെയും നാം വചനത്തിൽ കാണുന്നു. എന്നാൽ കുഞ്ഞടിന്റെ വേഷമല്ല, യഥാർത്ഥത്തിൽ ഒരു കുഞ്ഞാടായി തന്നേ നമുക്ക് മാറാം. യേശു ഇപ്പോഴും വാതിലിൽ നിന്നും മുട്ടുന്നു.  യേശുവേ നിന്നെപ്പിരിഞ്ഞൊന്നും ചെയ്യുവാൻ കഴിയില്ല എന്നു പ്രാർത്ഥിക്കാം, പ്രയത്നിക്കാം…

രാജൻ പെണ്ണുക്കര,  മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.