ചെറു ചിന്ത: അഞ്ചു ചോള മണികൾ – A Thanks Giving Tradition | മിനി തര്യന്‍, ന്യൂ യോര്‍ക്ക്‌

നവംബർ മാസം അമേരിക്കക്കാർക്ക് വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. ആദ്യ ആഴ്ചയിൽ തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു എങ്കിൽ അവസാന ആഴ്ചയിലേക്കു അടുക്കുമ്പോൾ താങ്ക്സ് ഗിവിങ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ദ്രുത ഗതിയിൽ ആണ്. കോവിഡ് മഹാമാരി കണക്കിലെടുത്തു ഈ വര്ഷം വളരെ പരിമിതമായ ആഘോഷങ്ങൾ മാത്രമാണെങ്കിൽ പോലും ഇതിനു പിന്നിലെ ചരിത്രം ആരെയും വളരെ ആഴമായി ചിന്തിപ്പിക്കുന്നതാണ്.

1620 -ൽ ഇംഗ്ലണ്ടിൽ നിന്നും ആരാധന സ്വാതന്ത്ര്യം ആഗ്രഹിച്ചു യാത്ര തിരിച്ച 102 യാത്രക്കാരെയും കൊണ്ട് മെയ് ഫ്ലവർ എന്ന ഒരു ചെറിയ കപ്പൽ അമേരിക്കയിൽ മസാച്യുസെറ്സിലെ പ്ലിമത്തിൽ എത്തിച്ചേർന്നു. 102 -ൽ 46 പേരും ദുർഘടം പിടിച്ച യാത്രയിൽ വലഞ്ഞു വഴിയിൽ വെച്ച് തന്നെ മരിച്ചു പോയിരുന്നു. ഡിസംബർ മാസത്തിലെ അതിശൈത്യം താങ്ങാനാകാതെ അവരിൽ മിക്കവാറും ആൾക്കാർ കപ്പലിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി. ഭക്ഷണമില്ലാതെ പലരും വീണ്ടും മരിച്ചു. എന്നാൽ നല്ലവരായ ഗോത്രവർഗ്ഗക്കാരുടെ (നേറ്റീവ് അമേരിക്കൻസ് ) സഹായം കൊണ്ട് വേട്ടയാടാനും കൃഷിചെയ്യാനും ശൈത്യം അതിജീവിക്കാനുമൊക്കെ പിൽഗ്രിംസ് പ്രാപ്തരായി. അടുത്ത കൊയ്ത്തു കാലമായപ്പോൾ തങ്ങളുടെ ചോള കൃഷിയുടെ ഫലം എടുക്കുകയും തങ്ങളെ സഹായിച്ച ആ നാട്ടുകാരെയും കൂട്ടി ദൈവത്തിനു നന്ദി പറഞ്ഞു അവർ ഒന്നാമത്തെ താങ്ക്സ്ഗിവിങ് ആഘോഷത്തിന് തുടക്കമിട്ടു. 1863 -ൽ പ്രസിഡന്റ് എബ്രഹാം ലിങ്കൺ ആണ് എല്ലാ നവംബറിലെയും അവസാന വ്യാഴാഴ്ച നാഷണൽ താങ്ക്സ്ഗിവിങ് ഡേ ആയി പ്രഖ്യാപിച്ചത്.

ഇതുമായി ബന്ധപ്പെട്ട ഒരു പഴയ ആചാരത്തെക്കുറിച്ചു ഞാൻ അടുത്തയിടെ വായിക്കുകയുണ്ടായി. 5 ചോള മണികളുടെ കഥ. ഒന്നാമത്തെയും രണ്ടാമത്തെയും വര്ഷം പിൽഗ്രിംസിനു കഠിനമായിരുന്നു. അതിശൈത്യത്തെ അതിജീവിക്കുവാനാവശ്യമായ ഒന്നും തന്നെ അവർക്കില്ലായിരുന്നു. മാത്രമല്ല ആവശ്യത്തിന് ഭക്ഷണവും കിട്ടിയില്ല.

കഥ ഇങ്ങനെയാണ്. ചില ദിവസങ്ങളിൽ വെറും 5 ചോള മണികൾ മാത്രമായിരുന്നു പിൽഗ്രിംസ് കോളനിയിലെ ഓരോ വ്യക്തിക്കും ഭക്ഷണമായി ലഭിച്ചിരുന്നത്. അത്ര കഠിന ദാരിദ്ര്യത്തിലും തങ്ങളുടെ ആവശ്യങ്ങൾ സർവശക്തനായ ദൈവം നിറവേറ്റിത്തരുമെന്ന ഉറച്ച വിശ്വാസവും ദൈവാശ്രയവും അവർ കൈവിട്ടില്ല. പിന്നീടുള്ള വർഷങ്ങൾ ധാരാളമായി ഭക്ഷ്യധാന്യങ്ങൾ അവർ കൊയ്തെടുത്തു. തങ്ങളുടെ ആദ്യ നാളുകളിലെ കഷ്ടതയിൽ സഹായിച്ച തദ്ദേശീയരായ നേറ്റീവ് അമേരിക്കൻസിനെ വിളിച്ചു സന്തോഷം പങ്കിടുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പതിവായി തീർന്നു. വിശിഷ്ടമായി തയാറാക്കിയ വിഭവങ്ങൾ വിളമ്പുന്നതിനു മുൻപ്, എല്ലാപേരുടെയും അത്താഴ പത്രങ്ങളിൽ ആദ്യം വിളമ്പുന്നത് 5 ചോള മണികളാണ്. തങ്ങളുടെ പ്രയാസത്തിന്റെ നാളുകളെ ഓർക്കുവാനും ഇപ്പോൾ അനുഭവിക്കുന്ന നന്മകൾക്ക് നന്ദി പറയുവാനുമായി അവർ അത് ചെയ്തു പോന്നു എന്ന് പറയപ്പെടുന്നു.

താങ്ക്സ്ഗിവിങ് ഡേ, ആഘോഷങ്ങളും ആരവാരങ്ങളുമായി മാത്രം ഒതുങ്ങിപ്പോകാതെ അതിന്റെ അന്തസത്ത ഉൾക്കൊണ്ടു രാജ്യം മുഴുവൻ തങ്ങൾക്കു സമ്പൽസമൃദ്ധി നൽകിയ ദൈവത്തിനു നന്ദി അർപ്പണം നടത്തുന്നവരോട് ചേർന്ന് മുഴുമനസോടെ നമുക്കും തമ്പുരാന് നന്ദി പറയാം. മാത്രമല്ല, അത്യാവശ്യത്തിൽ കൂടുതൽ നമ്മുടെ കരങ്ങളിൽ ദൈവം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ, ചുറ്റുമുള്ള അത്യാവശ്യക്കാരുമായി നമ്മുടെ നന്മകൾ പങ്കുവെയ്ക്കാം. പ്രത്യുപകാരം ചെയ്യാൻ കഴിവില്ലാത്തവർക്കാകട്ടെ നമ്മുടെ ഈ വർഷത്തെ പങ്കുവെക്കൽ. കണ്ണുകളും കാതുകളും അനാഥർക്കും, വിധവകൾക്കും, നിരാലംബർക്കും നിസ്സഹായാർക്കുമെതിരെ അടയാതിരിക്കട്ടെ.

‘നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു’
– ബൈബിൾ

മിനി തര്യൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.