കാലികം: തമോഗർത്തം നക്ഷത്രത്തെ വിഴുങ്ങിയപ്പോൾ | പാ. സണ്ണി പി. സാമുവൽ

അതിസ്ഥൂല പിണ്ഡമുള്ള ഒരു തമോഗർത്തം ‘സ്പഘെറ്റിഫിക്കേഷൻ’ എന്ന പ്രതിഭാസത്തിലൂടെ ഒരു നക്ഷത്രത്തെ വലിച്ചുകീറി വിഴുങ്ങി കളയുന്ന അത്യപൂർവ്വമായ കാഴ്ച വാന നിരീക്ഷകർ കണ്ടെത്തുകയുണ്ടായി. ഈ ദൃശ്യത്തിന്റെ 24 സെക്കൻഡു നീണ്ടു നിൽക്കുന്ന ഒരു വീഡിയോ ലഭ്യമാണ്. ‘റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി’ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് അടിസ്ഥാനമാക്കി 2020 ഒക്ടോബർ 14 ന് ‘ദ നാഷണൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് എനിക്ക് വായിക്കുവാൻ സാധിച്ചു.

അതിശക്തമായ ഗുരുത്വാകർഷണ ബലത്താൽ തമോഗർത്തം ഒരു വസ്തുവിനെ തന്നിലേക്ക് വലിച്ച് സാവധാനം അടുപ്പിക്കുകയും ഒപ്പം നൂലുപോലെ വലിച്ചുനീട്ടി ക്രമേണ വിഴുങ്ങി കളയുന്ന പ്രതിഭാസമാണ് സ്പഘെറ്റിഫിക്കേഷൻ.

കഴിഞ്ഞവർഷം ഭൂമിയിൽ നിന്നും 21 കോടി 50 ലക്ഷം പ്രകാശവർഷം അകലെയാണ് ഈ നാടകീയ രംഗം അരങ്ങേറിയത്. ഈ ദൂരം വളരെ അകലെയാണെന്നു നമുക്ക് തോന്നാമെങ്കിലും ബഹിരാകാശ ദൂര ഏകകവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ അടുത്താണ്. ശക്തിയേറിയ ദൂരദർശിനിയിലൂടെ വാനനിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ശാസ്ത്രജ്ഞർ അതിശക്തമായ പ്രകാശ വിസ്ഫോടനം കണ്ടു ശ്രദ്ധിച്ചപ്പോഴാണ് അന്ധാളിപ്പിക്കുന്ന ആ കാഴ്ച കണ്ടത്. ഒരു ഗാലക്സിയുടെ കേന്ദ്രത്തിൽ ഉണ്ടായിരുന്ന ഒരു സൂപ്പർമാസീവ് തമോഗർത്തത്തിന്റെ സമീപത്തു കൂടെ സാവധാനം അലസഗമനം നടത്തിയിരുന്ന ഒരു നക്ഷത്രത്തെ ആ തമോഗർത്തം അതിന്റെ അതിശക്തമായ ഗുരുത്വാകർഷണബലത്താൽ വലിച്ചുനീട്ടി വിഴുങ്ങിക്കളഞ്ഞു. ഹതഭാഗ്യനായ ആ നക്ഷത്രത്തിലെ ദ്രവ്യത്തെ നൂലു സമാനം ആക്കി മാറ്റി ആണ് ഇല്ലായ്മ ചെയ്തത്! ഈ പഠന റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചത് തോമസ് വീവേഴ്സ് എന്ന മാന്യദേഹം ആണ്.

തമോഗർത്തം ഒരു നക്ഷത്രത്തെ വിഴുങ്ങുമ്പോൾ ദ്രവ്യത്തിന്റെ അതിശക്തമായ വിസ്ഫോടനം സംഭവിക്കുകയും അത് ജീർണ്ണാവശിഷ്ടങ്ങളായി ചിതറി തെറിക്കുകയും കാഴ്ചയെ മാറെക്കുകയും ചെയ്യുന്നത് സർവ്വസാധാരണമാണ്. മേൽപ്പറഞ്ഞ സംഭവത്തിൽ സെക്കൻഡിൽ പതിനായിരം കിലോമീറ്റർ വേഗത്തിലാണ് ദ്രവ്യമാനം പുറത്തേക്ക് തള്ളപ്പെട്ടത്.

അനന്ത വിഹായസ്സിൽ മിഴി നട്ടിരിക്കുന്ന അന്വേഷണ കുതുകിയായ മനുഷ്യന്റെ മുമ്പിൽ പ്രപഞ്ചം എന്നും അനന്തം, അജ്ഞാതം, അവർണ്ണനീയം ആണ്. നമ്മുടെ പ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങൾ അറിഞ്ഞതിൽ ഏറെയാണ് അറിയുവാനായി ഉള്ളത്. ചുരുളുഖൾ നിവർത്തി നാം അറിയുന്തോറും അവ നമ്മെ അമ്പരപ്പിക്കുന്നു, അത്ഭുതപരതന്ത്രരാക്കുന്നു.

പ്രപഞ്ചത്തിൽ തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾസ് പലരൂപത്തിൽ കാണപ്പെടുന്നുണ്ട്. 10 കിലോമീറ്റർ വ്യാസമുള്ള അതിപിണ്ഡമുള്ള ന്യൂട്രോൺ സ്റ്റാർ മുതൽ നമ്മുടെ മൊത്തം പ്രപഞ്ചത്തിന്റെ 99 മടങ്ങ് വലിപ്പമുള്ള; നമ്മുടെ പ്രപഞ്ചത്തെ മുഴുവനായി വിഴുങ്ങുവാൻ വരെ വിസ്തൃതിയും ഗുരുത്വാകർഷണ ബലവുമുള്ള തമോഗർത്തങ്ങൾ വരെ ഉണ്ട്. അന്ധതമസ്സു സൂക്ഷിച്ചു വയ്ക്കുന്ന ‘വക്രഗതി ഉള്ള നക്ഷത്രങ്ങൾ’ എന്നു യൂദായുടെ ലേഖനം 13-ആം വാക്യത്തിൽ പ്രതിപാദിക്കുന്നത് മേൽപ്പറഞ്ഞ ന്യൂട്രോൺ സ്റ്റാറാണ്. സൂപ്പർനോവ, പൊട്ടിത്തെറിയിലൂടെ ചിതറുമ്പോൾ വിപരീത രാസപ്രക്രിയ ആണ് സംഭവിക്കുന്നത്. അത്യുഗ്ര ശോഭയോടെ കത്തിജ്വലിച്ചു നിന്നിരുന്ന നക്ഷത്രം ന്യൂട്രോൺ സ്റ്റാറായും പിന്നീട് തമോഗർത്തമായും മാറ്റപ്പെടുമ്പോൾ ഗുരുത്വാകർഷണ ബലം അനേകമടങ്ങ് വർദ്ധിക്കുകയും നക്ഷത്രം ചുരുങ്ങുകയും പിണ്ഡം വർദ്ധിക്കുകയും ചെയ്യും. ഒപ്പം ഉൽസർജ്ജനത്തിനു പകരം പ്രകാശം ഉൾപ്പെടെ സ്ഥലത്തെയും വലിച്ചടുപ്പിച്ച് ആഗിരണം ചെയ്യുവാൻ തുടങ്ങും. ഒടുവിൽ അത് വിഴുങ്ങലിൽ കലാശിക്കുകയും ചെയ്യുന്നു.

അഭക്തരായ മനുഷ്യരെയാണ് യൂദാ തമോഗർത്തങ്ങൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ ഈ വിഴുങ്ങൽ സംഭവം വായിച്ചപ്പോൾ, ബൈബിളിലെ ചില വാക്യങ്ങളിലേക്കു എന്റെ ശ്രദ്ധ തരികയുണ്ടായി.

ദൈവത്തെ സകലത്തിന്റെയും സ്രഷ്ടാവായിട്ടാണ് ബൈബിൾ വരച്ചു കാണിക്കുന്നത്. “ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; — യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു” (യെശയ്യാ: 45:7). “ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുന്നു; അവനിൽ ജീവനുണ്ടായിരുന്നു. ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല (യോഹ:1:1-5). വചനം എന്നത് ഒരു വ്യക്തി ആകുന്നു എന്നാണ് ഇവിടുത്തെ പ്രതിപാദനം. വചനത്തെ “അവൻ” എന്ന് ‘പേഴ്സോണിഫൈ’ ചെയ്തിരിക്കുന്നു. ഭൗതികമായി വിലയിരുത്തിയാൽ വെളിച്ചത്തിൽ നിന്നുമാണ് ജീവൻ ഉത്ഭവിക്കുന്നത്. എന്നാൽ ഇവിടെ ജീവനിൽ നിന്നും പ്രകാശം ഉണ്ടായി എന്നാണ് കാണുന്നത്. ഈ പ്രതിപാദനം പ്രാപഞ്ചിക പ്രകാശത്തെ കുറിച്ച് അല്ല എന്ന് വ്യക്തമാകുമല്ലോ. വചനം ആയിരുന്നവൻ സകലതിന്റെയും ജീവനായിരുന്നു. ആ ജീവനിൽ നിന്നും മനുഷ്യരുടെ വെളിച്ചം ഉദയം ചെയ്തു അഥവാ ഉത്ഭവിച്ചു എന്നാണ് വിവക്ഷ. അടുത്തു കൂടാത്ത വെളിച്ചത്തിൽ വസിക്കുന്ന വചനമാകുന്ന ദൈവം മനുഷ്യരുടെ വെളിച്ചമാകുന്നു എന്നു വ്യാഖ്യാനം. അതിലുപരി, ആദിമനുഷ്യനായ ആദാമിനെ ജീവനുള്ള വെളിച്ചമായി സൃഷ്ടിച്ചു എന്ന ധ്വനിയും ഒളിഞ്ഞിരിപ്പുണ്ട്. സത്യവെളിച്ചവും നിത്യജീവനും ആയ ദൈവത്തിന്റെ പ്രതിരൂപമായ മനുഷ്യൻ! നാലാം വാക്യത്തിന്റെയും അഞ്ചാം വാക്യത്തിന്റെയും വരികൾക്കിടയിലൂടെ വായിച്ചെടുക്കുവാൻ ധാരാളം ഉണ്ട്. ‘ഇരുളിൽ പ്രകാശിക്കുന്ന വെളിച്ചമായി വചനത്തെ ചിത്രീകരിച്ചിരിക്കുന്നു. മനുഷ്യന്റെ വീഴ്ചയെയും തേജസ് നഷ്ടത്തെയും അതു സൂചിപ്പിക്കുന്നു. ഒരിക്കൽ പ്രകാശം പരത്തിയിരുന്ന അരുണോദയ പുത്രനായ ശുക്രൻ (യെശയ്യാ:14:12) വക്രനക്ഷത്രമായി, തമോഗർത്തമായി, സാത്താൻ ആയി മാറിയപ്പോൾ മനുഷ്യനെ തന്റെ പിന്നാലെ വലിച്ചു കളയുകയും അവന്റെ തേജസ്സിന്റെ വസ്ത്രത്തെ അപഹരിച്ചു കളയുകയും ചെയ്തു. അതിനാൽ ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു (വാക്യം 9). ഈ വെളിച്ചത്തെ പിടിച്ചടക്കാൻ ഇരുൾ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. എബ്രായർ 4:15-ൽ ‘പാപം ഒഴികെ സർവ്വത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടവൻ’ എന്നത്, ‘സർവ്വത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടിട്ടും പാപത്തിനു കീഴ്പെടുത്തുവാൻ കഴിയാത്തവൻ’ എന്നത്രേ സൂക്ഷ്മമായ വിവർത്തനം. സത്യവെളിച്ചം ആയ ക്രിസ്തുവിനെ പാപത്തിലേക്ക് വശീകരിച്ചു വലിച്ചടുപ്പിച്ച് നശിപ്പിച്ചു കളയുവാൻ തമോഗർത്തം ആയ പ്രതിയോഗിക്ക് കഴിഞ്ഞില്ല.

ടൈറ്റാനിക് ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് ധാരാളം സിദ്ധാന്തങ്ങൾ ആവിഷ്കരിക്ക പ്പെട്ടിട്ടുണ്ട്. സമീപകാലത്ത് ശാസ്ത്രീയമായി വിശ്വസനീയമായി തോന്നിയ ഒരു സിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് വായിക്കുകയുണ്ടായി. അതിശക്തമായ ദ്രുവദീപ്തിയുടെ പ്രഭാവത്താൽ ടൈറ്റാനിക്കിന്റെ വടക്കുനോക്കിയന്ത്രത്തിനു ഭ്രംശം സംഭവിക്കുകയും ഗതിമാറ്റം ഭവിച്ച കപ്പൽ മഞ്ഞുകട്ടയിൽ ഇടിച്ചുകയറുകയും ആയിരുന്നു എന്നാണ് പുതിയ വാദം. അത് ശരിയാകാൻ സാധ്യതയുണ്ട്. കാരണം രക്ഷപ്പെട്ടവർ ചക്രവാളത്തിൽ ധ്രുവദീപ്തി കണ്ടതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെയെങ്കിൽ മറിച്ചും സംഭവിക്കാമല്ലോ. വഴി തെറ്റിയതിനെ നേർവഴിക്ക് നടത്തുവാൻ സത്യവെളിച്ചത്തിനു കഴിയുമല്ലോ. അതിന്റെ സാക്ഷ്യം പേറുന്നവരാണല്ലോ ദൈവമക്കൾ. അന്ധകാരത്തിന് വിഴുങ്ങുവാൻ കഴിയാത്ത സത്യ വെളിച്ചത്തിനായി നമുക്ക് സ്തോത്രം ചെയ്യാം. ഈ സത്യവെളിച്ചം എത്രയും താമസംവിനാ ഉദയ നക്ഷത്രമായി വെളിപ്പെടുമല്ലോ. അതത്രെ നമ്മുടെ ഏക പ്രത്യാശ. അതിനായി നമുക്ക് ഒരുങ്ങാം. ആമേൻ കർത്താവേ വരേണമേ.

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.