ഫീച്ചർ: കൂർക്ക കൃഷി..നമ്മുടെ അടുക്കള തോട്ടത്തിൽ | ജിജിപ്രമോദ്‌

കോവിഡ് കാലം, ലോക സമ്പത് വ്യവസ്ഥയെ തന്നെ തകിടം മറിക്കുകയും, അതിന്റെ ഫലമായി വിലവർദ്ധനവ് ഉണ്ടാകുകയും തന്മൂലം ജനജീവിതം സമ്മർദ്ദത്തിൽ ആവുകയും ചെയ്യുന്ന ഈ വർത്തമാനകാലത്തിൽ ഒരു സാധാരണ കുടുംബത്തിന് ആവശ്യമുള്ള പച്ചക്കറികൾ വലിയ ചിലവില്ലാതെ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നത് ഒരു പരിധിവരെ ഓരോ കുടുംബത്തിനും അല്പമായെങ്കിലും ആശ്വാസമാകും തീർച്ച.അങ്ങനെ സ്വന്ത വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നതിൽ വിജയം കണ്ടെത്തിയ ഒരു സാധാരണ വീട്ടമ്മയുടെ കൃഷി രീതി നമുക്ക് പരിചയപ്പെടാം.
കോഴിക്കോട് സ്വദേശിനിയായ ജിഷ സുരേഷ് എന്ന വീട്ടമ്മ “കൂർക്ക “(ചീവക്കിഴങ്) കൃഷി എങ്ങനെ നന്നായി ചെയ്യാം എന്നു നമ്മോട്‌ പങ്കു വയ്ക്കുന്നു.
“ചൈനീസ് പൊട്ടറ്റോ” എന്നപേരിൽ അറിയപ്പെടുന്ന “കൂർക്ക” യുടെ ശാസ്ത്രനാമം”കോളിയസ്‌പാർപിഫ്ളോറസ്”എന്നാണ്.
കിഴങ്ങു വർഗ്ഗങ്ങളിൽ വെച്ചേറ്റവും ചെറിയവൻ എങ്കിലും പോഷകങ്ങളുടെ കലവറ തന്നെ യാണ് ഇത്.0.3ശതമാനം പ്രോട്ടീൻ,0.2 ശതമാനം കൊഴുപ്പ്,11.4ശതമാനം അന്നജം എന്നിവയ്ക്കു പുറമേ കാൽസ്യം,അയൺ, വിറ്റാമിൻ A, B,C എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

കൃഷി രീതി:
ഉഷ്ണ മേഖലയിലും, മിതോഷ്ണ മേഖലയിലും നന്നായി വളരുന്ന കൂർക്ക ഫലപുഷ്‌ടി ഉള്ള ഏതു മണ്ണിലും കൃഷി ചെയ്യാം എങ്കിലും മണൽചേർന്ന അധികം പശിമയില്ലാത്തതും
നീർവാർച്ച ഉള്ളതുമായമണ്ണാണ് കൂടുതൽ ഉചിതം.
ജൂൺ,ജൂലൈ മാസങ്ങളിൽ ധാരാളം മഴ ലഭിക്കുന്നതിനാൽ ഈ മാസങ്ങൾ കൂർക്ക കൃഷിയ്‌ക്ക് കൂടുതൽ അനുയോജ്യമാണ്. മറ്റു മാസങ്ങളിൽ കൃഷി ചെയ്യുമ്പോൾ നന്നായി നനച്ചു കൊടുക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കെട്ടിനിന്നാൽ കിഴങ്ങുകളുടെ വളർച്ചയെ ബാധിക്കുന്നു.
കൂർക്ക ചെടിയുടെ തണ്ടുകൾ ആണ് നടുന്നതിനായി എടുക്കുക.
നടുവാനുള്ള തണ്ടുകൾ ലഭിയ്ക്കുവാൻ ഒരുമാസം മുൻപ് വിത്തുകിഴങ്ങുകൾ നട്ട് അതിന്റെ തണ്ട് വളർത്തി എടുക്കണം.(വിത്തു കിഴങ്ങുകൾ കൈവശം ഇല്ല എങ്കിൽ നമ്മൾ കടയിൽ നിന്നും വാങ്ങുന്ന കൂർക്കയിൽ നിന്നും നല്ലത് മാറ്റി എടുത്ത് അതിന്റെ വെള്ളം വറ്റാൻ ഒരാഴ്ച മാറ്റിവച്ച ശേഷം നടാവുന്നതാണ്).

വാരങ്ങൾ ഉണ്ടാക്കി അതിൽ ചാണകപ്പൊടി മണ്ണുമായി കലർത്തിയ ശേഷം 15cm അകലത്തിൽ ചെറിയ കുഴികൾ ഉണ്ടാക്കി അതിൽ വിത്തുകിഴങ്ങുകൾ നടാം. ചെറിയ കനത്തിൽ മണ്ണിട്ടു മൂടിയ ശേഷം ചെറുതായി പുതയിട്ടു കൊടുക്കാം. കിഴങ്ങുകൾ മുളച്ചു 8 – 10 ദിവസങ്ങൾ ആകുമ്പോൾ അല്പം യൂറിയ വിതറി നനച്ചു കൊടുത്താൽ കൂടുതൽ തലപ്പുകൾ ഉണ്ടാകും. ഒരുമാസം ആകുമ്പോൾ തലപ്പുകൾ ഏകദേശം 15 cm വളരും.അപ്പോൾ തണ്ടുകൾ മുറിച്ചു നടാവുന്നതാണ്.

കൃഷി സ്ഥലം ഒരുക്കേണ്ട വിധം.

കൃഷിചെയ്യുവാനുള്ള സ്ഥലം 15 – 20 cm താഴ്ച്ചയിൽ നന്നായി കിളച്ചു തയ്യാറാക്കിയ ശേഷം അരയടി അകലത്തിൽ 2 – 3 അടി വീതിയും 20 – 25 cm ഉയരവുമുള്ള വാരങ്ങൾ തയ്യാറാക്കണം.
ഇതിലേക്ക് ചാണകപ്പൊടി,കോഴികാഷ്ഠം, വേപ്പിൻ പിണ്ണാക്ക് ഇവ വിതറിയ ശേഷം മണ്ണുമായി വളം നന്നായി യോജിപ്പിക്കുക.
മുറിച്ചെടുത്ത തണ്ടുകൾ അല്പം ചരിച്ചു നടുക. ഒന്നരമാസത്തിനു ശേഷം കള പറിച്ചു കളഞ്ഞ് മേൽമണ്ണിളക്കി കൊടുക്കുക.
കൂർക്ക കൃഷിയിൽ നേരിടുന്ന പ്രധാന രോഗ ബാധയാണ് “നിമവിര”കളുടെ ശല്യം. തണ്ടുകൾ തടിച്ചു വീർത്തു ചെടികൾ നശിച്ചു പോകുന്ന രോഗമാണിത്. ഇതിനെ പ്രതിരോധിക്കാൻ വെപ്പിൻപിണ്ണാക്ക് ഒരു പരിധിവരെ നമ്മെ സഹിയിക്കും.
5 മാസത്തോടെ ചെടിയുടെ ഇലകൾ മഞ്ഞളിച്ചു തുടങ്ങുമ്പോൾ കൂർക്ക വിളവെടുപ്പിന് പാകമാകുന്നു.
വിളവെടുത്ത ശേഷം നല്ല കിഴങ്ങുകൾ വിത്തിനായി ഉമിയിലോ,മണലിലോ കലർത്തി, ഈർപ്പവും ചൂടും തട്ടാതെ സൂക്ഷിക്കണം.
ഇങ്ങനെ നമ്മുടെ അടുക്കളത്തോട്ടത്തിൽ കൂർക്ക വിളയിക്കാം.

ജിജിപ്രമോദ്‌..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.