ലേഖനം: ഭൂരിപക്ഷമോ ന്യുനപക്ഷമോ നോക്കാത്തവൻ | രാജൻ പെണ്ണുക്കര

ദൈവം മനുഷ്യരാശിക്ക് വളരെ
സുപ്രധാനമായ മുന്നറിയിപ്പുകൾ നൽകുന്ന ഒരു  അദ്ധ്യായമാണ്
ഉല്പത്തി പതിനൊന്ന്. അതിൽ പറയുന്ന
പല പദപ്രയോഗങ്ങളും വളരെ  ശ്രേദ്ധേയമാണ്.

എന്നാൽ ഇവിടെ ബഹുഭൂരിപക്ഷം
വരുന്ന ഒരു ജനതയെയും അവരുടെ ചെയ്തികളെയും കുറിച്ച് പ്രത്യേകിച്ച് എടുത്തു പറയുന്നുണ്ട്.

അവർ തമ്മിൽ തമ്മിൽ  കൂടി
ആലോചിച്ചു പറയുകയാണ്
“വരുവിൻ  നാം  ഇഷ്ടിക
അറുത്തു ചുടുക,  വരുവിൻ നാം
ചിതറി പോകാതിരിപ്പാൻ
(എന്നും ഒരുമിച്ചു നിൽക്കാൻ എന്ന ഉദ്ദേശത്തിൽ)  ആകാശത്തോളം
എത്തുന്ന  ഒരു ഗോപുരവും  പണിക,  എല്ലാത്തിലും ഉപരി നമുക്ക്  ഒരു പേരും
ഉണ്ടാക്കാം.”

നമ്മുടെ യുക്തിയും ചിന്തയും  വച്ച് നോക്കുമ്പോൾ ഇതിൽ എന്ത് തെറ്റ്.
നല്ല ചിന്താഗതിയും,  നല്ല ഐഡിയയും,  നല്ല പ്രയത്‌നവും അല്ലേ!. അതേ നല്ലതു തന്നേ,  എന്നാൽ അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ (ഉദ്ദേശം) ദോഷമുള്ളതായിരുന്നു.

ഇന്നത്തെ ലൗകിക ലോകവും,  ആത്മിക ഗോളവും ഭൂരിപക്ഷത്തിന്റെ കൂടെയല്ലേ. ഭൂരിപക്ഷം ഉണ്ടെങ്കിൽ എന്തും ആകാം, എങ്ങനെയും ആകാം എന്ന അവസ്ഥയിൽ ആയില്ലേ. അതു വിജയിപ്പിക്കാനുള്ള തത്രപ്പാടും,  ഓട്ടവും, കൂട്ടുപിടിത്തവും അല്ലേ എല്ലാ മേഖലകളിലും നാം ദർശിക്കുന്നത്.

എന്നാൽ ഇവിടെ ദൈവിക പ്ലാനിനും പദ്ധതികൾക്കും പ്രസക്തി ഇല്ലാതെ പോകുന്നു എന്നതല്ലേ വാസ്തവം.

അവരുടെ പ്രവർത്തികൾ കാണാൻ ഇവിടെയും യഹോവ ഇറങ്ങി വന്നു എന്ന് നാം കാണുന്നു. പലപ്പോഴും നാമും  ചിന്തിക്കുന്നത് ദൈവം ഇറങ്ങി വരുന്നത് നമ്മുടെ പ്രവർത്തിയിൽ അവനു പ്രസാദം തോന്നിയതു കൊണ്ടാണ് എന്നാണ്.  അവരും അങ്ങനെ തന്നെ ചിന്തിച്ചു. എന്നാൽ ഇവിടെ മറിച്ചാണ് സംഭവിച്ചത്.

ദൈവകോപം അവരുടെ മേൽ വന്നു. അവർ പരസ്പരം തിരിച്ചറിയാതിരിക്കാൻ അവരുടെ ഭാഷ കലക്കി ക്കളഞ്ഞു,  അവരെ എങ്ങും ചിന്നിപ്പിച്ചു,  അവരുടെ പണികൾ വിട്ടുകളഞ്ഞു (പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു),  അവരെ ചിതറിപ്പിച്ചു കളഞ്ഞു.

അതേ ദൈവീക ആലോചന ഇല്ലാതെ
ഉള്ള തുടക്കത്തിന്റെയും ഭൂരിപക്ഷം നോക്കി ഉള്ള  പണികളുടെയും അവസ്ഥ ഇതാണ്.  നമ്മുടെ ആലോചനകളും, നാം ചിലവിടുന്നതും,  നമ്മുടെ ഓട്ടവും, പ്രയത്നവും എല്ലാം തകർന്നു പോകും,  അഥവ ദൈവം തകർത്തു കളയും എന്നതല്ലെ വാസ്തവം.

ദൈവം ഞങ്ങളോടു കൂടെ ഉണ്ട് എന്ന ധാരണയിൽ,  പലരും കരുത്തുന്നത് ഞങ്ങൾ  വിചാരിച്ചാൽ എന്തും ചെയ്യാം. ഞങ്ങൾക്ക് കൈബലം ഉണ്ട്,  ആൾബലം ഉണ്ട്,  സ്രോതസ് ഉണ്ട്. ഞങ്ങൾ ഒരുമിച്ചു നിന്നാൽ എല്ലാം വിജയിക്കും എന്നൊക്കെയാണ്.

എന്നാൽ വചനം പറയുന്നത്
“ഒരുവന്റെ  വഴിയിൽ ദൈവത്തിനു പ്രസാദം തോന്നിയാൽ  മാത്രം
യഹോവ അവന്റെ ഗമനം സ്ഥിരമാക്കും” (സങ്കി 37:23).
നാം ഇരിക്കുന്നതും എഴുനേൽക്കുന്നതും, അറിയുന്നവൻ,  നമ്മുടെ നിരൂപണങ്ങൾ ദൂരത്തുനിന്നു ഗ്രഹിക്കുന്നവൻ,  നമ്മുടെ നടപ്പും കിടപ്പും നന്നായി ശോധന ചെയ്യുന്നവൻ,  നമ്മുടെ എല്ലാ വഴികളും,  നമ്മുടെ നിനവുകളും മുന്നമേ  മനസ്സിലാക്കുന്ന ഒരു ദൈവം  ഇന്നും ജീവിക്കുന്നു. (സങ്കി 139:2-4).

മനുഷ്യന്റെ ആലോചനകളെ മറിച്ചു കളയുന്നവൻ. നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചയ്ക്കു മുമ്പെ ഉന്നതഭാവം (സദൃ 16:18). നമ്മുടെ പ്രവർത്തികളെക്കാൾ ഉപരി,  ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ,  എല്ലാം നന്നായി അറിയുന്നു.

കർമ്മേൽ പർവതത്തിൽ ഒരു  വശത്ത്  ഒരു വലിയ ഭൂരിപക്ഷം  ജനതകളും  ഏകദേശം 850 പുജാരികളും.  മറുവശത്തു ന്യൂനപക്ഷമായി ഏലിയാവും മാത്രം.

ചുറ്റും വെല്ലുവിളികൾ. ഒരുക്കങ്ങൾക്കും ഒരു  കുറവില്ല. എന്നാൽ ഒരു നിബന്ധന
“തി കൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നെ ദൈവം.” എന്ന് തെളിയിക്കണം.

ഏലിയാവ് സർവ ജനത്തോടും  ചോദിക്കുന്നു നിങ്ങൾ എത്രനാൾ ഇരുതോണിയിൽ കാൽവെക്കും. അവരുടെ മുൻപിൽ രണ്ടു നിബന്ധനകൾ വച്ചിട്ടും ജനം ഉത്തരം ഒന്നും  പറഞ്ഞില്ല എന്ന് കാണുന്നു.

ഏലിയാവ് പറയുകയാണ്, “നിങ്ങൾ അധികം പേരുണ്ടല്ലോ” അതുകൊണ്ട്
ആദ്യം ഭൂരിപക്ഷത്തിന്റെ ഊഴം. രാവിലെ മുതൽ ഉച്ചസമയം വരെ, അവർ പഠിച്ചിട്ടുള്ളതും,  അന്നുവരെ ചെയ്തു വന്നതുമായ മുഴുവൻ വിദ്യകളും പരീക്ഷച്ചു. എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.

ഇനിയും ഏലീയാവിന്റെ ഊഴം!. ഇവിടെയാണ് സംഗതികൾ മാറി മറിഞ്ഞത്. അപ്പോൾ ഏലിയാവ്:
എന്റെ അടുക്കൽ വരുവിൻ എന്ന് സർവ്വ ജനത്തോടും  പറഞ്ഞു. ഇത് കേട്ട മാത്രയിൽ സർവ്വ ജനവും അവന്റെ അടുക്കൽ ചേർന്നു. ഇവിടെത്തെ ഒരു പദപ്രയോഗം വളരെ ശ്രദ്ധേയമാണ്,  “സർവ്വ ജനവും അവനോടു ചേർന്നു”.

എനിക്ക് തോന്നുന്നു ഇപ്പോഴാണ്
ജനത്തിന് കാര്യങ്ങൾ ശരിക്കും മനസ്സിലായത്. ഒരിക്കൽ ഏലിയാവ് അവർക്കു അവസരം കൊടുത്തപ്പോൾ അവർ അത് സ്വീകരിച്ചില്ല അവർ മൗനം നടിച്ചു എന്ന് വായിക്കുന്നു (1 രാജ  18:21).

അപ്പോൾ ഇനിയും ഇവിടെ ന്യൂനപക്ഷം എന്ന പ്രയോഗം വേണ്ട എന്ന് തോന്നി പോകും. എന്നാൽ തുടക്കം മുതൽ ഇപ്പോൾ വരെ ദൈവിക വ്യവസ്ഥക്കും ന്യായത്തിനും നിന്നവൻ ന്യുനപക്ഷ പക്ഷമായ ഒരുവൻ മാത്രം.

ഭൂരിപക്ഷം  ആയില്ലേ,  എന്നാൽ തന്റെ  യത്‌നം അങ്ങ് തുടങ്ങാം എന്ന് ഏലിയാവ്  ഒരിക്കലും തീരുമാനിച്ചില്ല. ഏലിയാവിന്  നന്നായി ഒരു കാര്യം അറിയാമായിരുന്നു.   ഒരിക്കൽ യാഗപീഠത്തിന്റെ പ്രധാന ഭാഗങ്ങൾ ആയിരുന്ന ഇതിലെ  ചില കല്ലുകൾ ഇന്നു അവയുടെ സ്ഥാനത്തുനിന്നും  പൂർവ്വ അവസ്ഥയിൽനിന്നും വ്യതിചലിചിരിക്കുന്നു. ചിലതു ഇടിഞ്ഞും,  ചിലതു പൊളിഞ്ഞും,  ചിലതു യഥാസ്ഥാനത്തും അല്ലാതെ കിടക്കുന്നു. ഏലിയാവ് പുതിയ കല്ലുകൾ പെറുക്കാൻ പോയില്ല എന്നു ചുരുക്കം.

ഏലിയാവ് ആദ്യം അതിനെ നന്നായി നന്നാക്കി,  പിന്നെ പണിതു,  പിന്നെ ഉണ്ടാക്കി,  പിന്നെ ഒഴിച്ചു എന്ന ഒരു ക്രമം (ഓർഡർ) അവിടെ വായിക്കുന്നു.  അതെ അവൻ അങ്ങനെ തന്നെ  ചെയ്തു.

യഥാർത്ഥത്തിൽ ഏലിയാവിനെ അഭിനന്ദിക്കേണ്ടത് ഇവിടെയാണ്.  ഇപ്പോഴത്തെ യാഗപീഠത്തിന്റെ അവസ്ഥ മനസ്സിലാക്കാനുള്ള ഒരു കൃപാവരം ഏലിയാവിന് ഉണ്ടായിരുന്നു.  ഇന്നു പല ശുശ്രുഷകർക്കും ഇല്ലാതെ പോയതും ഈ തിരിച്ചറിവാണ്. അതു മനസ്സിലാക്കാൻ പലരെയും ഇന്നു തേടി നടക്കേണ്ട പാരിതാപകരമായ അവസ്ഥയിൽ സഭ  ആയിത്തീരുന്നു. ഇന്നു പേര് സമ്പാദിക്കാൻ വേണ്ടി പുതിയ കല്ലുകൾ കൂട്ടിവക്കാനുള്ള തത്രപ്പാടിലാണ് പലരും. പഴയ കല്ലുകൾ എവിടെ, പഴയത് എവിടെ ഇടിഞ്ഞു കിടക്കുന്നു എന്നത് ഒരു വിഷയമേയല്ല. അങ്ങനെയുള്ള യാഗത്തിൽ ദൈവം പ്രസാദിക്കുമോ????.

ദൈവമക്കളെ ഒന്നു ചോദിക്കട്ടെ നാം അങ്ങനെയാണോ?. യഥാർത്ഥത്തിൽ അകത്തു യാഗപീഠം എല്ലാം ഇടിഞ്ഞു പൊളിഞ്ഞും,  തകർന്നും, ചില  കല്ലുകൾ യഥാസ്ഥാനത്തു നിന്നും  മാറിയും,  ചില കല്ലുകൾ അതിരിനു പുറത്തും,  ചിലതു പൊട്ടിയും,  നാലു  വശങ്ങളിലെ തോടുകൾ  അനവധി  അന്യ വസ്തുക്കളാൽ നികന്നു പോയ അവസ്ഥയിൽ അല്ലേ.

ഇവിടെ അടിവരയിടേണ്ട ഭാഗം അന്യ വസ്തുക്കളാൽ നികന്നു പോയ അവസ്ഥ. എന്നിട്ടും നമുക്ക് പാട്ടുണ്ട്,  ആരാധന ഉണ്ട്,  ചെയിൻ പ്രയർ ഉണ്ട്,  ഉപവാസവും തിരുമേശയും ഉണ്ട് എല്ലാദിവസവും സൂം മീറ്റിംഗുകൾ ഉണ്ട് . പക്ഷെ ഒന്നു പണിയുവാനോ നന്നാക്കാനോ മനസുണ്ടോ. ഒരു ഐക്യപ്പെടുത്തലിന്റെ
(Reconciliation) അനുഭവമോ മനോഭാവമോ സഭയിൽ ഉണ്ടൊ?..

അകത്തെ പഴുപ്പും പുറത്തെ പഴയ  ഉണങ്ങിയ പൊറ്റ (scurf) മാറ്റാതെ അഥവാ ഒന്നു നന്നായി വൃത്തിയാക്കാതെ (ശുദ്ധികരണം വരുത്താതെ) മരുന്നു വെച്ചു കെട്ടിയ മുറിവിനു സമം.  അതെ പുറമെ നോക്കിയാൽ പുതിയ തുണിയും പുതിയ മരുന്നും എന്ന അവസ്ഥയിൽ ആയില്ലേ ഇന്നത്തെ ആത്മിക ഗോളവും ആരാധനകളും.

“ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ, നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക” (മത്താ 5:23-24).

കാര്യങ്ങൾ ചെയ്‌യേണ്ടിയ പോലെ ചെയ്തിട്ടു ഏലിയാവ് ഒരു മിനിറ്റിൽ ഒതുങ്ങുന്ന ഒരു പ്രാർത്ഥന കഴിച്ചു. ഉടനെ സ്വർഗത്തിൽ  നിന്നും തീ ഇറങ്ങി എന്ന് വായിക്കുന്നു.

അതെ ദൈവമക്കളെ നാം വ്യവസ്‌ഥ പ്രകാരമാണ് ദൈവ സന്നിധിയിൽ  വരുന്നതെങ്കിൽ അവൻ നമ്മോടു അടുത്തു വരുന്നവനും, കരുണ കാണിക്കുന്നവനും ആകുന്നു. ഇവിടെ ഏതു പക്ഷമെന്ന ചോദ്യം ഇല്ല.

എന്നാൽ നാം പലപ്പോഴും “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്ന അവസ്ഥയിൽ അല്ലേ (യെശ 28:10).

ഇല്ല  ദൈവം ഒരിക്കലും ഭൂരിപക്ഷം നോക്കുന്നില്ല,  ന്യുനപക്ഷം നോക്കുന്നില്ല. അവൻ വ്യവസ്ഥകൾ മാത്രം നോക്കുന്നവൻ ആകുന്നു.
നാം ഏതു ഗണത്തിൽ…..

രാജൻ പെണ്ണുക്കര,  മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.