ചെറു ചിന്ത: ദൈവീക കരുതൽ | ബിബിൻ സി ബിജു

മഹാവ്യാധിയുടെ ഒരു കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ലോക രാജ്യങ്ങളാകെ കോവിഡ് 19 എന്ന മഹാവ്യാധിയാൽ ക്ലേശങ്ങളിലൂടെ കടന്നുപോകുകയാണ്. ആഗോളതലത്തിൽ മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയായ ഈ മഹാരോഗം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ അനിശ്ചതാവസ്ഥയും പ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ എങ്ങനെ നേരിടണമെന്ന് ലോകനേതാക്കൾക്ക് ഒരു ധാരണയുമില്ല. ഇതിനിടയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം തുടരുകയാണ്. ചൈന നടത്തുന്ന സൈനിക വിന്യാസങ്ങളും നീക്കങ്ങളുമാണ് ആശങ്കയുണ്ടാക്കുന്നത്. യുദ്ധസമാനായ നീക്കങ്ങളാണ് അതിർത്തിയിൽ നടക്കുന്നത്. ഇതൊക്കെ ലോകത്തിൽ നടക്കുമ്പോഴും അന്ത്യകാലത്തിൽ യുദ്ധങ്ങളും, യുദ്ധശ്രുതികളും, മഹാവ്യാധികളും ഉണ്ടാകും എന്നോർത്ത് ദൈവമക്കളായ നാം കർത്താവിൽ ആശ്രയിച്ച് മുന്നോട്ട് പോകുക.

കോവിഡ് 19 എന്ന രോഗം ആത്മീയ മേഖലയിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപത്തെ പോലെ ഒരുമിച്ച് കൂടിയുള്ള ആരാധനയും, ഉണർവും ഓൺലൈൻ ആരാധനയിലൂടെ ലഭിക്കുന്നില്ല. നിലവിൽ ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് ആരാധന നടത്താൻ സാധിക്കുന്നത് ദൈവമക്കൾക്ക്‌ വലിയ ആശ്വാസമാണ്. പരീക്ഷകൾ ദൈവം നൽകുമ്പോൾ നീക്കുപോക്കുകളും കൂടെ നൽകും എന്ന ഉറപ്പ് നമ്മെ മുന്നോട്ട് നയിക്കുന്നു. എത്ര പ്രതിസന്ധികൾ നേരിട്ടാലും കർത്താവിൽ ആശ്രയിച്ച് മുന്നോട്ട് പോകാൻ ഒരു യഥാർത്ഥ ദൈവപൈതലിന് സാധിക്കുന്നു.

ഇൗ പ്രതിസന്ധികളുടെ കാലഘട്ടത്തിൽ നമുക്ക് പ്രത്യാശ നൽകുന്ന വചനമാണ് പത്രോസ് അപ്പോസ്തലൻ തന്റെ ലേഖനത്തിൽ പ്രസ്താവിച്ചിരിക്കുന്നത്. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ”. (പത്രോസ് 5:7 ) കരുതുന്ന ഒരു ദൈവം നമുക്കുണ്ടെന്ന് നാം തിരിച്ചറിയണം. ഇൗ തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് ഒരു ദൈവപൈതലിന് തന്റെ ചിന്താകുലങ്ങൾ കർത്താവിനോട്‌ പങ്കുവെക്കാൻ സാധിക്കുകയുള്ളൂ.

ദൈവവചനത്തിൽ നിരവധി ദൈവീക കരുതലുകൾ കാണാനാകും. ദൈവീക വാക്കുകൾ വിശ്വസിച്ച് ദൈവകൽപന അനുസരിച്ച് യാഗം കഴിക്കാൻ ഇറങ്ങിയ അബ്രഹാമിന് യാഗവസ്തുവിനെ കരുതിയ ദൈവം, മരുഭൂമിയിൽ യിസ്രായേൽ ജനത്തിന്റെ ആവശ്യാനുസരണം വേണ്ടതെല്ലാം കരുതിയ ദൈവം, ക്ഷാമകാലത്ത് ഏലിയാവിനെ പോറ്റിയ ദൈവം, യാചിക്കുന്ന ഏവനും നൽകുന്ന ദൈവം. ഇങ്ങനെ അനവധി ദൈവീക കരുതലുകൾ വചനത്തിൽ ഉടനീളം കാണാം.

പലവിധ ചിന്തകളാൽ ഭാരപെടുന്നവരാണ് നാം. സകല ചിന്താകുലങ്ങളും എന്റെമേൽ ഇടാനാണ് കർത്താവ് പറഞ്ഞത്. അതുകൊണ്ട് നമ്മുടെ ചിന്തകുലങ്ങൾ എന്തുതന്നെ ആകട്ടെ സാമ്പത്തികമോ, മാനസികമോ, ശാരീരികമോ, ആത്മീകമോ, വിദ്യാഭ്യാസമോ ഇങ്ങനെ ഏതായാലും കർത്താവിൽ ഭരമേല്പിച്ചാൽ പരിഹാരം ഉറപ്പ്.

മക്കളില്ലാതെ പലരുടെയും പരിഹാസത്തിലൂടെ കടന്നുപോയ ഹന്ന തന്റെ ചിന്താകുലങ്ങൾ കർത്താവിങ്കലേക്ക് ഇട്ടു. ദൈവം അവളെ ഓർത്തു, അവൾക്ക് മകനെ നൽകി. ആ മകൻ യിസ്രായേലിലെ ശ്രേഷ്ഠനായ ന്യായാധിപനും, ശക്തനായ പ്രവാചകനുമായി മാറി. ഹന്നാ ദൈവത്തിൽ ആശ്രയിച്ചതുകൊണ്ട് ദൈവം അവളെയും തലമുറയെയും മാത്രമല്ല മാനിച്ചത്, നല്ല ന്യായാധിപനില്ലാതെ നടന്ന യിസ്രായേലിനെ കൂടെയാണ് മാനിച്ചത്. ദൈവീക കരുതലുകളും അനുഗ്രഹങ്ങളും അങ്ങനെയാണ് അമർത്തി കുലുക്കി കവിയുന്ന നല്ല അളവാണ് ദൈവം നൽകുന്നത്.

ജനത്തിന്റെ വിടുതലിന് വേണ്ടി പ്രാർത്ഥിച്ച ദാനീയേലിന് വെളിപാടുകളും സ്വർഗീയ ദർശനങ്ങളുമാണ് ദൈവം നൽകിയത്. യിസ്രായേലിലെ വലിയ പ്രവാചകന്മാരിൽ ഒരാളായിരുന്നു യെശയ്യാവ്. അദ്ദേഹം ഒരിക്കൽ യഹൂദ രാജാവായിരുന്ന ഹിസ്കിയാവിനോട് ‘നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക, നീ മരിച്ചുപോകും, നിന്റെ രോഗം സൗഖ്യമാകയില്ല’ എന്നറിയിച്ചു. എന്നാൽ ഹിസ്കിയാവ്‌ സൈന്യങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക് തന്റെ ചിന്താകുലങ്ങൾ പകർന്നു. കാലങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള ദൈവം അവന്റെ അപേക്ഷ കേട്ട് രോഗം സൗഖ്യമാക്കി അവന്റെ ആയുസ്സിനെ നീട്ടി നൽകി.

യെബ്ബേസിനെ നമുക്ക് പരിചയം ഉണ്ടല്ലോ. അവന്റെ അമ്മ വ്യസനത്തോടെ അവനെ പ്രസവിച്ചു എന്ന് പറഞ്ഞാണ് യബ്ബേസ്‌ എന്ന പേരിട്ടത്. അവൻ തന്റെ സഹോദരന്മാരെക്കാൾ മാന്യനായിരുന്നു. അവൻ യിസ്രായേലിന്റെ ദൈവത്തോട് തന്റെ കാര്യം അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന് നൽകി. നിങ്ങളുടെ സഹോദരങ്ങൾ നിങ്ങളെ ദുഷിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുക. യബേസിനെ അനുഗ്രഹിച്ചതുപോലെ നിങ്ങളെയും ദൈവം അനുഗ്രിക്കും.

കടക്കാർ തന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കാൻ വന്നപ്പോൾ പ്രവാചക ശിഷ്യന്മാരുടെ ഭാര്യ ദൈവത്തിൽ ആശ്രയിച്ചു. ഒരു വലിയ അത്ഭുതം തന്നെ അവളുടെ ഭവനത്തിൽ നടന്നു. ഒരു ഭരണി എണ്ണ കൊണ്ട് അവളുടെ കടം വീട്ടുന്നതിനൊപ്പം തങ്ങളുടെ ഉപജീവനത്തിനുള്ളത് കൂടി ദൈവം കരുതി നൽകി. പന്ത്രണ്ട് വർഷം രക്തസ്രാവം ബാധിച്ച സ്ത്രീ കർത്താവിന്റെ വസ്ത്രത്തിന്റെ തൊങ്ങലിൽ തൊട്ടു സുഖം പ്രാപിച്ചു. ആ സ്പർശനം അവളിൽ സൗഖ്യം നൽകിയതുപോലെ, കർത്താവിന്റെ വസ്ത്രത്തിന്റെ അഗ്രത്തിൽ പോലും അൽഭുതമുണ്ട് എന്ന സന്ദേശം ലോകത്തിന് നൽകാനായി.

നിങ്ങളുടെ സകല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ട്. നിങ്ങൾ ചെയ്യേണ്ടത് അവ കർത്താവിങ്കലേക്ക് ഇടുക എന്നതാണ്. അത് ചെയ്യുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന വിഷയങ്ങൾക്ക്‌ ഭക്തന്മാരുടെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന ദൈവം തക്ക സമയത്ത് മറുപടി നൽകും. മറുപടി ലഭിക്കാൻ താമസിക്കുന്നുവെങ്കിൽ വിഷമിക്കേണ്ട, താമസിച്ചു ലഭിക്കുന്ന അനുഗ്രങ്ങൾ അതിശ്രേഷ്ഠമായിരിക്കും.
പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ ആശ്രയിച്ച് നമുക്ക് മുന്നേറാം.’ എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ട് ഒക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും’.

ബിബിൻ സി.ബിജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.