ലേഖനം: ഏറ്റം പ്രിയമായതിനെ കർത്താവിന് നല്കുക | ബിജു പി. സാമുവൽ

ഹന്നയ്ക്ക് മക്കൾ ഇല്ലായിരുന്നു. പക്ഷേ അതിന്റെ പേരിൽ അവൾ സഹിച്ച അപമാനം ആയിരുന്നു അതിലും വലുത്. എങ്കിലും പ്രതിയോഗിയുടെ വാക്ശരങ്ങൾക്ക് ഹന്നയുടെ മറുപടി പ്രാർത്ഥനയും കണ്ണീരും മാത്രമായിരുന്നു.

അവസാനം അവൾ ശീലോവിലെ ആലയത്തിൽ ചെന്നു. ഒരു പുരുഷ സന്താനത്തെ നൽകുകയാണെങ്കിൽ അവനെ ജീവപര്യന്തം യഹോവയ്ക്ക് തന്നെ കൊടുക്കുമെന്ന് അവൾ പ്രാർത്ഥിച്ച് നേർന്നു. ആലയത്തിൽ അന്നുണ്ടായിരുന്ന ഏലി പുരോഹിതന് അല്പം തെറ്റിദ്ധാരണകൾ ആദ്യം ഉണ്ടായെങ്കിലും പിന്നീട് ഹന്നയെ മനസ്സോടെ അനുഗ്രഹിച്ചു. പിറ്റേ വർഷം എല്ക്കാന-ഹന്ന ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. ശമുവേൽ എന്ന് അവന് പേരുമിട്ടു. കാത്തു കാത്തിരുന്നു കിട്ടിയ കുഞ്ഞുമായി അവർ ആലയത്തിൽ എത്തി. അവനെ യഹോവയ്ക്ക് അർപ്പിക്കുന്ന ആ ഹന്നയുടെ സമർപ്പണം മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്. മുലകുടി മാറിയ പ്രായം മാത്രമേ ശമുവേൽ ബാലനുള്ളൂ. അവൻ തീരെ ചെറുപ്പമായിരുന്നല്ലോ
(1ശമു. 1:24).

ഒരു കുഞ്ഞിന് എന്തെല്ലാം കരുതലുകളാണ് ആ പ്രായത്തിൽ ലഭിക്കേണ്ടത്? അമ്മയുടെ ശാരീരിക അടുപ്പവും മാനസികമായ പിന്തുണയും അപ്പോൾ കുഞ്ഞുങ്ങൾക്ക് അത്യാവശ്യമല്ലേ? ബുദ്ധി വികാസത്തിനും ഭദ്രമായ ഭാവിയ്ക്കും സമ്മർദങ്ങളെ അതിജീവിക്കാനും അതുമൂലം കഴിയില്ലേ? കുഞ്ഞുമായുള്ള ആഴമായ സ്നേഹബന്ധം (attachment) വിടർത്താൻ എങ്ങനെയാണ് ഒരമ്മക്ക് ആ സമയത്ത് കഴിയുന്നത്?

ആ കുഞ്ഞിനെ ആലയത്തിൽ നല്കിയിട്ട് മടങ്ങുന്ന ആ അമ്മയുടെ ഹൃദയം വിരഹ ദു:ഖത്താൽ എത്ര തകരണം? പക്ഷേ കുഞ്ഞിനെ ആലയത്തിൽ സമർപ്പിക്കുന്ന ഹന്ന കണ്ണീരൊഴുക്കുകയല്ല, അവളുടെ ഹൃദയം സന്തോഷത്താൽ നിറയുകയാണ് (1ശമു. 2:1).
ഏറ്റവും പ്രീയമായതിനെ ദൈവത്തിന് സന്തോഷത്തോടെ നൽകാനുള്ള ഹന്നയുടെ മനസ്സ് എത്ര ശ്രേഷ്ഠമാണ്.

പഠിക്കാൻ സമർത്ഥനായിരുന്ന മകനോ മകളോ സുവിശേഷ വേലയ്ക്ക് സമർപ്പിച്ചു എന്നറിയുമ്പോൾ എത്ര വലിയ നിലവിളിയാണ് പല കുടുംബത്തിലും ഇന്ന് ഉയരുന്നത്. അവരെപ്പറ്റിയുള്ള പ്രതീക്ഷകൾ അസ്തമിച്ചിരിക്കുന്നു , അവർ കൈവിട്ടുപോയി എന്ന നിലയിൽ പ്രതികരിക്കുന്ന ദൈവദാസന്മാർ പോലും ഉണ്ട്.

ഇൻഡോ- ചൈനീസ് അതിർത്തിയിലെ ഗൽവാൻ വാലിയിൽ ഇക്കഴിഞ്ഞ ജൂണിൽ ചൈനയ്ക്കെതിരെ യുദ്ധം ചെയ്ത് വീരചരമം പ്രാപിച്ച തെലുങ്കാന സ്വദേശി കേണൽ സന്തോഷ് ബാബുവിന്റെ മാതാവ് പറഞ്ഞത് ആരെയാണ് ആവേശ ഭരിതരാക്കാത്തത്.
“എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു, അതെനിക്ക് സഹിക്കാനാവുന്നില്ല. എന്നാൽ അവൻ മരിച്ചത് രാജ്യത്തിനു വേണ്ടിയാണെന്നത് എന്നിൽ സന്തോഷം നിറയ്ക്കുന്നു, ഒപ്പം അഭിമാനവും”.

ഭൗമിക രാജ്യത്തിനായി പോരാടുവാൻ മക്കളെ അയയ്ക്കുവാൻ മാതാപിതാക്കൾ തയ്യാറാകുന്നു. അതിലവർക്ക് അഭിമാനവുമാണ്.
എന്നാൽ എന്നെന്നും നിലനിൽക്കുന്ന ദൈവരാജ്യത്തിനായി മക്കളെ സമർപ്പിക്കുവാൻ എന്തേ നാം മടിക്കുന്നു?.
മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി അവരെക്കൊണ്ട് നേട്ടങ്ങൾ കൊയ്യാനുള്ള ശ്രമത്തിനിടയിൽ സുവിശേഷ വേലയ്ക്കായി മക്കളെ വിടാൻ ആർക്കാണ് താൽപര്യം?. ഹന്നാ ഇവിടെ വ്യത്യസ്തയാകുകയാണ്. മകനെ ജീവിതകാലം മുഴുവനായും യഹോവയ്ക്കായി സമർപ്പിക്കുമ്പോൾ സന്തോഷിക്കുന്ന ഹന്ന നമ്മുടെ മുമ്പിൽ വെല്ലുവിളിയാണ് ഉയർത്തുന്നത്.

പ്രാണൻ പറിയുന്നതു പോലുള്ള വേദന, ബന്ധങ്ങൾ നഷ്ടമാകുന്നതിന്റെ സങ്കടങ്ങളൊക്കെ സാധാരണമാണ്. ഇതൊക്കെ ഹന്നയ്ക്ക് ഉണ്ടെങ്കിലും അതിനെ കവിയുന്ന സന്തോഷം അവളിൽ നിറയുന്നതിന് കാരണം അവൾ നല്കിയത് യഹോവയ്ക്ക് ആയതിനാലാണ്. ഹന്ന ഒരു ഉത്തമ സ്ത്രീ തന്നെയാണ്. ദൈവത്തിന് നൽകുമ്പോൾ സന്തോഷത്തോടെ നൽകുക. എത്ര പ്രീയമായതാണെങ്കിലും കർത്താവിനു നൽകുമ്പോൾ നഷ്ടബോധം ഉണ്ടാകില്ല.

മുപ്പതോളം വർഷം മുൻപ് കൊട്ടാരക്കരയിൽ നടന്ന ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ഒരു യുവജന ക്യാമ്പിൽ പങ്കെടുത്തു. അവസാന സെഷനിൽ പ്രസംഗിക്കാൻ വന്നത് ഐ.സി.പി.എഫിലെ ഡി. ജോഷ്വാ സാറാണ്. സുവിശേഷ വേലക്കായി ജീവിതം സമർപ്പിക്കാനുള്ള ശക്തമായ
ആഹ്വാനമാണ് ഉയരുന്നത്. ഒരു കൗമാരക്കാരന്റെ ചെറു സ്വപ്നങ്ങളും മറ്റും കർത്താവിന് സമർപ്പിക്കണമത്രേ… ഓ…അതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ്… പക്ഷേ സാറിന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ തറച്ചു കയറുകയാണ്. യൗവനം പുഴുക്കുത്ത് വീഴാതെ യേശുവിനു വേണ്ടി സമർപ്പിക്കാൻ വീണ്ടും ആഹ്വാനം ഉയർന്നു. അവസാനം കണ്ണുനീരോടെ എഴുന്നേറ്റ് സമർപ്പിച്ചു. അന്നെടുത്ത ആ തീരുമാനത്തിൽ ഇന്നും ഞാൻ അഭിമാനിക്കുന്നു..

നമ്മുടെ സഭകളിൽ മാസത്തിൽ ഒരിക്കലെങ്കിലും _മിഷൻ സണ്ടേ-_ യായി മാറ്റി വെച്ച് മിഷ്ണറിമാരുടെ ചരിത്രങ്ങൾ പഠിപ്പിക്കാനും സുവിശേഷ വേലക്കായി കൂടുതൽ യുവജനങ്ങൾ സമർപ്പിക്കേണ്ടതിനെപ്പറ്റി പ്രസംഗിക്കാനും സഭാ ശുശ്രൂഷകന്മാർ തയ്യാറായിരുന്നെങ്കിൽ… മക്കളെ ദൈവ വേലയ്ക്ക് സമർപ്പിക്കാൻ ചില മാതാപിതാക്കൾ തയ്യാറായിരുന്നെങ്കിൽ…. വാരിക്കൂട്ടുന്ന സർട്ടിഫിക്കറ്റുകൾ കൊണ്ട് കല്ലറയ്ക്ക് അപ്പുറത്തേക്ക് പ്രയോജനമില്ലെന്നും യേശുവിനായി ചെയ്യുന്നത് മാത്രമേ നിലനില്ക്കൂ എന്നും ചില യുവജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ…

ഭാരത ഗ്രാമങ്ങൾ ഇന്നും യുവജനങ്ങളെ കാത്തിരിക്കുന്നു…

ബിജു പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.