ചെറു ചിന്ത: സത്യത്തിൽ നാം സുരക്ഷിതരാണോ? | സോനു സക്കറിയ ഏഴംകുളം

1984-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെട്ടപ്പോൾ, വി വി ഐ പി കളുടെ സുരക്ഷയെപ്പറ്റിയുള്ള ഒരു ചർച്ച എല്ലാ കോണുകളിലും ഉണ്ടായി. തൽഫലമായി, പിന്നീട് അധികാരത്തിലേറിയ ശ്രീ. രാജീവ് ഗാന്ധി സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്‌സ് (എസ് പി ജി) എന്നൊരു സുരക്ഷാവിഭാഗത്തിന് നടപടികളാരംഭിച്ചു. സ്വന്തജീവനെ തൃണവൽഗണിച്ചും സുരക്ഷ നിർവഹിക്കുവാൻ പരിശീലനം സിദ്ധിച്ചവരാണ് അക്കൂട്ടർ. നിർഭാഗ്യമെന്നു പറയട്ടെ, 1991-ൽ ശ്രീപെരുമ്പത്തൂരിൽ തമിഴ് പുലികളാൽ കൊല്ലപ്പെടുമ്പോൾ രാജീവിനൊപ്പം അവർ ഉണ്ടായിരുന്നില്ല; അദ്ദേഹം സുരക്ഷിതനായില്ല.

post watermark60x60

അനേകമാസങ്ങളായി ലോകം മുഴുവൻ മനുഷ്യർ സ്വയസംരക്ഷണത്തിൻറെ പരീക്ഷണങ്ങളിലാണ്. പി പി ഇ കവചങ്ങളും ശാരീരിക ശുചിത്വമാർഗ്ഗങ്ങളും സാമൂഹിക അകലവും ഒക്കെയായി എല്ലാവരും കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. എന്നിട്ടും, കേരളത്തിൽത്തന്നെ രോഗവ്യാപനത്തിനു കുറവൊന്നുമില്ല. അവബോധം ലഭിക്കാഞ്ഞിട്ടല്ല, സുരക്ഷാമുൻകരുതലുകളുടെ ഫലപ്രദമായ പ്രയോഗമില്ലായ്മയാണ് പ്രശ്നം.

ദൈവമക്കളായ നാമും പ്രതിരോധത്തിലാണ്. ഇപ്പോൾ മാത്രമല്ല, എല്ലാക്കാലത്തും അങ്ങനെതന്നെയായിരുന്നു. പക്ഷെ, അത് കൊറോണയ്‌ക്കെതിരെയല്ല; അതിമാരകമായ, പാപം എന്ന വൈറസിനെതിരെ. ഏതുനിമിഷത്തിലും നശിച്ചുപോകാവുന്ന ശരീരത്തിന് കൊടുക്കുന്നതിനെക്കാൾ പ്രാധാന്യം, അകത്തെ മനുഷ്യൻറെ സുരക്ഷയ്ക്ക് നാം കൊടുക്കാറുണ്ടോ? അണുവിമുക്തമായിരിക്കുവാൻ നല്കുന്നതിനെക്കാൾ ശ്രദ്ധ, പാപവിമുക്തമായിരിക്കുവാൻ നാം കൊടുക്കേണ്ടതല്ലേ?

Download Our Android App | iOS App

രോഗം വന്നാൽ പരമാവധി സംഭവിക്കാവുന്നത് ശാരീരികമരണമാണ്. അതുതന്നെയും, ദൈവം അനുവദിക്കാതെ സംഭവിക്കുകയില്ല. എന്നാൽ, പാപം എന്ന രോഗാണു, ആത്മീയമരണത്തിലേക്ക് നമ്മെ നയിക്കുമെന്ന് മറക്കരുത്. തിരിച്ചുവരവിന് അവസരം ലഭിക്കാതെ, നിത്യനാശത്തിലേക്കു നാം പതിക്കും.

നാം തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. രൂപീകരണത്തിന് മുൻകൈയെടുത്ത നേതാവിന് സുരക്ഷാ ലഭിക്കേണ്ട സമയത്ത്, അതു നൽകാൻ എസ് പി ജി ഇല്ലാതെപോയതുപോലെ, നമ്മുടെ ശരീരത്തിൻറെയും ജീവൻറെയും പ്രിയപ്പെട്ടവരുടെയും സമ്പത്തിൻറെയും മറ്റു ഭൗതിക സാഹചര്യങ്ങളുടെയുമൊക്കെ സംരക്ഷണത്തിന് നാം എടുക്കുന്ന മുൻകരുതലുകൾ, ആവശ്യമായ സമയത്ത് ഫലപ്രദമായെന്നു വരികയില്ല. ദൈവിക സംരക്ഷണം മാത്രമാണ് ശാശ്വതം. അതുണ്ടെങ്കിൽ ഉറപ്പിച്ചുകൊള്ളുക, ശത്രു നമ്മെ തൊടുകയില്ല. ഇല്ലെങ്കിൽ, ഒരു മുൻകരുതലിനും നമ്മെ രക്ഷിയ്ക്കാൻ കഴിയുകയുമില്ല. മറുവശം കൂടി പറയട്ടെ, ഒരുപക്ഷെ സുരക്ഷാമുൻകരുതലെടുക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും ദൈവം നമ്മെ കാത്തുകൊള്ളും.

പ്രാധാന്യമേറിയ മറ്റൊരു വസ്തുത കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. സമ്പർക്കം വഴി കോവിഡ്-19 രോഗവ്യാപനം നടന്നയിടങ്ങളിലെല്ലാം അശ്രദ്ധയാണ് പ്രധാന വില്ലൻ എന്നു കാണാം. ഒരുപക്ഷെ, അലക്ഷ്യമായി ഇടപെട്ട ഏതോ നിമിഷത്തിന് നൽകേണ്ടിവന്ന കനത്ത വില. അവരൊക്കെ മറ്റെല്ലാ സംരക്ഷണ മാർഗ്ഗങ്ങളുടെ കാര്യത്തിലും, മറ്റെല്ലാ സമയങ്ങളിലും, പൂർണ്ണശ്രദ്ധാലുക്കളായിരുന്നിരിക്കാം; ആ ഒരൊറ്റനിമിഷമൊഴികെ.

ബൈബിളിൽ നാം ഇപ്രകാരം വായിക്കുന്നു – “ഒരുവൻ ന്യായപ്രമാണം മുഴുവൻ അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ, അവൻ സകലത്തിനും കുറ്റക്കാരനായിത്തീർന്നു”. ഓരോ നിമിഷത്തിലും ദൈവപൈതൽ ജാഗരൂകനായിരിക്കണം. അകത്തു പ്രവേശിക്കുവാൻ ഒരവസരവും നോക്കി, പാപത്തിൻറെ മാരകവൈറസുകൾ നമുക്ക് ചുറ്റിനുമുണ്ട്‌. ഒരൽപ്പം അശ്രദ്ധ, അതുമതി പിശാചിന്.

ആരൊക്കെ പിശാചിൻറെ തന്ത്രങ്ങളിൽ വീണാലും, ഞാൻ അവരെക്കാൾ ഉയർന്നവനായതുകൊണ്ട് വീഴില്ലെന്നും (വീഴാത്തത് ദൈവകൃപയാണെന്നു തിരിച്ചറിയാതെ), അവരെക്കാളൊക്കെ ഞാൻ വിശുദ്ധനാണെന്നുമുള്ള (സത്യം പലപ്പോഴും മറ്റൊന്നായിരിക്കെ) സ്വയനീതീകരണത്തിൽ, അലക്ഷ്യമായി ജീവിച്ചാൽ വീണുപോയേക്കാം. അത് തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയിരിക്കും. നാം സ്വയം ചോദിക്കേണ്ട ചോദ്യമിതാണ് – “പാപമുക്തനായിരിക്കുവാൻ ഞാൻ എപ്പോഴും ശ്രദ്ധാലുവാണോ? ഞാൻ സത്യത്തിൽ സുരക്ഷിതനാണോ?”

സോനു സക്കറിയ ഏഴംകുളം

-ADVERTISEMENT-

You might also like