ലേഖനം: വീണ്ടുവിചാരം ഇല്ലാത്ത മക്കൾ | ബിജു പി. സാമുവൽ

സെബെദിയ്ക്ക് രണ്ട് ആൺമക്കളാണ്, യാക്കോബും യോഹന്നാനും. മത്സ്യബന്ധനമാണ് പ്രധാന തൊഴിൽ.
ഗലീല കടൽപ്പുറത്ത് അവർ അപ്പനോടൊപ്പം വല നന്നാക്കുന്ന ഒരു ദിവസം.
അപ്പോഴാണ് യേശു അതിലെ നടന്നു വരുന്നത്. അവരുടെ അടുത്ത്
വന്ന യേശു
“എന്നെ അനുഗമിക്കുക” എന്ന് അവരോട് ആഹ്വാനം ചെയ്തു.
ഉടനെ തന്നെ അവർ യേശുവിനെ അനുഗമിച്ചു.
കൂലിക്കാരെ വെച്ചുള്ള വലിയ ഒരു മത്സ്യബന്ധനമാണ് സെബെദി നടത്തിയിരുന്നത് (മർക്കൊ.1:16-20).

ഉണക്കമത്സ്യം നൽകുന്നതിനായി
പല പ്രാവശ്യം മഹാപുരോഹിതന്റെ വീട്ടിൽ യോഹന്നാൻ
പോയിട്ടുണ്ടത്രേ. അങ്ങനെയാണ് മഹാപുരോഹിതനെ യോഹന്നാൻ പരിചയപ്പെടുന്നത്
(യോഹ.18:16-വേദപുസ്തകഭാഷ്യം).
ഒരുവിധം നന്നായി പച്ചപിടിച്ച് നിന്നിരുന്ന ഒരു വ്യവസായമായിരുന്നു സെബെദിയുടേതെന്ന് ചുരുക്കം.

ഒപ്പം സഹായത്തിന് ഉണ്ടായിരുന്ന രണ്ട് മക്കളും ബിസിനസ് കളഞ്ഞിട്ട് യേശുവിന്റെ പിന്നാലെ പോയി.
പക്ഷേ സെബെദി അവരെ വിലക്കിയൊന്നുമില്ല.

വിശക്കുമ്പോൾ ഫലത്തിനായി അത്തിയിൽ നോക്കേണ്ടി വരുന്ന യേശു,
ദാഹിക്കുമ്പോൾ ചിലപ്പോൾ കിണറ്റിലെ വെള്ളം തന്നെ ശരണം,
അന്നന്നുള്ള ആഹാരത്തിനു വേണ്ടി പോലും ഒരു കരുതലും കയ്യിൽ ഇല്ലാത്ത യേശു ആ നിലയിൽ എന്തു വാഗ്ദാനമാണ് അവർക്ക് നൽകിയത്?
സൗഭാഗ്യങ്ങളിൽ നിന്നും ഇല്ലായ്‌മയിലേക്കാണ് അവർ കാലെടുത്തു വച്ചത്. പിന്നെ
കൈമുതലായുള്ളത്
“എന്നെ അനുഗമിക്ക” എന്ന യേശുവിന്റെ
ഒറ്റ വാക്കാണ്.
അല്ല…, അതിനപ്പുറം എന്താണ് വേണ്ടത്?

ബിസിനസ് കെട്ടിപ്പൊക്കുവാൻ മക്കളെ ഉപയോഗിക്കണമെന്നും തന്റെ ആരോഗ്യം ക്ഷയിക്കുമ്പോൾ ബിസിനസ് അവർക്ക് കൈമാറണമെന്നും ഒക്കെയുള്ള പദ്ധതികൾ സെബെദിക്ക് ഉണ്ടായിരുന്നിരിക്കാം. പക്ഷേ ആ പിതാവ് എതിർപ്പ് പ്രകടിപ്പിച്ചില്ല.

എത്രയെത്ര പഴികൾ
ആ മക്കൾ കേട്ടിരിക്കാം?.
അപ്പന്റെ സ്വപ്നങ്ങളെ തകർത്ത മക്കൾ… ഭാവിയെക്കുറിച്ച് വീണ്ടുവിചാരമില്ലാത്ത മക്കൾ… കുടുംബത്തെക്കുറിച്ച് കരുതൽ ഇല്ലാത്തവന്മാർ..
അങ്ങനെ പലതും..

അവർ യേശുവിനോട് വിലപേശലൊന്നും നടത്തിയില്ല.
തല ചായ്ക്കാൻ പോലും ഇടമില്ലാത്തവന്റെ പിന്നാലെ അവർ ഇറങ്ങി. ആ യേശുവിനോടൊപ്പം സഞ്ചരിച്ചാൽ ജീവിതത്തിന് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്?

“Safety First” എന്നതാണ് ഇന്നത്തെ തലമുറയുടെ മുദ്രാവാക്യമെന്ന് ജോൺ സ്റ്റോട്ട് എന്ന ദൈവദാസന്റെ ക്രൂസേഡ് (Crusade) എന്ന ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നല്ലൊരു ജോലി തരപ്പെടുത്തുക,
ഭാവി കരുപ്പിടിപ്പിക്കുക, ജീവിതം സുരക്ഷിതമാക്കുക,
എല്ലാ അപകട സാധ്യതകളും കുറയ്ക്കുക,
പിന്നെ വലിയൊരു പെൻഷൻ തുകയിൽ സ്വസ്ഥ ജീവിതം നയിക്കുക.

സുവിശേഷ പ്രവർത്തകരും ജീവിതം സുഖകരമാക്കാനാണ് ഇന്ന് ശ്രമിക്കുന്നത്. കർത്താവിനെ കണ്ടു മുട്ടിയാൽ വർദ്ധിക്കുന്ന ഭൗതിക സമ്പാദ്യത്തെപ്പറ്റിയാണ് പലരുടെയും പ്രസംഗങ്ങൾ. (ധനികനാകാൻ യേശുവിനെ അറിയണമെന്നില്ലല്ലോ).

ഇന്ത്യയിൽ 50 വർഷം പ്രവർത്തിച്ച മദർ തെരേസ താമസിച്ച കൽക്കട്ടയിലെ റൂം ഒന്നു രണ്ടുവട്ടം ഞാൻ സന്ദർശിച്ചിട്ടുണ്ട്.
വീതി കുറഞ്ഞ ഒരു കട്ടിൽ, അതിൽ കട്ടി കുറഞ്ഞൊരു മെത്ത,
വലിപ്പം കുറഞ്ഞൊരു മേശയും ബെഞ്ചും, ഭിത്തിയിൽ ഒരു കുരിശും മുൾക്കിരീട രൂപവും… ഇത്രയൊക്കെയേ അവിടുള്ളൂ.
മദർഹൗസ് സമുച്ചയത്തിലെ അടുക്കളയുടെ മുകളിലുള്ള ആ റൂമിൽ ഏറ്റവും ചൂട് കൂടുതലും ആയിരുന്നു.
എന്നിട്ടും ആ മുറിയിൽ ഒരു ഫാൻ ഇല്ലായിരുന്നു.

ഇന്ന് ത്യാഗം സഹിക്കാനുള്ള മനസ്സ് നമുക്ക് നഷ്ടപ്പെട്ടു. ഉപേക്ഷിക്കാനുള്ള സമർപ്പണം നമുക്ക് ഇല്ലാതായി.
ഇന്ന് ത്യാഗം സഹിക്കുന്നവരും
അത് കൊട്ടി ഘോഷിക്കുന്നവരായി. എല്ലാം ഉപേക്ഷിച്ച യോഹന്നാൻ പിന്നീടെഴുതിയ അഞ്ച് പുസ്തകങ്ങളിലും തന്റെ ത്യാഗത്തെപ്പറ്റി മാത്രം
രേഖപ്പെടുത്തിയില്ല.

എന്ത് ലഭിക്കും എന്ന ചിന്തയിലാണ്
ഇന്ന് പല സുവിശേഷകരും വേലയിൽ ഇറങ്ങുന്നത് തന്നെ. നേടുന്നതിനായും വെട്ടിപ്പിടിക്കുന്നതിനായുമുള്ള ആഗ്രഹമാണ് മിക്കവരിലും ഉയർന്നു നിൽക്കുന്നത്.

യേശുവിനെ അയച്ചത് പിതാവായ ദൈവമാണ്.
എന്നിട്ടും ധാരാളം ഇല്ലായ്മകൾ യേശുവിന് സഹിക്കേണ്ടി വന്നു. ദാഹവും വിശപ്പും ഒക്കെ അനുഭവിച്ചു.
പക്ഷേ പിതാവായ ദൈവത്തോട് പരാതിയൊന്നും ഇല്ല.
ആ നല്ല മാതൃക പിന്തുടരുന്നവരുടെ
എണ്ണം കുറയുകയാണ്.

2000-ലാണ് ഞാൻ രാജസ്ഥാനിലേക്ക് പോകുന്നത്.
രണ്ട് വർഷം തുടർച്ചയായി ടൈഫോയ്ഡ് വന്ന് ആരോഗ്യം അത്ര മെച്ചമല്ലാതിരുന്ന സമയം.
അതറിയാവുന്ന ചിലരൊക്കെ പോകരുതെന്ന് വിലക്കി. പക്ഷേ എന്റെ മാതാപിതാക്കൾ മാത്രം എതിർപ്പൊന്നും അറിയിച്ചില്ല.
പോകാനായി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തി.
മൂത്ത ജ്യേഷ്ഠൻ കാത്ത് നില്പുണ്ട്.
ഞാൻ പ്രവർത്തിക്കാൻ പോകുന്ന മിഷൻ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട വ്യക്തി വളരെ അവിചാരിതമായി അവിടെ വന്നു.
എന്നെ അവരുടെ സംഘടനയ്ക്ക് നല്കിയതിന് അദ്ദേഹം ജ്യേഷ്ഠന് നന്ദി പറഞ്ഞു. ജ്യേഷ്ഠന്റെ മറുപടി ഞാൻ ശ്രദ്ധിച്ചു.
“ഞങ്ങൾ അവനെ നിങ്ങളുടെ സംഘടനയ്ക്കല്ല, കർത്താവിനാണ് നല്കിയത്”.

അതേ,…ആ കർത്താവിന്റെ
കരത്തിൽ മുറുകെപ്പിടിച്ച്
അനിശ്ചിതത്വങ്ങളിൽ കൂടി ചെയ്യുന്ന
ആ യാത്രയുടെ രസം ഒന്ന് വേറെ തന്നെയാണ്.
ആ സുവിശേഷ വേല പകരുന്ന ആവേശം അതുല്യമാണ്.

റോബർട്ട് മോഫറ്റ് എന്ന മിഷ്ണറിയുടെ വാക്കുകൾ എഴുതി നിർത്താം. “എനിക്കൊരു ആയിരം ജീവിതം ഉണ്ടായിരുന്നെങ്കിൽ, ആയിരം ജീവിതത്തിലും ഞാൻ ഒറ്റ ദൗത്യത്തിനായി മാത്രമേ സമർപ്പിക്കുകയുള്ളായിരുന്നു.
യേശുവിനെ പ്രസംഗിക്കുക എന്ന ഒരേയൊരു ദൗത്യം”.

ബിജു പി. സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading