ലേഖനം: എക്കോളജി ഇഷ്യൂ – മരുഭൂമിയിലെ തണ്ണീർത്തടം | പാ. സണ്ണി പി. സാമുവൽ

വെള്ളമില്ലാതെ ഉണങ്ങി വരണ്ട മരുഭൂമിയിൽ ഒരു തണ്ണീർത്തടമോ? കേട്ടിട്ട് അത്ഭുതം തോന്നുന്നു അല്ലേ. അത് സത്യമാണോ എന്ന സംശയം നമ്മുടെ നെറ്റി ചുളിക്കും. കാരണം അത് അസംഭവ്യമാണ്. എന്നാൽ അറിയുക ഈ ഭൂമിയിൽ, മരുഭൂമിയിൽ ഒരു വൻ തണ്ണീർത്തടവും അനുബന്ധ ആവാസവ്യവസ്ഥയും ഉണ്ട്. അതും മനുഷ്യനിർമ്മിതം.

തണ്ണീർത്തടം
കരയിലെ ആവാസവ്യവസ്ഥക്കും വെള്ളത്തിലെ ആവാസവ്യവസ്ഥക്കും ഇടയിലുള്ള അർദ്ധതല ആവാസവ്യവസ്ഥയാണ് തണ്ണീർത്തടം. വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland). അധികം ആഴമില്ലാതെ ആറു മീറ്ററിൽ എങ്കിലും ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു.
ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ. അഴിമുഖങ്ങൾ,ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും.
പാരിസ്ഥിതിക സംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ‌ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

എണ്ണ കലർന്ന മലിനജലം

ഒമാൻ ഗവൺമെൻറും ഷെൽ, ടോട്ടൽ, പാർടെക്സ് എന്നീ എണ്ണക്കമ്പനികളും ചേർന്നുള്ള സംയുക്ത സംരംഭമാണ് പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ(PDO). ഈ സംയുക്ത സംരംഭമാണ് തെക്കൻ ഒമാനിലെ നിമർ ഓയിൽ ഫീൽഡിൽ നിന്നും എണ്ണ ഉല്പാദിപ്പിക്കുന്നത്. അസംസ്കൃത എണ്ണയും പ്രകൃതിവാതകവും ഭൂഗർഭത്തിൽ നിന്നും വലിച്ചെടുക്കുമ്പോൾ എണ്ണപ്പാട കലർന്നതും എണ്ണമയം ഉള്ളതുമായ വെള്ളം ഉപരിതലത്തിലേക്ക്
വരിക പതിവാണ്. ഈ മലിനജലം ഉപരിതലത്തിൽ സംസ്കരിച്ചെടുക്കുക വലിയ വിഷമമാണ്, തലവേദനയാണ്.

“ഈ ജലം നിർമ്മാർജനം ചെയ്തിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു. ഭൂമിക്കടിയിലുള്ള പാറക്കെട്ടുകളിലെ വിള്ളലുകളിലേക്ക് (Aquifer) തന്നെ ഈ ജലം
തിരിച്ചു പമ്പു ചെയ്തു വിടുകയായിരുന്നു പരമ്പരാഗത രീതി. രണ്ടു കിലോമീറ്റർ വരെ ആഴമുള്ള കിണറുകൾ നിർമ്മിച്ച് ശക്തിയേറിയ മോട്ടോറുകൾ ഉപയോഗിച്ച് ഉന്നത മർദ്ദത്തിൽ ഈ വെള്ളം തിരിച്ച് ഭൂമിക്കടിയിലേക്ക് പമ്പ് ചെയ്ത് വിടുമായിരുന്നു. ഇതു വലിയ തലവേദനയായിരുന്നു. കാരണം, ഒന്നാമതായി ഇതിനായി ധാരാളം പണവും ഊർജ്ജവും ആവശ്യം ആയിരുന്നു. മിക്ക ദിവസങ്ങളിലും സിസ്റ്റം പരാജയപ്പെടുമായായിരുന്നു. 27 മിനിറ്റിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ കഴിയാതിരുന്നാൽ എണ്ണ ഉല്പാദനം മന്ദഗതിയിൽ ആക്കുകയോ ചിലപ്പോഴൊക്കെ നിർത്തിവയ്ക്കുകയോ ചെയ്യേണ്ടി വരുമായിരുന്നു. ഇത് ഉല്പാദനരംഗത്തെ ആകമാനം ബാധിക്കുമായിരുന്നു.” PDO യുടെ അഹമ്മദ് അലി അജ്മി അനുസ്മരിക്കുന്നു.

നിമർ ഞാങ്ങണപ്പാടം
ഇതിന് ഒരു പരിഹാരമായിട്ടാണ് 2009-ൽ നിമർ വാട്ടർ ട്രീറ്റ്മെൻറ് പ്രൊജക്റ്റ്-ന് രൂപം നല്കിയത്. ഒരു വ്യാവസായിക വെല്ലുവിളിയെ എങ്ങനെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ തന്നെ പരിഹരിക്കാൻ കഴിയും എന്നതിന്റെ ഉല്പന്നമാണ് മരുഭൂമിയിലെ തണ്ണീർത്തടം. തെക്കൻ ഒമാനിലെ നിമർ ഓയിൽ ഫീൽഡിന്റെ ഉപോല്പന്നമായി; വരണ്ടതും, ഊഷരവും ആയ മരുഭൂമി വിസ്തൃതമായ ഞാങ്ങണപ്പാടമായി മാറിയ കഥ; നിശ്ചയദാർഢ്യവും, കാത്തിരിപ്പും കഠിനാദ്ധ്വാനവും ഒപ്പം ആധുനിക ടെൿനോളജിയും കൈ കോർത്തതിന്റെ പച്ചപ്പട്ടു പുതച്ച ചരിത്രാഖ്യാനമാണ്.

രണ്ട് വർഷം കൊണ്ട് പദ്ധതി നടപ്പിലാക്കി പ്രവർത്തനക്ഷമമായി. കമ്പനി എൻജിനീയേഴ്സ് കണ്ടെത്തിയ പ്രകൃതിദത്ത ജലശുദ്ധീകരണ പ്രക്രിയയാണിത്.

2010 ഒക്ടോബർ വരെ ഈ സമതലഭൂമി മറ്റ് മരുഭൂമിക്ക് സമാനമായിരുന്നു. എന്നാൽ ഇന്ന് അവിടം ഒരു ഉദ്യാനം പോലെ, ഒറ്റപ്പെട്ട തുരുത്തിൽ കാണപ്പെടുന്ന ഒരു ആരാമം പോലെ ഒരു തോട്ടം നഴ്സറിപോലെ അതിമനോഹരമാണ്. ഇവിടുത്തെ തരുശ്രേണിയുടെ പച്ചിപ്പാർന്ന മേച്ചിൽപുറങ്ങൾ ക്രൂഡ് ഓയ്ൽ – പ്രകൃതി വാതക മേഖലയിലെ അതിനൂതനമായ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ പദ്ധതിയായി അംഗീകരിക്കപ്പെടുകയും പല അവാർഡുകൾ നേടുകയും ചെയ്ത ഒരു ബൃഹത് പ്രോജക്ട് ആണ്.

ജലശുദ്ധീകരണ പ്രക്രീയ
ശുദ്ധീകരണത്തിന്റെ പ്രഥമ പടി എന്ന് പറയുന്നത് വെള്ളത്തിൽ നിന്നും എണ്ണ പരമാവധി വേർതിരിക്കുകയാണ്. പ്രതിദിനം 500 ബാരൽ വരെ ക്രൂഡ് ഓയിൽ വേർതിരിക്കുന്നു.( ഒരു ബാരൽ 159 ലിറ്ററാണ്). ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം ബഫർ ടാങ്കുകളിലേക്ക് ഒഴുക്കിവിടുന്നു. അവിടെ എണ്ണപ്പാട വെട്ടി മാറ്റുന്നു. അതിനു ശേഷം ഈ വെള്ളം ഞാങ്ങണ പാടങ്ങളിലേക്ക് ഒഴുക്കി വിടുന്നു. അവിടെയാണ് ശുദ്ധീകരണം നടക്കുന്നത്. ഞാങ്ങണയുടെ ഇലകളിലും തണ്ടിലും ശുദ്ധജലത്തിൽ കാണപ്പെടുന്ന ആൽഗ – ബാക്ടീരിയ അടങ്ങിയ പെരിഫിറ്റോൺ ജൈവ സ്ഥരം (Bio film) ഉണ്ടായിരിക്കും. ഈ ജൈവസ്ഥരം വെള്ളത്തിൽ ശേഷിക്കുന്ന എണ്ണമയത്തെ കുടുക്കുകയും അവയെ ഹൈഡ്രോകാർബൺ മോളിക്യൂൾസ് ആയി വിഘടിപ്പിക്കുകയും ചെയ്യുന്നു. അനന്തരം ഈ വെള്ളം സ്വാഭാവിക രീതിയിൽ ഒഴുകി ബാഷിപീകരണ കുളങ്ങളിൽ എത്തുന്നു. അവിടെ വെള്ളം അവിയായി പോയി കഴിയുമ്പോൾ അല്പം വെളുത്ത ഉപ്പു പരലുകൾ മാത്രമേ ശേഷിക്കയുള്ളൂ.

പദ്ധതി നടപ്പിലാക്കുന്നതിനു മുമ്പ് പ്രതിദിനം 2,75,000 ക്യുബിൿ മീറ്റർ മലിന ജലമാണ് ആഴക്കിണറുകളിലേക്ക് പമ്പിങ് സ്റ്റേഷനുകൾ ഇടമുറിയാതെ അടിച്ചുകൊണ്ടിരുന്നത്. ഇന്ന് അതെല്ലാം ലാഭം. മാത്രമല്ല പ്രതിദിനം 7,60,000 ബാരൽ വെള്ളം ശുദ്ധീകരിച്ചെടുക്കുന്നു.12 പമ്പിങ് സ്റ്റേഷനുകളിൽ അഞ്ച് 5എണ്ണം അടച്ചുപൂട്ടി.

പദ്ധതിയുടെ പ്രത്യേകത

12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഞാങ്ങണ തവാരണ (Reed Nursery) ആയിരുന്നു പദ്ധതിയുടെ ഹൃദയഭാഗം. കൂടാതെ 380 ഹെക്ടർ വിസ്തൃതിയുള്ള ബഫർ കുളങ്ങളും 300 ഹെക്ടർ വിസ്തൃതിയുള്ള ബാഷ്പീകരണ കുളങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതിനായി തിരഞ്ഞെടുത്ത പ്രത്യേക സ്ഥലം അല്പം ചരിവുള്ളതായി ഒരുക്കി എടുത്തു. തുടർന്ന് ഈ സ്ഥലത്ത് വെള്ളം ഒഴുകിപ്പോകാൻ തക്കവിധം ചാലുകൾ കീറി എടുത്തു. അനന്തരം ചാലുകളുടെ ഇരുകരകളിലും ഞാങ്ങണ തൈകൾ നട്ടു തവാരണ ഉണ്ടാക്കിയെടുത്തു.

“ഇതൊരു സവിശേഷ പദ്ധതിയാണ്.” ഈ ജല ശുദ്ധീകരണ പദ്ധതി രൂപകൽപ്പന ചെയ്തു നടപ്പിലാക്കിയ നിമർ ഓപ്പറേഷൻ നേതാവ് ഫഹദ് അൽ റവാഹി വിശദീകരിക്കുന്നു. “തിരിഞ്ഞു നോക്കുമ്പോൾ ഒറ്റപ്പെട്ട ഈ പ്രദേശത്ത് ഞങ്ങൾ മരുപ്പച്ച സൃഷ്ടിച്ചു എന്ന് കരുതുന്നത് അവിശ്വസനീയം. ഞാങ്ങണതൈ പാകിയ ചാലുകളിലേക്ക് ആദ്യമായി വെള്ളമൊഴുകുന്ന കണ്ടപ്പോൾ ആവേശം കത്തികയറുകയായിരുന്നു. ഞങ്ങൾ കഠിനാദ്ധ്വാനം ചെയ്ത ഈ പദ്ധതി വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നിരുന്നാലും നട്ട തൈകൾ വളർന്ന് ശുദ്ധീകരണ പ്രക്രിയ ആരംഭിക്കുന്നതു വരെ യാതൊരു ഉറപ്പും ഇല്ലായിരുന്നു.”

പ്രകൃതി വിരിച്ച പച്ചമെത്ത

പദ്ധതിപ്രദേശത്ത് 12 ലക്ഷത്തിലധികം തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇന്ന് അവ പതിനെട്ടു അടിയിൽ അധികം ഉയരത്തിൽ വളർന്നു കഴിഞ്ഞു. തൈകൾ വളരുന്നതനുസരിച്ച് ജലനിരപ്പ് ഉയർത്തിക്കൊണ്ടുവന്ന് പദ്ധതിപ്രദേശം ഒരു ഞാങ്ങണപാടമായി, വെള്ളക്കെട്ടുള്ള പ്രദേശമായി മാറി. കൂടാതെ ഞാങ്ങണകൾ അതിവേഗം പെരുകി പ്രദേശത്തെ കീഴടക്കുന്ന സസ്യവർഗ്ഗം ആയതിനാൽ (aggressive and invasive plant); അവ സ്വയമേവ വർദ്ധിച്ചു 24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ശാദ്വലഭൂമിയായി മാറി. മരുഭൂമിയിൽ ഒരു ചതുപ്പ് രൂപപ്പെട്ടു. ഇവിടെ വിവിധ ജീവിവർഗ്ഗങ്ങൾ അടങ്ങുന്ന ജൈവ സമൂഹവും പരിസ്ഥിതിയും കൂടിച്ചേർന്ന് ഒരു പുതിയ ആവാസവ്യവസ്ഥ രൂപപ്പെട്ടു കഴിഞ്ഞു. ഫ്ലമിങോ, സാൻഡ് മാർട്ടിൻ, കുയിൽ, വാലാട്ടിക്കിളി, മീവൽ പക്ഷി, ചുവന്ന കഴുത്തുള്ള ഫാലറോപ്പുകൾ, കുരുവി, വാനമ്പാടി എന്നിങ്ങനെ 130 -ൽ അധികം വ്യത്യസ്ത ഇനം പക്ഷികൾ ഇവിടേക്ക് ആകർഷിക്കപ്പെടുകയും ഭക്ഷണം തേടുകയും കൂടു കൂട്ടുകയും ചെയ്യുന്നു. കൂടാതെ വിവിധയിനം ഷഡ്പദവർഗ്ഗങ്ങളും,ചെറിയ ഉരഗങ്ങളും ചെറുമീനുകളും ആവാസവ്യവസ്ഥയെ പോഷിപ്പിക്കുന്നു. ഇവയുടെ കാഷ്ഠവും, വിസർജ്ജനവും പരിസ്ഥിതിയെ കൂടുതൽ ഉർവ്വരത ഉള്ളതാകുന്നു.

ഞാങ്ങണയുടെ ശത്രു

2012 നടപ്പിലാക്കിയ രണ്ടാംഘട്ട പദ്ധതിയെ ആഫ്രിക്കൻ പട്ടാള പുഴുക്കൾ ആക്രമിച്ചു. ഈ ആക്രമണത്തിൽ 80% ചെടികളും നശിച്ചുപോയി. നദീതടങ്ങളിലും വെള്ള പറ്റുള്ള സ്ഥലങ്ങളിലും സർവ്വസാധാരണമായി കാണപ്പെടുന്ന ചെടിയായ ‘കോമൺ റീഡ്’ ആണ് അതുവരെ നട്ടിരുന്നത്. തണ്ണീർതടങ്ങളിൽ അതിവേഗം വളരുന്ന ഇവ 20 അടി വരെ ഉയരം വയ്ക്കുന്ന ഇനമാണ്. ഈ ഇനത്തെ കീടങ്ങൾ ആക്രമിക്കുക വേഗത്തിലാണ്. അതിനാൽ ഇപ്പോൾ കീട ആക്രമണത്തെ ചെറുക്കുന്ന വിവിധ ഇനം ഞാങ്ങണകൾ നട്ടു വളർത്തുന്നു.

വികസനം

‘ഗ്രീനിങ് ദ ഡെസേർട്ട്’ എന്ന പേരിൽ ഘട്ടംഘട്ടമായി പദ്ധതി വിപുലീകരിക്കുകയാണ്. ഇപ്പോഴുള്ളതിന്റെ 150 മടങ്ങു വിസ്തൃതിയുള്ള പദ്ധതിയ്ക്കാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.

പ്രയോജനം

പദ്ധതി കമ്മീഷൻ ചെയ്തതു മുതൽ 980 ബില്യൻ ബാരൽ വെള്ളം ശുദ്ധീകരിക്കുകയും 5 ലക്ഷം ബാരൽ ക്രൂഡോയിൽ വീണ്ടെടുക്കുകയും ചെയ്തു. അടുത്ത ഘട്ടമായി പ്രതിദിനം 1,75,000 ക്യുബിക് മീറ്റർ വെള്ളം, എണ്ണ ഉല്പാദനത്തെ യാതൊരു വിധത്തിലും ബാധിക്കാതെ, ശുദ്ധീകരിച്ച് എടുക്കാനാണ് പദ്ധതിയിടുന്നത്. ശേഷിക്കുന്ന ജലം ഭൂഗർഭ റിസർവേയറുകളിലേക്ക് തന്നെ തിരിച്ചു പമ്പുചെയ്ത് പ്രഷർ നിലനിർത്തി എണ്ണ ഉത്പാദനം മെച്ചപ്പെടുത്താനും ശ്രമിക്കുന്നു.

അതെ, മനുഷ്യന്റെ ഇച്ഛാശക്തിയും പരിശ്രമവും വരണ്ട ഉവർനിലത്തെ മലർവാടിയാക്കി മാറ്റുന്നു.

പ്രവാചകം:-

“അവൻ മരുഭൂമിയെ ജല തടാകവും വരണ്ട നിലത്തെ നീരുറവകളും ആക്കി” (സങ്കീ: 107 35).

“അന്ന് മരുഭൂമിയിൽ ന്യായം വസിക്കും ഉദ്യാനത്തിൽ നീതി പാർക്കും” (യെശയ്യാ: 32 16).

“ഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപെയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും” (യെശയ്യ: 41:18).

ഈ പ്രവചനങ്ങൾ എല്ലാം തന്നെ മശിഹായുടെ ആയിരമാണ്ട് വാഴ്ച്ച കാലത്ത് ഭൂമിയിൽ നടക്കേണ്ടുന്ന വിഷയങ്ങളാണ്. എന്നിരുന്നാലും അതിന്റെ മുൻകുറി എന്ന നിലയിൽ ഇപ്പോൾ തന്നെ മരുഭൂമിയെ ജലതടാകം ആയും ശാദ്വലഭൂമിയായും ദൈവം മാറ്റിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ അതിന് ഒരു മുഖാന്തരം ആകുന്നു എന്നു മാത്രം. ദൈവവചനം ഒരിക്കലും നിഷ്ഫലമായി പോകുവാൻ ദൈവം അനുവദിക്കുകയില്ല. ഇവ കാണുമ്പോൾ നമുക്ക് നമ്മുടെ കർത്താവ് വരുന്നു എന്നു പ്രത്യാശിക്കാം. അവനായി ഒരുങ്ങാം, കാത്തിരിക്കാം. ഇതാ അവൻ വാതുക്കൽ!

പാ. സണ്ണി പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.