ലേഖനം: നിന്റെ രാജ്യം വരേണമേ | പാ. സണ്ണി സാമുവൽ

ഉപദേശത്തിന്റെ കുത്തൊഴുക്കിന്റെ കാലത്താണ് നാം ജീവിക്കുന്നത്. പ്രത്യേകിച്ച് മഹാമാരി കാരണം ആരാധനാലയങ്ങൾ അടച്ചിടേണ്ടി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ ഉപദേശങ്ങളുടെ ഉരുൾപൊട്ടൽ തന്നെ ഉണ്ടായി. ഒപ്പം നവീന ഉപദേശങ്ങളും ദുരുപദേശങ്ങളും. ബൈബിൾ വിവക്ഷിക്കാത്ത, കർത്താവ് പഠിപ്പിക്കാത്ത (ഉപദേശിക്കാത്ത), അപ്പോസ്തോലന്മാർ പ്രസംഗിക്കാത്ത വികലമായതും ഒപ്പം വഴി തെറ്റിയതുമായ വ്യാഖ്യാനങ്ങളും
പാഷാണ്ഡതകളും അരങ്ങു തകർക്കുന്നു. ഒരുവനെ രക്ഷക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകൾ (2 തിമൊ:3:14) ഉപദേശത്തിന് മാത്രമല്ല ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് (2 തിമൊ: 3:17) ആയിരിക്കണം. അങ്ങനെ അല്ല എങ്കിൽ അത് അപകടകരവും ആത്യന്തികമായി നാശത്തിലേക്ക് എത്തിക്കുന്നതും ആകുന്നു!

അമേരിക്കയിൽ കലിഫോണിയയിലെ റീഡിങ് (Reding) എന്ന പട്ടണം വൻ സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്നു. ഈ സമയം ആ പട്ടണത്തിലെ ബിൽ ജോൺസൺ എന്ന പാസ്റ്ററും അദ്ദേഹത്തിന്റെ ബഥേൽ ചർച്ചും പ്രാദേശിക ഭരണകൂടവുമായി ചേർന്ന് KINGDOM OF GOD എന്ന സിദ്ധാന്തത്തെ സാമൂഹ്യവൽക്കരിച്ചപ്പോൾ തകർച്ചയിൽ നിന്നും റീഡിങ് രക്ഷപ്പെട്ടു. നന്ദിസൂചകമായി നഗരം 20 ശതമാനം വരെ ഇളവ് സഭയിൽ വരുന്നവർക്ക് നല്കി. അവിടെ വരുന്നവർക്ക് ചർച്ച് ഒരു ‘ബാൻഡ്’ നല്കും. അത് പൊതുലോകത്തിനും വ്യാപാരസ്ഥാപനങ്ങൾക്കും ഉള്ള ഒരു അടയാളമാണ്. ചുരുക്കത്തിൽ പട്ടണം സഭക്കു കീഴിൽ അമർന്നു പോയി.

ഇപ്പോൾ ഈ മാതൃക പിന്തുടർന്ന് ലോകവ്യാപകമായി ദൈവരാജ്യം എന്ന ഉപദേശം നവീനം ആക്കി അഥവാ പരിഷ്കരിച്ച് സഭ ആയിരിക്കുന്ന ഭൂപ്രദേശം സാമ്പത്തികമായും മറ്റും കീഴടങ്ങുന്നതാണ് ദൈവരാജ്യം എന്ന് പഠിച്ചു വരുന്നു. അതിവേഗം ഈ ഉപദേശത്തിന് ലോകവ്യാപകമായി അംഗീകാരം കിട്ടിക്കൊണ്ടുമിരിക്കുന്നു. ആധുനിക ഉപഭോഗ സംസ്കാരത്തിന് വികലമായ ഈ വ്യാഖ്യാനം ഒരു പിടി വള്ളിയായി. കേരളത്തിലും ഈ സിദ്ധാന്തത്തിനു വേരോട്ടം ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ് സൂചന.

ഇത്തരുണത്തിൽ ദൈവരാജ്യം എന്നതിനെക്കുറിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നു എന്ന് നോക്കാം. ‘ദൈവരാജ്യം’ എന്ന വാക്ക് പുതിയ നിയമത്തിൽ മാത്രം കാണുന്ന പദപ്രയോഗമാണ്. അതുപോലെ തന്നെയാണ് ‘സ്വർഗ്ഗരാജ്യം’ എന്ന വാക്കും. സ്വർഗ്ഗരാജ്യം എന്ന വാക്ക്, എല്ലാ വിവർത്തനങ്ങളിലും, മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് നാം കാണുന്നത്. എന്നാൽ ‘ദൈവരാജ്യം’ എന്ന വാക്ക് മത്തായിയുടെ സുവിശേഷം മുതൽ 1 തെസ്സലോനീക്യർ വരെയും കാണുന്നുണ്ട്. ഈ രണ്ട് വാക്കുകളും പരസ്പരം ആശയങ്ങൾ ഇടകലർത്തി (Interchanged) ഉപയോഗിച്ചിരിക്കുന്നു. ഒരു വിഷയം ഒരു സുവിശേഷത്തിൽ ‘ദൈവരാജ്യം’ എന്ന വാക്കിൽ വിവരിക്കുമ്പോൾ അതേ സംഭവം തന്നെ മറ്റൊരു സുവിശേഷത്തിൽ ‘സ്വർഗ്ഗരാജ്യം’ എന്ന വാക്കിനാൽ ആയിരിക്കും വിവക്ഷിച്ചിരിക്കുന്നത്. ആയതിനാൽ ‘ദൈവരാജ്യവും,’ ‘സ്വർഗ്ഗരാജ്യവും’ ഒന്നുതന്നെയാണ് എന്ന നിഗമനത്തിൽ എത്തിച്ചേരുന്നതിന് തടസ്സമില്ലല്ലോ.

*ദൈവരാജ്യം എന്നാൽ എന്താണ്?*
ഒറ്റവാക്കിൽ ദൈവത്തിന്റെ ആധിപത്യം വെളിപ്പെടുന്നതിനെ തന്നെയാണ് ദൈവരാജ്യം എന്ന് വിളിക്കുന്നത്. സ്വർഗ്ഗത്തിൽ നിന്നുള്ള വാഴ്ച, അതായത് ലോകത്തിന്റെ കാലഗതികൾക്ക് നിരക്കാത്തതും യോജിക്കാത്തതും, ആണ് സ്വർഗ്ഗരാജ്യം. സ്വർഗ്ഗരാജ്യം എന്നത് യഹൂദാ ദാർശ്ശനികതയും ദൈവരാജ്യം എന്നത് യവനായ പാർശ്വ വീക്ഷണവും ആയിരിക്കാൻ സാധ്യതയുണ്ട്. കാരണം യഹൂദ വിശ്വാസപ്രമാണത്തിൽ സ്വർഗ്ഗാധി സ്വർഗ്ഗം ദൈവസിംഹാസനം ഉള്ളയിടമാണ്. എന്നാൽ യവനായർക്ക് ദേവിദേവന്മാരുടെ ആവാസകേന്ദ്രം ഒളിമ്പസ് മല ആയിരുന്നു. ദേവാവാസം ഒളിമ്പോസ് മലയിൽ ആയിരുന്നു എന്നാണ്
റോമാക്കാരും വിശ്വസിച്ചിരുന്നത്. . ഒളിമ്പസിലെ ദേവാധിപത്യം എന്നതിനുളപകരം അവർക്കുള്ള ഒരു തിരുത്തൽ വാക്ക് ആയിരിക്കാം ദൈവാധിപത്യം വെളിപ്പെടുന്ന ദൈവരാജ്യം.

ദൈവം രാജാവായി വാഴുന്ന ആത്മിക മണ്ഡലത്തെ നമുക്ക് ദൈവരാജ്യം എന്ന് വിളിക്കാം. അപ്പോൾ തന്നെ ദൈവത്തിന്റെ സമ്പൂർണ്ണ ഹിതം ഭൂമിയിൽ വെളിപ്പെടുന്നതും (സ്ഥാപിക്കപ്പെടുന്നത്) ദൈവരാജ്യം ആണ്. ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ആത്മീയ മണ്ഡലത്തിൽ ദൈവത്തിന്റെ വാഴ്ച അദൃശ്യവും ഭൂമിയിലുള്ള തന്റെ വാഴ്ച ദൃശ്യവും ആയിരിക്കും. അദൃശ്യ മണ്ഡലത്തിൽ ഉള്ള ദൈവത്തിന്റെ ആധിപത്യത്തിന്റെ പൂർത്തീകരണം ആയിട്ടാണ് അഥവാ സാക്ഷാത്കാരം ആയിട്ടാണ് ദൃശ്യ മണ്ഡലത്തിൽ ദൈവത്തിന്റെ ആധിപത്യം ഭൂമിയുടെ മേൽ സ്ഥാപിക്കപ്പെടുന്നത്. ദൃശ്യമായ വാഴ്ചാ കാലത്തെ ബൈബിൾ ആയിരം ആണ്ടുവാഴ്ച എന്നു പേർ പറയുന്നു.

*ദൈവരാജ്യം യഹൂദ സംഹിതകളിൽ*

ദൈവം സകലത്തിന്റെയും സ്രഷ്ടാവ് എന്ന നിലയിൽ സർവ്വവും അവനു കീഴ്പ്പെട്ടിരുന്നു എന്നാണ് യെഹൂദാ വിശ്വാസപ്രമാണം. യെഹൂദാ തിരുവെഴുത്തുകളിൽ ദൈവത്തിന്റെ നിത്യ രാജ്യത്വം, ആധിപത്യം എന്നിവയെ ആവർത്തിച്ച് വിവരിക്കുന്നുണ്ടല്ലോ. യഹോവ വാഴുന്നു (1ദിന:26:31; സങ്കീ:9:7; 66:7; 93:1). യഹോവയുടെ വാഴ്ച ഭൂമിയുടെ മേലും [അർത്ഥാൽ പ്രപഞ്ചത്തിൽ ആകെമാനം] സമുദ്രത്തിന്റെ മേലും തിരമാലകളുടെ മേലും (സങ്കീ: 89:9) ജാതികളുടെ മേലും (സങ്കീ: 96:10) പിന്നെ യിസ്രായേലിന്റെ മേലും (സങ്കീ:59:13) ഉണ്ടെന്നു പഴയനിയമ തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിന്റെ രാജ്യത്വം നിത്യ രാജ്യത്വം ആണെന്നും അവന്റെ ആധിപത്യം തലമുറതലമുറയായും പ്രബലപ്പെട്ടിരിക്കുന്നു എന്നും നാം വായിക്കുന്നു (സങ്കീ: 145:13;ദാനീ:7:27; cf 1തിമൊ: 1:17; 2പത്രോ: 1:11).

രണ്ടാം ആലയ കാലഘട്ടത്തോടു കൂടെയാണ് യിസ്രായേലിൽ ദൈവത്തിന്റെ രാജ്യത്വം എന്ന ചിന്താധാര ഊട്ടി ഉറെപ്പിക്കപ്പെടുന്നത്. യിസ്രായേൽ ദൈവാധിപത്യ ഭരണക്രമത്തിൽ നിന്നും വ്യതിചലിച്ച് രാജാധിപത്യത്തിലേക്ക് വഴുതി മാറിയത് (shifting from Theocracy to Monarchy) ദൈവത്തിന്റെ സർവ്വാധിപത്യത്തിനും പിതൃത്വവും എതിരെയുള്ള വെല്ലുവിളിയായി ദൈവം കണക്കാക്കി (1ശാമു: 8:6). ഈ തിരസ്കാരം അതിന്റെ അന്ത്യത്തിൽ യെഹൂദനെ ബാബിലോണിയ അടിമത്തത്തിൽ ആണ് എത്തിച്ചത്. പ്രവാസകാലത്ത് ദൈവാധിപത്യ വാഴ്ചയുടെ മഹത്വം എന്താണെന്നും ദൈവം തങ്ങളുടെ രാജാവായിരിക്കേണ്ടുന്നതിന്റെ ആവശ്യകതയൂം അവർ ഗ്രഹിച്ചറിഞ്ഞു.
യെഹൂദൻ പ്രവാസത്തിൽ നിന്നും മടങ്ങി വന്നതു മുതൽ ദൈവത്തിന്റെ നിത്യ രാജ്യത്വംഎന്ന വേദശാസ്ത്രതന്തു ഓരോരുത്തരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചു. ഒരു രാജാവ് വാഴും എന്നു യെശയ്യാവു (32:1) പ്രവാസത്തിനു മുമ്പു പ്രവചിച്ചിരുന്നുവെങ്കിലും അന്നു അതിനു ചെവി കൊടുക്കുവാനോ അതിന്റെ അർത്ഥതലം ഗ്രഹിക്കുവാനോ യെഹൂദന് കഴിഞ്ഞില്ല. എന്നാൽ പ്രവാസത്തിൽ വച്ച് ദാനീയേൽ നടത്തിയ പ്രവചനങ്ങൾ യെഹൂദന്റെ ഭാവി പ്രത്യാശയെ ഉണർത്തുകയും ദൈവാധിപത്യത്തിലേക്ക് മടങ്ങി പൊകുവാൻ അവരെ വെമ്പൽ കൊള്ളിക്കുകയും ചെയ്തു. ലോകം ഭയപ്പെട്ടിരുന്ന ബാബിലോണിന്റെ തകർച്ചയും അതിലെ ക്രൂരരായ ഏകാധിപതികളെ ദൈവം അമ്മാനമാടിയതും അക്ഷരാർത്ഥത്തിൽ യെഹൂദനെ ഭ്രമിപ്പിച്ചു. പാലസ്തീനിലേക്കു മടങ്ങി വരുന്ന യെഹൂദൻ മേദ്യ-പാർസ്യ സാമ്രാജ്യത്തിന്റെ സൈനിക സംരക്ഷണത്തെക്കാൾ അധികം ദൈവത്തിന്റെ ദയയുള്ള കൈ ആശ്രയിച്ചു (എസ്രാ: 7:9; 8:18, 22, 31; നെഹെ: 2:18). എങ്കിലും സമ്പൂർണ്ണ ദൈവാധിപത്യത്തിന്റെ സമയം അവർ തിരിച്ചറിഞ്ഞില്ല. അഥവാ അവർക്ക് വെളിപ്പെട്ടു കിട്ടിയില്ല.

ലോകം പൂർണ്ണമായും ദൈവത്തിൽ നിന്നും അന്യപെട്ടു പോയി എന്നും പ്രപഞ്ചാതീത തോതിലുള്ള നേരിട്ടുള്ള ദൈവിക ഇടപെടലിൽ കുറഞ്ഞതൊന്നും ശരിയാവുകയില്ല എന്നും യേശുവിന്റെ കാലത്തെ യെഹൂദൻ വിശ്വസിച്ചിരുന്നു. അതി മാനുഷനും അഭൗമികനുമായ മശിഹ എന്ന മധ്യസ്ഥൻ അതിനായി വെളിപ്പെട്ടുവരും എന്നും ദൈവരാജ്യം കരസ്ഥമാക്കുവാൻ യോഗ്യരായവരെ ഒരു ന്യായവിധിയിലൂടെ വേർതിരിക്കും എന്നും അവർ വിശ്വസിച്ചു. പുതിയനിയമ എഴുത്തുകാരും മിക്കവരും യെഹൂദന്മാർ ആയിരുന്നതിനാൽ ഈ ചിന്താധാര അവരുടെ ലിഖിതങ്ങളിലും സന്നിവേശിക്കപ്പെട്ടിട്ടുണ്ട്.

*ദൈവരാജ്യം പുതിയനിയമ ലിഖിതങ്ങളിൽ*
പുതിയനിയമത്തിൽ ദൈവരാജ്യം എന്ന സ്വർഗ്ഗ രാജ്യത്തിന്റെ ചിന്താധാര ആദ്യമായി വിളംബരം ചെയ്തത് യോഹന്നാൻ സ്നാപകൻ ആയിരുന്നു (മത്തായി: 3:2). മോശെയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങളിൽ മുൻകൂട്ടി അറിയിക്കപ്പെട്ടിരുന്ന മശിഹയുടെ പ്രത്യക്ഷക്കു മുന്നോടിയായിട്ടാണ് യോഹന്നാൻ സ്വർഗ്ഗരാജ്യം അഥവാ ദൈവരാജ്യം എന്ന വിളംബരം പ്രഘോഷിക്കുന്നത്. രാജാവ് എഴുന്നള്ളുന്നു എന്ന മുന്നറിയിപ്പാണ് ആ പ്രസ്താവനയിൽ ഉണ്ടായിരുന്നത്. മരുഭൂമിയിൽ വിളിച്ച് പറയുന്നത് ദൗത്യം; കർതൃത്വം നടത്തുന്നവന് വഴി ഒരുക്കുക എന്നതായിരുന്നു. ഡേവിഡ് എച്ച് സ്റ്റേൺ തയ്യാറാക്കിയ കംപ്ളീറ്റ് ജൂയിഷ് ബൈബിളിൽ (CJM) കർത്താവ് എന്നതിന് ‘അദോനായി’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ആ വാക്ക് യെഹൂദൻ സാധാരണയായി ദൈവത്തെ അഭിസംബോധന ചെയ്യുവാൻ ഉപയോഗിക്കുന്ന വാക്കാണ്. അദോൻ എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ‘അദോനായി’എന്ന വാക്ക്. അതിന് രാജാവ് എന്നും അർത്ഥമുണ്ട്.

ഒടുവിൽ, കാലസമ്പൂർണ്ണതയിൽ രാജാവ് വന്നു. പക്ഷേ രാജ്യം സ്ഥാപിക്കാനല്ല രാജാവ് ആദ്യം ശ്രമിച്ചത്. കാലതാമസം നേരിടുന്നു എന്ന് തോന്നിയതിനാൽ രാജാവിനോട് അവർ അത് നേരിട്ട് ചോദിക്കുകയും ചെയ്തു. “നീ യിസ്രയേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത്” (അ. പ്ര. 1:16). എന്നാൽ രാജ്യം സ്ഥാപിക്കുന്നതിന് മുമ്പ് തന്റെ രാജ്യം എങ്ങനെയുള്ള രാജ്യം ആയിരിക്കുമെന്ന് പഠിപ്പിക്കുവാനാണ് രാജാവ് ശ്രമിച്ചത്. യോഹന്നാൻ ശുശ്രൂഷ അവസാനിപ്പിച്ച ദൈവരാജ്യം എന്ന ചിന്താധാരയിൽ നിന്നുമാണ് ക്രിസ്തു ശുശ്രൂഷയുടെ ആരംഭം കുറിച്ചതു തന്നെ.

സുവിശേഷം എന്നാൽ എന്താണ്? ക്രിസ്തു സ്ഥാപിക്കുവാൻ പോകുന്ന രാജ്യത്തിന്റെ വിളംബര പ്രഖ്യാപനരേഖ എന്നോ പ്രകടനപത്രിക എന്നൊക്കെ നമുക്ക് അതിനെ വിളിക്കാം. എന്റെ രാജ്യം എന്ത് ആണ്, എന്ത് അല്ല എന്നു രാജാവ് വളരെ ലളിതമായി പഠിപ്പിച്ചു. തന്റെ രാജ്യം ഐഹികമോ അക്ഷരികമോ അല്ലെന്നും; അത് ആത്മികവും മനുഷ്യരുടെ ഹൃദയങ്ങളിൽ സ്ഥാപിക്കപ്പെടുന്നതും ആണെന്നും അവിടുന്ന് പഠിപ്പിച്ചു. റോമാക്കാർക്ക് എതിരെ പടയോട്ടം നടത്തി പാലസ്തീനിന്റെ ആധിപത്യം പിടിച്ചടക്കി അബ്രഹാമിന്റെ വാഗ്ദത്തഭൂമി അവന്റെ സന്തതി പരമ്പരകൾക്ക് വീതിച്ചു നല്കുന്ന മശിഹയെ കാത്തിരുന്നവരെ യേശു നിരാശർ ആക്കി. ആയതിനാൽ അവരിൽ പലരും അവനെ അനുഗമിക്കാതെ പിന്തിരിഞ്ഞു പോയി. രാജ്യമില്ലാത്ത രാജാവും അദൃശ്യമണ്ഡലത്തിലെ ആത്മികരാജ്യവും ഒന്നും അവരുടെ വന്യമായ സ്വപ്നങ്ങളിൽ പോലും ഒതുങ്ങുന്ന ഒരു വിഷയമേ അല്ലായിരുന്നു.

സ്വർഗ്ഗരാജ്യം എന്ന വാക്ക് മത്തായിയുടെ സുവിശേഷത്തിൽ 31 പ്രാവശ്യം കാണുന്നുണ്ട്. എബ്രായ – അരമായ ഭാഷകളിൽ രാജ്യം എന്നതിന് ഉപയോഗിച്ചിരിക്കുന്ന ‘മൽകൂത്ത്’ എന്ന വാക്കിന് രാജാവിന്റെ ആധിപത്യം, വാഴ്ച, രാജകീയത്വം എന്നീ അർത്ഥതലങ്ങളാണുള്ളത്. അവിടെ ഭൂമിശാസ്ത്രപരമായ ഒരു രാജ്യം എന്നോ അതിൽ പാർക്കുന്ന പ്രജകൾ എന്നോ ഉള്ള അർത്ഥത്തെക്കാൾ ഉപരി, രാജാവിനും അദ്ദേഹത്തിന്റെ ആധിപത്യത്തിനും ആണ് പ്രാധാന്യം. “നിന്റെ രാജ്യം വരേണമേ നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലും ആകേണമേ” (മത്തായി: 6:10; ലൂക്കോ: 11:2) എന്ന വാക്യം ശ്രദ്ധിക്കുക. രാജാവിന്റെ താല്പര്യത്തിന് മുൻതൂക്കം നല്കുന്ന ഒരു പ്രസ്താവനയാണ് നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ എന്നത്. “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം ക്രിസ്തുവിൽ ഒന്നായി ചേർക്കുക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കായി കൊണ്ടു തന്നെ” (എഫേ: 1:10). ഭൂമിയിലുള്ളതെല്ലാം ക്രിസ്തുവിൽ, സ്വർഗ്ഗത്തിലെ വ്യവസ്ഥയായി തീരുന്നതിനാൽ ഈ ഭരണകൂടത്തെ സ്വർഗ്ഗരാജ്യം (സ്വർഗീയ മാതൃക പ്രകാരമുള്ളത്) എന്ന് വിളിക്കുന്നു. അപ്പോൾ തന്നെ ദൈവത്തിന്റെ സർവ്വാധിപത്യ ഭരണം വെളിപ്പെടുന്നതിനാൽ ദൈവരാജ്യം എന്നും വിളിക്കുന്നു. ക്രിസ്തുവിന്റെ ഭൂമിയിലെ ഭരണക്രമം ഏകാധിപത്യ ഭരണക്രമം ആയിരിക്കും. കാരണം അവിടുന്നു ധന്യനായ ഏകാധിപതി ആകുന്നുവല്ലോ (1തിമൊ:6:15).

മേല്പറഞ്ഞ ചിന്തകളെ ക്രോഡീകരിച്ചാൽ ദൈവരാജ്യം സമയബന്ധിതമായി, ക്രമാനുഗതമായി വെളിപ്പെടുന്നതാണെന്നുഎന്ന് നമുക്ക് മനസ്സിലാക്കാം. ഒരുവൻ ക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി ഏറ്റുകൊള്ളുമ്പോൾ ദൈവരാജ്യം ആ വ്യക്തിയിൽ സ്ഥാപിക്കപ്പെടുന്നു. അത് ഒന്നാംഘട്ടം. ഇങ്ങനെയുള്ളവരുടെ കൂട്ടായ്മയായ സഭയിൽ ദൈവത്തിന്റെ ആത്മിക ആധിപത്യം വെളിപ്പെടുന്നത് രണ്ടാം ഘട്ടം. ക്രിസ്തു മുഴുലോകത്തെയും വീണ്ടെടുത്ത് സഭയോടു കൂടെ ഭൂമിയെ ഭരിക്കുന്ന ആയിരമാണ്ട് വാഴ്ച്ച മൂന്നാംഘട്ടം. അന്നു ഭൂമിയിലുള്ള സകല വാഴ്ചയ്ക്കും അധികാരത്തിനും നീക്കം വന്നിരിക്കും (1കൊരി:15:24). ദൈവത്തിന്റെ ധനതത്വശാസ്ത്രം ആയിരിക്കും അന്നത്തെ ലോകകമ്പോള വ്യവസ്ഥിതി. ലോകത്ത് എവിടെയും ഒരേ വേതനം, ഒരേ വില, ഒരേ തൂക്കം, ഒരേ അളവ് ആയിരിക്കും. കാര്യവിചാരകത്വം എന്നതിന് ഗ്രീക്കു ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന ‘ഒയ്കനോമിയ’ എന്ന വാക്കിന് വിശാല അർത്ഥമാണ് ഉള്ളത്. ഗൃഹഭരണം, സാമ്പത്തിക ശാസ്ത്രം എന്നൊക്കെ അതിന് അർത്ഥമുണ്ട്. ദൈവാധിപത്യ ഭരണക്രമം വെളിപ്പെടുമ്പോൾ ദൈവത്തിന്റെ ഭരണവും ദൈവത്തിന്റെ സാമ്പത്തിക ശാസ്ത്രവും എല്ലാം അതിൽ വെളിപ്പെട്ടു വന്നിരിക്കും.

നാലാം ഘട്ട ദൈവാധിപത്യ ഭരണത്തെ ക്കുറിച്ച് നമുക്ക് ബൈബിളിലൂടെ വേണ്ടത്ര വെളിപ്പാട് ലഭിച്ചിട്ടില്ല. പുതിയ യെരൂശലേം കാലാവസാനത്തിങ്കൽ (അർത്ഥാൽ നിത്യതയിൽ) പ്രപഞ്ചത്തിന്റെ കേന്ദ്ര നക്ഷത്രമായി തീരും (വെളി: 21:1-3). കാലം അഥവാ സമയം തീരുന്നതോടു കൂടെ പ്രപഞ്ചം മുഴുവനായി നിത്യതയിലേക്ക് ചെന്ന് ചേരുകയാണ്. അന്നത്തെ ഭരണക്രമം എന്താണെന്ന് നാം അനുഭവിച്ചറിയുക മാത്രമേ നിർവാഹമുള്ളൂ. റോമൻ കൈസറെ തകർത്തെറിഞ്ഞു പാലസ്തീനിനെ വീണ്ടെടുക്കുന്ന മശിഹയെ യിസ്രായേൽ കാത്തിരുന്നു എങ്കിൽ; എതിർ ക്രിസ്തുവിനെയും സാത്താനെയും തകർത്ത് ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും വീണ്ടെടുപ്പു സാദ്ധ്യമാകുന്നതും; അബ്രഹാമിന്റെ ജഡിക സന്തതിയെ മാത്രമല്ല വിശ്വാസത്താൽ അബ്രഹാമിന്റെ സന്തതികൾ ആയിത്തീർന്ന ഭൂമിയിലെ സകല വംശങ്ങളെയും വീണ്ടെടുക്കുന്നതത്രെ ദൈവിക പ്രവർത്തന പദ്ധതി!

ദൈവത്തിന്റെ ചെലവിൽ മനുഷ്യന് ആളാകാൻ ശ്രമിക്കുന്ന ബാലിശമായ ചെപ്പടി വിദ്യയല്ല ദൈവരാജ്യം. “അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതികൾക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി:21:43). ദൈവരാജ്യത്തിനു യോഗ്യമായ ഫലം കായ്ക്കുന്നവർ അതിനെ പ്രാപിക്കും. രാജ്യമൊരുക്കി രാജാവു വരുന്നു. അവനെ എതിരേല്ക്കാൻ ഒരുങ്ങാം. ഇതാ അവൻ വാതുക്കൽ. ആമേൻ കർത്താവേ വരേണമേ.

പാ. സണ്ണി സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.