ലേഖനം: മാറാത്ത ശൂലം, താങ്ങുന്ന കൃപാനിധി | ബിജു പി. സാമുവൽ

മാറാ രോഗത്താൽ വലഞ്ഞ് മരണക്കിടക്കയിൽ ആയിരുന്ന ഒരു പെൺകുട്ടിയെ സന്ദർശിക്കാൻ ഒരാളെത്തി.
പെൺകുട്ടിക്ക് നൽകാൻ അദ്ദേഹത്തിന്റെ കൈവശം ഒരു പുസ്തകവും ഉണ്ടായിരുന്നു. കഷ്ടതയിൽ ആയിരിക്കുന്നവർക്ക് ശുഭാപ്തിവിശ്വാസം പകരുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പുസ്തകം.

പുസ്തകം വാങ്ങിയ ശേഷം അത് കൊണ്ടു വന്നതിന് ആ പെൺകുട്ടി നന്ദി പറഞ്ഞ് ഇങ്ങനെ തുടർന്നു.
“ഈ പുസ്തകത്തെപ്പറ്റി എനിക്ക് അറിയാം”.

“ഈ പുസ്തകം നീ നേരത്തെതന്നെ വായിച്ചിട്ടുണ്ടോ?”. സന്ദർശകന്റെ ചോദ്യം.

ആ പെൺകുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഞാനാണ് ആ പുസ്തകം എഴുതിയത്”.

തീക്ഷ്ണമായ ജീവിത അനുഭവങ്ങളെപ്പോലും മനോഹരമാക്കാൻ കഴിയുന്നത് നമ്മിൽ വ്യാപരിക്കുന്ന
കർതൃകൃപയാലാണ്.

മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ട വ്യക്തിയായിരുന്നല്ലോ അപ്പോസ്തലനായ പൗലോസ്. അതിശയിപ്പിക്കുന്ന, മഹത്തായ വെളിപ്പാടുകൾ അദ്ദേഹത്തിന് ലഭ്യമായി.
എന്നാൽ ആ സമയത്ത് അദ്ദേഹത്തിന്റെ ഭൂമിയിലെ സ്ഥിതി കൂടെ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.

“വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അധികം ആഹ്ലാദിക്കാതെ ഇരിക്കേണ്ടതിന് ശരീരത്തിൽ ഒരു മുള്ള് എനിക്കു നൽകപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള
പിശാചിന്റെ ദൂതൻ”
(2കൊരി. 12:7-
പി.ഒ.സി.ബൈബിൾ).

എല്ലാ ശുശ്രൂഷകന്മാരും അത്ര വലിയ അഹങ്കാരികളോ നിഗളക്കാരോ ഒന്നും അല്ലല്ലോ.
എന്നാൽ ശുശ്രൂഷയുടെ വിജയത്തിലും വ്യാപനത്തിലും സന്തോഷിക്കുന്നവരാണ് താനും.
ക്രിസ്തുവിലുള്ള ആഹ്ലാദത്തിന്റെ സ്ഥാനം ശുശ്രൂഷയിലുള്ള ആഹ്ലാദം കൈയ്യടക്കിയേക്കാം.
ആ സ്ഥിതി പൗലോസിന് ഉണ്ടാകാതിരിക്കാൻ
തന്റെ ശരീരത്തിൽ കഠിനമായ വേദനയുണ്ടാക്കി ശുശ്രൂഷയിലുള്ള അമിതാഹ്ലാദത്തിൽ നിന്നും കർത്താവ് തന്നെ പിന്മാറ്റുന്നു.
ഒരു ക്രിസ്തു ഭക്തന്റെ യഥാർത്ഥ സന്തോഷം ക്രിസ്തുവിൽ ആയിരിക്കണം എന്നു സാരം.
അവൻ രസം കണ്ടെത്തുന്നത് കർത്താവിൽ തന്നെ ആയിരിക്കണം.

തന്റെ ശരീരത്തിലെ ശൂലത്തെപ്പറ്റി കാര്യമായ ഒരു സൂചനയും പൗലോസ് നൽകുന്നില്ല.
ശൂലം എന്തായിരുന്നാലും അത് സഹിപ്പാൻ കൃപ നൽകുന്ന ദൈവത്തിനാണ് പൗലോസ് പ്രാധാന്യം നൽകുന്നത്.

സമാഗമനകൂടാരത്തിൽ ദൈവതേജസ് അധിവസിച്ചതു പോലെ (പുറപ്പാട് 40 :34 -35 ) ക്രിസ്തുവിന്റെ ശക്തി ആവസിച്ച
(2 കൊരി.12 :9) വ്യക്തിയായിരുന്നു പൗലോസ്.
“ക്രിസ്തുവിലുള്ള ഒരു മനുഷ്യനായിരുന്നു” താൻ . ഭൗതീകാതീതമായ പരമാനന്ദാനുഭവം ക്രിസ്തുബന്ധത്തിലൂടെ അനുഭവിച്ച വ്യക്തി.
ദൈവികമായ മർമ്മങ്ങളും വെളിപ്പാടുകളും മനസ്സിലാക്കിയ
അതുല്യ പ്രതിഭ.
യേശുക്രിസ്തുവിനെ നേരിൽ കണ്ട വ്യക്തി
(1 കൊരി.9 :1, 15 :8).

കർത്താവുമായി ഇത്രയും ആഴമേറിയ ബന്ധമുണ്ടായിരുന്ന
പൗലോസ് തന്റെ ശരീരത്തിലെ ശൂലം നീങ്ങുന്നതിനായി മൂന്ന് വ്യത്യസ്ത സമയങ്ങളിൽ കർത്താവിനോട് അപേക്ഷിച്ചു.
മൂന്ന് പ്രാവശ്യവും കർത്താവ് സംസാരിക്കുകയും ചെയ്തു.
(പൗലോസ് കർതൃസന്നിധിയിൽ സമർപ്പിച്ച,
പുതിയനിയമത്തിൽ രേഖപ്പെടുത്തപ്പെട്ട
വ്യക്തിപരമായ ഏക പ്രാർത്ഥനാ വിഷയം ഇതായിരുന്നു എന്നും ഓർക്കണം).
പക്ഷെ പൗലോസിന്റെ ആഗ്രഹത്തിനൊത്ത മറുപടിയല്ല കർത്താവ് നല്കിയത് . പൗലോസിന്റെ പ്രാർത്ഥനയ്ക്ക് കർത്താവിന്റെ മറുപടി
“ഇല്ല” എന്നായിരുന്നു.

രോഗശാന്തിയുടെ കച്ചവടക്കാർ ഇവിടെ എന്ത് ഉത്തരം നല്കും?. എല്ലാ മനുഷ്യനും ശാരീരികമോ മാനസികമോ ആയ എന്തെങ്കിലുമൊക്കെ ബലഹീനതകൾ കാണും. ഈ ബലഹീനതയിലൂടെ ദൈവം അവനെ വിനയമുള്ളവനാക്കുന്നു. അഹങ്കാരിയായ , സ്വാഭിമാനിയായ , സ്വനേട്ടങ്ങളിൽ അമിതമായി ആഹ്ലാദിക്കുന്ന ഒരു വ്യക്തിയിലൂടെ ഒന്നും ചെയ്യാൻ ദൈവത്തിനാവില്ല.

അടയാളങ്ങൾ ,
അത്ഭുതങ്ങൾ , വീര്യപ്രവർത്തികൾ എന്നിവയിലൂടെയാണ് പൗലോസ് ദൈവശുശ്രൂഷ ചെയ്തത്
(2 കൊരി.12 :12).
ഒരു വശത്ത് ശക്തമായ അപ്പോസ്തലിക ശുശ്രൂഷ താൻ ചെയ്യുന്നു . മറുവശത്ത് ദൈവം നല്കിയ മാറാത്ത ശൂലം.

കർത്താവിന്റെ ഉത്തരം
“ഇല്ല” എന്നതിൽ തീർന്നില്ല.
ഒരു കാര്യം കൂടെ കർത്താവ് ചേർത്തു പറഞ്ഞു;
“നിനക്ക് ആവശ്യമായിരിക്കുന്നത് എന്റെ കൃപ മാത്രമാണ്”. “എന്റെ ശക്തി ബലഹീനതയിലാണ് പൂർണ്ണമായി പ്രകടമാകുന്നത്”
(2 കൊരി .12 : 9).

മനുഷ്യന്റെ സ്വശക്തി പൂർണ്ണമായി ഇല്ലാതാകുമ്പോഴാണ് ദൈവം പ്രവർത്തിക്കുന്നത്.
ദൈവത്തിന്റെ അത്യധികമായ ശക്തി അതിന്റെ പൂർണ്ണതോതിൽ പൗലോസിന് അനുഭവിക്കാൻ കഴിഞ്ഞത് തന്റെ ബലഹീനതയിലാണ്.
മനുഷ്യന്റെ ബലഹീനതയും ദൈവത്തിന്റെ ശക്തിയും ഒരിക്കലും ഒരു വൈരുദ്ധ്യമല്ല .
“അത്യന്തശക്തി മൺപാത്രങ്ങളിൽ” എന്നതു പോലെ മനോഹരമായ ഒരു കൂടിച്ചേരലാണത്.

“എന്റെ കൃപ നിനക്കു മതി” എന്ന വാക്കുകളാണ് പൗലോസിന്റെ ജീവിതത്തിന്റെ ആകെത്തുക. കർത്താവിന്റെ ഈ ഉറപ്പാണ് പൗലോസിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഈ കൃപയാണ് അപവാദങ്ങളിലും പ്രതികൂലങ്ങളിലും തനിക്ക് തുണ നിന്ന് തന്നെ ശുശ്രൂഷയിൽ നിലനിർത്തിയത് . ക്രിസ്തുവിനായി ഏറ്റവുമധികം പീഢനങ്ങളേറ്റ പൗലോസ് ഏറ്റവുമധികം സന്തോഷിക്കാൻ
(2 കൊരി.12 : 9-10) കാരണവും ഈ ആശ്ചര്യകൃപ തന്നെയായിരുന്നു.

പ്രാർത്ഥിച്ചിട്ടും മാറാത്ത ചില ശൂലങ്ങളെപ്പറ്റിയാണ് പലപ്പോഴും നാം സങ്കടപ്പെടുന്നത്. ശൂലങ്ങൾ അവിടെത്തന്നെ ഇരിക്കട്ടെ.
അത് സഹിപ്പാൻ കൃപ
പകരുന്ന കർത്താവിലുള്ള ആശ്രയത്വമാണ്
ഇന്ന് നമുക്ക് അത്യാവശ്യമായിരിക്കുന്നത്.

ബിജു പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.