ഹാഗിയ സോഫിയ: ഗ്രീക്ക് – ഓർത്തഡോക്സ് മെത്രാപ്പോലീത്തയെ പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസിൽ സ്വീകരിച്ചു
വാഷിംഗ്ടൺ: ഈസ്താംബുളിലെ ഹാഗിയ സോഫിയ ബസിലിക്ക തുർക്കി സർക്കാർ മോസ്കാക്കി മാറ്റിയ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് മെത്രാപ്പോലീത്ത എൽപ്പിദോ ഫോറോസിനെ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസിൽ സ്വീകരിച്ചു ചർച്ചകൾ നടത്തി. ഹാഗിയ സോഫിയ മോസ്കായി മാറ്റിയതിൽ ക്രൈസ്തവർക്കുള്ള വേദനയും മതസ്വാതന്ത്ര്യത്തെക്കുറിച്ച് അവർക്കുള്ള ആകാംക്ഷയും അദ്ദേഹം പങ്കുവച്ചു.

തുർക്കിയുടെ തീരുമാനത്തിൽ പ്രസിഡന്റ് ട്രംപ് അസ്വസ്ഥത പ്രകടിപ്പിച്ചതായി ഓർത്തഡോക്സ് ടൈംസ് എന്ന ഓൺലൈൻ പോർട്ടലിൽ അഭിപ്രായപ്പെട്ടു. തുർക്കിയിൽ മനുഷ്യാവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്നതിൽ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. പ്രസിഡന്റ് ട്രംപിനെ സന്ദർശിക്കുന്നതിനു മുന്പായി മെത്രാപ്പോലീത്ത യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും കാണുകയുണ്ടായി.
മോസ്കായി മാറിയ പള്ളിയിൽ പ്രാർഥന തുടങ്ങിയ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ തുർക്കിക്കാരനായ നൊബേൽ സമ്മാന ജേതാവ് ഓർഹാൻ പാമുക്ക് ഈ തീരുമാനത്തെ വീണ്ടും വിമർശിച്ചു. മഹത്തായ യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗമായ തുർക്കി അതിൽ നിന്നു പിന്നോക്കം പോവുകയാണെന്നും പ്രതിപക്ഷ സ്വരങ്ങളെ സർക്കാർ അവഗണിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
Download Our Android App | iOS App
മുസ്ലീം ബുദ്ധിജീവിയും പ്രതിപക്ഷ നേതാവുമായ ജിഹാംഗിർ ഇസ്ലാം തുർക്കി സർക്കാരിന്റെ കാപട്യമാണ് പുറത്തുവരുന്നതെന്നു പറഞ്ഞു. ‘അവിടെ നടക്കുന്നതു പ്രാർഥനയല്ല, രാഷ്ട്രീയപ്രകടനമാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകാധിപത്യത്തിനു കീഴിലാണു തുർക്കിയെന്നും മനുഷ്യാവകാശങ്ങളും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും പുലരുന്ന തുർക്കിയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിവാദ തീരുമാനത്തിലൂടെ തുർക്കി യൂറോപ്പിൽനിന്നു ബഹുദൂരം അകന്നു കഴിഞ്ഞന്ന് ഓസ്ട്രിയൻ വിദേശകാര്യമന്ത്രി അലക്സാണ്ടർ ഷില്ലെൻബർഗ് പ്രസ്താവിച്ചു.